രുചിയുടെ വിജയശ്രീ

സുധ സുന്ദരൻ
Published on Apr 12, 2026, 12:33 AM | 3 min read
പത്ത് പാക്കറ്റ് ഉണ്ണിയപ്പവുമായി 2012ലാണ് ഷെരീഫയുടെ തുടക്കം. 13 വർഷം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ മികച്ച സംരംഭകയായി. മലപ്പുറം സിഡിഎസ് –-2 കുടുംബശ്രീ സംരംഭക കളത്തിങ്ങൽ ഷെരീഫയുടെ വിജയവഴികൾ വേറിട്ടതാണ്. ഇന്ന് നിരവധി കുടുംബങ്ങളുടെ അത്താണിയാണ് ഷെരീഫ. ഷെരീഫയുടെ കീഴിൽ 30 സ്ഥിരം ജീവനക്കാരും നിരവധി താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. സ്വന്തമായി വീടായി, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. ഓരോ സ്വപ്നവും യാഥാർഥ്യമാക്കി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഷെരീഫ. ‘കുടുംബശ്രീയാണ് ജീവിതത്തിന് വെളിച്ചം നൽകിയത്. തുടക്കത്തിൽ കിലോമീറ്ററുകൾ നടന്നാണ് പലഹാരം വിറ്റിരുന്നത്. ഇന്ന് സ്വന്തമായി മൂന്ന് വാഹനങ്ങളുണ്ട്. സ്വന്തം വീടുണ്ട്, അതാണ് കുടുംബശ്രീയുടെ കരുത്ത്’, ഷെരീഫ പറഞ്ഞു. വരുമാനം നേടുന്നതിനൊപ്പം നിരവധി വനിതകൾക്ക് തൊഴിലും നൽകുന്നു. സാഹചര്യങ്ങളിൽ പതറാതെ പൊരുതി മുന്നേറുന്നവർക്ക് കരുത്തേകുകയാണ് ഷെരീഫയുടെ വിജയഗാഥ.
മധുരം പകർന്ന ഉണ്ണിയപ്പം
വാടകവീട്ടിലെ പരാധീനതകൾക്കിടയിലും മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശി കളത്തിങ്ങല്‍ ഷെരീഫ (46)ക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മക്കള്‍ക്ക് വയറുനിറയെ ഭക്ഷണം കൊടുക്കണം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിന്റെ തണലിൽ കഴിയണം. കാരണം പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സക്കീറിന് മഴക്കാലത്ത് ജോലി ഉണ്ടാകില്ല. വീടിന്റെ വാടകയും മറ്റ് ചെലവുകളുമായി ജീവിതം പ്രതിസന്ധിയിലാകും. അങ്ങനെയൊരു സമയത്താണ് ഉണ്ണിയപ്പം ഉണ്ടാക്കി വിൽപ്പന നടത്താമെന്ന ചിന്തയിലേക്ക് എത്തുന്നത്. അയല്‍വാസിയോട് കടം വാങ്ങിയ 100 രൂപയുമായി ഷെരീഫ 10 പാക്കറ്റ് ഉണ്ണിയപ്പമുണ്ടാക്കി. ഒരു കൈയില്‍ കുഞ്ഞുമോളും മറു കൈയില്‍ ഉണ്ണിയപ്പവുമായി അടുത്തുള്ള പലചരക്ക് കടയിലെത്തി. ചെലവായില്ലെങ്കില്‍ തിരിച്ചെടുക്കാം എന്ന ഉറപ്പില്‍ പാക്കറ്റുകൾ വിൽപ്പനയ്ക്ക് വച്ചു. തീരുമാനം തെറ്റിയില്ല. ഉണ്ണിയപ്പം വൻ ഹിറ്റായി, ആവശ്യക്കാരേറി. പല കടകളിലേക്കും ഉണ്ണിയപ്പത്തിന്റെ രുചിയെത്തി. പിന്നീട് ഉണ്ണിയപ്പത്തോടൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓർഡറുകള്‍ പിടിച്ചു. അങ്ങനെയാണ് മുത്തൂസ് എന്ന സംരംഭം . 2018ൽ മുത്തൂസ് കാറ്ററിങ് കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്‌തു. അന്നത്തെ ജില്ലാ മിഷൻ കോ–-ഓർഡിനേറ്ററായിരുന്ന ഹേമലത മറ്റ് ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തി. കുടുംബശ്രീ മുഖേന രണ്ട് ലക്ഷം രൂപ ലോണ്‍ നല്‍കി. അതോടെ കാറ്ററിങ് ഒന്നുകൂടി വിപുലമാക്കി.
