ad
Deshabhimani

കാട് വീണ്ടും പൂക്കുന്നു

thirike project.jpg

ഇടിവണ്ണ ജിഎംഎൽപി സ്‌കൂളിലേക്ക്‌ തിരികെ പദ്ധതിയിൽ എത്തിയ ഗോത്രവിഭാഗം കുട്ടികൾ- ഫോട്ടോ: കെ ഷെമീർ

avatar
സി പ്രജോഷ്‌ കുമാർ

Published on Jan 04, 2026, 12:00 AM | 5 min read

പാറേക്കാട്‌ ഉന്നതിയിലെ അഭിരാക്‌ എന്ന ഒമ്പതു വയസ്സുകാരന്‌ ഇപ്പോൾ പൂക്കളെ അറിയാം. കിളികളെ പേരുചൊല്ലി വിളിക്കും. മൃഗങ്ങളുടെ പേര്‌ പറയും. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ബസും കാറുമെല്ലാം പരിചിതം. കാടിനുള്ളിൽ പുറംലോകത്തോട്‌ ബന്ധമേതുമില്ലാതെ ജീവിച്ച അവന്‌ പുസ്‌തകത്തിലെ അക്ഷരങ്ങൾപോലും അന്യമായിരുന്നു. അവൻ സംസാരിക്കുന്ന ഉ‍ൗരു ഭാഷ അധ്യാപകർക്കും അന്യം. അതിനാൽ സ്‌കൂളിൽ പോകാൻ മടിച്ചു. സമയം കിട്ടുമ്പോഴെല്ലാം അച്ഛനൊപ്പം കാട്ടുവിഭവങ്ങൾ ശേഖരിക്കാനും തേനെടുക്കാനും പോകും. പാതിവഴിയിയിൽ പഠനം മുടങ്ങി വർഷങ്ങളോളം കാട്ടിനുള്ളിൽ ആരുമറിയാതെ കഴിഞ്ഞു. ഒടുവിൽ അവനെത്തേടി അധികൃതരെത്തി. നിലമ്പൂർ വനാന്തരങ്ങളിൽ സ്‌കൂളുകളിൽ എത്താത്തവരും പാതിവഴിയിൽ പഠനം മുടങ്ങിയവരുമായ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാൻ സമഗ്ര ശിക്ഷാ കേരളം ആവിഷ്‌കരിച്ച ‘തിരികെ’ പദ്ധതിയാണ്‌ ഗോത്രവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക്‌ തുണയാകുന്നത്‌. ഇ‍ൗ വർഷം ഇതുവരെ 90 കുട്ടികൾ വിദ്യാലയങ്ങളിൽ തിരിച്ചെത്തി. ഇന്ന്‌ അവർക്കു ചുറ്റും അക്ഷരങ്ങൾ ചിത്രശലഭങ്ങളെപ്പോലെ പറന്നുകളിക്കുന്നു. കൂട്ടുകാർക്കൊപ്പം കളിചിരികളുമായി അവരുണ്ട്‌. പുതിയ ലോകത്തേക്ക്‌ പറക്കുന്നു. അറിവിന്റെ വാതിലുകൾ എന്നേക്കുമായി അടയുമായിരുന്ന ഒരുപറ്റം കുരുന്നുകളെയാണ്‌ അവർ പ്രതീക്ഷകളിലേക്ക്‌ ചുവടുവയ്‌പ്പിക്കുന്നത്‌. പുതിയ ഭാഷയും പുതിയ ശീലങ്ങളും നൽകി അവരെ പുതിയ മനുഷ്യരായി വാർത്തെടുക്കുകയാണ്‌.


