കുമ്പിച്ചൽ കടവിലെ മഴവില്ല്

സുരേഷ്‌ഗോപി
Published on Nov 22, 2025, 09:59 PM | 5 min read
തലസ്ഥാനത്തെ അന്പൂരി പഞ്ചായത്തിലെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ്. അധ്യാപകന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കുന്ന കുട്ടികൾ. മലയാള പാഠാവലിയിൽ സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ ‘ഇടുക്കിയുടെ താജ്‌മഹൽ’ എന്നൊരു കഥയുണ്ട്. താജ്‌മഹൽ കാണാനാഗ്രഹിച്ച ഇടുക്കി വെള്ളത്തൂവലിലെ കുട്ടികളായ അഖിലിനെയും അമ്മുവിനെയും സാന്പത്തികശേഷിയില്ലാത്ത അച്ഛനുമമ്മയും ഇടുക്കി അണക്കെട്ട് കൊണ്ടുപോയി കാണിക്കുന്നതും ‘‘ഇതാണ് നമ്മുടെ ‘ഇടുക്കിയുടെ താജ്‌മഹൽ’, തൽക്കാലം ഇതു കാണാം ’’എന്നു പറയുന്നതുമാണ് കഥാസാരം. ‘‘അണക്കെട്ട് കാലങ്ങളായി തടുത്തുനിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തണുപ്പ് ഭിത്തിയെ ഭേദിച്ച് അവരെ തേടിയെത്തി, അമ്മയെപ്പോലെ. കാതുകളിൽ പ്രപഞ്ചത്തിന്റെ ഇരമ്പം അവരറിഞ്ഞു.’’
“എന്തൊരു ഉയരം!’’ “എത്രയെത്ര മനുഷ്യന്മാർ പണിയെടുത്തിട്ടുണ്ടാവും ഇത് കെട്ടിപ്പൊക്കാൻ!” “ശരിക്കും അത്ഭുതംതന്നെ!” കഥയിലെ ജീവൻ തുടിക്കുന്ന സംഭാഷണങ്ങളിൽ ലയിച്ചുപോയ അന്പൂരി സ്‌കൂളിലെ കുട്ടികൾക്ക്, അവരുടെ മാതാപിതാക്കൾകൂടി ഉൾപ്പെടുന്ന മറ്റൊരു അതിജീവന കഥകൂടി പറഞ്ഞുകൊടുക്കാനുണ്ട് ആ അധ്യാപകന്. ആറുപതിറ്റാണ്ടുമുന്പ് നിർമിച്ച നെയ്യാർ അണക്കെട്ടിനെക്കുറിച്ച്. അണക്കെട്ടിന്റെ പണി തീർന്നപ്പോൾ കരിപ്പയാറിന്റെ മറുകരയിൽ ഒറ്റപ്പെട്ടുപോയ തൊടുമല, പന്തപ്ലാമൂട് തുടങ്ങി പതിനൊന്നോളം ഗ്രാമങ്ങളെക്കുറിച്ച്.

സ്വപ്‌നം ഫലിച്ചു; പാലം കരതൊട്ടു
അക്കരെ കടക്കാൻ കുന്പിച്ചൽക്കടവിലെ തോണിമാത്രം. ആറുകടന്ന് സ്കൂളിലെത്താൻ കഴിയാതെ പഠനം നിർത്തിയവർ, തുരുത്തിലകപ്പെട്ട മനുഷ്യർ. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആശുപത്രിയിൽ പോകാൻപോലും വഴിയില്ലാതായോർ. പാലം എന്ന അവരുടെ ആറുപതിറ്റാണ്ടിന്റെ മോഹം കുന്പിച്ചൽക്കടവിലേക്കൊരു മഴവില്ല് വരച്ചതിന്റെ നേർചിത്രംകൂടി പറഞ്ഞവസാനിപ്പിച്ചാലേ ആ കഥ പൂർണമാകൂ. അമ്പൂരി പഞ്ചായത്തിലെ പന്തപ്ലാമൂട്, തൊടുമല നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന കുമ്പിച്ചല്‍ക്കടവ് പാലം ഉദ്‌ഘാടനത്തിന് ഒരുങ്ങുകയാണ്. നെയ്യാറിന്റെ തോഴിയായ കരിപ്പയാറിനുമുകളിലൂടെ ഉയര്‍ന്നത് വെറും പാലമല്ല, ഗ്രാമീണജനതയുടെയാകെ സ്വപ്‌നസാക്ഷാൽക്കാരമാണ്. അതിനുപിന്നിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുണ്ട്, സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നിശ്ചയദാർഢ്യമുണ്ട്, പറഞ്ഞത് ചെയ്യുമെന്ന പ്രതിബദ്ധതയുണ്ട്.
