print edition ലോകം മുഖം നോക്കിയ ദേശം

മാനാഞ്ചിറ

പി വി ജീജോ
Published on Sep 13, 2026, 01:30 AM | 5 min read
സ്ഥലനാമ നിർവചനത്തിൽ ഒതുങ്ങുന്ന ചെറുദേശമല്ല കോഴിക്കോട്. ചരിത്രവും സംസ്‌കാരവും തുടിക്കുന്ന നാട്. സാഹോദര്യത്തിന്റെ സൗന്ദര്യം വിടരുന്ന മലയാള സംസ്‌കൃതിയുടെ പേര് ഹൃദയാക്ഷരങ്ങളിൽ കൊത്തിവച്ച പട്ടണം. വലിയങ്ങാടിയിലെയും പാളയത്തെയും മിഠായിത്തെരുവിലെയും തൊഴിലാളികളുടെ വിയർപ്പിൽ തുന്നിയ സിന്ദൂരമാലകളാണ് കോഴിക്കോടിന്റെ അഴകുടയാടകൾ. വായനശാലയ്ക്കൊപ്പം വയലേലകളിലും രാഷ്‌ട്രീയവും കലയും പൂത്തുവിടർന്നതാണ് ഇൗ നാടിന്റെ ഇന്നലെകൾ.
രുചികളും പാട്ടും മണക്കുന്ന സുഗന്ധരാജിയാണിവിടം. അബ്ദുൾ ഖാദറും ബാബുരാജും രാവിന്റെ രാഗശാലകളിൽ സ്വരപുഷ്‌പപ്രവാഹമാകുന്ന പാട്ടുപട്ടണമാണിത്. അക്ഷരവും കച്ചവടവും സമ്മേളിക്കുന്ന തെരുവുണ്ടിവിടെ. തളിക്ഷേത്രത്തിലെ ദീപപ്രഭയും സിഎസ്‌ഐ ദേവാലയത്തിലെ പള്ളിമണിക്കിലുക്കവും മിശ്‌കാൽ പള്ളിയിലെ വാങ്കുവിളിയും ഇവിടെ സൃഷ്‌ടിച്ചത് ദൈവങ്ങളെയല്ല അപരത്വമില്ലാതെ സ്നേഹിക്കുകയും വായിക്കുകയും ചെയ്യുന്ന മനുഷ്യരുടെ മഹാനഗരത്തെയാണ്.
മലയാളിമനുഷ്യരുടെയാകെ ജീവിതചിത്രം മാറ്റിവരച്ച വിപ്ലവപ്രസ്ഥാനം പിറന്നുവീണ ഖ്യാതിയാണ് ഇൗ നഗരത്തിന്റെ കൊടിയടയാളം. കടപ്പുറത്ത് ചോരപ്പുഴ തീർത്ത ബ്രിട്ടീഷുകാരുടെ മർദനത്തിലും കൂസാതെ സ്വാതന്ത്ര്യത്തിന്റെ സമരപതാക ഉയരങ്ങളിൽ പാറിച്ച പി കൃഷ്‌ണപിള്ളയും മുഹമ്മദ് അബ്ദുറഹ്മാനും നാടിന്റെ നായകർ. എ കെ ജിയും ഇ എം എസും കേളപ്പനും കേരളീയനും മൊയ്‌തുമൗലവിയുമടക്കം ജനഹൃദയങ്ങളിൽ അനശ്വരർ.
വിശ്വമലയാളിയായി വളർന്ന വി കെ കൃഷ്‌ണമേനോൻ, വിശ്വവിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീർ, വിശ്വൈകമലയാളിയുടെയും സാഹിത്യസുകൃതമായ എം ടി വാസുദേവൻ നായർ. ഇവരുടെ സർഗജീവിതത്തിന് തണലേകിയതിനാലാണ് ഇൗ നഗരത്തിനിത്ര ചാരുത.