അമ്പരപ്പ്‌ മാഞ്ഞു


കോവിഡിനുശേഷമാണ്‌ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ രുക്ഷമായത്‌. 2024 ജൂലൈയിൽ സമഗ്രശിക്ഷാ കേരളം നിലമ്പൂർ ആദിവാസി മേഖലകളിലെ സ്‌കൂളുകളിൽ പ്രവേശനം നേടിയശേഷം സ്‌കൂളിലെത്താത്ത കുട്ടികളുടെ കണക്കെടുത്തു. സമഗ്ര ശിക്ഷാ കേരളം ആക്സസ് ഫോക്കസ്ഡ് ഇന്നൊവേറ്റീവ് പ്രോഗ്രാം എന്ന ഇന്റർവെൻഷനിൽ ഉൾപ്പെടുത്തി കേരള സർക്കാർ നടപ്പാക്കുന്ന സേവാസ് (SEVAS) പദ്ധതിയുടെ ഭാഗമായിരുന്നു സർവേ. നിലമ്പൂർ ഉപജില്ലയിലെ 22 സ്‌കൂളുകളിലായി സ്‌കൂൾ രജിസ്‌റ്ററിലുള്ളതും നിലവിൽ സ്‌കൂളിൽ എത്താത്തതുമായി 128 കുട്ടികൾ ഉണ്ടെന്ന്‌ കണ്ടെത്തി. ജനറൽ (രണ്ട്‌), ഒബിസി (23), എസ്‌സി (അഞ്ച്‌), എസ്‌ടി (98) എന്നിങ്ങനെയായിരുന്നു കണക്ക്‌. ചോലനായ്‌ക്ക, കാട്ടുനായ്‌ക്ക വിഭാഗം കുട്ടികൾക്കായി മാത്രം പ്രവർത്തിക്കുന്ന ഇന്ദിരാഗന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 36 കുട്ടികൾ എത്തുന്നില്ലെന്ന്‌ മനസ്സിലാക്കി. സ്‌കൂൾ അടിസ്ഥാനത്തിലും പഞ്ചായത്ത്‌ അടിസ്ഥാനത്തിലും പട്ടിക തയ്യാറാക്കി. കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ‘തിരികെ’ എന്ന പേരിൽ സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബിആർസിയുടെ നേതൃത്വത്തിൽ തീവ്ര യജ്ഞ പരിപാടി ആരംഭിച്ചു. നിരന്തര ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 35 കുട്ടികൾ തിരികെയെത്തി. ഒക്‌ടോബർ 23ന്‌ നടത്തിയ കണക്കെടുപ്പിൽ 151 കുട്ടികൾ സ്കൂളിൽ എത്തുന്നില്ലെന്ന്‌ കണ്ടെത്തി. ഉന്നതികളിൽ ഗൃഹ സന്ദർശനം നടത്തി കുട്ടികളെ തിരികെയെത്തിക്കാൻ കർമപദ്ധതിക്ക്‌ രൂപം നൽകി. ഇതുവരെ 90 കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു.


 thirike projectസേവാസ്‌ സർവേയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉന്നതികൾ സന്ദർശിച്ചപ്പോൾ- ഫോട്ടോ: കെ ഷെമീർ

കാടിറങ്ങാൻ മടി; കുട്ടികൾക്കും രക്ഷിതാക്കൾക്കും


ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങാൻ പ്രധാന കാരണം കാടുമായുള്ള ജൈവിക ബന്ധമാണ്‌. കാടിന്‌ പുറത്തുവരാൻ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ മടിക്കുന്നു. അമ്പുമല, വെറ്റിലക്കൊല്ലി, വെണ്ണേക്കോട്‌, പാറേക്കോട്‌, എച്ച്‌ ബ്ലോക്ക്‌, നാല്‌ സെന്റ്‌ കോളനി, തരിപ്പപെട്ടി, കുമ്പളപ്പാറ, വാണിയപുഴ തുടങ്ങിയ ഉന്നതികളിലാണ്‌ ആദിവാസികൾ വസിക്കുന്നത്‌. പലതും സ്‌കൂളുകളിൽനിന്നും പത്തും പതിനഞ്ചും കിലോമീറ്റർ അകലെ. മലയും കാടും പുഴയും താണ്ടിവേണം സ്‌കൂളിലെത്താൻ. നേരത്തെ ഉന്നതികളിലെ ഏകാധ്യാപക വിദ്യാലയങ്ങളിലായിരുന്നു ഇവരുടെ പഠനം. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിൽവന്നതോടെ ഇത്‌ ഇല്ലാതായി. നിലമ്പൂർ മേഖലകളിലെ വിവിധ പൊതുവിദ്യാലയങ്ങളിലാണ്‌ ഇവരുടെ പഠനം. ചോലനായ്‌ക്ക, കാട്ടുനായ്‌ക്ക വിദ്യാർഥികൾ ചന്തക്കുന്ന്‌ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും പഠിക്കുന്നു. കുട്ടികൾക്ക്‌ താമസിച്ച്‌ പഠിക്കാൻ ഹോസ്റ്റൽ സ‍ൗകര്യമുണ്ട്‌. എന്നാൽ, ഹോസ്‌റ്റലുകളിൽ താമസിക്കാൻ കുട്ടികൾ വിമുഖരാണ്‌. പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുക പതിവാണ്‌.


