ദ ബ്രാൻഡ് ഓഫ് ഇടുക്കി

കാടിന് നടുവിൽ സ്വപ്‌നങ്ങൾ വിതച്ച്, നൂറുമേനി വിളവുകൊയ്‌ത വിജയഗാഥയ്‌ക്കുപിന്നിൽ, ഒരമ്മയുടെ ഉറച്ച മനസ്സുണ്ട്. ഇടുക്കിയിലെ കട്ടമുടി കുഞ്ചിപ്പെട്ടിയിൽനിന്ന് തുടങ്ങുന്ന ആ കഥ ഒരു ബ്രാൻഡിന്റെ ജനനം മാത്രമല്ല, തലമുറകളുടെ വിശ്വാസം വീണ്ടെടുത്ത മണ്ണിന്റെ പുനർജന്മവുമാണ്. തരിശായി കിടന്ന പാടങ്ങൾ കതിരണിയിച്ച്, ഇടുക്കിയുടെ സ്വന്തം ബ്രാൻഡായി മാറിയ കുഞ്ചിപ്പെട്ടി അരിയുടെ വിജയകഥ. കട്ടമുടി കുഞ്ചിപ്പെട്ടിയിലെ നീലമ്മ മുത്തശ്ശി കണ്ട സ്വപ്നമാണത്. തങ്ങളെ വളർത്തിയ ചേറ്റുമണ്ണിൽ വൃദ്ധദമ്പതികളായ നീലമ്മയും കുമാരസാമിയും കാലൂന്നിയപ്പോൾ, മണ്ണ് തിരികെ നൽകിയത് നൂറുമേനി. പിന്നാലെ മറ്റുള്ളവരും കൂടെക്കൂടി. ഉന്നതിയിലെ ആളുകൾ നാലുപതിറ്റാണ്ടിനുശേഷം കൃഷിയിലേക്ക് മടങ്ങിയെത്തിയത് ആവേശമുള്ള കഥയാണ്.
അടിമാലി പഞ്ചായത്തിലെ നാലാം വാർഡിൽ പൂർണമായും ആദിവാസി വിഭാഗങ്ങൾമാത്രം ഉൾക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപ്പെട്ടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താൽ ചുറ്റപ്പെട്ട പാടശേഖരത്തിലാണ് നീലമ്മയും കൂട്ടരും നെൽക്കൃഷി തിരികെയെത്തിച്ചത്. എൻജിഒ യൂണിയൻ സഹായത്തോടെയാണ് ആദ്യം നെൽക്കൃഷിയിലേക്ക് തിരിയുന്നത്. പിന്നീട് യുഎൻഡിപിയും ആവശ്യമായ സഹായങ്ങളെത്തിച്ചു. തദ്ദേശീയ ജനവിഭാഗങ്ങളുമായിചേർന്ന് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയാണ് പ്രോത്സാഹനമായത്. അതിന് പിന്തുണയുമായി പട്ടികവർഗ വികസന വകുപ്പുമെത്തി. അഞ്ചേക്കറിൽ തുടങ്ങിയ കൃഷി ഇന്ന് ഹരിത കേരളം മിഷന്റെ സഹായത്തോടെ 20 ഏക്കറിലേക്ക് വ്യാപിച്ചു. 5000 കിലോയിൽ അധികം നെല്ലാണ് 2024 ലെ ആദ്യ വിളവെടുപ്പിൽ ലഭിച്ചത്. ഈ വർഷം കൃഷി മൂന്നിരട്ടിയായി.
ബ്രാൻഡായി ‘കുഞ്ചിപ്പെട്ടി അരി’
കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് "കുഞ്ചിപ്പെട്ടി അരി’ എന്ന ബ്രാൻഡിൽ വിപണിയിലെത്തി. ജനുവരി 10 ന് കുഞ്ചിപ്പെട്ടി പാടശേഖര സമിതിയിൽനിന്ന് മന്ത്രി ഒ ആർ കേളു ആദ്യ പാക്കറ്റ് അരി വാങ്ങി. ബ്രാൻഡിന്റെ ലോഗോയും പ്രകാശനം ചെയ്‌തു. ---ഇരുമ്പുപാലത്തെ മില്ലിലാണ് അരി കുത്തുന്നത്. ശേഷം കവറുകളിലാക്കും. അത്യുൽപ്പാദനശേഷിയുള്ള എച്ച്4 വിത്താണ് കൃഷി. സംഭരണശാലയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടെ കേരളത്തിന്റെ വിപണിയിൽ കുഞ്ചിപ്പെട്ടി സ്റ്റാറാകുമെന്നുറപ്പാണ്. കിലോയ്ക്ക് 80 രൂപ വിലയുള്ള അരി നിലവിൽ ഒന്ന്, രണ്ട്, അഞ്ച് കിലോ പാക്കറ്റുകളിൽ ലഭ്യമാണ്. വിഷരഹിതമായ അരി നാട്ടുപൈതൃകവും തനത് സവിശേഷതകളുംകൂടി ഉള്ളതിനാൽ വലിയ സ്വീകാര്യത നേടി. നെല്ല് അരിയാക്കി മാറ്റാൻ ചെറിയ യന്ത്രവും രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതൽ കർഷകരെ സജീവമാക്കുന്നതിനും ഹരിത കേരളം മിഷൻ നടത്തുന്ന ഇടപെടലുകളാണ് ഇവർക്ക് പ്രോത്സാഹനമായത്.