കലക്ടറേറ്റിൽ ഡബ്ബാവാല
കാറ്ററിങ്ങും മറ്റും വിജയകരമായി മുന്നോട്ട് പോകുമ്പോഴാണ് ‘ഡബ്ബാവാല’ ഉച്ചഭക്ഷണ പരിപാടി ആരംഭിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. ഹേമലതയുടെ നിർദേശപ്രകാരം തന്നെയായിരുന്നു ഇതും. ഉച്ചഭക്ഷണം ആവശ്യമുള്ളവർ ഷെരീഫയെ വിളിക്കും. സ്റ്റീല്‍ പാത്രത്തിലാക്കിയ ഉച്ചഭക്ഷണം സമയത്തിന് മേശപ്പുറത്തെത്തും. ഡബ്ബാവാല കൂടുതൽ ആളുകളിലേക്ക് എത്തുന്ന സമയത്താണ് കോവിഡ് പ്രതിസന്ധിയാകുന്നത്. എന്നാൽ അക്കാലവും ഷെരീഫയെ ബാധിച്ചില്ല. ഹേമലതയുടെ തന്നെ നിർദേശപ്രകാരം മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. എല്ലാ ദിവസവും 2000 പേർക്ക് ബ്രേക്ക് ഫാസ്റ്റും കഞ്ഞിയും എത്തിച്ചു. എല്ലാവർക്കും ജോലി നഷ്ടമായിരുന്ന കോവിഡ് കാലത്ത് പതിനഞ്ചോളം പേർക്ക് തൊഴില്‍ നല്‍കാനും അതുവഴി സാധിച്ചു.
അഞ്ചുവർഷത്തോളം ആ സേവനം ഷെരീഫ തുടർന്നു. പിന്നീട് കുടുംബശ്രീയില്‍നിന്നുള്ള നിർദേശപ്രകാരം കോട്ടക്കല്‍ ആയുർവേദ കോളേജിന്റെ കാന്റീൻ എടുത്ത് നടത്തി. സെൻട്രല്‍ സ്കൂള്‍ കാന്റീനും ഏറ്റെടുത്തു. അപ്പോഴേക്കും കുടുംബശ്രീയുടെ എല്ലാവിധ കാറ്ററിങ് ഓർഡറുകളും കിട്ടിത്തുടങ്ങിയിരുന്നു.
സ്വാദുമായി പാലസ്
അതിനിടെയാണ് കോട്ടക്കലുള്ള പാലസ് ഹോട്ടല്‍ വില്‍ക്കാൻ ഉണ്ടെന്നറിയുന്നത്. അഞ്ച് ലക്ഷത്തിന് പാലസ് ഹോട്ടല്‍ വാങ്ങി നടത്താൻ തുടങ്ങി. ഭർത്താവ് സക്കീറും പെയിന്റിങ് ജോലി നിർത്തി മുഴുവൻ സമയവും കൂടെനിന്നു. ഇതിനിടെ സ്വലാത്ത് നഗറില്‍ മന്ത്രിമാർ പങ്കെടുത്ത അദാലത്തില്‍ 1500 പേർക്ക് ബിരിയാണിയും 50 സ്പെഷ്യല്‍ സദ്യയും ഒരുക്കിയതും ഷെരീഫയുടെ നേതൃത്വത്തിലാണ്. ഇത്രയും നന്നായി ഭക്ഷണമുണ്ടാക്കുന്നയാള്‍ക്ക് ഒരു പ്രീമിയം ഹോട്ടല്‍ തുടങ്ങിക്കൂടെ എന്ന ചോദ്യം ആദ്യം ഉയരുന്നത് അവിടെനിന്നാണ്. അനുയോജ്യമായ സ്ഥലം നോക്കുന്നതിനിടെയാണ് കോട്ടക്കലിൽ കുടുംബശ്രീ പ്രീമിയം റസ്‌റ്റോറന്റ് ആരംഭിക്കാൻ അവസരമൊരുങ്ങിയത്.
പ്രീമിയം കഫെ
കോട്ടക്കല്‍ ബസ്‌സ്‌റ്റാൻഡിന്റെ പിറകിലാണ് ഷെരീഫയുടെ കുടുംബശ്രീ പ്രീമിയം ‘കഫേ' റസ്‌റ്റോറന്റ്. കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തനതു രുചിക്കൂട്ടുകളും ലഭ്യമാണ്. മൾട്ടി ക്യുസിൻ സംവിധാനത്തോടെയാണ് കഫെ പ്രവർത്തനം. പാഴ്സല്‍ സർവീസ്, ടേക്ക് എവേ കൗണ്ടറുകള്‍, കാത്തിരിപ്പുകേന്ദ്രം, കാറ്ററിങ്, ഓണ്‍ലൈൻ സേവനങ്ങള്‍, മാലിന്യസംസ്കരണ ഉപാധികള്‍, പാർക്കിങ് സൗകര്യം, ശൗചാലയം, നാപ്കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ പ്രീമിയം കഫെയിലുണ്ട്. മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന കഫെയില്‍ ഏത് സമയവും തിരക്കാണ്.










0 comments