കോലായയിലൂടെ അറിയപ്പെട്ട് ലോക സാഹിത്യനഗരമായി പുകൾപെറ്റതാണിന്നിതിന്റെ വർത്തമാനം. ചരിത്രവും ജീവിതവും സംസ്‌കാരവും ഉണർന്നിരിക്കുന്ന നഗരമാണിന്നും കോഴിക്കോട്. മലബാറിന്റെ രാഷ്‌ട്രീയത്തിന്റെ, കലയുടെ, സാഹിത്യത്തിന്റെ, സംഗീതത്തിന്റെ, പന്തുകളിയുടെയെല്ലാം ആസ്ഥാന നഗരമെന്ന പെരുമ കോഴിക്കോടിന് സ്വന്തം. സത്യത്തിന്റെ, സാഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ നഗരമായി നിത്യഹരിതസുരഭിലയായി കോഴിക്കോട് ജീവിക്കുന്നു.
കഥപോലൊരു പുരാവൃത്തം
മലബാറിന്റെ കടൽമുഖമെന്നാണ് കോഴിക്കോടിന് ചരിത്രത്തിലെ വിശേഷണം. ചൈനക്കാരന്റെ കപ്പലും അറബിയുടെ പായ്ക്കപ്പലും പേർഷ്യൻ ദൂതന്റെ യാത്രയും പോർച്ചുഗീസുകാരന്റെ സമുദ്രമാർഗവും ഒരിക്കൽ സംഗമിച്ച ലോകചത്വരം. സാമൂതിരിയുടെ രാജധാനി. കുരുമുളകിന്റെ മഹാവിപണി. വിശ്വാസങ്ങളുടെ സഹവാസഭൂമി. ചരിത്രം ഇവിടെ മ്യൂസിയത്തിൽ പൂട്ടിയിട്ട കാഴ്‌ചവസ്തുവല്ല.
കുറ്റിച്ചിറയുടെ ഇടവഴിയിലും മിഠായിത്തെരുവിന്റെ തിരക്കിലും വലിയങ്ങാടിയുടെ ഓർമയിലും ബേപ്പൂരിന്റെ ഉരുവിലും കടപ്പുറത്തെ കാറ്റിലും കടത്തനാട്ടിന്റെ വഴികളിലും വായനശാലകളിലെ പുസ്തകമണത്തിലും അതിപ്പോഴും ജ്വലിക്കുന്നു. അതുകൊണ്ടാകാം കോഴിക്കോടിന്റെ പ്രൗഢി ഭൂതകാലക്കുളിരല്ല– പഴയ ലോകത്തെ സ്വീകരിച്ച അതേ തുറന്നമനസ്സോടെ പുതുമയെയും സ്വീകരിക്കുന്നതാണ്.
പതിനാലാംനൂറ്റാണ്ടിൽ മൊറോക്കോയിൽനിന്ന് (1342ൽ) എത്തിയ ഇബ്ൻ ബത്തൂത്ത രേഖപ്പെടുത്തിയത് ഇങ്ങനെ: ‘‘ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വ്യാപാരികൾ കൂടിച്ചേരുന്ന തുറമുഖമാണിത്.’’ പതിനഞ്ചാംനൂറ്റാണ്ടിലെത്തിയ മാഹുവാൻ കണ്ടത് വിശ്വാസത്തിൽ ഉറച്ച വ്യാപാരനഗരം.
1445-ൽ വന്ന പേർഷ്യൻ സഞ്ചാരി അബ്ദുർ റസാഖ് സമർഖണ്ഡി കണ്ടതാകട്ടെ സുരക്ഷിതമായ അന്താരാഷ്ട്രകമ്പോളം. 1498-ൽ വാസ്കോഡഗാമ കാപ്പാട് തീരത്തെത്തിയതോടെ യൂറോപ്പിലും ഇൗ ദേശമഹിമ പരന്നു. മലബാറിന്റെ വൃത്താന്തമാകെ ബ്രിട്ടീഷുകാരനായ വില്യംലോഗനും രേഖപ്പെടുത്തി.
