print edition കോഴിക്കോടിന്റെ ചരിത്രവും മതനിരപേക്ഷതയും: വാണിജ്യതീരം മുതൽ ജനാധിപത്യ സംസ്കാരം വരെ

കോഴിക്കോട് വലിയങ്ങാടി
കെ എൻ ഗണേഷ്
Published on Sep 13, 2026, 01:30 AM | 4 min read
ഔപചാരിക ലോകചരിത്രത്തിൽ കോഴിക്കോട് സ്ഥാനംപിടിക്കുന്നത് വാസ്‌കോ ഡ ഗാമയുടെ വരവോടെയാണ്. അതിനുമുമ്പ് അറബി, ചൈനീസ് വണിക്കുകൾ കോഴിക്കോടിന്റെ വ്യാപാരപ്രാധാന്യം രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് വാണിജ്യകേന്ദ്രമാണെന്ന സൂചന കുറ്റിച്ചിറ മുച്ചുന്തിപ്പള്ളിയിലെ രേഖയും നൽകുന്നുണ്ട്.
വാണിജ്യകേന്ദ്രമെന്ന നിലയിലുള്ള പ്രാധാന്യംതന്നെയാണ് യൂറോപ്യന്മാരെയും ആകർഷിച്ചത്. കേരളത്തിലെ മറ്റു തുറമുഖങ്ങളുടെയും സ്ഥിതി ഇതുപോലെയായിരുന്നു. അതിന് ഒരു സവിശേഷതയുമുണ്ട്. നാനാപ്രദേശങ്ങളിൽനിന്നുള്ള ജനവിഭാഗങ്ങൾ കേരളത്തിലെ തുറമുഖങ്ങളിൽ എത്തിച്ചേർന്നിരുന്നു. ഗാമതന്നെ കോഴിക്കോട്ടെത്തിയത് കിഴക്കേ ആഫ്രിക്കയിലെ മലിന്ദിയിൽനിന്നാണ്.
തെക്കുകിഴക്കൻ ഏഷ്യയുമായും ശ്രീലങ്കയുമായും ഇതുപോലെ ബന്ധമുണ്ടായിരുന്നു. കായേൽ പട്ടണത്തുനിന്ന് കുടിയേറിയ വാണിജ്യകുടുംബമാണ് കുഞ്ഞാലിമാരുടെ പൂർവികർ. തുറമുഖങ്ങളിൽ വർണ–ജാതി വ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടണമെന്നില്ല. കച്ചവടക്കാരും ഉൽപ്പാദകരും തമ്മിലുണ്ടാകുന്ന പരസ്പരബന്ധങ്ങൾ അതിന് അനുവദിക്കാറില്ല. തെരുവുകളായുള്ള വിഭജനം പാർപ്പിടങ്ങളിലെ വേർതിരിവുകൾകൂടി കണക്കാക്കിയുള്ളതായിരുന്നു.
സമൂഹങ്ങളിലെ കുലദേവതകൾ തെരുവുകളിൽത്തന്നെ ഉണ്ടാകും. കുടുംബം, വിവാഹജീവിതം എന്നിവയിലായിരുന്നു ജാതിമതപരമായ കാർക്കശ്യം. പാർപ്പിടങ്ങളുടെ ഘടനയും അതിനനുസരിച്ച് ക്രമീകരിച്ചിരുന്നു. കല്ലായ് പുഴയോടുചേർന്ന തുറപ്രദേശം പൂർണമായി മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും വീടുകളാണ്. അതിൽ നല്ലൊരു ഭാഗവും മുസ്ലിങ്ങളാണ്. പ്രശസ്തമായ മിശ്കാൽ പള്ളിയും മുച്ചുന്തിപ്പള്ളിയും ഇവിടെയാണ്. അതിനുവടക്കായി ഗുജറാത്തികളുടെയും ഉത്തരേന്ത്യയിൽനിന്ന് വന്നവരുടെയും തെരുവുകളാണ്. ബുദ്ധവിഹാരവും കാണാം. അവിടെ മതവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്നു.
കോഴിക്കോട്ടെ വാണിജ്യം കടലിൽക്കൂടി മാത്രമായിരുന്നില്ല, കല്ലായി പുഴയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. വലിയങ്ങാടിയുമായി ബന്ധപ്പെട്ട ഒരു കടവ് ഇന്നത്തെ റോബിൻസൻ റോഡിന് ചേർന്നുണ്ടായിരുന്നു. വലിയങ്ങാടിയിലേക്കുള്ള വാണിഭങ്ങൾ വന്നിരുന്നത് ഈ കടവ് വഴിയായിരുന്നു. ആഴ്ചവട്ടം ചന്തയിലേക്കും മാങ്കാവിലെ കൊമ്മേരിയിലുള്ള കോവിലകങ്ങളിലേക്കുമുള്ള വ്യഞ്ജനങ്ങൾ എത്തിയിരുന്നത് മൂരിയാട് കടവിലാണ്.
