Deshabhimani

print edition എഴുത്തിന്റെ ഏഴുപതിറ്റാണ്ടുകൾ

Art
avatar
സജയ് കെവി

Published on Nov 01, 2026, 01:30 AM | 6 min read

മലയാളകവിത അതിന്റെ കവിത്രയകാലം പിന്നിടുകയായിരുന്നു 1956ൽ. ചങ്ങമ്പുഴയെപ്പോലൊരു കവി ജീവിതഗാനം പാടി നിർത്തിയിട്ടുതന്നെ മുക്കാൽപ്പതിറ്റാണ്ട്‌ പിന്നിടുകയായിരുന്നു അപ്പോൾ. വൈലോപ്പിള്ളി, ഇടശേരി, ജി, പി, ബാലാമണിയമ്മ തുടങ്ങിയ കവികൾ ജീവിതത്തിന്റെയും കവിജീവിതത്തിന്റെയും മധ്യാഹ്നത്തിലേക്ക്‌ പ്രവേശിക്കുകയും ചെയ്തിരുന്നു. നോവലിൽ തകഴിയും ദേവും ബഷീറും പൊറ്റെക്കാട്ടും പൊൻകുന്നം വർക്കിയും ലളിതാംബിക അന്തർജനവുമൊക്കെ സജീവമായി കഴിഞ്ഞിരുന്നു.


നാടകത്തിൽ തോപ്പിൽ ഭാസിയുടെ അശ്വമേധത്തിന്റെ ദശകങ്ങളായിരുന്നു പിന്നീട്; കൂടെ കെ ടി മുഹമ്മദിന്റെ നാടകങ്ങളും. ആധുനികതയുടെ തിരയിരമ്പം കേട്ടുതുടങ്ങിയ 1960കൾക്കുശേഷം കഥയിലും കവിതയിലും നോവലിലുമെല്ലാം ആ മാറ്റം ദൃശ്യമായി. മലയാളനിരൂപണവും അതിനോടൊപ്പം നടന്നു. എൺപതുകളുടെ അന്തരാളഘട്ടവും പിന്നിട്ട്, തൊണ്ണൂറുകളോടെ ഉത്തരാധുനികമെന്നോ ആധുനികാനന്തരം എന്നോ പറയാവുന്ന ഒരു ഭാവുകത്വ ഋതുവിലൂടെ മുന്നോട്ടുനീങ്ങുകയാണ് മലയാളസാഹിത്യം ഇപ്പോൾ.

​

ജനപ്രിയ സാഹിത്യം


വീണ്ടും ആ നിർണായകസന്ദർഭത്തിലേക്ക്‌, കേരളം എന്ന മലയാളിയുടെ മാതൃഭൂമി രൂപംകൊണ്ട 1956ലേക്ക്‌ ഒന്നു പിൻനടക്കുകയാണെങ്കിൽ അതേവർഷം പിറവികൊണ്ട രണ്ടു പ്രകൃഷ്‌ട കൃതികളുമായാകും നമ്മൾ സന്ധിക്കുക. അതിൽ ഒന്ന്, ഒരു നോവലാണ്– തകഴിയുടെ ‘ചെമ്മീൻ'; മറ്റൊന്ന്, ബാലാമണിയമ്മയുടെ ‘മഴുവിന്റെ കഥ' എന്ന കവിതയും. 1956 നവംബർ ഒന്നിനായിരുന്നു ആ കവിതയും വെളിച്ചം കണ്ടത്; കേരളപ്പിറവിയോടൊപ്പം എഴുതപ്പെട്ട കേരളത്തിന്റെ ഭാവനാജാതകമായിരുന്നു ആ കൃതി; പരശുരാമന്റെ ഹിംസാപരതയും സ്ത്രീവിരുദ്ധതയും മാതൃഹന്താവെന്ന നിലയും, മുഴുവൻ മലയാളിപുരുഷന്മാരുടെയും പൊതുപൈതൃകമാണെന്ന് പരോക്ഷഭാഷയിൽ, പറയാനുള്ള ശ്രമം.’