കോഴിക്കോട് എന്ന പേരിന്റെ വരവ്
ഒരിക്കൽ കപ്പലുകൾ നങ്കൂരമിട്ട തുറമുഖം; പിന്നീട് ആശയങ്ങൾ നങ്കൂരമിട്ട നഗരം. ഒരിക്കൽ കുരുമുളകിന്റെ ഗന്ധം ലോകത്തെ വിളിച്ചു; ഇന്ന് പുസ്തകങ്ങളിലൂടെ സാഹിത്യത്തിലൂടെ ലോകനഗരമായി അറിയപ്പെടുന്നു. അറബികൾ ‘ക്വാലിക്കൂത്ത്’ എന്നും തമിഴർ ‘കള്ളിക്കോട്ടൈ’ എന്നും വിളിച്ച നഗരം ചൈനക്കാർക്കിടയിൽ ‘കാലിഫോ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
കോഴിക്കോട് എന്നാണ് ഔദ്യോഗികനാമമെങ്കിലും ചില നേരങ്ങളിൽ ‘കലിക്കറ്റ്’ എന്നും വിളിക്കുന്നു. കോഴിക്കോട് തുറമുഖത്തുനിന്ന് കയറ്റി അയച്ചിരുന്ന ‘കാലിക്കോ’ എന്ന പ്രത്യേക ഇനം കൈത്തറി കോട്ടൺ വസ്ത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് ‘കലിക്കറ്റ്’ എന്ന പേര് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.
പത്രനഗരം
"കേരളപത്രിക' (1884)യാണ് കോഴിക്കോട്ടെ ആദ്യപത്രം. കൽക്കത്തയിലെ അമൃതബസാർ പത്രികയിൽ ജോലിചെയ്ത് പരിചയം നേടിയ ചെങ്കുളത്ത് കുഞ്ഞിരാമ മേനോനായിരുന്നു പത്രാധിപർ. സി കൃഷ്‌ണന്റെ മിതവാദി സാമൂഹ്യ രാഷ്‌ട്രീയ ശബ്‌ദങ്ങൾ രേഖപ്പെടുത്തി. "മാതൃഭൂമി' (1923), "അൽ അമീൻ' (1924) എന്നീ പത്രങ്ങളുടെ വരവോടെ പത്രനഗരമായി പേരെടുത്തു. കമ്യൂണിസ്റ്റ് പത്രപ്രവർത്തനത്തിന്റെ ആദ്യധാരയായി ഷൊർണൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘പ്രഭാതം’ 1938ൽ കോഴിക്കോട്ടുനിന്ന് അച്ചടി ആരംഭിച്ചു. ഇ എം എസായിരുന്നു പത്രാധിപർ. എ കെ ജിയായിരുന്നു മാനേജർ. 1942 സെപ്‌തംബർ ആറിനാണ് കമ്യൂണിസ്റ്റ് പാർടി മുഖപത്രമായ "ദേശാഭിമാനി' വാരികയായി തുടങ്ങിയത്. 1946 ജനുവരിയിൽ ദിനപത്രമായി. "ചന്ദ്രിക'യും അതേവർഷം പ്രസിദ്ധീകരിച്ചു. വിപ്ലവം, സിറാജ് (1984), മാധ്യമം (1987), വർത്തമാനം (2003), തേജസ് (2006), സുപ്രഭാതം (2013) തുടങ്ങിയ ദിനപത്രങ്ങളുടെ ആരംഭവും കോഴിക്കോട്ടുനിന്നായിരുന്നു. സായാഹ്നപത്രങ്ങളും ആഴ്ചപ്പതിപ്പുകളും മാസികകളുമടക്കം പിന്നീടുണ്ടായി. ആകാശവാണി നിലയം തുടങ്ങുന്നത് 1950ലാണ്.
രേവതി പട്ടത്താനം
സാമൂതിരിയുടെ കാലത്തും നഗരം ലോകത്തേക്ക് തുറന്ന സാംസ്കാരിക തുറമുഖമായിരുന്നു. അറബിയും പേർഷ്യനും സംസ്കൃതവും മലയാളവും തമിഴുമൊക്കെ പല കാലങ്ങളിൽ ഇവിടെ പരസ്പരം തൊട്ടു. ആ സങ്കലനത്തിന്റെ അതിമനോഹര സാഹിത്യസാക്ഷ്യങ്ങളിലൊന്നാണ് രേവതി പട്ടത്താനം. സാമൂതിരിയുടെ മേൽനോട്ടത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖരായ പണ്ഡിതർ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഉത്സവങ്ങളിൽ പങ്കെടുത്ത് വ്യാകരണം, വേദാന്തം, പ്രഭാകരമീമാംസ, ഭട്ടമീമാംസ എന്നിങ്ങനെ വിവിധ മേഖലകളിൽ വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തി.