‘ഒറ്റക്കൈയാൽ’ നീന്തിക്കയറിയവർ
പഴയ കാലത്ത് കാട്ടാക്കടയിലോ തിരുവനന്തപുരത്തോ വിദ്യാർഥികളായിരുന്ന അമ്പൂരിക്കാർക്ക് നാടെത്തുന്നതിനെക്കുറിച്ച് പറയാൻ ഒരുപാട് കഥകളുണ്ട്. കുമ്പിച്ചൽക്കടവിലെത്തി തോണിയിൽ നെയ്യാർ തടാകത്തിന് മറുകര എത്തേണ്ടവരുടെ ദുരിതം പറഞ്ഞാൽ തീരില്ല. ബസ് വൈകിയാലോ ട്രിപ്പ് മുടങ്ങിയാലോ കുമ്പിച്ചൽക്കടവിലെ കടത്തുകാരൻ മടങ്ങും. പിന്നെ വീടെത്തണമെങ്കിൽ തടാകം നീന്തണം.

അതേക്കുറിച്ച് മാധ്യമപ്രവർത്തകനും അന്പൂരിക്കാരനുമായ ജോസഫ് ആന്റണി സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നുണ്ട്. ‘അമ്പൂരിയിലെത്തി പൂച്ചമുക്ക് പിന്നിട്ട് കുമ്പിച്ചൽ കടത്ത് കടന്ന്, നെയ്യാർ തടാകത്തിന് മറുകര എത്തേണ്ട എന്നെപ്പോലുള്ള ചുരുക്കം ചിലർക്ക്, കഥ അവിടംകൊണ്ടും തീരില്ല. കാട്ടാക്കട സരിത കോളേജിൽ ട്യൂഷൻ കഴിഞ്ഞ് ബസ് പിടിച്ച് എത്തുമ്പോൾ സ്വാഭാവികമായും വൈകും. ഏക കെഎസ്ആർടിസി ബസ് വഴിക്ക് ബ്രേക്ക്ഡൗണായാൽ പിന്നെ ആറു കിലോമീറ്റർ നടന്ന് അമ്പൂരിയിലെത്തണം. കാൽനടയായി അമ്പൂരിയിൽ വരുമ്പോഴേക്കും രാത്രിയാകും. അമ്പൂരി പൂച്ചമുക്കിലെ അൽഫോൺസ തിയറ്ററിൽ ഫസ്റ്റ്‌ഷോ വിട്ട് ആള് പോയില്ലെങ്കിൽ ഭാഗ്യം, കുമ്പിച്ചൽക്കടവിലെ ലാസ്റ്റ് ട്രിപ്പിൽ കടത്തുകടന്ന് വീടുപിടിക്കാം. അല്ലെങ്കിൽ രാവിലെയേ വള്ളം വരൂ. ആരുടെയെങ്കിലും ഓടിവള്ളമാണ് പിന്നെയുള്ള ആശ്രയം. അതും കിട്ടാത്ത ചില ദിവസങ്ങളിൽ അവസാനത്തെ അടവ് എടുക്കേണ്ടിവരും.
തടാകം നീന്തിക്കടക്കുക. നടത്തവും വിശപ്പുംകൊണ്ട് അപ്പോഴേക്കും പരിക്ഷീണരായിട്ടുണ്ടാകും. തടാകക്കരയിലൂടെ നടന്ന് വീടിന്റെ മറുകരയിലെത്തി, വസ്ത്രങ്ങളെല്ലാം അഴിച്ച്, പുസ്തകങ്ങളും ബുക്കുകളും പൊതിഞ്ഞെടുക്കും. ഒരു കൈയിൽ ആ പൊതിക്കെട്ട് നനയാതെ പൊക്കിപ്പിടിച്ചുകൊണ്ട് ഒറ്റക്കൈയിൽ നീന്തി വീട്ടിലെത്തും.’’ ഒറ്റക്കൈയാൽ നീന്തിക്കയറുന്ന ആ ദുരിതരാത്രിയുടെ ഓർമകൂടിയാണ് പാലം വന്നതോടെ നാട്ടുകാർക്ക് മാഞ്ഞുപോകുന്നത്. അതിലൊന്നും തീരില്ല ജീവിതനദിയുടെ നിലകിട്ടാക്കയം. അരി, പലവ്യഞ്‌ജനം, മരുന്ന്, ആശുപത്രിയാത്ര തുടങ്ങി എല്ലാം പിടികിട്ടാത്തോണിയുടെ തുഴപ്പാടുകൾക്കൊപ്പം മാത്രമായിരുന്ന കാലവും ഇനി പഴങ്കഥ.