ചെമ്മീനാകട്ടെ, അതെഴുതിയ നോവലിസ്‌റ്റിന്റെ ജാതകംതന്നെ മാറ്റിക്കുറിച്ചു. തകഴിയുടെ ഏറ്റവും ജനപ്രീതി നേടിയ നോവലായും മലയാളത്തിലെ ക്ലാസിക്പ്രണയ നോവലായും ആ കൃതി മാറി. കറുത്തമ്മയും ചെമ്പൻകുഞ്ഞും പളനിയും പരീക്കുട്ടിയും ചേർന്ന് മലയാളിയുടെ ഭാവനാഭൂമികയുടെ വിസ്താരമിരട്ടിപ്പിച്ച വർഷംകൂടിയായിരുന്നു 1956. അതുവരെ റോമിയോയും ജൂലിയറ്റുംപോലെ അനശ്വരരായിത്തീർന്ന ഒരു പ്രണയജോടി മലയാളത്തിലില്ലായിരുന്നു, അങ്ങനെയൊന്നിന്റെ ആവിർഭാവമുഹൂർത്തം കൂടിയായിരുന്നു കേരളപ്പിറവി (നാൽപ്പതുകളിൽത്തന്നെ പുറത്തിറങ്ങിയ (1944) ബഷീറിന്റെ ‘ബാല്യകാലസഖി'യിലെ മജീദിനെയും സുഹ്‌റയെയും മറന്നുകൊണ്ടല്ല ഇതു പറയുന്നത്).


​1956ൽത്തന്നെയായിരുന്നു ഒ എൻ വിയുടെ ‘ദാഹിക്കുന്ന പാനപാത്രം', മുണ്ടശ്ശേരിയുടെ അവതാരികയോടുകൂടി പുറത്തിറങ്ങിയത്. 1958ൽ എം ടിയുടെ ആദ്യനോവൽ ‘നാലുകെട്ട്' പ്രസിദ്ധീകരിച്ചു; ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്' 1959ലും. രാജലക്ഷ്‌മിയുടെ ‘ഒരു വഴിയും കുറേ നിഴലുകളും' പ്രസിദ്ധീകരിച്ചതും ഇതേ വർഷം. 1958 ആണ് ആറ്റൂർ രവിവർമയുടെ ‘നഗരത്തിൽ ഒരു യക്ഷൻ' എന്ന കവിതയുടെയും രചനാവർഷം. അക്കിത്തത്തിന്റെ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ'(1952) വും വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലും' (1952) ഇടശേരിയുടെ ‘കുറ്റിപ്പുറം പാലവും' (1954) ഇതിനകം വായനക്കാരിലേയ്ക്കെത്തി.


അക്കിത്തവും ഒളപ്പമണ്ണയും കക്കാടും അയ്യപ്പപ്പണിക്കരും ഒ എൻ വിയും വയലാറും തിരുനല്ലൂർ കരുണാകരനും പി ഭാസ്കരനും സുഗതകുമാരിയുമൊക്കെയായിരുന്നു അക്കാലത്തെ തരുണകവികൾ; അവരോടൊപ്പം മധ്യവയസ്‌കരായ മുതിർന്ന കവികളുടെ ആ മുൻതലമുറയും. പി ഭാസ്കരന്റെ ‘വയലാർ ഗർജിക്കുന്നു' ഒരു പതിറ്റാണ്ടിനപ്പുറം 1946ൽ, പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു; എൻ വി കൃഷ്ണവാരിയരുടെ ‘ഗാന്ധിയും ഗോഡ്സെയും' 1948ലും.


ഗദ്യകാലം


​ഇങ്ങനെ അന്പതുകളിൽത്തന്നെ അരങ്ങേറിയ രാഷ്ട്രീയകാല്പനികതയും ആധുനികതയും രാഷ്ട്രീയാധുനികതയുമെല്ലാം കവിതയിലും നോവലിലും ചെറുകഥയിലും അതിന്റെ തീവ്രസാന്നിധ്യമറിയിച്ച ദശകങ്ങളായിരുന്നു പിന്നീട്. 1960ൽത്തന്നെ അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം' പുറത്തിറങ്ങുകയും ഏതാണ്ട് അതിനു സമാന്തരമായി അറുപതുകളുടെ മധ്യംമുതൽ കടമ്മനിട്ടയുടെ, പ്രാദേശികമായ വേരുകളുള്ള, രാഷ്ട്രീയാധുനികത കടന്നുവരികയും ജനകീയമാവുകയും ചെയ്യുന്നുമുണ്ട്.


