Deshabhimani

print edition കഥയില്ലായ്മയാണ് വ്യഥ

prabhakaran
avatar
എ ആർ പ്രസാദ്

Published on Oct 18, 2026, 01:30 AM | 3 min read

അരികുവൽക്കരിക്കപ്പെട്ട 
മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങൾക്ക്‌ നിറംപകർന്ന കഥാകാരനാണ്‌ 
എൻ പ്രഭാകരൻ. കഥയെഴുത്തിന്റെ വഴിയിലെ ആറുപതിറ്റാണ്ട്‌ പിന്നിട്ട 
യാത്രയെക്കുറിച്ച്‌ അദ്ദേഹം 
സംസാരിക്കുന്നു


■ എഴുത്തിന്റെ വഴിയിൽ ആറുപതിറ്റാണ്ട്‌ പിന്നിടുകയാണല്ലോ. എഴുത്തുകാരന്റെ ഭാവുകത്വത്തിൽ എന്തൊക്കെ പരിണാമങ്ങളാണ് കാത്തുവച്ചിരുന്നത്


​1964ലാണ് ഞാൻ എഴുതിത്തുടങ്ങിയത്. ഇപ്പോൾ 60 വർഷം പിന്നിട്ടിരിക്കുന്നു. എഴുത്തിന്റെ ആരംഭഘട്ടത്തിൽ എനിക്ക് സാഹിത്യത്തെക്കുറിച്ചുള്ള ധാരണ വളരെ ദുർബലമായിരുന്നെന്ന് പറയാം. സാഹിത്യം നേരിട്ട് സാമൂഹ്യപരിവർത്തനത്തിന് പ്രയോജനപ്പെടുമെന്നും സാഹിത്യം ഒരു പടവാളാണെന്നുമൊക്കെയുള്ള ചിന്തയിലായിരുന്നു ഞാനും. എന്നാൽ, കാലം മാറിവന്നപ്പോൾ സാഹിത്യം കൂടുതൽ ഫലപ്രദമാകുന്നത്, അത് വളരെ പരോക്ഷവും സ്വതന്ത്രവുമായ രീതിയിൽ പ്രവർത്തിക്കുമ്പോഴാണെന്ന് എനിക്ക് മനസ്സിലായി.


അങ്ങനെ എഴുത്ത് കൂടുതൽ സ്വതന്ത്രമായി എന്നതാണ് ഈ ആറുപതിറ്റാണ്ട് എന്നിലുണ്ടാക്കിയ പ്രധാന മാറ്റം. എന്ത് സാമൂഹ്യമാറ്റം ഉണ്ടാകുമെന്ന് ആലോചിച്ചല്ല ഇപ്പോൾ ഞാൻ ഒരു കഥയോ നോവലോ എഴുതുക. തീർച്ചയായും എഴുത്ത് സമൂഹത്തെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. അതുവഴി സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും.


അതുപക്ഷേ സ്വാഭാവികമായി സംഭവിച്ചുകൊള്ളും. അതിനപ്പുറത്ത് സാമൂഹ്യമാറ്റം എന്നതിലൂന്നി നമ്മൾ ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് ഞാൻ തിരിച്ചറിഞ്ഞ കാര്യം. പാബ്ലോ നെരൂദ കവികൾക്ക് കൊടുക്കുന്ന ഒരുപദേശം, നിങ്ങൾ രാഷ്ട്രീയകവിതകൾ എഴുതരുത് എന്നുള്ളതാണ്.


കുറെ കാലത്തെ ജീവിതാനുഭവങ്ങൾക്കുശേഷം, രാഷ്ട്രീയം നിങ്ങളിൽ ലയിച്ചുചേർന്നതിനുശേഷമാണ് രാഷ്ട്രീയകവിതകൾ ഉണ്ടാകേണ്ടതെന്നാണ് നെരൂദ പറയുന്നത്. അതുതന്നെയാണ് എനിക്കും സൂചിപ്പിക്കാനുള്ളത്. ജീവിതം നാനാതരം അനുഭവങ്ങളിലൂടെയും അറിവുകളിലൂടെയും കടന്നപോയി കഴിയുമ്പോഴാണ് നമ്മൾ യഥാർഥ എഴുത്തിന്റെ വഴിയിൽ എത്തിച്ചേരുന്നത്. അതാകട്ടെ തീർത്തും സ്വതന്ത്രമായ പാതയുമാണ്.