എല്ലാ അധ്യയന വർഷവും മാസങ്ങൾക്കു മുന്പേ ബിആർസി നേതൃത്വത്തിൽ അധ്യാപകരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ഉ‍ൗരുകളിലെത്തി കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ആവശ്യപ്പെടും. സ്‌കൂൾ തുറന്ന ശേഷമാകും കുട്ടികൾ എത്തുക. ഓണപ്പരീക്ഷ കഴിഞ്ഞ്‌ സ്‌കൂൾ പൂട്ടുന്നതോടെ പകുതി കുട്ടികൾ തിരിച്ചെത്തില്ല. വിഷു പരീക്ഷയോടെ അവശേഷിക്കുന്നവരും പഠനം നിർത്തും. അപൂർവം കുട്ടികളാണ്‌ പഠനം പൂർത്തിയാക്കുക. കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾക്കും താൽപ്പര്യമില്ല. കുട്ടികൾ സ്‌കൂളിൽ എത്തണമെങ്കിൽ, രാവിലെ ഉ‍ൗരുകളിൽനിന്നും വിദ്യാവാഹിനിയുടെ വാഹനം എത്തുന്നിടത്തേക്ക്‌ കുട്ടികളെ എത്തിക്കണം. വൈകിട്ട്‌ തിരിച്ചെത്തുമ്പോൾ തിരികെ കൊണ്ടുപോകാനും വരണം. കാട്ടിൽ തേനെടുക്കാൻ പോയാൽ മൂന്നും നാലും ദിവസം കഴിഞ്ഞാണ്‌ പലരും മടങ്ങിയെത്തുക. കാട്ടിലേക്ക്‌ പോകുമ്പോൾ ചെറിയ കുട്ടികളെ മുതിർന്ന കുട്ടികൾ നോക്കണം അതും പഠനം മുടങ്ങാൻ കാരണമാണ്‌. രക്ഷിതാക്കളുടെ മദ്യപാന ശീലം, പഠനംകൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ, ശൈശവ വിവാഹങ്ങൾ തുടങ്ങിയവയും കൊഴിഞ്ഞുപോക്കിന്‌ കാരണമാണ്‌.


ബഹുവിധ
ഇടപെടൽ


പട്ടികവർഗ വിദ്യാർഥികളുടെ ഒഴിഞ്ഞുപോക്ക് തടയാൻ ബഹുവിധ ഇടപെടലുകളാണ്‌ ബിആർസിയുടെയും മറ്റ്‌ വകുപ്പുകളുടെയും നേതൃത്വത്തിൽ നടന്നത്‌. ഇതിനായി പ്രത്യേക കർമ സമിതിക്ക്‌ രൂപം നൽകി.

കർമസമിതി
കണ്ടെത്തൽ

• സ്‌കൂളിൽ എത്താത്ത കുട്ടികളിൽ ഭൂരിഭാഗവും ഗോത്രവർഗ കുട്ടികളാണ്‌

• സ്ഥിരമായി സ്‌കൂളിൽ വരാത്തതിനാൽ പഠനത്തുടർച്ച ലഭിക്കുന്നില്ല

• പഠന വിടവ്‌ കുട്ടികളിൽ ആത്മവിശ്വാസം കുറയ്‌ക്കുന്നു

• ജാതി സർട്ടിഫിക്കറ്റ്‌, വരുമാന സർട്ടിഫിക്കറ്റ്‌, ജനന സർട്ടിഫിക്കറ്റ്‌ എന്നിവ ഇല്ലാത്തത്‌ കുട്ടികളുടെ സർക്കാർ ആനുകൂല്യം മുടങ്ങാൻ കാരണമാകുന്നു