‘താറും കുറ്റിച്ചൂലും'(1965),' കോഴി'(1967), ‘കാട്ടാളൻ'(1968), ‘കിരാതവൃത്തം' (1969) എന്നിങ്ങനെയാണ് ആ കവിതകളുടെ പ്രസിദ്ധീകരണത്തിന്റെ കാലക്രമം. കവിതയിലെ ഈ രാഷ്ട്രീയാധുനിക ധാരയുടെ മികച്ച സാഫല്യങ്ങളിലൊന്നായിരുന്നു കെ ജി ശങ്കരപ്പിള്ളയുടെ ‘ബംഗാൾ'(1972). ആറ്റൂരിന്റെ ‘സംക്രമണ’മായിരുന്നു അറുപതുകളിലെ മറ്റൊരു മികച്ച കാവ്യോപലബ്ധി.


​1963 ഉൾപ്പെടെ, കക്കാടിന്റെ പ്രധാന സമാഹാരങ്ങൾ പുറത്തുവന്ന കാലയളവു കൂടിയായിരുന്നു അറുപതുകൾ. സച്ചിദാനന്ദൻ, ‘എഴുത്തച്ഛൻ എഴുതുമ്പോഴും’ ‘സത്യവാങ്മൂല'വും ‘കോഴിപ്പങ്കും' ‘മഴയുടെ നാനാർഥ'വുമെല്ലാം എഴുതുന്നതും എഴുപതുകളുടെ ആദ്യപകുതിയിൽ.

​1969ൽ ‘ഖസാക്കിന്റെ ഇതിഹാസ'വും 1970ൽ ആനന്ദിന്റെ ‘ആൾക്കൂട്ട'വും 1974ൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലും ആധുനികതയും ഉഷ്ണതരംഗമഴിച്ചുവിട്ടു മലയാളനോവലിൽ. ഇതിനുപിന്നാലെ വന്ന ‘അഗ്‌നിസാക്ഷി' (1976)യും ‘കയറു'(1978)മൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയതും ഇതേദശകത്തിൽ.


​ടി പത്മനാഭന്റെ ‘സാക്ഷി' 1960-ലാണ് പുറത്തിറങ്ങിയത്.' കാലഭൈരവൻ',' നിധിചാല സുഖമാ', ‘നളിനകാന്തി',' കടൽ', ‘ഗൗരി' തുടങ്ങിയ എണ്ണം പറഞ്ഞ കഥകളുടെ കാലം അതിനുപിന്നാലെ വന്നു. എം ടിയെ സംബന്ധിച്ചാകട്ടെ, ‘നാലുകെട്ടി'നെ തുടർന്നുവന്ന പ്രധാന നോവലുകളുടെ കാലമായിരുന്നു അറുപതുകൾ; ‘അസുരവിത്ത്'(1962),' മഞ്ഞ്'(1964), ‘കാലം'(1969) എന്നിങ്ങനെ ക്രമത്തിൽ. ഇവരോടൊപ്പം മാധവിക്കുട്ടി എന്ന എഴുത്തുകാരിയുമുണ്ടായിരുന്നു. 1972 ൽ ‘എന്റെ കഥ'യുടെ പ്രസിദ്ധീകരണത്തോടെ ആ നീലജ്വാല കൂടുതൽ പ്രഭ ചൊരിയുന്ന ഒന്നായും മാറി.


മുകുന്ദൻ, കാക്കനാടൻ, വിജയൻ എന്നിവരുടെ അസ്തിത്വവാദ ദാർശനികതയ്ക്കു സമാന്തരമായി കഥാസാഹിത്യത്തിൽ രാഷ്ട്രീയാധുനികതയുടെ പടനയിച്ചവരായിരുന്നു എം സുകുമാരനും പട്ടത്തുവിളയും യു പി ജയരാജും പി കെ നാണുവും മുട്ടത്തുവർക്കിയും സി വി ശ്രീരാമനുമെല്ലാം. അവരോടൊപ്പം പുനത്തിലും (സ്മാരകശിലകൾ), സേതു (പാണ്ഡവപുരം)വും സക്കറിയ (എന്തുണ്ടു വിശേഷം പിലാത്തോസേ?)യും മേതിലും (സൂര്യവംശം) എൻ എസ് മാധവനും (ലന്തൻബത്തേരിയിലെ ലുത്തിനിയകൾ) വി കെ എന്നും (ആരോഹണം) പത്മരാജനും (ഉദകപ്പോള) സി ആർ പരമേശ്വരനു (പ്രകൃതിനിയമം)മെല്ലാം ചേർന്നു നിർമ്മിച്ച മറ്റൊരു സമാന്തരനക്ഷത്രവ്യൂഹവുമുണ്ടായിരുന്നു ആധുനികതയുടെ ആ ദീപ്രതാരാഗണത്തിനരികെ; കൂടാതെ, കെ സുരേന്ദ്രൻ , പോഞ്ഞിക്കര റാഫി, മലയാറ്റൂർ, വിലാസിനി, പാറപ്പുറത്ത്, കോവിലൻ, ചെറുകാട്, നന്തനാർ, എൻ മോഹനൻ, വിക്ടർ ലീനസ്, സി രാധാകൃഷ്ണൻ, സരസ്വതിയമ്മ, പി വത്സല, യു എ ഖാദർ, തിക്കോടിയൻ തുടങ്ങിയവരും.


