ad
Deshabhimani

print edition ചരിത്രത്തിന്റെ കാവൽ ഭടൻ

moideen

moideen

വെബ് ഡെസ്ക്

Published on Sep 20, 2026, 01:30 AM | 4 min read

ധർമാധർമങ്ങളുടെ അതിരുകൾ മാഞ്ഞുപോകുന്ന കാലത്ത്, ഒരു സൈനികന്റെ ഏകാന്തതയും അസ്തിത്വസംഘർഷവും സഞ്ചാരപഥങ്ങളും വരച്ചിടുന്ന കഥയാണ് തകഴിയുടെ ‘പട്ടാളക്കാരൻ’. തകഴിയും നന്തനാരും കോവിലനുമെല്ലാം തീർത്ത സാഹിത്യഭാവുകത്വത്തിനുമപ്പുറം യഥാർഥ ജീവിതത്തിൽ, അനിശ്ചിതത്വങ്ങളുടെ നൂൽപ്പാലത്തിലൂടെ നടന്ന അനേകായിരം പട്ടാളക്കാരുണ്ട്. തലസ്ഥാനത്തിന്റെ മലയോരപട്ടണമായ നെടുമങ്ങാട് പത്താംകല്ലിലെ ചെറിയ വീടിന്റെ ഉമ്മറത്തിരുന്ന് 103 വയസ്സിന്റെ നിറവുള്ള ഒരു വയോധികൻ, പഴക്കംചെന്ന കടലാസുകളിലെ മഷിപ്പടർപ്പുകൾക്കിടയിലൂടെ തന്റെ സൈനിക പെൻഷൻ പുസ്തകത്തിലേക്ക് കണ്ണോടിക്കുന്നു.

പേര്: ഷെയ്ക്ക് മൊയ്‌ദീൻ

പ്രോവിൻസ്: മദ്രാസ്

ജില്ല: തിരുവിതാംകൂർ

താലൂക്ക്: ട്രിവാൻഡ്രം

വില്ലേജ്: പേരക്കട സ്ട്രീറ്റ്

ക്ലാസ്: മുസ്ലിം

സബ് ക്ലാസ്: മലയാളി

സർവീസിൽ പ്രവേശിച്ചത്: 01–-12–-1943

റിസർവിലേക്ക് മാറിയത്: 25–-09-–1953

വിരമിച്ചത്: 08-–01-–1959

കാഴ്ചയിലും കേൾവിയിലും വാർധക്യം നേർത്ത മൂടുപടമിട്ടിട്ടുണ്ടെങ്കിലും ആ ഉൾക്കണ്ണുകളിൽ ഇന്നും അണയാത്ത കനലുകളുണ്ട്. ദീർഘമായ മൗനങ്ങൾക്കിടയിൽ കാലത്തിന്റെ ചക്രവാളങ്ങൾ ഭേദിച്ച് ഇരമ്പിയെത്തുന്ന പീരങ്കിഗർജനങ്ങളും വെടിയൊച്ചകളും ഇന്നും അദ്ദേഹത്തിന്റെ കാതുകളിൽ മുഴങ്ങുന്നു. പലപ്പോഴായി അദ്ദേഹം പകർന്നുനൽകിയ ഓർമകൾ കേവലം കഥകളല്ല; ഒരു ജനതയുടെ വിധി നിർണയിക്കപ്പെട്ട നാളുകളുടെ ജീവസ്സുറ്റ നേർചിത്രങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാവലാളായി രണ്ടാം ലോകയുദ്ധത്തിന്റെ തീച്ചൂളകളിൽ പൊരുതുക, സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ ത്രിവർണ പതാകയ്ക്ക് അഭിമാനത്തോടെ സല്യൂട്ട് നൽകുക, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അഗ്നിപരീക്ഷണമായ 1947–49ലെ യുദ്ധത്തിൽ കശ്മീരിന്റെ ഹിമതാഴ്‌വരകളാകെ കാത്തുസൂക്ഷിക്കുക– ഒരു മനുഷ്യായുസ്സിന്റെ ഓർമച്ചെപ്പിൽ ഇത്രയേറെ ചരിത്രസന്ധികൾ ഒരുമിച്ചുകൂടുക അത്യപൂർവം.

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലൂടെ ഔദ്യോഗികജീവിതം തുടങ്ങി, സ്വതന്ത്ര ഇന്ത്യയുടെ സേനയിൽനിന്ന് പടിയിറങ്ങിയ, രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംചെന്ന വിമുക്തഭടന്മാരിൽ ഒരാളായിരിക്കണം ഒരുപക്ഷേ ഷെയ്ക്ക് മൊയ്ദീൻ.