• പഠനം നിർത്തുന്ന കുട്ടികൾ ചെറുപ്രായത്തിൽ ലഹരി ഉപയോഗം തുടങ്ങുന്നു

• കുട്ടികളെ സ്‌കൂളിൽ തിരികെയെത്തിക്കാൻ പ്രാദേശിക ഇടപെടൽ വേണം

• 18 വയസ്സ്‌ പൂർത്തിയായവർക്ക്‌ തുല്യതാപരീക്ഷ എഴുതാൻ അവസരം ഒരുക്കണം

• സ്‌കൂളുകളിൽ കായിക പഠനത്തിന്‌ പ്രാധാന്യം വർധിപ്പിക്കണം

• ബാലവേല കർശനമായി തടയണം


നിലമ്പൂർ ബിആർസി നേതൃത്വത്തിൽ ഇരുട്ടുകുത്തി, അപ്പൻകാവ്‌, തരിപ്പപ്പെട്ടി, കുമ്പളപ്പാറ പ്രദേശങ്ങളിൽ ഗൃഹസന്ദർശനംനടത്തി കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പദ്ധതി തയ്യാറാക്കി. എസ്‌എസ്‌കെ, ഐടിഡിപി, ഡയറ്റ്‌, കുടുംബശ്രീ, കേരള മഹിളാസമഖ്യ, ജനമൈത്രീ എക്‌സൈസ്‌ എന്നിവയുടെ സഹകരണത്തോടെ ഗൃഹസന്ദർശനം ആരംഭിച്ചു. മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തിൽ നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, മുണ്ടേരി ജിഎച്ച്‌എസ്‌ എന്നിവിടങ്ങളിൽ സ്‌പെഷ്യൽ എൻറിച്ച്‌ പദ്ധതി ആരംഭിച്ചു.


കുടുംബശ്രീ നേതൃത്വത്തിൽ കഴിഞ്ഞ മേയിൽ ജില്ലാ ചൈൽഡ്‌ പ്രൊട്ടക്ഷൻ യൂണിറ്റും വനിതാശിശുവികസന വകുപ്പുമായി സഹകരിച്ച്‌ കുടുംബങ്ങൾക്ക്‌ കക്കാടംപൊയിലിൽ മൂന്നുദിവസത്തെ സഹവാസ ക്യാമ്പ്‌ ഒരുക്കി. കളികളും യോഗയും ഉൾപ്പെടെ സംഘടിപ്പിച്ച്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഒടുവിൽ രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ വിടാൻ സന്നദ്ധരായി. വെറ്റിലക്കൊല്ലി, അമ്പുമല ഉന്നതികളിൽ വിദ്യാവാഹിനി പദ്ധതിയിൽ പുതുതായി രണ്ട്‌ വാഹനം ഒരുക്കി. കുമ്പളപ്പാറയിൽനിന്നും കുട്ടികളെ കൊണ്ടുവരാൻ ട്രാക്ടർ സ‍ൗജന്യമായി നൽകി. വീട്ടിൽ പഠിക്കാൻ സാഹചര്യമില്ലാത്ത കുട്ടികളെ എസ്‌എസ്‌കെയുടെ ഷെൽട്ടർ ഹോമുകളിൽ താമസിപ്പിച്ച്‌ പഠിപ്പിക്കാൻ തീരുമാനിച്ചു. പലവിധത്തിൽ നടന്ന ഇടപെടൽ ഫലംകണ്ടതോടെയാണ്‌ കുട്ടികൾ സ്‌കൂളിൽ തിരിച്ചെത്തിയത്‌.


എങ്കെ എങ്കെ കൂട്ടം


കോവിഡിനുശേഷം നിലമ്പൂർ ഉപജില്ലയിലെ കരുളായി വനത്തിനുള്ളിൽ പുലിമുണ്ട നഗറിലെ 13 ചോലനായ്‌ക്ക വിഭാഗം കുട്ടികൾ സ്കൂളിൽ എത്തുന്നതിന് വിമുഖത കാണിച്ചിരുന്നു. ഈ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് എങ്കെ എങ്കെ കൂട്ടം. കുട്ടികൾക്ക് 2021 മേയിൽ അവരുടെ വാസസ്ഥലത്ത് തന്നെ ഒരു മാസത്തെ ബ്രിഡ്ജ് കോഴ്സ്‌ (ചോലനായ്‌ക്ക ഭാഷയിൽ) നൽകി. തുടർന്ന് എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കാൻ സാധിച്ചു. ഇതിൽ സുകുമാരൻ, സുന്ദരി എന്നീ കുട്ടികൾ പ്ലസ്‌ടു ജയിച്ചു.


