Deshabhimani

print edition ദേശാഭിമാനി കേരള സംസ്ഥാന പതിപ്പ്

Vallathol
avatar
ടി ചന്ദ്രമോഹൻ

Published on Nov 01, 2026, 01:30 AM | 3 min read

1956 നവംബർ ഒന്ന്,‍ അന്ന് ലോകത്തെങ്ങുമുണ്ടായിരുന്ന മലയാളിയെ സംബന്ധിച്ച് ഒരു സുദിനമായിരുന്നു. ഭാഷകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടന്നതിന്റെ ഭാഗമായി കേരളപ്പിറവി. രാജഭരണത്തിലായിരുന്ന തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷുകാർ നേരിട്ടു ഭരിച്ച മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാറും ചേർന്ന ഐക്യകേരളം. വ്യത്യസ്തമായ ഭരണസംവിധാനമാണ് 1956-നുമുമ്പ് നിലനിന്നിരുന്നതെങ്കിലും ജനമനസ്സ് അതിന് എത്രയോ മുമ്പുതന്നെ ഒന്നാകാൻ തുടങ്ങിയിരുന്നു.


1956ൽമാത്രമാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്നതെങ്കിലും സാംസ്കാരികവും രാഷ്ട്രീയവുമായി അതിനുമുമ്പുതന്നെ ഐക്യകേരളം പിറന്നു. മാതൃഭാഷയാണ് സാംസ്‌കാരികജീവിതത്തിന്റെ അടിസ്ഥാനം. നൂറ്റാണ്ടുകൾക്കപ്പുറത്ത്, നമ്മുടെ ഭാഷയിൽ സാഹിത്യം രൂപപ്പെട്ടതുമുതൽ തിരുവിതാംകൂർ, കൊച്ചി, മലബാർ വ്യത്യാസമില്ലാതെ അവ പാരായണം ചെയ്യപ്പെട്ടു. 20–ാംനൂറ്റാണ്ടിന്റെ പിറവിയോടെയാണ്‌ സാംസ്‌കാരികമായി മലയാളികളുടെ ഐക്യം ശക്തിപ്പെട്ടത്‌.


1937ൽ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഘടകം കേരളത്തിൽ രൂപംകൊണ്ടതുമുതൽ ഐക്യകേരളത്തിനായി നിലകൊണ്ടു. ഐക്യകേരളത്തിനുവേണ്ടി കമ്യൂണിസ്റ്റ്‌ പാർടി നടത്തിയ പ്രവർത്തനത്തിനും പ്രക്ഷോഭത്തിനും ഒപ്പം വലിയ പിന്തുണയാണ്‌ ദേശാഭിമാനി നൽകിയത്‌. ഐക്യകേരളം രൂപീകരിക്കാനുള്ള പൊതുബോധം സൃഷ്ടിക്കാൻ ദേശാഭിമാനി സുപ്രധാന പങ്കുവഹിച്ചു.

​

കേരളപ്പിറവിദിനത്തെ ഏറെ ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ്‌ ദേശാഭിമാനി വരവേറ്റത്‌. 1956 നവംബർ ഒന്നിന്‌ പതിവുള്ള നാല്‌ പേജിനുപകരം 22 പേജുള്ള പ്രത്യേക സപ്ലിമെന്റായിട്ടാണ്‌ പത്രം വായനക്കാരിലെത്തിയത്‌. കേരളത്തിന്റെ ഭൂപടമായിരുന്നു പ്രത്യേക പതിപ്പിന്റെ ജാക്കറ്റ്‌ പേജ്‌. ഒന്നാംപേജിൽ ‘അഭിവാദ്യം’ എന്ന തലക്കെട്ടിൽ കേരളപ്പിറവിസന്ദേശം നൽകി. മഹാകവി വള്ളത്തോൾ കാകളി വൃത്തത്തിൽ എഴുതിയ ​‘കേരളൈക്യോത്സവം’ എന്ന ചെറിയ കവിതയും പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധ മേഖലകളെക്കുറിച്ച്‌ പ്രമുഖരുടെ ലേഖനങ്ങൾ ശ്രദ്ധേയമായിരുന്നു.