ബ്രാൻഡ് അംബാസഡർ നീലമ്മ
‘നങ്ക കണ്ടത്തീ നെൽവിളയിണ കണ്ടാ’, അഭിമാനത്താൽ തിളങ്ങുന്ന കണ്ണുകളോടെ, വിരിഞ്ഞ പുഞ്ചിരിയോടെ നീലമ്മ അമ്മ ചോദിക്കുന്നു. ഭർത്താവുമായിചേർന്നു കണ്ട പതിറ്റാണ്ടുകളുടെ സ്വപ്‌നമായിരുന്നത്. പ്രായമേറെയായെങ്കിലും തങ്ങളെ വളർത്തിയ മണ്ണിലേക്ക് വൃദ്ധദമ്പതികളായ കുമാരസാമിയും നീലമ്മയും ഇറങ്ങി. ഉഴുതുമറിച്ച പാടത്ത് വിത്തെറിഞ്ഞു, വിളഞ്ഞത് നൂറുമേനി. ഉറച്ച മനസ്സോടെ പാടത്തേക്ക് ഇറങ്ങിനിന്നപ്പോൾ ഒന്നുമാത്രമേ നീലമ്മയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ: ‘നമ്മുടെ കൂട്ടർ നെല്ല് കൃഷിയിലേക്ക് വരണം’. പ്രതീക്ഷകൾക്കപ്പുറമായിരുന്നു സംഭവിച്ചത്. അഞ്ചേക്കറിലെ കൃഷി 20 ഏക്കറായി. ഉൽപ്പാദിപ്പിച്ച നെല്ല് കേരളം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡായി മാറി. പൂർണിമ, വന്ദന, പ്രിയദർശിനി എന്നീ കുടുംബശ്രീ അംഗങ്ങളുൾപ്പെടെയുള്ളവരാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. കൂടുതൽ പേർ നെൽക്കൃഷിയിലേക്ക് മടങ്ങിയെത്തി. നഷ്‌ടത്തിന്റെ പേരിൽ പലരും ഉപേക്ഷിച്ചുപോയ നെൽക്കൃഷിയിൽ പുതുപാത തെളിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് നീലമ്മയിപ്പോൾ.
സർക്കാർ വേദിയിലും താരം
പശ്ചിമഘട്ട പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി തരിശുഭൂമിയായി കിടന്ന തണ്ണീർത്തടങ്ങൾ കൃഷിയോഗ്യമാക്കാൻ പ്രചോദനം നൽകിയ നീലമ്മയ്ക്ക് സർക്കാർ വേദിയിലും ഇടം ലഭിച്ചു. ഹരിത കേരളം മിഷന്റെ പരിസ്ഥിതി സംഗമം ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി നീലമ്മയെ ആദരിച്ചു. പ്രളയകാലത്തും മഹാമാരിക്കാലത്തും അരിനൽകി ജനങ്ങളെ ചേർത്തുനിർത്തിയ സർക്കാരിന് നന്ദിപ്രകാശനമായി, നീലമ്മ മുഖ്യമന്ത്രിക്കും അരി സമ്മാനിച്ചു. മകൾ ജ്യോതിലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്നു. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലും കുഞ്ചിപ്പെട്ടി അരി തിളങ്ങി. ഹരിത കേരളം മിഷന്റെ സ്റ്റാളിൽ കുഞ്ചിപ്പെട്ടി അരിയുടെ പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ നെല്ല് സംസ്കരിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാനും ഉത്തരവാദിത്വ ഫാം ടൂറിസം പദ്ധതികൾ നടപ്പാക്കാനുമുള്ള ആലോചനയിലാണ് പാടശേഖര സമിതി. പാടശേഖര സമിതി പ്രസിഡന്റ് പാൽരാജ്, ആർ അനിൽകുമാർ, ജയേഷ് വനരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.








0 comments