പോർച്ചുഗീസുകാർക്കുവേണ്ടി എഴുത്തുകാരനായി ജോലി ചെയ്തിരുന്ന ദുവർത്തെ ബർബോസ സാമൂതിരി രാജാവിന്റെ എഴുത്തുകാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടിനുശേഷം കോഴിക്കോട്ടെത്തിയ ഫ്രഞ്ച് നാവികനായ ഫ്രാൻസ്വാ പൈറാർഡ് ദ് ലെവാലും അന്നത്തെ താളിയോലയെഴുത്ത് രീതികളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
സാമൂതിരിക്കാലത്ത് അറബിമലയാളത്തിലെഴുതുന്നതിന് വിലക്കുണ്ടായിരുന്നില്ല. തുഞ്ചത്തെഴുത്തച്ഛൻ അധ്യാത്മരാമായണം എഴുതുംമുന്പേ അറബിമലയാളത്തിലെഴുതിയ കാവ്യമാണ് കോഴിക്കോട്ടെ ഖാസി പരമ്പരയിൽപ്പെട്ട ഖാസി മുഹമ്മദ് രചിച്ച മുഹ്-യുദ്ദീൻ മാല (1607). പേർഷ്യൻ സൂഫിവര്യനായിരുന്ന അബ്ദുൽ ഖാദർ അൽ ജീലാനിയുടെ ജീവിതം പ്രമേയമാക്കിയെഴുതിയ പാട്ടുകൃതിയായിരുന്നു മുഹ്-യുദ്ദീൻ (1607). ഖാസി മുഹമ്മദ് അറബിയിലെഴുതിയ കാവ്യമാണ് ഫത്ഹുൽ മുബീൻ എന്ന "പ്രത്യക്ഷ വിജയം' (1607).
മലയാളത്തിലിറങ്ങിയ ആദ്യ മൂന്ന് നോവലുകളും കോഴിക്കോട്ടുനിന്നാണ് പ്രസിദ്ധീകൃതമായത്. അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത’യാണ് ആദ്യത്തേത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലെന്ന് വിശേഷിപ്പിക്കുന്ന ഒ ചന്തുമേനോന്റെ ഇന്ദുലേഖയും (1889), പിന്നാലെ പുറത്തിറങ്ങിയ ചെറുവലത്ത് ചാത്തു നായരുടെ മീനാക്ഷിയും (1890) സ്ത്രീജനങ്ങളെ രസിപ്പിക്കാൻവേണ്ടി എഴുതിയ കൃതികളാണ്.
രാഷ്‌ട്രീയനഗരം
ഈ നഗരത്തിന്റെ രാഷ്ട്രീയപ്രബുദ്ധത പ്രശസ്‌തമാണ്. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യസെൽ രൂപീകൃതമായതിലാണ് അതിന്റെ പെരുമ. പി കൃഷ്‌ണപിള്ള, ഇ എം എസ്, എൻ സി ശേഖർ, കെ ദാമോദരൻ എന്നീ വിപ്ലവകാരികൾ പാളയത്തെ പച്ചക്കറിക്കടയ്ക്കുമുകളിൽ യോഗം ചേർന്നാണ് വിപ്ലവപ്രസ്ഥാനത്തിന് രൂപംനൽകിയത്– 1937ൽ. സ്വാതന്ത്ര്യസമരം കേരളത്തിൽ ആരംഭിച്ചത് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടാണ്. ഗാന്ധിജി ആദ്യമായി കോഴിക്കോട്ട് വരുമ്പോൾ (1920) കടപ്പുറത്ത് തടിച്ചുകൂടിയത് 20,000 പേരായിരുന്നു.