കോഴിക്കോട് ഒരു രാഷ്ട്രീയകേന്ദ്രമായി മാറിയത് എപ്പോഴാണെന്ന് വ്യക്തമല്ല. തിരുവണ്ണൂരിൽനിന്നും പന്നിയങ്കരയിൽനിന്നും പെരുമാൾകാലത്തെ ശാസനങ്ങൾ ലഭിച്ചിട്ടുണ്ട്. മുച്ചുന്തിപ്പള്ളി രേഖയിൽ പൂന്തുറക്കോൻ എന്ന പ്രയോഗം സാമൂതിരിയുമായി ബന്ധപ്പെടുത്തുന്നതാണ്.
‘കേരളോൽപ്പത്തി’ സാമൂതിരി വഴക്കത്തിൽ പോർളാതിരിയുടെ ആധിപത്യത്തെക്കുറിച്ചും സാമൂതിരി കോഴിക്കോട് പിടിച്ചെടുക്കുന്നതിനെക്കുറിച്ചും പറയുന്നു. ഈ പ്രസ്താവനയെ പിന്തുണയ്ക്കുന്ന മറ്റ് രേഖകളില്ല. തളിക്ഷേത്രം, ചാലപ്പുറം, മാങ്കാവ്, പന്നിയങ്കര മുതലായ ഇടങ്ങളെ കേന്ദ്രീകരിച്ചാണ് നാടുവാഴിത്തപാരമ്പര്യമുള്ള സവർണസമൂഹങ്ങൾ താമസിച്ചുപോന്നത്. അതായത് കോഴിക്കോട് എന്ന രാഷ്ട്രീയകേന്ദ്രവും വാണിജ്യകേന്ദ്രവും തമ്മിൽ വേർതിരിവുണ്ടായിരുന്നു.
യൂറോപ്യന്മാരുടെ വരവിനുശേഷവും ഈ വേർതിരിവ് തുടർന്നിരുന്നുവെന്ന് അവരുടെ സഞ്ചാരക്കുറിപ്പുകൾ വ്യക്തമാക്കുന്നു. യൂറോപ്യന്മാരെ സ്വീകരിച്ചുവെങ്കിലും വാണിജ്യത്തിനുമേലുള്ള വണിക്കുകളുടെ അവകാശങ്ങൾ വിട്ടുകൊടുത്തില്ല. പിന്നീട് പോർച്ചുഗീസുകാരുമായുള്ള തുടർച്ചയായ സംഘർഷങ്ങളുടെ കാരണവും ഇതായിരുന്നു. കോഴിക്കോട്ടെ വണിക്കുകൾക്കും പുറംനാടുകളിൽനിന്നുള്ള മുസ്ലിംകുടിയേറ്റക്കാർക്കും സാമൂതിരിമാരുടെ മേലുള്ള ഉത്തമവിശ്വാസത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു.
അത് തെറ്റിച്ച ഒരു സാമൂതിരിക്കെതിരെ കുഞ്ഞാലി മരക്കാർ തിരിഞ്ഞതും ഓർക്കേണ്ടതാണ്. അതേസമയം, മുസ്ലിം തദ്ദേശീയ സമൂഹങ്ങൾ തമ്മിലുള്ള പരസ്പരധാരണയുടെ ചിത്രങ്ങൾ സൈനുദീൻ മഖ്ദൂം തുഹ്ഫത്ത് അൽ മുജാഹിദീനിൽ വരച്ചുകാണിക്കുന്നതും പ്രധാനമാണ്. ഇതേ സൗഹൃദംതന്നെയാണ് നഖ്‌ശ്ബന്ദികൾ, ബറാമികൾ, ഹദ്രാമിസയിദുകൾ, കർദാനികൾ (കൊണ്ടോട്ടി തങ്ങൾ) പലവിധത്തിലുള്ള സൂഫി പീറുകൾ മുതലായ വിഭാഗങ്ങളെ കോഴിക്കോട്ടേക്ക് ആകർഷിക്കുന്നത്.
