ad
Deshabhimani

print edition നിലാവിനാൽ നിർമിച്ച ഒ എൻ വി പാട്ടുകൾ! ഒ എൻ വി ഓർമയായിട്ട് 27ന് ഒരു ദശാബ്ദം

onv

ഒ എൻ വി കുറുപ്പ്

avatar
ഡോ. എം ഡി മനോജ്‌


Published on May 24, 2026, 06:53 AM | 3 min read

മലയാള ഗാനകലയിലെ മികച്ച സ‍ൗന്ദര്യാത്മക സാഫല്യമാണ്‌ ഒ എൻ വി. ഒ എൻ വി പാട്ടിലെ മുഖ്യസവിശേഷതകളിലൊന്ന്‌ അതിലെ ബിംബസമൃദ്ധിയാണ്‌. അതിന്റെ പൂർണത നിലാവിന്റെ നാനാർഥങ്ങളിലാണ്‌. ആ ഗാനങ്ങളിലെ സഹജസ‍ൗന്ദര്യമായിരുന്നു നിലാവ്‌. ഒ എൻ വി പാട്ടുകളിൽ എപ്പോഴും ഒരുകുടന്ന നിലാവുണ്ടായിരുന്നു. കവിയുടെ ഹൃദയാകാശമുണരുന്നതുതന്നെ നിലാവിലാണ്‌. ‘പിൻനിലാവായി വന്ന്‌ മന്ദഹസിക്കുന്ന നിന്നെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന്‌ ഒരു പാട്ടിൽ പ്രണയമെഴുതിയിട്ടുണ്ട്‌. പനിനീര്‌ പെയ്യും നിലാവിലായിരുന്നു ഒ എൻ വി പാട്ടിൽ പ്രണയമരങ്ങേറിയത്‌. ‘ഞെട്ടറ്റുവീഴും ദിനാന്ത പുഷ്‌പങ്ങൾതൻ തപ്‌താശ്രുപോലെ’ ആ ഗാനങ്ങളിൽ നിലാവിന്റെ വിഷാദഭൂമിക ഉണർന്നുവരുന്നു.


ധ്വനിനിബിഡമായ ഒരു ബിംബമായി മാറുകയാണ്‌ നിലാവ്‌. നിലാവിന്റെ അനാരവദ്യുതിയാണ്‌ പാട്ടിലെ ഭാവകാലത്തെ നിർവചിക്കുന്നത്‌. ‘നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ’ എന്ന വരിയിൽ പ്രണയവിരഹത്തിന്റെ മുഴുവൻ ഭാവവുമുള്ള ദൃശ്യജാലകമുണ്ട്‌. നിലാവിന്റെ സുഗന്ധം, ഏകാന്തത, സാന്ത്വനം, വിഷാദം, വാത്സല്യം, ഗൃഹാതുരത എന്നിങ്ങനെ എത്രയെത്ര ഭാവങ്ങളാണ്‌ ഒ എൻ വി പാട്ടുകളിൽ കാണാനാകുക. ‘ഒരുകുടന്ന നിലാവുകൊണ്ടെൻ നിറുകയിൽ കുളിർതീർഥമാടിയ നിശകളേ’ എന്ന വരിയിലെ സാന്ത്വനത്തിന്‌ മാഞ്ഞുപോകുന്നൊരു പിൻനിലാവിന്റെ വിഷാദസ്‌മൃതിയുണ്ട്‌. ഇറ്റിറ്റുവീഴുന്ന പിൻനിലാവും പിൻനിലാവിന്റെ പിച്ചകപ്പൂക്കളും മായുന്ന ഓണനിലാവും മറയുന്ന ബോധനിലാവും മനസ്സിൽ കനലുഴിയുന്ന മാലേയനിലാവും കണ്ണീർനിലാവുമൊക്കെ ഒ എൻ വിയുടെ പാട്ടുകളിൽ വൈവിധ്യമാർന്ന സ്‌മൃതിനിലാവുകളാണ്‌.