 thirike project 2ഇടിവണ്ണ ജിഎംഎൽപി സ്‌കൂളിൽ പഠനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾ- ഫോട്ടോ: കെ ഷെമീർ


പഠിപ്പുറസി


ഗോത്ര വിഭാഗം കുട്ടികൾക്ക് മലയാള ഭാഷയിൽ പ്രാവീണ്യം കുറവാകുന്നത് അവരുടെ കൊഴിഞ്ഞുപോക്ക് കൂടുന്നതിന് കാരണമാണെന്ന്‌ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഗോത്ര ഭാഷകളിൽ ഏതാനും മാസങ്ങൾ ക്ലാസുകൾ എടുക്കുകയും തുടർന്ന് മലയാളം മാധ്യമത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിന് ആരംഭിച്ച പദ്ധതിയാണ്‌ പഠിപ്പുറസി. നിലമ്പൂർ ഉപജില്ലയിലെ മുണ്ടക്കടവിൽ ബദൽ സ്കൂൾ പ്രദേശത്തെ കുട്ടികളുടെ പഠനം നിലച്ചു പോയിരുന്നു. ഈ കുട്ടികളെ കൽക്കുളം എംഎംഎംഎൽപി സ്കൂളിൽ പ്രവേശിപ്പിക്കുകയും അവർക്ക് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ കാട്ടുനായ്ക്ക ഭാഷയിൽ പഠിപ്പുറസി പദ്ധതി നടപ്പാക്കുകയും ചെയ്തു.

ഔട്ട് ഓഫ് സ്‌കൂൾ സർവേയിൽ കണ്ടെത്തിയ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി സമഗ്ര ശിക്ഷാ കേരളം നടത്തിവരുന്ന റസിഡൻഷ്യൽ ഹോസ്റ്റൽ ആണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആവാസിയ് വിദ്യാലയ്. നിലവിൽ നിലമ്പൂരിൽ 41 കുട്ടികൾ ഈ ഹോസ്റ്റലിൽനിന്നും പഠിക്കുന്നുണ്ട്.

കുരുക്കഴിക്കാൻ മെന്റർമാർ


കാട്ടുനായ്‌ക്കർ, ചോലനായ്‌ക്കർ, പണിയർ, കുറുമ്പർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവാണ്‌ നിലമ്പൂർ കാടുകളിലുള്ളത്‌. കാടാണ്‌ അവരുടെ ലോകം. കാടിന്‌ പുറത്തുള്ളതെല്ലാം അവർക്ക്‌ അപരിചിതമാണ്‌. തമിഴും കന്നഡവും മലയാളവും കലർന്നതാണ്‌ ഇവരുടെ ഭാഷ. പാഠപുസ്‌തകങ്ങളിലെ മലയാളം അവർക്ക്‌ പരിചിതമല്ല. മറ്റു കുട്ടികളെപ്പോലെ എഴുത്തും വശമില്ല. കാട്ടിനുള്ളിൽ ചുവരുകളില്ലാത്തതിനാൽ ചെറുപ്പത്തിൽ കല്ലുകൊണ്ടുപോലും കോറിയിട്ടിട്ടില്ല. പാഠപുസ്‌തകങ്ങളിലെ ജീവജാലങ്ങളും സസ്യലതാദികളും കഥയുടെ വർണലോകവുമെല്ലാം അവർക്ക്‌ അന്യം. കുട്ടികളെ പാഠ്യപദ്ധതിയിലേക്ക്‌ അടുപ്പിക്കാൻ ഐടിഡിപിക്കു കീഴിൽ മെന്റർമാരുണ്ട്‌. ഉ‍ൗരുകളിൽനിന്നുള്ള അധ്യാപക പരിശീലനം പൂർത്തിയാക്കിയവരെയാണ്‌ ഐടിഡിപി മെന്റർമാരായി നിയമിച്ചത്‌. നിലമ്പൂർ ബിആർസിക്കു കീഴിൽ 17 പേരുണ്ട്‌. ഇവർ വിവിധ സ്‌കൂളുകളിൽ ജോലി ചെയ്യുന്നു. ആദിവാസി ഉന്നതികളിൽനിന്നുള്ള കുട്ടികൾ മറ്റുള്ളവരുമായി ഇഴുകിച്ചേരില്ല. അധ്യാപകരോടുപോലും അകലം പാലിക്കും. ഒന്നിനോടും പ്രതികരിക്കില്ല. ഇ‍ൗ അകൽച്ചയകറ്റുകയാണ്‌ മെന്റർമാരുടെ പ്രാധാന ദ‍ൗത്യം. ഇവർ കുട്ടികളോട്‌ അവരുടെ ഭാഷയിൽ അവർക്ക്‌ പരിചിതമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്‌ സ‍ൗഹൃദം സ്ഥാപിക്കും. പിന്നീട്‌ കുട്ടികളുമായി ഇടപഴകും. അതിനുശേഷം പാഠപുസ്‌തകങ്ങളിലെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കും.


