print edition രാവുകളെ പകലാക്കിയ പാട്ടുപട്ടണം: കോഴിക്കോടൻ 'നൈറ്റ് ലൈഫിന്റെ' ഓർമ്മച്ചെപ്പ്


രവി മേനോൻ
Published on Sep 13, 2026, 01:30 AM | 3 min read
പുലരിയോളം നീളുന്ന പാട്ടുകൂട്ടായ്മകൾ; ചൂടുപൊറോട്ടയും പുട്ടും മുളകിട്ട മത്തിയും സുലൈമാനിയുമായി ഉറക്കമിളച്ച് നിശാചരരെ കാത്തിരിക്കുന്ന ഭക്ഷണശാലകൾ. സ്നേഹിച്ചും കലഹിച്ചും കെട്ടിപ്പുണർന്നും ലഹരിയിൽ ആറാടിയും ആത്മരോഷം പ്രകടിപ്പിച്ചും ഇരുട്ടിനെ ആട്ടിപ്പായിച്ച് റോഡരികുകളെ പ്രകാശമാനമാക്കുന്ന വിപ്ലവകാരികൾ....
ഇതൊക്കെയാണ് "നൈറ്റ് ലൈഫി’ന്റെ മുഖമുദ്രകളെങ്കിൽ, കോഴിക്കോട് എന്നേ നിശയുടെ നിത്യകാമുകി. മാനവീയം വേദിയിലെ നൈറ്റ് ലൈഫിനെ കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളും മാധ്യമങ്ങളിൽ കൊഴുക്കുമ്പോൾ പതിറ്റാണ്ടുകൾ മുന്പേ രാത്രിയെ പകലാക്കി മാറ്റിയ ചരിത്രമുള്ള നഗരത്തെഓർക്കാതിരിക്കുന്നതെങ്ങനെ?. എന്റെ കൗമാര -- യൗവനങ്ങളുടെ സുദീപ്തമായ ഓർമ്മകളുടെ കൂടി ഭാഗമായിരുന്നല്ലോ ആ "നൈറ്റ് ലൈഫ്.’
പത്രസ്ഥാപനത്തിലെ രണ്ടാം ഷിഫ്റ്റ് കഴിഞ്ഞ് പുലർച്ചെ രണ്ടു മണിയോടെ നഗരത്തിൽ വന്നിറങ്ങുന്ന യുവതുർക്കികളെ കാത്ത് എന്നും ഉറക്കമിളച്ചിരുന്നു കോഴിക്കോട്. "ന്നാ മക്കളേ ഓരോ കോയിബിരിയാണി എടുക്കട്ടേ’ എന്ന ചോദ്യവുമായി കൗണ്ടറിലിരുന്ന് വെളുക്കെ ചിരിക്കുന്ന മൊണാർക്ക് ഹോട്ടലിലെ മുനീറിനെ എങ്ങനെ മറക്കാൻ?. രാത്രി എട്ടിനാണ് മുനീറിന്റെ ഡ്യൂട്ടി തുടങ്ങുക. അവസാനിക്കുക കാലത്ത് എട്ടിനും. എപ്പോൾ ചെന്നാലും തിരക്കാണ് മൊണാർക്കിൽ.
ആ തിരക്കിനിടയിലും ഞങ്ങളുമായി സംവദിക്കാൻ, തർക്കിക്കാൻ സമയം കണ്ടെത്തും മുനീർ. രാഷ്ട്രീയമാണ് ഇഷ്ടവിഷയം. അന്ന് കാലത്തിറങ്ങിയ പത്രത്തിലെ വാർത്തകൾ രാത്രിയാണ് മുനീർ വായിച്ചു ഹൃദിസ്ഥമാക്കുക. ഓരോ വാർത്തക്കുമുണ്ടാകും സവിശേഷമായ ഒരു മുനീർ ഭാഷ്യം. അതുവെച്ചാണ് ഞങ്ങളുമായുള്ള പകിടകളി.