കോഴിക്കോട്ടുകാരായി മാറിയവർ
കോഴിക്കോട്ടുവന്ന് താമസം തുടങ്ങിയവരിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നത് വൈക്കം മുഹമ്മദ് ബഷീർതന്നെ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ മുഹമ്മദ് അബ്ദുറഹ്മാനെ കാണാനാണ് ബഷീർ ആദ്യം കോഴിക്കോട്ടെത്തിയത്. വർഷങ്ങൾ കഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ ബഷീർ ബാല്യകാലസഖിയും മറ്റു കഥകളുമെഴുതി പേരെടുത്തിരുന്നു. ബേപ്പൂർക്കാരി ഫാബിയെ വിവാഹം കഴിച്ച് "വൈലാലിൽ' വീട്ടിൽ സ്ഥിരതാമസക്കാരനായി, ബേപ്പൂർ സുൽത്താനായി വാണു. മാങ്കോസ്റ്റിൻ മരത്തണലിൽ ഇരുന്ന് ബഷീർ എഴുതിയതെല്ലാം വിസ്‌മയിപ്പിച്ചു.
ഉറൂബ്, എം ടി വാസുദേവൻ നായർ, കുട്ടികൃഷ്ണമാരാർ, തിക്കോടിയൻ, കെ ടി മുഹമ്മദ്, അക്കിത്തം, എൻ എൻ കക്കാട്, കെ എ കൊടുങ്ങല്ലൂർ, എം ജി എസ് നാരായണൻ, പട്ടത്തുവിള കരുണാകരൻ തുടങ്ങിയ എഴുത്തുകാർക്കൊക്കെ ഇടംകൊടുത്തു. എം ടിയും എൻ പിയും ചേർന്നെഴുതിയ അറബിപ്പൊന്ന് (1980), എൻ പിയുടെ എണ്ണപ്പാടം (1980), പി എ മുഹമ്മദ് കോയയുടെ സുൽത്താൻവീട് (1976) സുറുമയിട്ട കണ്ണുകൾ (1972), പി വത്സലയുടെ പാളയം (1981) എന്നീ നോവലുകളിലെല്ലാം കോഴിക്കോടിനെ ആവിഷ്കരിച്ചിട്ടുണ്ട്.
എസ് കെ പൊറ്റെക്കാട്ടിന് കോഴിക്കോട് ജന്മദേശം മാത്രമായിരുന്നില്ല; കഥയുടെ മഷിപ്പാത്രമായിരുന്നു. കൂടല്ലൂരിൽനിന്ന് ജീവിതവൃത്തി തേടിയെത്തി മൗനത്തിന്റെ മുദ്രചാർത്തിയ എം ടിയുടെ സർഗജീവിതം കോഴിക്കോടിന്റെ സുകൃതസ്‌മൃതി. എം ജി എസും എം എസ് മേനോനും യു എ ഖാദറും പുനത്തിലും അക്‌ബർ കക്കട്ടിലും... സാഹിത്യഭൂപടത്തിൽ തൂലികാപ്രസാദം ചൊരിഞ്ഞവരുടെ പട്ടിക ചുരുക്കിപ്പറയാവുന്നതല്ല.
സിനിമ
1906ൽ മുതലക്കുളം മൈതാനത്ത്, കോയമ്പത്തൂർ സ്വദേശിയായ വിൻസന്റ് പോൾ എന്ന റെയിൽവേ ഉദ്യോഗസ്ഥൻ തിരശ്ശീല ഉയർത്തിയപ്പോൾ അത് കേരളത്തിലെതന്നെ ആദ്യ സിനിമാപ്രദർശനമായി. ക്രൗൺ, രാധ, കോറണേഷൻ എന്നിവയായിരുന്നു ആദ്യത്തെ ശാലകൾ. ഡേവിസൺ, പുഷ്പ, അപ്സര, പാരമൗണ്ട് എന്നിങ്ങനെ പിന്നീടും സിനിമാകൊട്ടകകളുണ്ടായി.
നീലക്കുയിലിൽ രാമു കാര്യാട്ടിനൊപ്പം സംവിധാനത്തിൽ പങ്കാളിയായ പി ഭാസ്‌കരൻ, കെ രാഘവൻ, ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദർ, ഉറൂബ് തുടങ്ങിയവരൊക്കെ ആകാശവാണിക്കാരായിരുന്നു. എം ടിയുടെ തട്ടകം അന്നേ കോഴിക്കോടായിരുന്നു. സംവിധായകൻ അരവിന്ദന്റെ കലാജീവിതകേന്ദ്രവും ഏറെക്കാലം ഇവിടെയായിരുന്നു. കെ ടി മുഹമ്മദ്, ടി ദാമോദരൻ തുടങ്ങിയവരെല്ലാം ചിരസ്മരണീയർ.