പ്രത്യേക പതിപ്പിൽ ‘ഒരു ചിരാഭിലാഷത്തിന്റെ പൂർത്തീകരണം’ എന്ന തലക്കെട്ടിൽ ഇ എം എസ്‌ എഴുതിയ ലേഖനമായിരുന്നു മുഖ്യം. ‘നവംബർ ഒന്ന്‌ മഹത്തായ ദേശീയദിനമായി ആചരിക്കുന്നതിന്‌ കേരളത്തിലെ എല്ലാ രാഷ്ട്രീയപാർടികളും സാമൂഹിക‍–സാംസ്‌കാരിക സംഘടനകളും പൊതുജീവിതത്തിലെ പ്രമുഖ വ്യക്തികളും ഇപ്പോൾ ഒരുക്കങ്ങൾ ചെയ്‌തുവരികയാണല്ലോ. ഇ‍ൗ സുദിനത്തിൽ തങ്ങളുടേതായ ഒരു സ്വന്തം കേരള സ്‌റ്റേറ്റുണ്ടാക്കിക്കാണുവാൻ മലയാളിജനതയുടെ ചിരാഭിലാഷം നിറവേറ്റപ്പെട്ടു. ഓരോ മലയാളിയുടെയും ബോധത്തിന്റെ ഒരംശമായിക്കഴിഞ്ഞ ഒരു അഭിലാഷമാണിത്‌’ എന്നു തുടങ്ങുന്ന ലേഖനം കേരള ഐക്യശ്രമത്തിന്റെ തുടക്കംമുതലുള്ള രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകളും അതിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സുപ്രധാന പങ്കും പറയുന്നു.


പുതിയ കേരളം നേരിടുന്ന രാഷ്ട്രീയവെല്ലുവിളികൾ വിശദമാക്കുന്നതോടൊപ്പം ഒരു കമ്യൂണിസ്റ്റ് സർക്കാർ അധികാരമേൽക്കേണ്ടതിന്റെ ആവശ്യകതയും ഇ എം എസ്‌ വിശദീകരിക്കുന്നു. ‘നവംബർ ഒന്നിന്റെ ആഹ്വാനം’ എന്ന കെ ദാമോദരന്റെ ലേഖനത്തിൽ നവംബർ ഒന്ന്‌ ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതിയൊരധ്യായം ഉദ്‌ഘാടനം ചെയ്യപ്പെടുകയായിരുന്നുവെന്നും ജനങ്ങളുടെ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഘടകമായ ഭാഷാ സംസ്ഥാനപ്രക്ഷോഭം പുതിയൊരു ഘട്ടത്തിലേക്ക്‌ കാലെടുത്തുവെയ്‌ക്കുകയാണെന്നും പറയുന്നു.


വെല്ലുവിളികൾ ഏറെ ഉണ്ടെങ്കിലും പട്ടിണിയും തൊഴിലില്ലായ്‌മയും കഷ്ടപ്പാടും കണ്ണുനീരുമില്ലാത്ത ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള പുതിയ സാഹചര്യങ്ങൾ നമുക്ക്‌ കൈവന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ നവംബർ ഒന്നിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരെയും യുദ്ധത്തിൽ മുറിവേറ്റുവീണവരെയും സ്‌മരിച്ചുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി മുന്നേറുക എന്ന്‌ ആഹ്വാനം ചെയ്യുന്നു. കോൺഗ്രസിന്‌ നാട്‌ നന്നാക്കാൻ കഴിയില്ലെന്നും കേരളം അഭിവൃദ്ധിപ്പെടണമെങ്കിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്നും ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഭൂനിയമപരിഷ്കരണത്തെപ്പറ്റിയുള്ള വി ആർ കൃഷ്ണയ്യരുടെ ലേഖനത്തിൽ ഒരു ഏകീകൃത കുടിയാൻ നിയമം വേണമെന്ന് ആവശ്യപ്പെടുന്നു.

​

എസ് കെ പൊറ്റെക്കാട്ട്, യു എ ഖാദർ, എൻ വി കൃഷ്ണവാരിയർ, പവനൻ, കെ മാധവൻ, എ വി കുഞ്ഞമ്പു, പി എ സെയ്തുമുഹമ്മദ്, ആർ സുഗതൻ, എം കണാരൻ, എ കെ പൊതുവാൾ, ടി വി കെ, ആര്യവൈദ്യൻ പി വി രാമവാരിയർ, കെ പത്മനാഭൻ, എ പി പി നന്പൂതിരി തുടങ്ങിയവരും പ്രത്യേക പതിപ്പിൽ എഴുതിയിരുന്നു. പുനർവിഭജിക്കപ്പെട്ട സംസ്ഥാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ദേശാഭിമാനിയുടെ പ്രത്യേക പതിപ്പിന്‌ ഉപരാഷ്ട്രപതി ഡോ. എസ്‌ രാധാകൃഷ്‌ണൻ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി മ‍ൗലാന അബുൾ കലാം ആസാദ്‌, കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽ സെക്രട്ടറി അജയ്‌ഘോഷ്‌ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സംഘടനകളും നൽകിയ ആശംസാസന്ദേശങ്ങളും പ്രസിദ്ധീകരിച്ചു.