മൂട്ടിപ്പഴവും നെല്ലിക്കയും ഇനി വാഹനമേറും
സ്വന്തം നാട്ടിലെ ഈ പാലത്തെപ്പറ്റി കഥാകാരൻ കെ എസ് രതീഷ് കുറിച്ചിട്ടതും ഹൃദയം തൊടുന്നതാണ്. പൂർത്തിയായ പാലം കാണാൻ രതീഷ് മക്കളെയും കൂട്ടിയത് വരുംകാലത്തേക്ക് നീളുന്ന ചില ഓർമിപ്പിക്കലുകൾകൂടിയായി. ‘‘കാടിനുള്ളിലെ ഉന്നതികളിലെ കുറച്ചു മനുഷ്യർക്കുവേണ്ടി നിർമിച്ച പാലമാണിത്.

മൂട്ടിപ്പഴവും നെല്ലിക്കയും മാങ്ങയും വനവിഭവങ്ങളുമായി ചുരുണ്ട മുടിയും ഉരുക്കൻ ശരീരവും നിർമലമായ ചിരിയുമായി നീന്തിയോ ചങ്ങാടത്തിലോ വന്നിരുന്ന എന്റെ സഹോദരങ്ങൾ ഇനി കാറിലും ബസിലും വരും. നേരം തെറ്റാതെ സ്‌കൂളിലും കോളേജിലും പോകും. ജീവൻ പോകുംമുന്നേ ആശുപത്രിയിലും എത്തും. എന്റെ മക്കളെ കൊണ്ടുവന്ന് ഇതു കാണിച്ചില്ലെങ്കിൽ വികസനം എന്ന വാക്കിന്റെ ശരിക്കുള്ള അർഥം അവർക്ക് അറിയാതെ പോകും. നാളെ വാർഡ് മെമ്പറോ പഞ്ചായത്ത് തലവനോ എംപിയോ എംഎൽഎയോ ആകാൻ തോന്നിയാൽ, ഇങ്ങനെ ഹൃദയങ്ങളെ തൊടുന്ന പാലങ്ങൾ നിർമിക്കാൻ അവർക്ക് കഴിയാതെപോകും’’ എന്നും രതീഷ്. അന്പൂരി പുരവിമല ഗവ. ട്രൈബൽ എൽപി സ്‌കൂളിലെ അധ്യാപകനായ അഖിലേഷ് കുട്ടികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി കുന്പിച്ചൽക്കടവിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്‌തു. നാട്ടുകാരനായ സാനും പാലത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്‌തിട്ടുണ്ട്.
ഭൂതകാലത്തിലേക്ക് കൈപിടിക്കും
പുതിയ പാലത്തിലൂടെ നടക്കുമ്പോൾ ആഴങ്ങളിലേക്ക് മാഞ്ഞുപോയ എത്രയോ മനുഷ്യരുടെ ഓർമവന്ന് പൊതിയും. പാലം സത്യമാകുമ്പോൾ ചിലരൊക്കെ കാലയവനികയ്‌ക്കുപിന്നിലായി. കുത്തിയൊഴുകുന്ന ആറ് കടന്ന് സ്കൂളിലെത്താൻ കഴിയാതെ പഠനം അവസാനിപ്പിക്കേണ്ടി വന്നവരുടെ വേദന നിറഞ്ഞ ഓർമകൾമാത്രം ഭൂതകാലത്തിലേക്ക് കൈപിടിക്കും. നിവേദനങ്ങളും അപേക്ഷകളുമായി അരനൂറ്റാണ്ടായി കാലുവെന്തുനടന്ന പേരറിയാത്ത അനേകം സാധാരണ മനുഷ്യർമുതൽ പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകിയവർവരെ.
