print edition ഐക്യ കേരളം @70

പ്രഭാവർമ്മ
Published on Nov 01, 2026, 01:30 AM | 5 min read
ഐക്യ കേരളത്തിന്റെ സപ്തതി വർഷമാണിത്. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ ആഘോഷം നടക്കേണ്ട ഘട്ടം. ഏഴു പതിറ്റാണ്ടുകൊണ്ട് കേരളം എങ്ങനെ മാറി; ഇനി എങ്ങനെ മാറണം എന്നിവ സംബന്ധിച്ച ആഴമേറിയ ചർച്ചകൾ നടക്കുകയും അടുത്ത ഘട്ടം എങ്ങനെ മാറിവരണമെന്നതിന്റെ രൂപരേഖ ആവിഷ്കരിക്കപ്പെടുകയും ചെയ്യേണ്ട ഘട്ടം. എന്നാൽ, നിർഭാഗ്യവശാൽ ഇതൊന്നും കാണാനില്ല.
ഭരണം മാറുമ്പോൾ ഭരണസംസ്കാരംകൂടിയാണ് മാറുന്നത് എന്നത് ഓർമിപ്പിക്കുംവിധമാണ് ഈ സപ്തതി വർഷം നിശ്ശബ്ദമായി വന്നുപോകുന്നത്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തയുള്ളവരെ ആശങ്കാകുലരാക്കുന്നു ഈ നിശ്ശബ്ദത എന്നുമാത്രം പറയട്ടെ. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ വിഘടിതമായി കിടക്കുകയായിരുന്നല്ലോ ഈ നാട്. പിന്നീട്, തിരു-കൊച്ചിയും മലബാറുമായി. 1956 നവംബർ ഒന്നിന് ഐക്യ കേരളം രൂപപ്പെട്ടപ്പോൾ മലയാളികളുടെ മഹത്തായ സ്വപ്നമാണ് സഫലമായത്. ആ സ്വപ്നത്തിന്റെ സപ്തതിപോലും സന്തോഷമുളവാക്കാത്ത വിധം അധികാരത്തിന്റെ പരിഗണനാക്രമങ്ങൾ മാറിപ്പോയോ.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം എന്ന ആവശ്യത്തിൽത്തന്നെ വലിയ ഒരു രാഷ്ട്രീയ ഉള്ളടക്കമുണ്ടായിരുന്നു. ഈ ആവശ്യം സഫലമാകുന്നതിന് ഏതാണ്ട് ഒരു പതിറ്റാണ്ടോളം മുമ്പായിരുന്നല്ലോ മതാടിസ്ഥാനത്തിലുള്ള രാഷ്ട്ര പുനർനിർണയം യാഥാർഥ്യമായത്. "മതാടിസ്ഥാനത്തിൽ’ എന്ന ചിന്തയ്ക്കുള്ള കൃത്യമായ രാഷ്ട്രീയ മറുപടികൂടി ഉൾപ്പെട്ടിരിക്കുന്നു "ഭാഷാടിസ്ഥാനത്തിൽ’ എന്ന ചിന്തയിൽ; അത് സംസ്ഥാന പുനക്രമീകരണമാണെങ്കിൽത്തന്നെയും.
ഈ രാഷ്ട്രീയവും ചിലർക്ക് അസ്വീകാര്യമാകുന്നുണ്ടോ. ഉണ്ട് എന്നതിന്റെ സൂചന നേരത്തേയുണ്ട്. മുഖ്യ ആവശ്യത്തിൽനിന്നുള്ള തിരിച്ചുപോക്കിന്റെ സൂചനകൾ. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1921-ൽ തന്നെ ഒരു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഉണ്ടായിരുന്നല്ലോ. എന്നാൽ, 1952-ൽ, അതായത്, സ്വാതന്ത്ര്യം ലഭിച്ച് അഞ്ചു വർഷം കഴിഞ്ഞ ഘട്ടത്തിൽ കെപിസിസി മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയായും തിരു-കൊച്ചി കോൺഗ്രസ് കമ്മിറ്റിയായും വിഭജിതമായല്ലേ പ്രവർത്തിച്ചത്.
അതിൽ ഒരു പിന്നോട്ടു പോക്കില്ലേ. 1920-ൽ നാഗ്പുർ സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചശേഷവും പിറ്റേവർഷംതന്നെ കേരളത്തിൽ അത് സാങ്കേതികമായി നടപ്പായതിനുശേഷം ഈ തിരിച്ചുപോക്ക് എങ്ങനെ ഉണ്ടായി. ഇതിനിടെ മദിരാശി,- തിരു കൊച്ചി എന്നിവ ഉൾപ്പെടെ ദക്ഷിണ സംസ്ഥാനം എന്ന ആവശ്യം "ഭാഷാടിസ്ഥാനത്തിൽ’ എന്ന സങ്കൽപ്പത്തെ തകർക്കുംവിധം എങ്ങനെ ഉയർന്നുവന്നു.
