ചിതയിലസ്തമിക്കാത്ത വെളിച്ചമായി ഒ എൻ വി

വി എസ് ബിന്ദു
Published on Feb 08, 2026, 12:10 AM | 2 min read
ജീവിതമെന്ന മഹാസാഗരത്തെ കൈക്കുമ്പിളിൽ തുളുമ്പുന്ന ജലമായറിഞ്ഞ കവി ഒ എൻ വി, "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് മനുഷ്യമനസ്സുകളിൽ ആഗ്രഹം പടർത്തുന്നു. സത്യവും സൗന്ദര്യവും സർഗാത്മകതയുടെ സമഭാവനകളായി മാറുന്നത് ആ എഴുത്തിൽ, പ്രഭാഷണങ്ങളിൽ ഒക്കെ നാമറിയുന്നു. ഭൂതകാലത്തിന്റെ അനുഭവങ്ങളെ ഹിംസകൾക്കുള്ള മറുപടിയായി രചനകളിൽ ചേർത്തുവച്ചിട്ടുള്ള എഴുത്തുകാരിൽ സാംസ്കാരിക ജനാധിപത്യത്തെക്കുറിച്ച് ഒ എൻ വി യുടെ സമഗ്ര ദർശനം വ്യത്യസ്ത തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. "ആരുടെ കവിയാണ് ഒ എൻ വി "എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണത്. ഉപ്പ് എന്ന രുചിയെ, അധ്വാനത്തിന്റെ ഭാഷയായും സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുക്കലായും അദ്ദേഹം കണ്ടു. ഭാഷയിലുള്ള ഇണമുറുക്കം, വിവിധ സംസ്കാരധാരകൾ തമ്മിലുള്ള സംവാദങ്ങൾ, മതേതര ആത്മീയതയുടെ ഹൃദയ സംഗീത ധാരകൾ എന്നിവയൊക്കെയാണ് "സാഗരമേ, ശാന്തമാക നീ’ എന്ന് വിഷാദാത്മക സ്വരത്തിലെഴുതിയ പ്രിയകവിയുടെ മുദ്രകളാകുന്നത്.
ജ്ഞാനമെന്നാൽ സൂക്ഷ്മജ്ഞാനമെന്നു കണ്ടെടുക്കാവുന്ന വിധത്തിൽ ആവിഷ്കാരങ്ങളുടെ രൂപഭാവ കൽപ്പനകൾ അദ്ദേഹം നിർവഹിച്ചു. ജീവിതകാന്തിചിന്നും വിധമാണ് മനുഷ്യ പ്രകൃതികളുടെ അതിജീവനപോരാട്ടങ്ങളെ അദ്ദേഹം സർഗപരമാക്കിയത്. അതിനായി ലോകാനുഭവങ്ങളുടെ ചരിത്രപരതയിലേക്ക് നിരന്തരം സഞ്ചരിച്ചു. നീതി, നീതി എന്നാവർത്തിച്ചു. കേവലം കണ്ണീർപ്പാടുകൾ ആകാതെ "സ്നേഹത്തിൻ സംഗമങ്ങളിലുയർക്കൊള്ളും ഏകാന്ത ഹർഷങ്ങളെ ഏറ്റുവാങ്ങുന്ന വെളിച്ചമായി കവി കൂടെയുണ്ട്. കേരളത്തിലെ കാവ്യപ്രണയികൾക്കിടയിൽ ഒ എൻ വി കവിത വളർന്നു. പിന്നെ പലതരം ഭൂമികളിലേക്ക് അതു ചില്ല വിടർത്തി. ഭൂമിക്കടിയിൽ വേരുകളോടിച്ചോടിച്ച് അതു സാർവലൗകികതയെ പുണർന്നു. വായനക്കാർക്ക് അത് ആത്മ നിരൂപണമാണ്. സ്നേഹത്തെയും സ്വാതന്ത്ര്യത്തെയും കവി നിർവചിക്കുന്നത് അവയുടെ അടിസ്ഥാന സ്വഭാവത്തെ പലഘട്ടങ്ങളിൽ വിമർശനാത്മകമായി സമീപിച്ചുകൊണ്ടാണ്.
"ഒരു മണ്ണടുപ്പാണീ മന്നിടം അതിനുള്ളിൽ തിരുകിത്തീപൂട്ടിയ വിറകാണെല്ലാമെല്ലാം’ എന്ന ഹൃദയ ശകലം മനുഷ്യർക്ക് പകർന്നു നൽകാത്തതെന്ത്! ലോകത്ത് സാമ്രാജ്യത്വ ദുഷ്‌ചെയ്തികൾക്കുനേരെ വാക്കെടുത്തു നിറയൊഴിച്ചുയർന്ന പുരോഗമന സാഹിത്യം കേരളക്കരയിൽ ജന്മിത്തത്തിനും ജാതിക്കുമെതിരെ നിലപാടുയർത്തി. സ്ത്രീയുടെ അവസ്ഥകളെക്കുറിച്ചും സൃഷ്ടികൾ ഉണ്ടായി. പൗരത്വ രജിസ്റ്ററിൽ നിന്നു പുറത്താക്കപ്പെട്ടിരുന്ന ആ ജനതയുടെ അവകാശങ്ങൾ ചോദ്യങ്ങളായി. ആങ്ങള, പെങ്ങൾ, ആത്മഹത്യയെന്ന സ്ത്രീയുടെ അവസാന അഭയം എന്നതൊക്കെ പിതൃമേധാവിത്വപരിധിയിലാണെങ്കിലും ആരാന്റെ അടുക്കളയിൽ മടച്ചു വീഴുന്നവരെക്കുറിച്ചുള്ള വ്യത്യസ്ത പ്രതികരണങ്ങൾ ഉയർന്നു. ഇതെഴുതുന്നഘട്ടത്തിൽ അരുന്ധതി റോയിയുടെ വാക്കുകൾ ഓർമിക്കുന്നു. ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്ന, നുണകൾ മെഴുകി ഭൂവിസ്തൃതിയൊരുക്കുന്ന ഇന്ത്യയെക്കുറിച്ച് ഓർമിച്ചു കൊണ്ട് അവർ പറയുന്നു. ‘എന്റെ എഴുത്തുകൾ മനോഹരങ്ങളാകാം. പക്ഷേ, എനിക്കു തെറ്റുപറ്റിയിരിക്കുന്നു’.
അപ്പോഴും സത്യത്തിന്റെ ജ്വാലയിൽ സ്വയം ദഹിച്ചുകൊണ്ട് ഒ എൻ വി എഴുതിയത് പുതിയ കലാപ കാലത്തെയും അടയാളപ്പെടുത്തുന്നു. "എന്നുയിർത്തീയിൽ സ്വയം പൊരിഞ്ഞു ഞാനി– ക്കുഞ്ഞിൻ മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായ്‌പ്പതിച്ചെങ്കിൽ’ ഗാസയിൽ തകർന്ന വീടിനുമുന്നിൽ പൊട്ടിക്കരഞ്ഞുനിൽക്കുന്ന, അഴുക്കും പൊടിയും നിറഞ്ഞ ശരീരമുള്ള കുഞ്ഞിനു മുന്നിലേക്ക് നടന്നെത്തുന്നുണ്ട് സ്റ്റേഹദർശിയായ കവി. ആ സത്യാന്വേഷകന്റെ ആത്മബലിയാണല്ലോ ചിതയിലസ്തമിക്കാത്ത വെളിച്ചമായി നമ്മെ ചൂഴുന്നത്.










0 comments