‘നീ വരൂ തേൻനിലാവേ, ജീവിതശാഖി പൂവുചൂടും കുളിരേ’ എന്ന്‌ കവി നിലാവിനെ അഭിസംബോധന ചെയ്യുന്നുണ്ട്‌. ‘ഇതിലേ വാ നിലാവേ നീ, ഇതിലേ വരൂ, ഇവളെ നിൻ പൂക്കളാൽ അലങ്കരിക്കൂ’ എന്ന വരിയിൽ പ്രണയിനിക്കുവേണ്ടി നിലാവിനെ ക്ഷണിക്കുകയാണ്‌ കവി. ‘രാവിന്റെ ജാലകത്തിലൂടെ വന്നണയും നിലാവിനെ കോരിയെടുത്തുമ്മവയ്‌ക്കെ, ഓർക്കുന്നു നിൻമുഖം ഞാൻ, പൂവുപോൽ, പൂന്പട്ടുപോൽ’ എന്ന വരിയിലും നിലാവ്‌ നിറസാന്നിധ്യമാകുന്നുണ്ട്‌. നിലാവിനെ പൂന്തൊട്ടിലാക്കി കുഞ്ഞിനെ താരാട്ടുന്ന ഒരു നീലവാനം ഒ എൻ വിയുടെ ഒരു പാട്ടിലുണ്ട്‌.

‘നിശയെ പുണരുന്ന നിലാവും നിലാവിലാടുന്ന കടലും നിലാക്കതിർ കണ്ടു പാടുന്ന കടലും നിലാവിലാടുന്ന തിരയിളകും കടലും തിരതല്ലും കടലിൻ ചുരുൾമുടിയിൽ കുടമുല്ലപ്പൂചൂടും കുളിർനിലാവും നിലാവ്‌ വീണുമയങ്ങുന്ന നിശയും നിലാവിന്റെ പൂന്തൊട്ടിലാട്ടുന്ന വാനവും ഒന്നിച്ചുണരുന്ന മഞ്ഞും നിലാവുംമറ്റും മഞ്ഞിലലിഞ്ഞ നിലാവും മഞ്ഞിൽ കുതിർന്ന നിലാവും കാടായ കാടൊക്കെ കണികണ്ടുണരുന്ന നിലാവും നിലാവിന്നലകളിൽ നീന്തിവരുന്ന നീർക്കിളിയും നിലാവ്‌ പെയ്യുന്ന വനാന്തഭൂമിയും നിലാവും കിനാവും തളിർക്കുന്ന രാവും ഇങ്ങനെ നിലാവിന്റെ നിത്യനിർവൃതികൾ ഒ എൻ വിയുടെ ഗാനങ്ങളെ തെളിച്ചമുള്ളതാക്കുന്നു. നിലാവ്‌ വീണുമയങ്ങുന്ന സാഗരമെന്നത്‌ ഒ എൻ വിയുടെ പാട്ടിലെ ആവർത്തനബിംബമാണ്‌. അതുപോലെ മലയസാനുവിലെ നിറനിലാവിനെയും കാണാം. എല്ലാ ഇന്ദ്രിയങ്ങളോടും നിലാവ്‌ ഗാഢമായി സംവദിക്കുന്നുണ്ട്‌. കണ്ണിൽ വീണ്‌ മാഞ്ഞ നിലാവും കിനാവ്‌ കാണും മിഴികളിൽ ഉദിച്ചുയരുന്ന നിലാവുമൊക്കെ ഇതിൽപ്പെടുന്നു.