ക്രിസ്ത്യൻ മിഷനറി പ്രവർത്തനം ഇവിടെ എത്തുന്നത് കൊളോണിയൽ കാലഘട്ടത്തിലാണ്. തലശേരിയിലും മംഗലാപുരത്തുമായി പ്രവർത്തിച്ച ബാസൽ മിഷനാണ് കോഴിക്കോട്ടെത്തുന്നത്. അവർ ആധുനിക വിദ്യാഭ്യാസരംഗത്തും വ്യവസായരംഗത്തും പ്രവർത്തിച്ചു. അച്ചടിയിലും പത്രപ്രവർത്തനത്തിലും ഭാഷാബോധനത്തിലും ബാസൽ മിഷനറിമാർ പ്രവർത്തിച്ചു.
സ്വാതന്ത്ര്യസമരത്തിലും തൊഴിലാളിസമരങ്ങളിലും വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളിലും കോഴിക്കോടിന്റെ പങ്ക് ചെറുതല്ല. ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി കടപ്പുറത്ത് പി കൃഷ്ണപിള്ളയുടെയും ആർ വി ശർമയുടെയും നേതൃത്വത്തിൽ നടന്ന സമരത്തിൽ കോഴിക്കോട്ടെ ജനാവലി ഒന്നടങ്കം പങ്കെടുത്തു. ഇതേ ഐക്യദാർഢ്യം പിന്നീട് നടന്ന കോമൺവെൽത്ത് സമരം അടക്കമുള്ള തൊഴിലാളിസമരങ്ങളിലും പ്രത്യക്ഷപ്പെട്ടു. വർഗസമരങ്ങളുടെ ഈറ്റില്ലമായി കോഴിക്കോട് മാറിയതാണ് കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യഘടകം സ്ഥാപിക്കപ്പെടുന്ന പ്രദേശമായി ആ പട്ടണം മാറിയത്. അതിനുമുമ്പ് 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി നിലവിൽവന്നതും കോഴിക്കോട്ടുതന്നെയായിരുന്നു.
സ്വാതന്ത്ര്യസമര പ്രസ്ഥാനം
തൊഴിലാളിസമരങ്ങൾ, വിദ്യാർഥി–യുവജന മുന്നേറ്റങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി രൂപീകരണം, ആദ്യത്തെ കമ്യൂണിസ്റ്റ് ഘടകം എന്നിവ സൃഷ്ടിച്ച ജനാധിപത്യ അന്തരീക്ഷം കോഴിക്കോടൻ ജനാവലിയെ ശക്തമായി സ്വാധീനിച്ചു. പത്രമാസികകൾ ഇതിൽ ഏറ്റവും പ്രധാനമാണ്. സഞ്ചാരസാഹിത്യകാരനായ എസ് കെ പൊറ്റെക്കാട്ട് കോഴിക്കോട്ടുകാരനാണെന്നത് ഓർക്കണം. എസ് കെ, എം ടി, ബഷീർ എന്നീ എഴുത്തുകാരെയും കെ ടി മുഹമ്മദ്, പി എം താജ്, എ ശാന്തകുമാർ എന്നീ നാടകകൃത്തുക്കളെയും സൃഷ്ടിച്ചത് കോഴിക്കോടിന്റെ ജനാധിപത്യ സംസ്‌കാരമാണെന്നത് മറന്നുകൂടാ.
കേരളത്തിൽത്തന്നെ ഏറ്റവും വിശാലമായ ചിത്രകലാകാരന്മാരും ചിത്രകലാസ്വാദകരുമുള്ള നാടാണ് കോഴിക്കോട്. കർണാട്ടിക് സംഗീതവും ഗസൽനിശകളും ഒരുപോലെ ജനങ്ങളെ ആകർഷിക്കുന്നു. പാശ്ചാത്യസംഗീതത്തിന്റെ അടിത്തറപാകിയ ഹട്ടൺസ് ഓർക്കസ്ട്ര കോഴിക്കോട്ടുകാരുടേതാണ്. ഹിന്ദുസ്ഥാനി സംഗീതത്തെ ആഴത്തിലറിഞ്ഞ മുഹമ്മദ് സാബിർ ബാബുരാജ് എന്ന ബാബുരാജ് കോഴിക്കോട്ടുകാരനാണ്. ലെസ്‌ലി ആൻഡ്രൂസായി ജനിച്ച് കോഴിക്കോട് അബ്ദുൾ ഖാദറായി ജീവിച്ച് നടിയായ ശാന്താദേവിയെ വിവാഹം കഴിച്ച ഗായകൻ മതനിരപേക്ഷതയുടെ ശക്തമായ പ്രതീകമാണ്.