ഈ പിറകോട്ടു പോകൽ ആന്ധ്രപ്രദേശ് അടക്കം പലയിടത്തുമുണ്ടായി. അതുകൊണ്ടാണല്ലോ പോറ്റി ശ്രീരാമുലുവിന് വിശാല ആന്ധ്ര എന്ന ആവശ്യം മുൻനിർത്തി നിരാഹാരസമരം നടത്തേണ്ടിവന്നത്. പോറ്റി ശ്രീരാമുലുവിന്റെ നിരാഹാരത്തിലൂടെയുണ്ടായ ജീവത്യാഗം ഭാഷാടിസ്ഥാനത്തിലുള്ള പുനർനിർണയം എന്ന ആവശ്യത്തെ അനിവാര്യതയാക്കുകയായിരുന്നു. ഐക്യ കേരളം രൂപപ്പെട്ടതിന് മലയാളികൾ ശ്രീരാമുലുവിനോടുകൂടി കടപ്പെട്ടിരിക്കുന്നു. 1947-ൽ സ്വാതന്ത്ര്യം കിട്ടി. എന്നിട്ടും 1956 വരെ, അതായത് ഒരു പതിറ്റാണ്ട് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം സാധ്യമാകാതെ വന്നതെന്തുകൊണ്ട്. എവിടെയൊക്കെയോ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം കാണാനില്ലേ. ശ്രീരാമുലുവിന്റെ രക്തസാക്ഷിത്വത്തിലൂടെ രൂപപ്പെട്ട വിശാല ആന്ധ്രയുടെ ഇന്നത്തെ അവസ്ഥകൂടി മനസ്സിൽവച്ച് ആലോചിക്കുക.
എവിടെ പോയി ഭാഷാടിസ്ഥാനം
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം എന്ന ആവശ്യത്തിന്റെ പതാകവാഹകർ കമ്യൂണിസ്റ്റുകാരായിരുന്നു. ഇപ്പറയുന്നതിനർഥം മാറ്റാരും ഇല്ലായിരുന്നുവെന്നല്ല. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ ശക്തിപ്പെട്ടുവന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിയിലെ പ്രജാമണ്ഡലവുമൊക്കെ ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനം ഐക്യകേരള പ്രമേയം പാസാക്കുകയും പയ്യന്നൂർ സമ്മേളനം ഇത് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു.
ഇതൊക്കെ ഇരിക്കലും കാലതാമസവും പരോക്ഷമായുള്ള തിരിച്ചുപോക്കുകളും ചരിത്രത്തിൽ അടയാളപ്പെട്ടുതന്നെ നിൽക്കുന്നു. എന്നാൽ, തിരുവിതാംകൂറിൽ ദിവാൻ വ്യത്യസ്ത നിലപാടാണ് എടുത്തത്. പ്രത്യേക ഭരണഘടനയൊക്കെയുണ്ടാക്കി ഒരു പ്രത്യേക രാജ്യമായി നിലനിൽക്കാമെന്നതായിരുന്നു ആ നിലപാട്. അതിനെതിരെ ജനരോഷം ആളിപ്പടർത്തിക്കൊണ്ടുവന്നത് കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റ് പാർടിയാണ് ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന് പ്രഖ്യാപിച്ച് പുന്നപ്രയിലും വയലാറിലുമൊക്കെ പൊരുതിയത്. നൂറുകണക്കിന് രക്തസാക്ഷികൾ! അമേരിക്കൻ മോഡലിനെ ആ നിലയ്ക്ക് ചെറുത്തുനിന്നില്ലായിരുന്നെങ്കിൽ ഐക്യകേരളം ഉണ്ടാകുമായിരുന്നോ. ചെറുക്കാൻ ആരാണുണ്ടായിരുന്നത്. കമ്യൂണിസ്റ്റുകാർ.