കളി മുറുകുമ്പോൾ ലത്തീഫ് എത്തും. വിചിത്രമാണ് ലത്തീഫിന്റെ ദിനചര്യകൾ. പകൽ മുഴുവൻ ഉറക്കം. രാത്രി എട്ടു മണിയോടെയാണ് ഉയിർത്തെഴുന്നേൽപ്പ്. രാത്രിഭക്ഷണത്തെ സാധാരണ മനുഷ്യർ ഡിന്നർ എന്ന് വിളിക്കുമ്പോൾ ലത്തീഫ് പ്രാതൽ എന്ന് വിളിക്കുന്നു. പാതിരാത്രി കഴിയും "ലഞ്ച്’ കഴിക്കുമ്പോൾ. എല്ലാം കഴിഞ്ഞു കാലത്ത് എട്ടു മണിയോടെ ഡിന്നറും കഴിച്ച് ഉറങ്ങാൻ പോകും ലത്തീഫ്. നമ്മുടെ ബ്രേക്ക്ഫാസ്റ്റാണ് ലത്തീഫിന് ഡിന്നർ.
പാതിരാ മെഹ്ഫിലുകളായിരുന്നു അന്നത്തെ കോഴിക്കോടൻ രാവുകളുടെ ഹൃദയതാളം. കടപ്പുറത്തെ ഗോഡൗണുകളിൽ, കല്ലായി റോഡിലെ പീടികക്കോലായകളിൽ, വലിയങ്ങാടിയിലെ പാണ്ടികശാലകളിൽ, കുറ്റിച്ചിറയിലെ പഴയ മാളികകളുടെ മട്ടുപ്പാവുകളിൽ, മിഠായിത്തെരുവിലെ അടച്ചിട്ട കടമുറികളിൽ കിഴക്ക് "വെള്ളകീറു’വോളം പാടിക്കൊണ്ടിരിക്കും മുഹമ്മദ് റഫിമാരും തലത് മഹമൂദുമാരും മന്നാഡേമാരും ബാബുക്കമാരും. അകമ്പടിക്ക് തബലയും പെട്ടിയും മാത്രം.
ഓർമ്മയിൽ ഒരു കോഴിക്കോടൻ ഗാനസദസ്സുണ്ട്. പഴയ പുഷ്പ തിയേറ്ററിന് സമീപത്തെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിട്ടത്തിന്റെ മുകൾ നിലയിലെ കുടുസ്സു മുറിയാണ് "ദർബാർ’. കാൽ തൊടുമ്പോൾ ഞരങ്ങുകയും ചിലപ്പോൾ നിലവിളിക്കുകയും ചെയ്യുന്ന മരപ്പടവുകൾ സൂക്ഷിച്ചു കയറി മുകളിൽ ചെന്നപ്പോൾ ഒരുത്സവത്തിനുള്ള ആളുണ്ടവിടെ. പാട്ടുകാരുടെയും ആസ്വാദകരുടെയും ഒരു വലിയ കൂട്ടം. ചുമട്ടു തൊഴിലാളികളും ലോറിപ്പണിക്കാരും കച്ചവടക്കാരും അലക്കുകാരും തൊട്ട് പേരുകേട്ട ഗുണ്ടകൾ വരെ.
അങ്ങിങ്ങായി പൊട്ടിയ ഓടിന്റെ വിടവുകളിലൂടെ ഒലിച്ചിറങ്ങി വന്ന പൂനിലാവും ദിനേശ് ബീഡിയുടെ പുകയും ആഹിർ ഭൈരവിയും നാടൻ മദ്യവും മുഹമ്മദ് റഫിയും ചേർന്നു സൃഷ്ടിച്ച ആ സൈക്കഡലിക്ക് അന്തരീക്ഷം മറക്കുവതെങ്ങനെ?. പ്രേയസിയോടെന്ന വണ്ണം ഹാർമോണിയവുമായി സല്ലപിച്ച് സുറുമയെഴുതിയ മിഴികളെ എന്ന ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുന്ന രാശിക്കുഞ്ഞ്. കണ്ണുകൾ പൂട്ടി നിശ്ചലനായിരുന്ന് റഫിയുടെ അകേലേ ഹേ ചലേ ആവോ എന്ന ഗാനം ഭാവസാന്ദ്രമായി പാടുന്ന പാളയത്തെ സ്റ്റീൽ പാത്രക്കച്ചവടക്കാരനായ ഹാജിയാർ.