മാരാരും മുണ്ടശ്ശേരിയും ഡോ. കെ ഭാസ്കരൻ നായരും കേസരിയും അരങ്ങുവാണ നിരൂപണകാലമായിരുന്നു അത്. 1956ലാണ്, സുകുമാർ അഴീക്കോടിന്റെ രണ്ടാമതു പുസ്തകം, ‘രമണനും മലയാളകവിതയും' പുറത്തിറങ്ങിയത് (‘ആശാന്റെ സീതാകാവ്യം' ആയിരുന്നു ആദ്യകൃതി). 1963ൽ ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'. അഴീക്കോടും എം ലീലാവതിയും എം പി ശങ്കുണ്ണി നായരും എസ് ഗുപ്തൻ നായരും എം കെ സാനുവും എം എൻ വിജയനുമെല്ലാം അന്ന് യുവനിരൂപകർ. തൊട്ടുപിന്നാലെ, ആധുനികതയുടെ അപ്പോസ്തലനായി, കെ പി അപ്പനുമെത്തി; ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം'(1972)' തിരസ്കാരം'(1978) എന്നിങ്ങനെ.


എൺപതുകളിലും അപ്പന്റെ വിമർശ ധിഷണ ജ്വലിച്ചുതന്നെ നിന്നു എന്നതിന്റെ സാക്ഷ്യമായി ‘കലഹവും വിശ്വാസവും’ (1984), മാറുന്ന മലയാളനോവൽ (1988) എന്നീ കൃതികൾ. നവനിരൂപണത്തിൽ അപ്പനോടൊപ്പം ആഷാമേനോനും (കലിയുഗാരണ്യകങ്ങൾ), വി രാജകൃഷ്ണനും (രോഗത്തിന്റെ പൂക്കൾ), നരേന്ദ്രപ്രസാദും (നിഷേധികളെ മനസ്സിലാക്കുക) ഉണ്ടായിരുന്നു. മലയാളനിരൂപണത്തിലെ തീക്ഷ്ണഋതുവായിരുന്നു അത്. എൻ കൃഷ്ണപിള്ള, ഡോ. കെ രാഘവൻ പിള്ള, എം അച്യുതൻ, എം ഗംഗാധരൻ , ജി എൻ പിള്ള, തായാട്ട് ശങ്കരൻ, എം പി പോൾ തുടങ്ങിയവരെയും ഓർക്കാം.


​ആധുനികതയുടെ വരവ്


എഴുപതുകളുടെ അവസാനം, ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന പ്രതിഭാധനനായ യുവകവിയും അതിനു മുൻപു തന്നെ ഡി വിനയചന്ദ്രനും മലയാളാധുനികതയുടെ വേറിട്ട ധാരകളായി മാറുന്നുണ്ടായിരുന്നു. ഈ ഭാവുകത്വകാലത്തിന്റെ ഒടുവിലെ കണ്ണിയായിരുന്നു എ അയ്യപ്പൻ. ജി കുമാരപിള്ള, എം ഗോവിന്ദൻ, കുഞ്ഞുണ്ണി, മാധവൻ അയ്യപ്പത്ത്, കുരീപ്പുഴ ശ്രീകുമാർ, സച്ചിദാനന്ദൻ പുഴങ്കര, ചെറിയാൻ കെ ചെറിയാൻ, ഒ വി ഉഷ, സാവിത്രി രാജീവൻ എന്നീ വേറിട്ട കവികളെയും എന്നും ‘ഭാവിയുടെ സമകാലിക'നായിരുന്ന കെ എ ജയശീലനെയും ഓർക്കാം.