ഹരിഹരൻ, ഐ വി ശശി, ലിസ ബേബി, രഞ്ജിത്, വി എം വിനു, രഘുനാഥ് പലേരി, എസ് കൊന്നനാട്ട്, യു രാജഗോപാൽ, സി രാമചന്ദ്രമേനോൻ, വേണുഗോപാൽ എന്നിങ്ങനെ പേരുകൾ അനവധിയുണ്ട്. കോഴിക്കോട് അബ്ദുൾ ഖാദറും എം എസ് ബാബുരാജുമില്ലാതെ മലയാള ചലച്ചിത്രസംഗീതധാര ഓർക്കാനാകില്ലല്ലോ. ബി എ ചിദംബരനാഥ്, ശരത്ചന്ദ്ര മറാഠെ, കൈതപ്രം, രഘുകുമാർ, ഗിരീഷ് പുത്തഞ്ചേരി, പി കെ ഗോപി, കാനേഷ് പൂനൂര് എന്നിവരും കോഴിക്കോടൻ മുദ്രചാർത്തിയവരാണ്.
ദേശീയ അവാർഡ് ലഭിച്ച ബാലൻ കെ നായർ, കെ പി ഉമ്മർ, കുതിരവട്ടം പപ്പു, മാമുക്കോയ, നിലമ്പൂർ ബാലൻ, ശാന്താദേവി, നെല്ലിക്കോട് ഭാസ്‌കരൻ, കുഞ്ഞാണ്ടി, കുഞ്ഞാവ, സത്യജിത്, വിലാസിനി, എൽസി, വിജയലക്ഷ്മി, സീനത്ത്, ചേമഞ്ചേരി നാരായണൻ നായർ, മോനിഷ, ശ്വേത മേനോൻ, നിത്യാദാസ്, ടി സുരേഷ് ബാബു, വിക്രമൻ നായർ, നീനാ കുറുപ്പ്, സുധീഷ്, അഗസ്റ്റിൻ, റോഷൻ ബിജിലി, കോഴിക്കോട് ശാരദ, വിജയൻ കാരന്തൂർ, ടി സുധാകരൻ, സുരാസു, എൻ ബി കൃഷ്ണക്കുറുപ്പ്...
ഇൗ നാടിന്റെ സാന്നിധ്യം നീളുന്നു. പിപാസ, ഒഡേസ തുടങ്ങിയ ഫിലിം സൊസൈറ്റികളും രംഗത്തുണ്ടായിരുന്നു. പത്മരാജനും ജോൺ എബ്രഹാമും നരേന്ദ്രപ്രസാദും ചിന്ത രവിയും അരങ്ങൊഴിഞ്ഞ ഓർമകൾ വിട്ടൊഴിഞ്ഞിട്ടില്ല. ആർട്ടിസ്റ്റ് നന്പൂതിരിയും എം വി ദേവനും എ എസും വരച്ചുജീവിച്ച, എം എഫ് ഹുസൈന്റെ വരയുടെ മന്ത്രജാലം ദൃശ്യമായ കോഴിക്കോട് എന്നും നിറങ്ങൾ പൂത്തുലഞ്ഞ ഗാലറിയായിരുന്നു.
പ്രഭാകരൻ, ഇ സുധാകരൻ, കൃഷ്ണകുമാർ, കബിത മുഖോപാധ്യായ, ജീവൻ തോമസ്, പോൾ കല്ലാനോട്, സുനിൽ അശോകപുരം, മദനൻ, ചൻസ്, സുധീഷ്, മഹേഷ് ജോൺസ് മാത്യു ചിത്ര–ശിൽപ്പ കലാകാരന്മാർ ഏറെ. രാഷ്ട്രീയം, സംഗീതം, സാഹിത്യം, ഫുട്ബോൾ, ഭക്ഷണം... എല്ലാം ചേർന്നൊഴുകുന്ന ജീവിതസാഗരമാണ് കോഴിക്കോട്. അനാദിയായ കാലംപോലെ ഇൗ നാട് കാത്തിരിക്കുകയാണ്. വരാനിരിക്കുന്നവർക്കുവേണ്ടി...










0 comments