​​

ദേശാഭിമാനികളായ പട്ടാണി പാരമ്പര്യത്തിൽനിന്ന്

മതസൗഹാർദത്തിന്‌ പേരുകേട്ട തിരുവനന്തപുരം പാളയത്തെ പട്ടുക്കുന്ന് കുടുംബത്തിൽ 1924-ൽ പഴയ തിരുവിതാംകൂറിലാണ് ഷെയ്ക്ക് മൊയ്ദീന്റെ ജനനം. ഉറുദു സംസാരിക്കുന്ന പഠാൻ (പട്ടാണി) പശ്ചാത്തലമായിരുന്നു അദ്ദേഹത്തിന്റേത്. തിരുവിതാംകൂർ രാജഭരണകാലത്ത് സൈന്യത്തെ ആധുനികീകരിക്കുന്നതിന്റെയും കാവൽ ശക്തമാക്കുന്നതിന്റെയും ഭാഗമായി പോരാട്ടവീര്യമുള്ള പട്ടാണികളെ ഇവിടെ എത്തിച്ചതായി പറയപ്പെടുന്നു. ഡെക്കാൺ എന്ന വാക്കിൽനിന്നാണ് ‘ദക്നി’ എന്ന സമുദായപ്പേര് രൂപപ്പെടുന്നത്.


ദക്നി മുസ്ലിം സമൂഹത്തിന്റെ ഭാഗമായിരുന്നു അവർ. തലസ്ഥാന നഗരിയിൽ അവർക്കായി വാസസ്ഥലങ്ങളും ആരാധനാലയങ്ങളും ചന്തകളും സ്ഥാപിച്ചു. ഷെയ്ക്ക് മൊയ്ദീന്റെ പൂർവികർ ഹൈദരാബാദിൽനിന്ന് കുടിയേറിയവരാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ പിതാവ് ഷെയ്ക്ക് അലി സാഹിബ് തിരുവിതാംകൂർ സർക്കാരിന്റെ മ്യൂസിയം വിഭാഗത്തിൽ ഉയർന്ന പദവി വഹിച്ചിരുന്നു.


അന്നത്തെ രാജസദസ്സുകളിൽ പങ്കെടുക്കാനുള്ള പ്രത്യേകാനുമതിയും ആദരവും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നതായി കുടുംബം ഓർക്കുന്നു. സുരക്ഷയ്ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന പഴയ വടി ഇന്നും അമൂല്യനിധിപോലെ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരെ പെരിയ ബാവ, കൂനൻ ബാവ, ചിന്ന ബാവ എന്നിങ്ങനെയായിരുന്നു സ്നേഹത്തോടെ വിളിച്ചിരുന്നത്.

ബ്രിട്ടീഷ് പട്ടാളത്തിലേക്കുള്ള കാൽവയ്‌പ്‌

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് 16–ാംവയസ്സിലാണ് മൊയ്ദീൻ നാടുവിടുന്നത്. ബാംഗ്ലൂരിൽ സൈനികോദ്യോഗസ്ഥനായ സാബ് ജഹാന്റെ ഡ്രൈവറായിരുന്ന തന്റെ വലിയച്ഛനെ– പെരിയ ബാവയെ– അന്വേഷിച്ചായിരുന്നു ആ യാത്ര. ബാംഗ്ലൂരിലെത്തിയ അദ്ദേഹം അവർക്കൊപ്പം പട്ടാള ക്യാമ്പുകളിൽ കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് നാലുവർഷംമുമ്പ്, 1943 ഡിസംബർ ഒന്നിന്‌ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ഔദ്യോഗികമായി ചേർന്നു.


വ്യക്തിജീവിതത്തെയും രാജ്യത്തിന്റെ ഭാഗധേയത്തെയും അടിമുടി മാറ്റിമറിക്കാൻ പോകുന്ന ചരിത്രനിയോഗത്തിലേക്കുള്ള തുടക്കമായിരുന്നു അതെന്ന് ആ യുവാവ് കരുതിയില്ല. കഠിനപരിശീലനവും നീണ്ടയാത്രകളും ദൃഢചിത്തനായ സൈനികനാക്കിമാറ്റി.

രണ്ടാം ലോകയുദ്ധത്തിന്റെ തീച്ചൂളയിൽ

അഡോൾഫ് ഹിറ്റ്‌ലറുടെ നാസി ജർമനിയും മുസ്സോളിനിയുടെ ഫാസിസ്റ്റ് ഇറ്റലിയും ജപ്പാനും ചേർന്ന അച്ചുതണ്ടുശക്തികൾ ഒരുവശത്തും ബ്രിട്ടനും അമേരിക്കയും സോവിയറ്റ് യൂണിയനും ഉൾപ്പെടുന്ന സഖ്യകക്ഷികൾ മറുവശത്തുമായി ലോകം വിറങ്ങലിച്ചുനിന്ന കാലമായിരുന്നു അത്. ഫാസിസ്റ്റ് വിരുദ്ധ പടയണിയിൽ ബ്രിട്ടീഷ് സാമ്രാജ്യം അണിനിരത്തിയ പതിനായിരക്കണക്കിന് ഇന്ത്യൻ സൈനികരിലൊരാളായി മൊയ്ദീൻ മാറി. അക്കാലത്ത് ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ബ്രിട്ടീഷ് സേന നിലയുറപ്പിച്ചിരുന്നു.