​■ സാമൂഹ്യജീവിതത്തിൽ കലയ്‌ക്കും സാഹിത്യത്തിനും ഉണ്ടായിരുന്ന ഇടം ഇന്നുണ്ടോ. ഇക്കാലത്ത് കലയും എഴുത്തും വായനയും എങ്ങനെയാണ്‌ പ്രചോദിപ്പിക്കുന്നത്‌


​ജെൻ സീ കാലഘട്ടത്തിലെ എഴുത്തും വായനയും വളരെ ഉപരിപ്ലവമാണെന്ന തോന്നലാണ് എനിക്കുള്ളത്. പുസ്‌തകങ്ങൾ ധാരാളം വിറ്റുപോകുകയും എഴുത്തുകാർക്ക് മോശമല്ലാത്ത പ്രതിഫലം ലഭിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ജെൻ സീ തലമുറ അത് വായിക്കുകയും കൊണ്ടാടുകയും ചെയ്യുന്നുണ്ട്. അതിനപ്പുറം സാമൂഹ്യമായ ഒരു ഫലം അത്തരം എഴുത്തിനുണ്ടോ എന്നെനിക്ക് വളരെ സംശയമുണ്ട്.

​​

■ ചെറുകഥ എന്ന സാഹിത്യരൂപം ഇല്ലാതാകുകയാണോ. പുതുകാലത്തെ കഥയെഴുത്തിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമുള്ള നിരീക്ഷണം


​​ ചെറുകഥ വളരെ ഭാവകേന്ദ്രിതമായതും ദൈർഘ്യം കുറഞ്ഞതുമായ ഒരു സാഹിത്യരൂപമായാണ് നേരത്തേ സങ്കൽപ്പിച്ചിരുന്നത്‌. മലയാളത്തിലെ മികച്ച ചെറുകഥകൾ പലതും അത്തരത്തിൽ ദൈർഘ്യം കുറഞ്ഞതുമാണ്. പക്ഷേ, ഇന്നിപ്പോൾ നമ്മൾ കാണുന്നത് വലിപ്പമേറിയ കഥകളാണ്. അത് കഥകളല്ല, നോവെല്ലകളാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് കൃത്യമായ ഒരുത്തരം പറയാൻ സാധിക്കില്ല. എന്തോ ദീർഘമായി എഴുതുന്നതാണ് നല്ലതെന്ന ഒരു ധാരണ പുതിയ തലമുറയിലെ മിക്ക ആളുകളെയും പിടികൂടിയിട്ടുണ്ട്. അത് പഴയ ആൾക്കാരെയും ബാധിച്ചിട്ടുണ്ട്. ചെറുകഥ അതിന്റെ സ്വത്വം നഷ്ടപ്പെടുത്തിക്കഴിഞ്ഞാൽ വായനക്കാർ ഈ മാധ്യമത്തിൽനിന്ന് അകന്നുപോകും. മലയാള ചെറുകഥ നേരിടുന്ന ഗൗരവമുള്ള ഒരു പ്രശ്‌നമാണിത്.

​​

■ രാഷ്‌ട്രീയപ്രവർത്തനം കൂടുതൽ അർഥവത്താകുന്നത് പ്രകടമായ സാംസ്കാരികപ്രവർത്തനംകൂടി ആകുമ്പോഴാണെന്ന് ദേശാഭിമാനി കഥാപുരസ്‌കാരം സ്വീകരിച്ച്‌ പറയുകയുണ്ടായല്ലോ


​രാഷ്ട്രീയപ്രവർത്തനം കൂടുതൽ അർഥവത്തായിത്തീരുന്നത് അത് വളരെ പ്രകടമായ രീതിയിൽ സാംസ്കാരികപ്രവർത്തനംകൂടിയായി തീരുമ്പോഴാണ്. സാംസ്‌കാരികപ്രവർത്തനംകൂടിയായി തീരുക എന്നു പറഞ്ഞാൽ അതിന്റെ ഫലം കുറെക്കൂടി വിപുലവും സ്വതന്ത്രവുമാകുകയെന്നതാണ്. ആളുകൾ സ്വതന്ത്രമായി കൂടിച്ചേരുകയും അഭിപ്രായം പറയുകയും പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരിടമായി രാഷ്ട്രീയം മാറും.


സ്വാഭാവികമായും രാഷ്ട്രീയത്തിന് കൂടുതൽ ചലനാത്മകത ഉണ്ടാകുകയും സാമൂഹ്യപ്രവർത്തനത്തിന്റെ പുതിയ അർഥതലങ്ങൾ അത് അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതുവഴി നമ്മുടെ പൊതുജീവിതത്തിന്റെ നവീകരണത്തിന് ഉതകുന്നതരത്തിലുള്ള പുതിയ കണ്ടെത്തലുകളിലേക്ക്‌ രാഷ്ട്രീയം വഴിമാറും.