ഇത്തരത്തിൽ വളർത്തിക്കൊണ്ടുവന്ന ജനാധിപത്യസംസ്‌കാരത്തിന് ഒരു പ്രതിപക്ഷവും വളർന്നുവന്നിട്ടുണ്ട്. നഗരകേന്ദ്രങ്ങളിൽ വർഗീയസംഘട്ടനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും നഗരത്തിന്റെ അതിരുകളിൽ ബേപ്പൂർ നടുവട്ടം ഭാഗങ്ങളിൽ വളർന്നുവന്ന ഹിന്ദു–മുസ്ലിം സംഘർഷം 1953ൽ വെടിവയ്‌പിൽ കലാശിച്ചു. 1970കൾക്കുശേഷം ആർഎസ്എസ് അവരുടെ പ്രവർത്തനം തീരദേശത്ത് ഉടനീളവും ക്രമേണ ഉൾപ്രദേശത്തെ സവർണഹിന്ദു മേഖലകളിലേക്കും വ്യാപിപ്പിച്ചു. ക്ഷേത്രങ്ങളെയും ഉത്സവങ്ങളെയും കേന്ദ്രീകരിച്ചുള്ള ആർഎസ്എസിന്റെ പ്രവർത്തനം മതനിരപേക്ഷവാദികളായ ജനവിഭാഗങ്ങളിൽപ്പോലും കലുഷമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ പ്രകടരൂപമായിരുന്നു 2003ൽ നടന്ന മാറാട് കലാപം.
കോഴിക്കോട്ടുകാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് വേറൊരു പാഠമാണ്. ഇൗ നാടിന്റെ മതനിരപേക്ഷ ജനകീയ ഐക്യദാർഢ്യത്തെ തകർക്കാൻ ഇതുവരെ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. കോഴിക്കോട്ടുകാർ സനാതനികളെ അതിജീവിച്ചു. പുരോഗമനവാദികളായ മധ്യവർഗവും തൊഴിലാളികളോടൊപ്പം നിന്നു. അതാണ് കോഴിക്കോട്ടെ മതനിരപേക്ഷ സംസ്‌കാരത്തെ രൂപപ്പെടുത്തിയത്. അതിനെയാണ് ഇപ്പോൾ വലതുപക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നത്.
ഇവിടെയാണ് കോഴിക്കോട്ടെ ജനങ്ങളുടെ ചരിത്രം നമ്മുടെ മുന്നിലെത്തുന്നത്. സിഎസ്ഐ കത്തിഡ്രലും മൊയ്തീൻപള്ളിയും തളിക്ഷേത്രവും വളരെ അകലെയല്ലെന്ന് നാം ഓർക്കണം. തളിക്ഷേത്രം അകലെയല്ലെന്നറിഞ്ഞുതന്നെയാണ് മൊയ്തീൻപള്ളി പണിതത്. കത്തീഡ്രലിന് ഭൂമി ലഭിച്ചതും അങ്ങനെതന്നെയാണ്. ഇവയ്ക്കടുത്തുതന്നെ ഹനുമാൻ കോവിലും കാണാം. ഇടിയങ്ങര അപ്പവാണിഭ നേർച്ചയ്ക്കും വരക്കൽ ഉത്സവത്തിനും എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ജനജീവിതത്തെ പുനഃസ്ഥാപിക്കുകയാണ് ജനാധിപത്യവാദികളുടെ ആദ്യകടമ.
സംഗീതവും നൃത്തവും കഥയും കവിതയും സിനിമയുമെല്ലാം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കുത്തകയല്ലെന്നും ആവിഷ്‌കാര രൂപം എല്ലാ മനുഷ്യർക്കും ഉപയോഗിക്കാൻ പറ്റുമെന്നുള്ള തിരിച്ചറിവ് നമുക്ക് നേരത്തേയുള്ളതാണ്. അതുകൊണ്ടാണ് എം ടിയും എൻ പി മുഹമ്മദും ചേർന്ന് ‘അറബിപ്പൊന്ന്’ എന്ന നോവലെഴുതിയത്. ബഷീറിന്റെ കഥാപാത്രങ്ങൾ മലയാളിയുടെ ഫോക്‌ലോറായത്. ഇതുപോലുള്ള ഓർമകൾ ടൗൺഹാളും മുതലക്കുളവും മാനാഞ്ചിറയും കടപ്പുറവും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്തരം പൊതു ഇടങ്ങളൊന്നും ഏതെങ്കിലും ജാതിമതവാദിക്കുമാത്രമായി വിട്ടുകൊടുക്കുകയില്ലെന്ന് പ്രഖ്യാപിക്കാൻ നമുക്ക് കഴിയണം. കോഴിക്കോട്ടുകാരുടെ ചരിത്രം തിരിച്ചുപിടിക്കേണ്ടത് ഇന്നത്തെ വർഗീയവൽക്കരണത്തെ ചെറുത്തുതോൽപ്പിക്കാൻ ആവശ്യമാണ്.










0 comments