​

ആധുനികത ഒരു പെരുംകടൽപോലെ പിൻവാങ്ങിയ എൺപതുകളായിരുന്നു ടി വി കൊച്ചുബാവ, വി ആർ സുധീഷ്, വൈശാഖൻ, അയ്മനം ജോൺ, യു കെ കുമാരൻ, കെ പി രാമനുണ്ണി, അശോകൻ ചരുവിൽ, ഗ്രേസി, സി വി ബാലകൃഷ്ണൻ, എൻ പ്രഭാകരൻ, തോമസ് ജോസഫ്, ജോർജ് ജോസഫ് കെ, പി എഫ് മാത്യൂസ്, ബി എം സുഹ്‌റ, അംബികാസുതൻ മാങ്ങാട്, അക്ബർ കക്കട്ടിൽ, ചന്ദ്രമതി, അഷിത, പി കെ പാറക്കടവ്‌, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയ പിൻമുറക്കാരുടെ അരങ്ങേറ്റക്കാലം.

​

സ്ത്രീസാന്നിധ്യം നന്നേ കുറവായിരുന്ന ആധുനിക കവിതയിൽനിന്ന് എൺപതുകളിലെത്തുന്നതോടെ വിജയലക്ഷ്മിയെപ്പോലൊരു വലിയ കവിയെ നമ്മൾ കാണുന്നു. തൊട്ടുപിന്നാലെ അനിത തമ്പി , വി എം ഗിരിജ തുടങ്ങിയവരെയും. ഇന്നിപ്പോൾ മലയാളകവിതയിലെ പെണ്ണെഴുത്ത്, പൂക്കളുടെ സമൃദ്ധിയും വൈവിധ്യവുംകൊണ്ട് കനത്തു തഴച്ച ഒരു പൂപ്പന്തലിന്റെ പ്രതീതിയിലേയ്ക്ക് വളരുകയും പടരുകയും ചെയ്യുന്നതിന്റെ നാന്ദികൂടിയായിരുന്നു എൺപതുകളും തൊണ്ണൂറുകളും.


​പ്രഭാവർമ, റഫീക്ക് അഹമ്മദ്, അൻവറലി, പി രാമൻ, ടി പി രാജീവൻ, എസ് ജോസഫ്, വീരാൻകുട്ടി, പി എൻ ഗോപീകൃഷ്ണൻ, കെ ആർ ടോണി, പി പി രാമചന്ദ്രൻ, തുടങ്ങിയ ഒരു പുതു കവിനിരയും അതോടൊപ്പം അരങ്ങേറി. എം എസ് ബനേഷും എസ് കലേഷും ബിനു എം പള്ളിപ്പാടും രേണുകുമാറും ഡി അനിൽകുമാറും അവർക്കു പിന്നാലെ എത്തി. മലയാള കവിതയുടെ ചരിത്രത്തിലെ ഏറ്റവും മുഖരമായ ഋതുവാണ് ഇക്കഴിഞ്ഞ കാൽനൂറ്റാണ്ട് എന്നു പറയാം.


​അതിസമ്പന്നമായ
എഴുപതു വർഷങ്ങൾ


നോവലിലും ചെറുകഥയിലുമെല്ലാം ഇത്തരം മുന്നേറ്റങ്ങളുണ്ടായി. സുഭാഷ് ചന്ദ്രൻ, എസ് സിതാര, കെ രേഖ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, എസ് ഹരീഷ്, ബന്യാമിൻ, സുസ്മേഷ് ചന്ത്രോത്ത്, പി വി ഷാജികുമാർ, വി ജെ ജയിംസ്, അജയ് പി മങ്ങാട്ട്, ഖദീജ മുംതാസ്‌, ഷീല ടോമി, ജിസ ജോസ്‌, കെ ആർ മീര, ആർ രാജശ്രീ തുടങ്ങിയ വലിയ തിളക്കവും മുഴക്കവുമുള്ള, ലബ്ധപ്രതിഷ്‌ഠരും നവാഗതരുമടങ്ങുന്ന ഒരു നക്ഷത്രവ്യൂഹമാണത്. സാറാ ജോസഫ് എന്ന വലിയ എഴുത്തുകാരി, ഒരടയാളനക്ഷത്രംപോലെ അവർക്കു മുന്പേ സഞ്ചരിക്കുന്നുമുണ്ടായിരുന്നു.