​

രാഷ്ട്രീയപാർടികൾ അവയുടെ പ്രവർത്തനപഥത്തിൽ കൂടുതൽ ഇടം സാംസ്കാരികപ്രവർത്തനത്തിന് അനുവദിക്കേണ്ടതുണ്ട്. ഉള്ളടക്കം ഇന്നതായിരിക്കണമെന്ന മുൻധാരണ പുലർത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. പലതരത്തിലുള്ള ആശയങ്ങളും രൂപപരമായ പരീക്ഷണങ്ങളുമൊക്കെ ഉരുത്തിരിയട്ടെ. അങ്ങനെയാകുമ്പോഴാണ് രാഷ്ട്രീയത്തിൽ പങ്കാളികളാകാൻ കലാകാരന്മാർക്കുംമറ്റും താൽപ്പര്യമുണ്ടാകുക.


അതിപ്പോൾ കുറെയൊക്കെ സാധിച്ചുവരുന്നുണ്ട്. മുന്പ്‌ കുറെക്കൂടി വലിയ അളവിൽ അതുണ്ടായിരുന്നെന്ന് ഞാൻ കരുതുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാകും. രാഷ്ട്രീയത്തിൽ സാംസ്‌കാരികപ്രവർത്തനങ്ങൾക്ക് വേണ്ടത്ര ഇടമുണ്ടായിരുന്നതുകൊണ്ടാണ് കേരളത്തിൽ ഇത്രയധികം ഗ്രന്ഥാലയങ്ങളുണ്ടായത്. ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈബ്രറികളുള്ളത് കേരളത്തിലാണ്.


വീട്ടുമുറ്റ സാഹിത്യ ചർച്ചകൾ, കഥ, കവിയരങ്ങുകൾ, ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ, പുസ്‌തകചർച്ചകൾ, പ്രഭാഷണങ്ങൾ, പുതിയ തലമുറയെ അഭിസംബോധന ചെയ്യുന്ന മറ്റ് സർഗാത്മക പരിപാടികൾ ഇവയൊക്കെ ഏറ്റെടുക്കുന്നതോടെ ഒരു സംഘടനാരൂപം എന്നതിനപ്പുറത്ത് രാഷ്ട്രീയത്തിന് കുറെക്കൂടി ജൈവികത വന്നുചേരും.

​​

■ പുതിയ ജീവിതാനുഭവങ്ങളെ എങ്ങനെയാണ് കാണുന്നത്


​രോഗം അല്ലെങ്കിൽ സമാനമായ മറ്റ് അവസ്ഥകളൊക്കെ സൃഷ്ടിക്കുന്ന നമ്മുടെ ഏകാന്തതയും വ്യഥയും നമ്മളെ പുതിയ കാര്യങ്ങൾ പഠിപ്പിക്കും.

"വ്യഥപോലറിവോതിടുന്ന സദ്ഗുരുവും മർത്യന് വേറെയില്ലതാനും' എന്ന് ‘ചിന്താവിഷ്‌ടയായ സീത’യിൽ ആശാൻ പറയുന്നുണ്ട്. വ്യഥയിലൂടെ നമുക്ക് കൈവരുന്നൊരറിവുണ്ട്. ആ അറിവ് ഈ ശ്വാസകോശരോഗം എനിക്ക് തന്നിട്ടുണ്ട്.

​

■ എഴുത്തുജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു


​ആറുപതിറ്റാണ്ടത്തെ സാഹിത്യജീവിതത്തെക്കുറിച്ച് എനിക്ക് പൂർണതൃപ്തിയുണ്ടെന്ന് പറയാൻ പറ്റില്ലെങ്കിലും ഏറെക്കുറെ ഞാൻ തൃപ്തനാണ്. കുറച്ചേറെ കാര്യങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ടെന്നുതന്നെയാണ് എന്റെ ധാരണ. ഭാവിയിലെ ഡ്രീം പ്രോജക്ടിനെക്കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, പറയാതിരിക്കുന്നതാണ് നന്നാവുകയെന്നും വിചാരിക്കുന്നു.


അത് പറഞ്ഞുകഴിഞ്ഞാൽ ആ പ്രോജക്ടിനോടുള്ള ആവേശവും അഭിനിവേശവും നഷ്ടപ്പെട്ടുപോകുമെന്നാണ് എന്റെ തോന്നൽ. അതുകൊണ്ട് ഞാൻ തൽക്കാലം അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. പക്ഷേ, ഞാൻ ഒന്നുറപ്പിച്ചുപറയാം. ഞാനിനിയും എഴുതിക്കൊണ്ടേയിരിക്കും. കഴിയുന്നിടത്തോളം കാലം ഞാനെഴുതിക്കൊണ്ടിരിക്കും... എഴുത്ത് വിട്ടുള്ള ഒരു ജീവിതം എനിക്ക് സാധ്യമല്ല, അതുകൊണ്ട് ഇനിയും ഇനിയും ഞാൻ എഴുതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home