‘രോഷ്‌ണി'യിലൂടെ ചിറകുവിരിച്ച സ്വപ്‌നങ്ങൾ


എസ് ശ്രീലക്ഷ്മി
Published on Apr 12, 2026, 12:38 AM | 2 min read
കേരളം സ്വപ്‌നങ്ങൾക്ക് കരുത്തുനൽകിയ കഥ പറയുകയാണ് ബിഹാർ സ്വദേശി ദറക്‌സ പർവീൺ. എറണാകുളം ജില്ലയിൽ അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി നടപ്പാക്കുന്ന "രോഷ്‌ണി പദ്ധതി'യാണ് ആലുവ ബിനാനിപുരം സ്കൂളിലെ വിദ്യാർഥിയായിരുന്ന ദറക്‌സയ്‌ക്ക് തുണയായത്. കേരളം ചേർത്തുനിർത്തിയ ദറക്‌സയുടെ അനുഭവം ആറാംക്ലാസിലെ മലയാള പാഠപുസ്തകത്തിലും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ നാലാംവാർഷികത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖത്തിൽ സംസാരിക്കാനും അനുഭവങ്ങൾ പങ്കുവയ്‌ക്കാനും സാധിച്ച നിമിഷം വളരെ അഭിമാനത്തോടെയാണ് ദറക്‌സ ഓർക്കുന്നത്. അധ്യാപക പരിശീലന പരിപാടികളിൽ ക്ലാസെടുക്കാനുള്ള അവസരവും ലഭിച്ചു.
തന്നെപ്പോലെയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ പിന്തുണ നൽകി രോഷ്‌ണി പദ്ധതിയുടെ വളന്റിയറായി പ്രവർത്തിക്കുകയാണിപ്പോൾ ദറക്‌സ.
കേരളം ജീവിതത്തിലെ "രോഷ്‌ണി'
കേരളത്തിലേക്കുള്ള വരവ് ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് പറയുമ്പോൾ ദറക്‌സയുടെ വാക്കുകളിൽ അഭിമാനവും സന്തോഷവും. "നാട്ടിലായിരുന്നുവെങ്കിൽ ഒരുപക്ഷേ, ചെറുപ്പത്തിൽത്തന്നെ വിവാഹിതയായി ഏതെങ്കിലും വീടിന്റെ അടുക്കളയിൽ ഒതുങ്ങിപ്പോകുമായിരുന്ന ജീവിതം മാറ്റിമറിച്ചത് കേരളത്തിലേക്കുള്ള വരവാണ്. പഠിക്കാനും അഭിരുചിക്കനുസരിച്ച് ഇഷ്‌ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനും കേരളത്തിലെ വിദ്യാഭ്യാസത്തിലൂടെ സാധിച്ചു. ബിഹാറിൽ ഇല്ലാതിരുന്ന പഠനസൗകര്യങ്ങളും കൂടുതൽ അവസരങ്ങളും ലഭിച്ചു'–- ദറക്‌സ പറഞ്ഞു. 12 വർഷംമുമ്പാണ് ബിഹാറിലെ ദർഭംഗയിൽനിന്ന് ദറക്‌സയുടെ കുടുംബം കേരളത്തിൽ എത്തിയത്. നാലുവരെ ബിഹാറിലായിരുന്നു പഠനം. ഇവിടെയെത്തി ആലുവ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസിൽ ചേർന്നു. മലയാളപഠനം ആദ്യം വെല്ലുവിളിയായിരുന്നു. ഏഴാംക്ലാസിലെത്തിയപ്പോഴേക്കും നന്നായി പഠിച്ചെടുത്തു. പത്തിൽ 89 ശതമാനം മാർക്കോടെ വിജയം. പഠനത്തിൽമാത്രമല്ല, തയ്യലിലും എംബ്രോയ്‌ഡറിയിലും ദറക്‌സയ്‌ക്കുള്ള വൈദഗ്‌ധ്യം മനസ്സിലാക്കി സ്കൂളിലെ മുൻ പ്രധാനാധ്യാപിക മംഗളഭായ് ഒരു തയ്യൽ മെഷീൻ സമ്മാനിച്ചു. അത് ഫാഷൻ ഡിസൈനിങ് പഠനത്തിലേക്ക് വഴിതെളിച്ചു. കളമശേരി ഗവ. പോളിടെക്‌നിക്കിൽനിന്ന് ഫാഷൻ ഡിസൈനിങ് ഡിപ്ലോമ പാസായി. പിന്നീട് ഓപ്പണായി പ്ലസ്‌ടു പഠനം. ഇഗ്‌നോയിൽ ബിഎ ഹിന്ദിക്കും ചേർന്നു. രോഷ്‌ണി പദ്ധതിയുടെ ജില്ലാ കോ–-ഓർഡിനേറ്ററും ബിനാനിപുരം സ്കൂൾ അധ്യാപികയുമായിരുന്ന ഡോ. ജയശ്രീ കുളക്കുന്നത്തും ദറക്‌സയ്‌ക്കുവേണ്ട പിന്തുണ നൽകി.