പൊന്നുംകുടം നിറയെ പാലമൃതുമായി വന്നണയുന്നൊരു ശാരദനിലാവുണ്ടായിരുന്നു ഒരു പാട്ടിൽ. ‘നീയാം നിലാവിൽ അലിയും ശില ഞാൻ’ എന്ന്‌ അദ്ദേഹം പാട്ടിൽ പ്രണയലിഖിതമെഴുതി. ശാരദേന്ദു നെയ്‌ത്‌ നെയ്‌ത്‌ നെയ്‌ത്‌ നിവർത്തിയ നിലാവിന്റെ ചിത്രകന്പളം പാട്ടിൽ ദ്യുതിയുണർത്തുന്നു. നിലാവിൽ നിറയുന്ന ഒരാകാശം ഒ എൻ വി പാട്ടിന്റെ സ്വന്തമായൊരു കാഴ്‌ചയാണ്‌. ജീവിതത്തെയും പ്രകൃതിയെയും സ്‌നേഹത്തെയുമെല്ലാം വിശദീകരിക്കുന്ന അനുഭൂതിയായി നിലാവ്‌ ഗാനങ്ങളിൽ പടരുന്നു. വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന വിസ്‌തൃതമായ ഭാഷാസ്ഥലവും സാംസ്‌കാരികസ്ഥലവുമായി നിലാവ്‌ മാറുന്നു. ആകാശകേന്ദ്രിതമായ ഒരാഖ്യാനത്തിന്റെ ഭാവഗീതാത്മകതകൾ മുഴുവനും ഒ എൻ വി പാട്ടിൽ കൊണ്ടുവരുന്നത്‌ നീലനിലാവുകളാണ്‌.


നിലാവിനെ മാനവീകരിക്കുകയായിരുന്നു പല പാട്ടുകളിലും. ആകാശത്തിൽ വിരിയുന്ന നിലാവിന്റെ ഭാവക്രമങ്ങളെ കവി അനുരാഗമെന്നും സ‍ൗന്ദര്യമെന്നും പ്രേമമെന്നും സംഗീതമെന്നും സ്വാതന്ത്ര്യമെന്നും വാത്സല്യമെന്നുമൊക്കെ പേരിട്ടുവിളിച്ചു. പുതുതാകലിന്‌ നിത്യസന്നദ്ധമായ ഭാവനയായി നിലാവ്‌ പുനർജനിക്കുകയാണ്‌ ഒ എൻ വി ഗാനങ്ങളിൽ. നിലാവിനെ, പാട്ടിൽ ലാവണ്യാത്മകമായി വിന്യസിക്കുകയായിരുന്നു കവി. അതേസമയം, നിലാവില്ലാത്ത നേരം മങ്ങിയ നേരത്തെയും കവി തന്റെ പാട്ടിൽ കൊണ്ടുവരുന്നുണ്ട്‌.


ഒ എൻ വി–ജോൺസൺ ടീമിന്റെ ‘നേരം മങ്ങിയ നേരം’ എന്ന ഗാനം വിദൂരസ്‌മൃതികളുടെ ഇരുളാർന്ന ഇടനാഴികളെ കാണിച്ചുതരുന്നു. ഇരുളുന്ന ഒരാകാശനേരം, വേർപിരിയലിന്റെ നിനവുകൾക്ക്‌ അഗാധമായ ഒരാഴം സമ്മാനിക്കുന്നുണ്ട്‌. ‘മന്ദഹസിക്കാൻ മറന്നു മുകളിലെ ഇന്ദുകലയും മാഞ്ഞു’ എന്ന്‌ ഗാനമവസാനിക്കുന്പോൾ ഏതോ ഒരു വിരഹത്തിന്റെ സാന്ധ്യനേരം പാട്ടിൽ വന്നണയുകയാണ്‌. ആകാശത്തിലെ അന്തിയുദിപ്പുകൾ, സാന്ധ്യതീവ്രതയുടെ ആഖ്യാനങ്ങൾ, വെളിച്ചത്തിന്റെ ചെറുഛന്ദസ്സുകൾ, കൊത്തുപണികൾ, രാത്രിയാകാശത്തിന്റെ ജപവെട്ടങ്ങൾ, ഇങ്ങനെയുള്ള നേരത്തിനും ഒ എൻ വിയുടെ പാട്ടുകളിൽ ഭാവങ്ങളെത്രയാണ്‌. ഒ എൻ വിക്ക്‌ നിലാവ്‌ കാൽപ്പനികമായ ഒരമൂർത്ത വിസ്‌തൃതിമാത്രമല്ല, ജീവിതാവിഷ്കരണത്തിന്റെ സുപരിചിതമായ സ്‌നേഹസാന്നിധ്യമാണ്‌. നിലാവിനാൽ ഭാവഗാനം നിർമിക്കുകയായിരുന്നു ഒ എൻ വി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home