മൊയ്ദീൻ ലണ്ടനിൽ ദീർഘകാലം ചെലവഴിച്ചതായി ഓർക്കുന്നു. ഔദ്യോഗികജീവിതത്തിനിടയിൽ ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയതും മറന്നിട്ടില്ല. രണ്ടാം ലോകയുദ്ധത്തിലെ തന്റെ പങ്കാളിത്തം ചെറുതായിരുന്നെങ്കിലും രക്തപങ്കിലമായ യുദ്ധാങ്കണങ്ങൾ നേരിൽ കണ്ട ഓർമകൾ അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും മായാതെനിൽക്കുന്നു. റിസർവിലും ആക്ടീവ് ഫീൽഡിലും ഭയലേശമന്യേ പ്രവർത്തിക്കാൻ കഴിഞ്ഞു. സൈനികസേവനത്തിനുള്ള ബഹുമതിയായി ‘വാർ മെഡൽ’ ഉൾപ്പെടെയുള്ളവ ലഭിച്ചു.

സ്വാതന്ത്ര്യപ്പുലരിയും വിഭജനത്തിന്റെ നൊമ്പരവും

1947 ആഗസ്ത്‌ 15-ന് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അത് അത്യപാരമായ ആനന്ദത്തോടൊപ്പം സമ്മാനിച്ചത് വിഭജനത്തിന്റെ കഠിനവേദനകൂടിയാണ്. പാകിസ്ഥാൻ എന്ന പുതിയ മതാധിഷ്ഠിത രാഷ്ട്രത്തിലേക്ക് പോകാൻ അവസരമുണ്ടായിട്ടും ഇന്ത്യയിലെ മൂന്നരക്കോടി മുസ്ലിങ്ങൾക്കൊപ്പം ഷെയ്ക്ക് മൊയ്ദീനും ഉറച്ചമനസ്സോടെ ഇന്ത്യയെ മാതൃരാജ്യമായി തെരഞ്ഞെടുത്തു.


ഇന്ത്യൻ സൈന്യത്തെ ഇരുരാജ്യങ്ങൾക്കുമായി വിഭജിച്ചപ്പോൾ റെജിമെന്റുകളും ആയുധങ്ങളും വാഹനങ്ങളും വീതിക്കപ്പെട്ടു. മതപരമായ കാരണങ്ങളാൽ മാത്രമല്ല, സൈനികരുടെ താൽപ്പര്യവും പ്രാദേശികതയും ഭൂമിശാസ്ത്രപരമായ സവിശേഷതയുമൊക്കെ മുൻനിർത്തിയാണ് ആ സങ്കീർണപ്രക്രിയ നടന്നത്. ഇന്ത്യൻ സൈന്യത്തിൽ തുടരാൻ ഷെയ്ക്ക് മൊയ്ദീന് ഒരുനിമിഷം ആലോചിക്കേണ്ടിവന്നില്ല.

​​

കശ്മീരിന്റെ കാവലാൾ: 1947–1949

ആർമി സേവനത്തിന്റെ സർവീസ് രേഖകളിൽനിന്ന് കാലപ്പഴക്കത്താൽ അവ്യക്തമെങ്കിലും ആ ഭാഗങ്ങൾ വായിച്ചെടുത്തു:

War services showing theatres of operations with dates: 28–-08–-1947 to 26–11–-49 , J&K Medals, decorations or mentions in despatches: War medal, Indian indipendence medal, GS medal with clasp1947, J&K സ്വാതന്ത്ര്യലബ്ധിക്കുപിന്നാലെ കശ്മീരിലേക്ക് പാകിസ്ഥാനിൽനിന്നുള്ള ഗോത്രവിഭാഗക്കാരും നുഴഞ്ഞുകയറ്റക്കാരും പാക് സൈന്യവും ഇരച്ചുകയറിയപ്പോൾ, താഴ്‌വരയെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ ഇന്ത്യൻ സേനാവിഭാഗത്തിൽ മൊയ്ദീനുമുണ്ടായിരുന്നു.