​കേരളപ്പിറവി ദിനാഘോഷങ്ങളുടെ വാർത്തയും സമഗ്രമായി നൽകി. നവംബർ ഒന്ന് പത്രത്തിന് അവധിയായിരുന്നതിനാൽ നവംബർ മൂന്നിന്റെ പത്രത്തിലാണ്‌ ആഘോഷങ്ങളുടെ വാർത്തകൾ പ്രസിദ്ധീകരിച്ചത്‌. ‘കേരളത്തിന്റെ പിറവി ജനങ്ങളുടെ അഭൂതപൂർവമായ ആഹ്ലാദപ്രകടനം’ എന്ന തലക്കെട്ടിൽ നൽകിയ വാർത്തയുടെ ഇൻട്രോ ഇങ്ങനെയായിരുന്നു– ‘‘മുപ്പതു മണിക്കൂർ തുടർച്ചയായി നടന്ന നിറപ്പകിട്ടുള്ള പരിപാടിയിൽ അഞ്ചുലക്ഷംപേർ. 31ന്‌ രാത്രി 12 മണി അടിച്ച ഉടൻ ആരംഭിച്ച ആഘോഷച്ചടങ്ങ് ഒന്നാംതീയതി അർധരാത്രി കഴിഞ്ഞിട്ടും അവസാനിച്ചില്ല.


കിഴക്ക്‌ വെള്ളകീറുന്നതുവരെ പരിപാടികൾ നീണ്ടുനിന്നു.” 1956 നവംബർ ഒന്നിന് കോഴിക്കോട്ട് നടന്ന ആഘോഷച്ചടങ്ങിനെപ്പറ്റി നവംബർ മൂന്നിന്റെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയുടെ തുടക്കം– ‘‘അവിസ്‌മരണീയമായ രംഗങ്ങളായിരുന്നു എവിടെയും. ദീപാവലിയും കേരളപ്പിറവിയും ഒത്തുസമ്മേളിച്ചപ്പോൾ പട്ടണം വർണശബളമായ വൈദ്യുതവിളക്കുകളും മൺചിരാതുകളുംകൊണ്ട് ഒരു ഗന്ധർവലോകമായി മാറി. കോഴിക്കോട് പട്ടണം അതിന്റെ ചരിത്രത്തിൽ ഇത്രയും വമ്പിച്ചൊരു ജനപ്രവാഹം കാണുകയുണ്ടായിട്ടില്ല.


അഞ്ചുലക്ഷംപേർ വൈകുന്നരത്തെ ആഘോഷത്തിൽ പങ്കെടുത്തിരിക്കും.’’ ദീപശിഖകളുമായി ഘോഷയാത്രയായാണ് ചടങ്ങിലേക്ക് ജനം എത്തിയത്. മുൻനിരയിൽ എൻ വി കൃഷ്ണവാരിയർ, എസ് കെ പൊറ്റെക്കാട്ട്, വി അബ്ദുല്ല, കെ ദാമോദരൻ, ജി ബി പ്രഭു മുതലായവർ ഉണ്ടായിരുന്നു. പ്രോവിഡൻസ് കോളേജ് വിദ്യാർഥിനിയായിരുന്ന ദേവിയാണ് ദീപശിഖ ഏറ്റുവാങ്ങി മാനാഞ്ചിറയിലെത്തിച്ചത്. വി കെ കൃഷ്ണമേനോനായിരുന്നു കോഴിക്കോട്ട് പരിപാടികളുടെ ഉദ്ഘാടകൻ. വിവിധ രംഗങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണങ്ങളും പ്രസിദ്ധീകരിച്ചു.


കോഴിക്കോട് ട‍ൗൺഹാളിൽ കവിസമ്മേളനവും ഉണ്ടായി. പി കുഞ്ഞിരാമൻ നായർ, ഇടശേരി, കെ കെ രാജ, ഒളപ്പമണ്ണ, വി വി കെ, വൈലോപ്പിള്ളി, വി ടി കുമാരൻ, എൻ വി കൃഷ്ണവാരിയർ, അക്കിത്തം, എൻ എൻ കക്കാട്, യൂസഫലി കേച്ചേരി എന്നിവരാണ് കവിയരങ്ങിൽ പങ്കെടുത്തത്. തിരുവനന്തപുരത്ത് ആക്ടിങ് ഗവർണറായ പി എസ് റാവു ഉദ്ഘാടനംചെയ്ത പരിപാടികളും വിശദമായി റിപ്പോർട്ട് ചെയ്തു. കൊച്ചിയിൽ ഫോർട്ട് കൊച്ചിയിലും എറണാകുളത്തും പ്രത്യേകാഘോഷങ്ങൾ ഉണ്ടായിരുന്നു. മറ്റു പ്രധാന സ്ഥലങ്ങളിൽ നടന്ന ആഘോഷ വാർത്തകളും ഉൾപ്പേജിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home