ദറക്‌സയുടെ കഥ പാഠപുസ്തകത്തിലേക്ക്
ആറാംക്ലാസിലെ പാഠപുസ്തകത്തിൽ തന്റെ അനുഭവം ഉൾപ്പെടുത്തിയത് മുന്നോട്ടുപോകാനുള്ള പ്രചോദനമായെന്ന് ദറക്‌സ പറഞ്ഞു. "തൊഴിലിന്റെ രുചി ഭാഷയുടെയും' എന്ന തലക്കെട്ടിൽ ആറാംക്ലാസിലെ മലയാള പാഠപുസ്തകത്തിൽ കൂട്ടുകാരി സവിക്ക് എഴുതുന്ന കത്തിന്റെ മാതൃകയിലാണ് ദറക്‌സയുടെ അനുഭവം ഉൾപ്പെടുത്തിയിട്ടുള്ളത്. "പ്രിയപ്പെട്ട സവീ' എന്നു തുടങ്ങുന്ന കത്തിൽ കേരളം എങ്ങനെ ചേർത്തുപിടിച്ചുവെന്ന് ദറക്‌സ പറയുന്നു. അഞ്ചാംക്ലാസിൽ വന്നുചേർന്നതുമുതൽ ലഭിച്ച പിന്തുണയും സ്വന്തമായി അധ്വാനിച്ച് സ്വപ്നങ്ങൾ എത്തിപ്പിടിക്കാനാകുന്ന സന്തോഷവും പങ്കുവയ്‌ക്കുന്നതാണ് കത്ത്. "പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും വലിയ പരിഗണനയും സ്വാതന്ത്ര്യവും ലഭിക്കുന്ന നാടാണ് കേരളം. ഇവിടെ ഇഷ്‌ടപ്പെട്ട തൊഴിൽ ചെയ്യാനും പഠിക്കാനുമെല്ലാം അവസരങ്ങളുണ്ട്' എന്ന വരികളിലാണ്
കത്ത് അവസാനിക്കുന്നത്. ഏതു നാട്ടിൽ ചെന്നാലും ജോലി ചെയ്ത് ജീവിക്കാനാകുമെന്ന ആത്മവിശ്വാസവും കേരളം തനിക്ക് നൽകിയെന്ന് കത്തിൽ പറയുന്നു. ആലുവ മുപ്പത്തടത്ത് വാടകവീട്ടിലാണ് അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമടങ്ങുന്ന ദറക്‌സയുടെ കുടുംബം താമസം. വീട്ടിലിരുന്ന് തയ്യൽജോലികൾ ചെയ്യുന്നതിനാൽ പഠനത്തിനുള്ള ചെലവ് കണ്ടെത്താനാകുന്നുണ്ട്. സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാനുള്ള പ്രയത്നത്തിലാണിപ്പോൾ ദറക്‌സ.











0 comments