യാത്രയ്‌ക്ക്‌ വിദ്യാവാഹിനി


കുട്ടികളെ ഉ‍ൗരുകളിൽനിന്നും സ്‌കൂളിൽ എത്തിക്കാൻ ഐടിഡിപിയുടെ ‘വിദ്യാവാഹിനി’ പദ്ധതിയിൽ ജീപ്പ്‌ ഉണ്ട്‌. ഒരു ട്രിപ്പിന്‌ 650– 1800 രൂപ വരും. തിരികെയെത്തിക്കാനും ഇ‍ൗ തുക വേണം. ഇത്‌ പൂർണമായും സർക്കാരാണ്‌ വഹിക്കുന്നത്‌. നേരത്തെ ‘ഗോത്രസാരഥി’ പദ്ധതിയായിരുന്നു. അതിൽ വണ്ടി വാടക കുട്ടികളുടെ രക്ഷിതാക്കൾക്ക്‌ നൽകുകയായിരുന്നു രീതി. ഇത്‌ ഫലപ്രദമല്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്‌. വെറ്റിലക്കൊല്ലി, അമ്പുമല ഉന്നതികളിൽനിന്നുള്ള കുട്ടികളിലാണ്‌ കൊഴിഞ്ഞുപോക്ക്‌ കൂടുതലെന്ന്‌ മനസ്സിലാക്കി ഇവിടേക്ക്‌ പുതുതായി രണ്ട്‌ സർവീസുകൾ ആരംഭിച്ചു.


ആധാർ കുരുക്കഴിക്കാൻ


കുട്ടികൾക്ക്‌ ആധാർ ഇല്ലാത്തതാണ്‌ മറ്റൊരു പ്രതിസന്ധി. ആദിവാസി ഉന്നതികളിൽ ജനിക്കുന്ന കുട്ടികളിൽ പലരും വീട്ടിലാണ്‌ പ്രസവം. കൃത്യമായ ജനന തീയതിയോ സമയമോ സൂക്ഷിക്കാറില്ല. എസ്‌ടി പ്രൊമോട്ടർമാർ ഉന്നതികളിൽ എത്തുമ്പോഴാണ്‌ പലപ്പോഴും ജനന വിവരം അറിയുക. ഇവർ നൽകുന്ന തീയതിവച്ചാണ്‌ ജനന സർട്ടിഫിക്കറ്റ്‌ തയ്യാറാക്കുക. നിലവിൽ തിരികെ പദ്ധതിയിൽ സ്‌കൂളിൽ എത്തിയ പല കുട്ടികൾക്കും ആധാർ ഇല്ലാത്തതിനാൽ സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എബിസിഡി (അക്ഷയ ബിഗ്‌ ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ്‌ ഡിജിറ്റലൈസേഷൻ) പദ്ധതി ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പോത്തുകല്ല്‌ പഞ്ചായത്തിൽ നടത്തിയ എബിസിഡി ക്യാമ്പിൽ 147 പേർക്കാണ്‌ ആധാർ കാർഡ്‌ നൽകിയത്‌. 20 പേർക്ക്‌ ഇ ആധാറും നൽകി. അവശേഷിക്കുന്നവർക്ക്‌ പ്രത്യേക ക്യാമ്പ്‌ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. കൊഴിഞ്ഞുപോക്ക്‌ പൂർണമായി തടയാനും നിലവിൽ സ്‌കൂളിൽ എത്താത്തവരെ ചേർക്കാനും ലക്ഷ്യമിട്ട്‌ വിപുല പദ്ധതികളാണ്‌ നടക്കുന്നത്‌. തിരികെ പദ്ധതി മറ്റ്‌ ഉപജില്ലകളിലേക്ക്‌ വ്യാപിപ്പിക്കാനും കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home