കോൺക്രീറ്റും ഇരുമ്പുമല്ല പ്രതീക്ഷയുടെ പ്രതീകം
അന്പൂരിക്കാരൻകൂടിയായ സി കെ ഹരീന്ദ്രൻ എംഎൽഎ വോട്ട് തേടി ആദ്യമെത്തിയപ്പോൾ നാട്ടുകാർക്ക് നൽകിയ വാക്ക്. അതാണിപ്പോൾ 25 മീറ്റർവീതം അകലത്തിലുള്ള ഏഴ് സ്പാനുകളിലായി 253.4 മീറ്റർ നീളത്തിൽ പൂർത്തിയായത്. ഇതിൽ രണ്ട് സ്പാനുകൾ കരയിലും അഞ്ചെണ്ണം ജലാശയത്തിലുമാണ്. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ വാക്കുകളിലുണ്ട് കുന്പിച്ചൽക്കടവ് പാലം യാഥാർഥ്യമായ നാൾവഴികൾ. ‘‘ഇത് വെറും കോൺക്രീറ്റും ഇരുമ്പും മാത്രമല്ല, ഒരു തലമുറയുടെ കണ്ണീരിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരമാണ്.

അമ്പൂരി പഞ്ചായത്തിലും നെയ്യാർ വന്യജീവിസങ്കേതത്തിനുള്ളിലെ 12 ഉന്നതികളിൽ താമസിക്കുന്ന ഏകദേശം 1500 ഗോത്ര–ഗ്രാമീണ കുടുംബങ്ങളുടെ 50 വർഷത്തിലധികമായ ആവശ്യമാണ് യാഥാർഥ്യമായത്. എത്രയോ വർഷങ്ങളായി ‘കരിപ്പയാർ കടക്കാൻ ഒരു പാലം’ എന്ന അവരുടെ നിലവിളി ആരും കേട്ടിരുന്നില്ല. ആശുപത്രിയിലെത്താതെ പാതിവഴിയിൽ അനവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. പഞ്ചായത്ത് നൽകിയ കടത്തുവള്ളമായിരുന്നു ജീവന്റെയും മരണത്തിന്റെയും ഇടയിലുള്ള അവരുടെ ഏക ആശ്രയം.’’ ‘‘കേരളത്തിലെ ഏറ്റവും വലിയ മൾട്ടി സ്പാൻ പാലം കുമ്പിച്ചൽക്കടവിൽ ഉയർന്നുകഴിഞ്ഞു.
എൽഡിഎഫ് സർക്കാർ 24 കോടി രൂപ അനുവദിച്ച്, നിർമാണം യാഥാർഥ്യമായി. ഇപ്പോൾ ആദരവോടെ ഓർക്കുന്ന ഒരു മുഖമുണ്ട്. 2016-ൽ സ്ഥാനാർഥിയായി വോട്ട് തേടിയെത്തുമ്പോൾ ഉണ്ടായ അനുഭവം. ‘പാലം എന്ന വാഗ്ദാനം നൽകി കാലങ്ങളായി ഞങ്ങളെ വഞ്ചിച്ചവർക്ക് വോട്ടില്ല’ എന്ന ബോർഡ് ഉയർത്തി പ്രതിഷേധക്കാരുടെ മുൻപന്തിയിൽ നിന്ന, ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത പറത്തി ബാബു. അന്ന് ബാബു ഉൾപ്പെടെയുള്ള തൊടുമല ജനതയ്ക്ക് ഞാൻ നൽകിയ വാഗ്ദാനമാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.’’ ‘‘കടമ്പകൾ ഏറെയായിരുന്നു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി, ഇറിഗേഷൻ ഡാം സേഫ്റ്റി അതോറിറ്റി അനുമതി, വൈൽഡ് ലൈഫ് ബോർഡ് അനുമതി തുടങ്ങി നിരവധി ഇടപെടലുകളുടെ ഭാഗമായാണ് ഇന്നീ പാലം യാഥാർഥ്യമായത്. എന്റെ നാട്ടുകാർക്കുവേണ്ടി മുൻപന്തിയിൽ നിൽക്കാനായി എന്നതിൽ ഏറെ അഭിമാനിക്കുന്നു’’.
കടന്പകളെ മറികടന്ന നവകേരളം
എൽഡിഎഫിന്റെ പ്രഖ്യാപിത പദ്ധതിയായ നവകേരളം കർമപദ്ധതിയാണ് പാറശാല മണ്ഡലത്തെ മാറ്റിപ്പണിതത്. ചുരുങ്ങിയ കാലംകൊണ്ട് ഓരോ സാധാരണക്കാരന്റെയും മനസ്സുതൊടുന്ന, ഓരോ മേഖലയിലും വന്ന മാറ്റം. ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് ആദ്യ ബജറ്റിൽ കുമ്പിച്ചൽ പാലത്തിന് തുക മാറ്റിവച്ചു.