ശ്രീനഗർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ സംരക്ഷിക്കാനുള്ള ധീരോദാത്തമായ പോരാട്ടമാണ് നടന്നത്. രണ്ടുവർഷത്തോളമാണ് അതിശൈത്യവും വെടിയുണ്ടകളും നിറഞ്ഞ കശ്മീർ അതിർത്തിയിൽ അദ്ദേഹം നിലയുറപ്പിച്ചത്. ഫീൽഡ് മാർഷൽ കെ എം കരിയപ്പയുടെ യുദ്ധതന്ത്രങ്ങളെയും നൗഷേരയുടെ സിംഹം എന്നറിയപ്പെട്ട ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ അസാധാരണ ധീരതയെയുംകുറിച്ച് പറയുമ്പോൾ ഇന്നും അദ്ദേഹത്തിന് ആവേശമാണ്.


50 (ഇൻഡിപെൻഡന്റ്) പാരാ ബ്രിഗേഡിന്റെ കമാൻഡറായിരുന്ന ബ്രിഗേഡിയർ ഉസ്മാൻ, നൗഷേരയിൽവച്ച് പീരങ്കി വെടിയേറ്റ്‌ വീരമൃത്യു വരിച്ച സംഭവം ഓർക്കുമ്പോൾ ആ കണ്ണുകൾ ഈറനണിയുന്നു. കശ്മീർ യുദ്ധസേവനത്തിനും ഷെയ്ക്ക് മൊയ്ദീന് ബഹുമതി ലഭിച്ചു.

ചരിത്രപുരുഷന്മാരുടെ ഓർമകളും ശേഷജീവിതവും

തന്റെ ദീർഘമായ സേവനകാലയളവിൽ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭ്‌ഭായ്‌ പട്ടേൽ, മുഹമ്മദ് അലി ജിന്ന തുടങ്ങിയവരെ നേരിൽ കാണാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്നത്തെ ഉത്തർപ്രദേശ്, രാജസ്ഥാൻ, മിസോറം, മധ്യപ്രദേശ്, ഡെറാഡൂൺ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തെലുഗു, തമിഴ് എന്നിവ സംസാരിക്കാനുള്ള പ്രാവീണ്യം അദ്ദേഹത്തിന് സൈന്യത്തിൽ വലിയ മുതൽക്കൂട്ടായി.


1953 സെപ്‌തംബർ 25-ന് 29–-ാംവയസ്സിൽ റിസർവിലേക്കും 1959ൽ സൈന്യത്തിൽനിന്ന് പൂർണമായി വിരമിക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം, കെഎസ്ആർടിസിയിൽ ഡ്രൈവറായും തുടർന്ന് വെഹിക്കിൾ ഇൻസ്പെക്ടർ ഹെഡായും രണ്ടുപതിറ്റാണ്ടിലധികം ജോലിയെടുത്തു. നെടുമങ്ങാട് പയ്യമ്പള്ളി സ്വദേശിയായ ബീമാബീവിയെയാണ് വിവാഹം കഴിച്ചത്. എട്ടു മക്കൾ.


ജീവിതസഖിയും രണ്ട് സഹോദരങ്ങളും കാലത്തിന്റെ തിരശ്ശീലയ്ക്കുപിന്നിലേക്ക് മറഞ്ഞെങ്കിലും സ്നേഹസമ്പന്നരായ മക്കളും ബന്ധുക്കളും തണലായി ഒപ്പമുണ്ട്. മകൻ ഷെയ്ക്ക് അഹമ്മദ്, മരുമകൾ ഷാമില എന്നിവർക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. സൈനികസേവനത്തിനുശേഷം തിരുവനന്തപുരത്ത് ലഭിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കാത്തതിനെപ്പറ്റിയും മകൻ ഓർമിക്കുന്നുണ്ട്.

ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷി

ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്ര ഇന്ത്യയിലേക്ക് ഒരു രാജ്യം പരിവർത്തനം ചെയ്യപ്പെട്ടതിന്റെയും ഒരു ആധുനിക സേന പിച്ചവച്ച്‌ വളർന്നതിന്റെയും ജീവിക്കുന്ന അടയാളമാണ് ഷെയ്ക്ക് മൊയ്ദീൻ എന്ന ഈ നൂറ്റിമൂന്നുകാരൻ. അദ്ദേഹത്തിന്റെ പഴയ പെൻഷൻ ബുക്കിലെ ഓരോ വരിയും ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മെഡലുകൾ അദ്ദേഹത്തിന്റെ സേവനത്തിന് സാക്ഷ്യംവഹിക്കുന്നു.


പഴയ വടി നൂറ്റാണ്ടിനുമുമ്പുള്ള കുടുംബചരിത്രത്തിന്റെ ഓർമയായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ജീവിതം ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന അനുഭവമാണ്‌. മെഡലുകൾക്കും സർവീസ് രേഖകൾക്കുമപ്പുറം ജന്മനാടിന്‌ കണ്ണിമചിമ്മാതെ കാവൽനിന്നതിന്റെ ഓർമകളിലാണ്‌ ഷെയ്ക്ക് മൊയ്ദീൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home