​പി കെ രാജശേഖരനും കെ എം വേണുഗോപാലിനും എൻ അജയകുമാറിനും കൽപ്പറ്റ നാരായണനും കെ സി നാരായണനും ആത്മാരാമനും കെ എം നരേന്ദ്രനും ഇ പി രാജഗോപാലനും പി പി രവീന്ദ്രനും ഇ വി രാമകൃഷ്ണനും ശേഷം നിസ്തന്ദ്രമായി നിരൂപണവൃത്തിയിലേർപ്പെടുന്നവരുടെ എണ്ണം കാര്യമായി ചുരുങ്ങി. ആർ വിശ്വനാഥൻ എന്ന വ്യത്യസ്തനായ നിരൂപകനെയും ഡോ. ടി പി സുകുമാരനെയും പ്രദീപൻ പാമ്പിരികുന്നിനെയും പോലുള്ളവർ തന്നുപോയ ‘അവശിഷ്ട കാന്തസമ്പത്തി'നെയും അവഗണിക്കാനാവില്ല. ഡോ. എം തോമസ് മാത്യു, വി സി ശ്രീജൻ, കെ പി ശങ്കരൻ, കെ പി മോഹനൻ, കെ ബി പ്രസന്നകുമാർ, ബി രാജീവൻ തുടങ്ങിയവരടങ്ങുന്ന മറ്റൊരു വിമർശകവ്യൂഹവുമുണ്ട്.


എം കൃഷ്ണൻ നായർ എന്ന കോളമിസ്റ്റിന്റെ പ്രതാപകാലവും വിസ്മരിക്കാനാകില്ല; ഇ എം എസ് നമ്പൂതിരിപ്പാട്, പി ഗോവിന്ദപ്പിള്ള, എം എസ് ദേവദാസ്, കെ ദാമോദരൻ, എൻ ഇ ബാലറാം എന്നിവരുടെ സവിശേഷമായ സാഹിത്യസംഭാവനകളെയും. നാടകകലയിൽ സി ജെ തോമസും കാവാലവും നരേന്ദ്രപ്രസാദും ജി ശങ്കരപ്പിള്ളയും ചെറുകാടും ഇടശേരിയും കെ ജെ ബേബിയും പി എം താജും പതിച്ചിട്ട കാലടയാളങ്ങൾ ഇപ്പോഴും തിളങ്ങുന്നു.

​

യാത്രാവിവരണം, വിവർത്തനം, ആത്മകഥ, ജീവചരിത്രം, ഉപന്യാസം, ബാലസാഹിത്യം, ആത്മീയസാഹിത്യം, തത്വചിന്ത എന്നീ മേഖലകളിലും അതിസമ്പന്നമായിരുന്നു കഴിഞ്ഞ എഴുപതു വർഷങ്ങൾ. സഞ്ചാരസാഹിത്യത്തിൽ എസ് കെയുടെ കരുത്തുറ്റ പിൻഗാമികളായിരുന്നു രവീന്ദ്രനും സക്കറിയയും. വിവർത്തകരായ എൻ കെ ദാമോദരൻ, വേണു വി ദേശം, എൻ മൂസക്കുട്ടി, വി രവികുമാർ, സച്ചു തോമസ് എന്നിവരെ ഓർക്കുന്നു; ഗുരു നിത്യചൈതന്യ യതി, മുനി നാരായണപ്രസാദ്, നിസാർ അഹമ്മദ്, ടി വി മധു (തത്വചിന്ത), സുമംഗല, ഡോ. കെ ശ്രീകുമാർ (ബാലസാഹിത്യം) എന്നിവരെയും.

​

ഇതിനിടെ ആറുവട്ടമാണ് ജ്ഞാനപീഠമെന്ന പരമോന്നത സാഹിത്യപുരസ്കാരം മലയാളത്തിലേയ്ക്കെത്തിയത്; ജെസിബി, ക്രോസ് വേഡ് പുരസ്കാരങ്ങൾ വേറെയും. മലയാളഭാഷയും സാഹിത്യവും കേരളമെന്ന മലയാളിയുടെ ഭാഷാഭൂമികയോടൊപ്പം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടേയിരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home