print edition മഹാ നടന്മാർ, മഹാ സംഭവം

പേട്രിയറ്റ് സിനിമയുടെ പോസ്റ്റര്‍
കെ എ നിധിൻ നാഥ്
Published on Apr 26, 2026, 12:00 AM | 3 min read
മലയാളസിനിമാ പ്രേക്ഷകരെയും തിയറ്ററുകളെയും പ്രകന്പനം കൊള്ളിക്കാൻ പേട്രിയറ്റ് വരുന്നു. 18 വർഷത്തിനുശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാം. മെയ് ഒന്നിന്റെ ഇൗ ഒത്തുചേരൽ മലയാളസിനിമാ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കും. മലയാളിയുടെ മഹാപ്രതിഭകളോടുള്ള ഇഷ്ടം മലയാളസിനിമയുടെ വാണിജ്യ സാധ്യതകളും മാറ്റിവരയ്‌ക്കുമെന്നാണ് പ്രതീക്ഷ. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം 2008ൽ റിലീസ് ചെയ്ത ട്വന്റി ട്വന്റി ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടി (2013) യിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തിയിരുന്നു. മലയാളത്തിൽ ഇന്നേവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഫോർമുല അനുസരിച്ച് നിർമിച്ച സിനിമയല്ലെന്നും മറിച്ച് ഭാവിയിൽ സിനിമകൾക്ക് പിന്തുടരാൻ പുതിയൊരു ‘ഫോർമുല’ സൃഷ്ടിക്കുന്നതാണെന്നും അണിയറപ്രവർത്തകർ പറയുന്നു. ഇന്ത്യയിലും വിദേശത്തുമായി പടർന്നുകിടക്കുന്ന ഒരു രാജ്യാന്തര വിഷയമാണ് സിനിമയുടേത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികമെടുത്താണ് പേട്രിയറ്റിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് പേട്രിയറ്റിന് തുടക്കമായത്.
ടേക്ക് ഓഫ്, മാലിക്, സി യു സൂൺ, അറിയിപ്പ് എന്നീ സിനിമകൾക്കുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരയാണ്. ട്വന്റി ട്വന്റിക്കുശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഇതിൽ ഒന്നിക്കുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. ഇവരെ കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നുണ്ട്. നാടകപ്രവർത്തകൻ പ്രകാശ് ബെലവാടിയും പ്രധാന സാന്നിധ്യമാണ്.
വിയോജിപ്പ് ദേശസ്നേഹമാണ്
മമ്മൂട്ടി ഡോ. ഡാനിയേൽ ജയിംസിനെയും മോഹൻലാൽ കേണൽ റഹിം നായികിനെയും അവതരിപ്പിക്കുന്നു എന്നാണ് പുറത്തുവന്ന വിവരങ്ങൾ. ചാരവൃത്തി ആരോപിച്ച് വ്യാജമായി കുറ്റാരോപിതനായ വിരമിച്ച ഉദ്യോഗസ്ഥൻ രാജ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്റെ പ്രശസ്തി വീണ്ടെടുക്കുന്നതിനായി ഒരു രഹസ്യദൗത്യത്തിലേക്ക് കടക്കുന്നു. അദ്ദേഹത്തോടൊപ്പം ചേരുന്ന പരിചയസമ്പന്നനായ ഒരു പട്ടാളക്കാരനാണ് മോഹൻലാലിന്റെ കഥാപാത്രം. താൻ ചിത്രത്തിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫഹദ് ഫാസിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഏറെ സർപ്രൈസുകൾ നിറഞ്ഞ കൊമേഴ്സ്യൽ സിനിമയായിരിക്കും ഇതെന്നാണ് സംവിധായകൻ മഹേഷ് നാരായണൻ നൽകുന്ന ഉറപ്പ്.
പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ അന്താരാഷ്ട്ര സ്പൈ ത്രില്ലറാണെന്ന ചർച്ചകളെ സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ടീസർ അടക്കമുള്ളവ നൽകുന്ന സൂചന. വിയോജിപ്പ് ദേശസ്നേഹമാണ് എന്ന വാചകം സിനിമയുടെ പോസ്റ്ററുകളിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്.
വലിയ സാങ്കേതികനിലവാരത്തിലും കാൻവാസിലുമാണ് ചിത്രം എത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികമേന്മയോടെയാണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധനേടിയ മാനുഷ് നന്ദനാണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ബ്രഹ്മാണ്ഡ സിനിമ
തന്റെ രീതിയിലുള്ള ഒരു വലിയ സിനിമയെന്നാണ് സംവിധായകൻ മഹേഷ് നാരായണൻ പേട്രിയറ്റിനെക്കുറിച്ച് നൽകിയിട്ടുള്ള ആമുഖം. ഇതൊരു ബ്രഹ്മാണ്ഡ സിനിമയാക്കണമെന്ന മുൻവിധിയോടെയൊന്നുമല്ല ചിത്രം തുടങ്ങിയത്. പക്ഷേ, പതിയെ പതിയെ ആ സിനിമ വലുതായി. ചില സിനിമകളുടെ നിയോഗം അങ്ങനെയാണ്. തിയറ്ററിൽ കണ്ടാസ്വദിക്കാൻ സാധിക്കുന്ന, ഒരു മെയിൻ സ്ട്രീം സിനിമതന്നെയാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മഹേഷ് പറഞ്ഞിട്ടുണ്ട്. മലയാളസിനിമയ്‌ക്ക് അത്രമേൽ പരിചിതമല്ലാത്ത ആഖ്യാനശൈലി സൃഷ്ടിച്ച സംവിധായകനാണ് മഹേഷ് നാരായണൻ.