ആംസൂ ഭരീ ഹേ എന്ന മുകേഷ് ഗാനത്തിന്റെ വരികളിൽ സ്വയമലിഞ്ഞു വിതുമ്പുന്ന ലോറി ഡ്രൈവർ മജീദ്. ഏ മേരെ സൊഹറ ജബീ എന്ന ഖവാലി തബല വായിച്ച് ആസ്വദിച്ചു പാടുന്ന കപ്പലണ്ടി വില്പനക്കാരൻ സുരേഷ്ബാബു. അകലെയകലെ നീലാകാശം എന്ന ബാബുരാജ് ഗാനത്തിൽ ആവുന്നത്ര മനോധർമം ചാലിച്ച് ചേർക്കുന്ന മരയ്ക്കാർ.......
ഇടക്കെപ്പോഴോ പാട്ട് നിർത്തി രാശിക്കുഞ്ഞ് ഉറക്കെ വിളിച്ചു പറയുന്നു: "കോയാ ജ്ജ് ബടെ ബാ, ഇനി അന്റെ പാട്ട് കേക്കട്ടെ.'' ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി നീലക്കുപ്പായമണിഞ്ഞ ഒരു ചുമട്ടു തൊഴിലാളി കടന്നുവരുന്നു.
തലയിലെ കെട്ടഴിച്ച് ചുമലിലിട്ട്, ചുണ്ടിലെ എരിയുന്ന ബീഡി നിലത്തു കുത്തിക്കെടുത്തി ഹാർമോണിയത്തിനു മുന്നിൽചമ്രം പടിഞ്ഞിരിക്കുന്നു അയാൾ. രാശിക്കുഞ്ഞിന്റെ ദർബാറിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. ഉറച്ച ശരീരപ്രകൃതിയും മുഖത്ത് വസൂരിക്കലകളുമുള്ള ഈ മനുഷ്യന്റെ ശബ്ദത്തിലൂടെ ഏതു പാട്ടുകാരനാകും ഒഴുകി വരിക -- ബാബുരാജോ മുഹമ്മദ് റഫിയോ അതോ കിഷോർ കുമാറോ? പക്ഷെ, ഒഴുകിവന്നത് ഗസൽ ചക്രവർത്തി മെഹ്ദി ഹസ്സൻ.
തടിച്ചുരുണ്ട വിരലുകൾ കൊണ്ടു ഹാർമോണിയതിന്റെ കട്ടകളെ താലോലിച്ച് മൃദുലവും കാല്പനികവുമായ ശബ്ദത്തിൽ കോയ പാടുന്നു : "മുജെ തും നസർ സേ ഗിരാ തോ രഹേ ഹോ/ മുജെ തും കഭീ ഭീ ബുലാ നാ സകോഗെ....'' ശുദ്ധമായ ഉർദുവിൽ തീവ്രപ്രണയം കലരുമ്പോൾ വിടരുന്ന സൗന്ദര്യം മുഴുവൻ ഉണ്ടായിരുന്നു ആ ആലാപനത്തിൽ.
മെഹ്ദി ഹസ്സൻ ഭ്രാന്തമായ ഒരു ആവേശമായി, ജീവിതത്തിൽ നിന്ന് ഒരിക്കലും അടർത്തി മാറ്റാൻ കഴിയാത്ത ശീലമായി ഒപ്പം കൂടിത്തുടങ്ങിയത് ആ രാത്രി മുതലാണ്. കോയാ സായ്‌വിനും കോഴിക്കോടൻ നൈറ്റ് ലൈഫിനും നന്ദി. ഉപജീവനാർത്ഥം കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തും എത്തിപ്പെട്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്തു സ്നേഹസുരഭിലമായ ആ കോഴിക്കോടൻ രാത്രികൾ. പുലരുവോളം ഉണർന്നിരിക്കുന്ന മറ്റൊരു നഗരവും ഉണ്ടായിരുന്നില്ല അന്നത്തെ കേരളത്തിൽ.
( പാട്ടുപട്ടണം പുസ്തകത്തിൽനിന്ന്)










0 comments