2016ൽ പിണറായി സർക്കാരിന്റെ കാലത്ത് തോമസ് ഐസക് 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. വന്യജീവി സംരക്ഷണമേഖലയുടെ ഭാഗമായ നെയ്യാർ തടാകത്തിൽ പാലം നിർമിക്കാൻ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം. ആ കിട്ടാക്കനിയിൽ മുട്ടി പാലം ‘പണിതരു’മെന്ന് പറഞ്ഞവരും ഏറെ. സർക്കാർ ഫണ്ട് വകയിരുത്തിയെങ്കിലും കേന്ദ്ര അനുവാദത്തിനായി നിരവധി വട്ടം ഡൽഹിയിൽ എത്തി. രണ്ടുവർഷത്തോളം അപേക്ഷ കേന്ദ്രം പിടിച്ചുവച്ചു. ചിലർ നിരന്തരം എതിരായി കത്തുകളയച്ചു. അനധികൃത ഭൂമി കൈവശംവച്ച ചിലരും തടസ്സങ്ങളുമായെത്തി. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയും പശ്ചിമഘട്ടമേഖലയിലെ ഗ്രാമങ്ങളെയും ആദിവാസിജനതയെയും പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്കെത്തിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടിവന്നുവെന്നുമാത്രം.
വരൂ, ഇൗ മനോഹര തീരത്തേക്ക്
ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്ത് ഈ പാലത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദകേന്ദ്രം ആരംഭിക്കുന്നു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകൾക്കായി തയ്യാറാക്കിയ ഡിസൈൻ പോളിസിപ്രകാരം പാലത്തിനുതാഴെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാൻ 99 ലക്ഷം രൂപ അനുവദിച്ചു. ചിൽഡ്രൻസ് പാർക്ക്, ഗെയിം സോൺ, ബോട്ട് ഡെക്ക്, റീഡിങ് കോർണർ, സെൽഫി പോയിന്റ്, ആർട്ടീരിയ പെയിന്റിങ്ങുകൾ, വൈദ്യുത ദീപാലങ്കാരം തുടങ്ങി വിവിധ സൗകര്യങ്ങൾ ക്രമീകരിക്കും.
വികസനസങ്കൽപ്പം മാറ്റിയെഴുതിയ 2000 കോടി
എൽഡിഎഫ് സർക്കാർ വന്നശേഷം 2000 കോടിയോളം രൂപയുടെ വികസനപദ്ധതികളാണ് പാറശാലയിൽ നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 11 കോടി, കേരളത്തിൽ ആദ്യമായി മലബാറി ഇനം ആടുകൾക്കായി ഒരു കേന്ദ്രം, ഗ്രന്ഥശാലകൾക്കായി അക്ഷരമധുരം, 300- കോടി ചെലവിൽ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റിയ റോഡുകൾ, എല്ലാവർക്കും ഭൂമി, എല്ലാ സേവനങ്ങളും സ്മാർട്ട്, മികവിലേക്കുയർന്ന പൊതുവിദ്യാലയങ്ങൾ, സമ്പൂർണ തരിശ് നിർമാർജന ജൈവകാർഷിക പദ്ധതിയായ തളിര്, കിഴക്കൻമല കുടിവെള്ള പദ്ധതി, ധനുവച്ചപുരം ഇന്റർനാണൽ ഐടിഐ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങൾ, രാജ്യത്തെ മികച്ച പത്തു പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ രണ്ടെണ്ണമായ കളിക്കാട്, പൂഴനാട് എന്നിവ ആരോഗ്യം വീണ്ടെടുത്ത ആശുപത്രികളുടെ സ്‌പന്ദനമാണ്.
ദേശീയ മത്സ്യവിത്തുൽപ്പാദനകേന്ദ്രം, വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട്, സമ്പൂർണ ശുദ്ധജല വിതരണപദ്ധതി, 4213 ലൈഫ് വീടുകൾ, ശാസ്ത്രപഠന ഗവേഷണകേന്ദ്രം–സിവിൽ സർവീസ് കോച്ചിങ് അക്കാദമി, കേരളത്തിൽ ആദ്യമായി കെഎസ്ആർടിസി ഗ്രാമവണ്ടി, ഒന്പതു പഞ്ചായത്തുകളിലും സ്റ്റേഡിയം, അരുവിപ്പുറം വികസനം, മൃഗപരിപാലനം, ടൂറിസം പദ്ധതികൾ എല്ലാം നാടിന്റെ കുതിപ്പിന് ഉൗർജമേകിയവയാണ്.








0 comments