ആവിഷ്കാരത്തിലെ വ്യത്യസ്തതയിൽ ടേക്ക് ഓഫ് മുതൽ അറിയിപ്പുവരെയുള്ള ചിത്രങ്ങളിലൂടെ എഴുത്തിലും സംവിധാനത്തിലുമുള്ള മഹേഷ് നാരായണൻസ്‌പർശം മലയാളസിനിമയുടെ കാഴ്‌ചാസാധ്യതകളെ മാറ്റിവരച്ചവയാണ്. മലയാളസിനിമയുടെ തലവര മാറ്റിയ മഹേഷ് നാരായണന്റെ ക്രാഫ്‌റ്റിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കാണാമെന്നതുതന്നെയാണ് പേട്രിയറ്റിനായുള്ള കാത്തിരിപ്പിനെ ആവേശഭരിതമാക്കുന്നത്. പേട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മമ്മൂട്ടി അസുഖബാധിതനായി ചികിത്സയ്‌ക്ക് പോയത്. ചികിത്സയ്‌ക്കുശേഷം തിരിച്ചെത്തി ആദ്യമായി അഭിനയിച്ച ചിത്രവുമാണ് പേട്രിയറ്റ്.
‘ഇന്റലിജന്റ്' സിനിമ
വെറുമൊരു താരസിനിമയല്ലെന്നാണ് മമ്മൂട്ടി പറഞ്ഞിട്ടുള്ളത്. താരപദവികളുടെ ആഘോഷങ്ങൾക്കപ്പുറം, രാജ്യാന്തരപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റെ നട്ടെല്ലെന്നും മലയാളസിനിമയിൽ ഇതൊരു പുതിയ ഫോർമുലയ്ക്ക് തുടക്കമിടുമെന്നുമാണ് മമ്മൂട്ടിയുടെ ഉറപ്പ്. പതിവ് വാണിജ്യസിനിമകളുടെ ശൈലിയല്ല. നായികമാരില്ലാത്ത, എന്നാൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുള്ള ഒരു ‘ഇന്റലിജന്റ്' സിനിമയാണിതെന്നാണ് മമ്മൂട്ടി ‘ദ ഹോളിവുഡ് റിപ്പോർട്ടറി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ലാലുമായുള്ള ആത്മബന്ധം താരപദവികളുടെ ഭാരമില്ലാത്തതാണ്. ഒരേതാളത്തിൽ സഞ്ചരിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സ്വാഭാവികമായും ഞാനും ലാലും ഒന്നിച്ച് സ്ക്രീനിൽ എത്തുന്നു എന്നത് വലിയൊരു സവിശേഷതയാണ്. എന്നാൽ, പേട്രിയറ്റ് എന്ന സിനിമയെ നയിക്കുന്നത് ഞങ്ങളുടെ താരപദവിയല്ല. മറിച്ച് അതിന്റെ കരുത്തുറ്റ പ്രമേയമാണ്. ഞങ്ങൾ ഇതിൽ രണ്ട് സാധാരണ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇതൊരു വലിയ പരീക്ഷണമാണ്; വാണിജ്യ സിനിമയുടെ ചേരുവകൾ ഉണ്ടെങ്കിൽപ്പോലും കൃത്യമായൊരു പ്ലോട്ടും ശക്തമായ കഥയുമാണ് ഈ സിനിമയുടെ ആത്മാവ്. വെറുതെ രണ്ട് അതികായന്മാർ വന്ന് കൈകൊടുക്കുന്ന സ്ഥിരം ശൈലിയല്ല ഇതിന്റേത്. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകർക്ക് നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലാലിന്റെ പടത്തിലേക്ക് വിളിച്ചാൽ ഞാൻ പോയി അഭിനയിക്കും. എന്റെ പടത്തിലേക്ക് വിളിച്ചാൽ ലാൽ വന്ന് അഭിനയിക്കും. ഞങ്ങൾക്കിടയിൽ ഈഗോ ഒന്നുമില്ല. ആരുടെ പടമായാലും അങ്ങനെതന്നെ. ലാലും ഞാനും എപ്പോഴും ഒരേതാളത്തിൽ സഞ്ചരിക്കുന്നവരാണ്. സിനിമയുടെ ഗ്ലാമറോ താരപദവിയോ ഒന്നും ഞങ്ങൾ തോളിൽ ചുമക്കാറില്ല. ഞങ്ങൾ വെറും സാധാരണ മനുഷ്യരാണ്, അതിലുപരി ആത്മമിത്രങ്ങളാണ്’– മമ്മൂട്ടി പറയുന്നു.
സെൻസർ കുരുക്ക്
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന സെൻസർ ബോർഡ് ഇടപെടൽ പേട്രിയറ്റിനെതിരെയും ഉണ്ടായി. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചു. ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുള്ളതിനാൽ ആ പേര് മാറ്റാനാണ് സെൻസർ ബോർഡിന്റെ ആവശ്യം.











0 comments