ബ്രിട്ടീഷ് കോയ്മയ്ക്കെതിരെയും കിരാത ജന്മിഭരണത്തിനെതിരെയും ഉണ്ടായ ഉത്തര മലബാറിലെ പോരാട്ടങ്ങളും ഇതിനോട് ചേർത്തുവച്ച് കാണണം. കയ്യൂരിലും കരിവെള്ളൂരിലുമൊക്കെ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലായിരുന്നല്ലോ ഐതിഹാസിക പോരാട്ടങ്ങൾ. കടയ്ക്കൽ, കല്ലറ, പാങ്ങോട് സമരങ്ങൾപോലെ കേരളമൊട്ടുക്കും പല വിഷയങ്ങൾ മുൻനിർത്തിയുള്ള പോരാട്ടങ്ങൾ നടന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അലയൊലികളും ഖിലാഫത്ത് പ്രസ്ഥാനവും അയിത്തോച്ചാടന പ്രക്ഷോഭവും ക്ഷേത്രപ്രവേശന സമരങ്ങളുമൊക്കെയായി പൊതു സമരങ്ങളുടെ ഒരു ഐക്യബോധം കേരളത്തെയാകെ ഇണക്കിനിർത്തി. തിരുവിതാംകൂറിൽ ഒതുങ്ങിനിൽക്കാതെ ഭരണപരമായ ഭൂമിശാസ്ത്ര അതിരുകളെ അതിലംഘിച്ച് തലശേരിയിൽ ശ്രീനാരായണ ഗുരു ക്ഷേത്രം സ്ഥാപിച്ചതിലും ഐക്യകേരളമെന്ന സന്ദേശത്തിന് അടിവരയിടുന്നതായി.
ഇ എം എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി' എന്ന കൃതിയും പി സുന്ദരയ്യയുടെ ‘വിശാല ആന്ധ്ര' എന്ന കൃതിയും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തിനുള്ള ആശയ അടിത്തറ ഒരുക്കുന്നതായി. ഈ ബോധത്തോടെയാണ് 1957 ഏപ്രിൽ അഞ്ചി-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇ എം എസ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ മലയാള ഭാഷയ്ക്ക് നൽകിയ പ്രത്യേക ഊന്നൽ. സംസ്ഥാന നിയമസഭയുടെയും സെക്രട്ടറിയറ്റിന്റെയും നടപടികൾ അടക്കമുള്ള ഭരണകാര്യങ്ങൾ മലയാളത്തിലാക്കുന്നതിനെക്കുറിച്ച് അതിൽ പറഞ്ഞു.
അതിന്റെ തുടർച്ചയായാണ് കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചത്. ജനാധിപത്യം അർഥപൂർണമാകണമെങ്കിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഭരണം നടക്കണം. അതിനാണ് ജനങ്ങൾക്ക് നേരിട്ട് ബന്ധമുള്ള 17 വകുപ്പുകളിൽ ഉടൻ ഔദ്യോഗിക ഭരണഭാഷ മലയാളമാക്കാവുന്നതാണ് എന്ന് ആ കമ്മിറ്റി ശുപാർശ ചെയ്തത്.
എന്നാൽ, പിന്നീട് വന്ന സർക്കാർ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള വകുപ്പുകളിൽ മലയാളം ഒന്നാം ഘട്ടത്തിലും സാങ്കേതിക വകുപ്പുകളിൽ രണ്ടാം ഘട്ടത്തിലും ഔദ്യോഗിക ഭാഷയാക്കാനുള്ള ഇടതുപക്ഷ പ്രമേയം വോട്ടിനിട്ട് തള്ളുകയാണുണ്ടായത്.
മലയാള ഭാഷയുടെ വികസനത്തിനായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും എൻ വി കൃഷ്ണവാര്യരെപ്പോലൊരു പ്രമുഖനെ അധ്യക്ഷനാക്കിയതും ലിപി പരിഷ്കരണത്തിന് കമ്മിറ്റിയെ വച്ചതും കമ്യൂണിസ്റ്റ് പാർടിയുടെ സർക്കാരാണ്. ആ വഴി പിന്നീട് തടസ്സങ്ങളോടെയാണ് പുരോഗമിച്ചത് എന്നത് ചരിത്രം.
കേരളപ്പിറവിക്കുവേണ്ടി ത്യാഗപൂർവം പൊരുതിയവർക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നമാണ് 1957ലെ ഇ എം എസ് മന്ത്രിസഭയുടെ നടപടികളിൽ പ്രതിഫലിപ്പിച്ചത്. കുടിയിറക്ക് നിർത്തലാക്കൽ, കാർഷിക-ഭൂബന്ധങ്ങളുടെ പൊളിച്ചെഴുത്ത്, വിദ്യാഭ്യാസ പരിഷ്കാരം... അങ്ങനെ പലതുമാണ് കേരളത്തിനാകെ ഒരേ മുഖച്ഛായ കൊടുത്തത്. ആ സ്വപ്നങ്ങളുടെ തുടർച്ചയാണ് പിൽക്കാലത്ത് അധികാരവികേന്ദ്രീകരണത്തിലും സമ്പൂർണ സാക്ഷരതയിലും ക്ഷേമ പെൻഷനിലും പ്രതിഫലിച്ചത്.
ആ സ്വപ്നങ്ങളുടെ വഴിയിലെ നാഴികക്കല്ലായിരുന്നു 2035-ഓടെ കേരളത്തിന്റെ മുഖച്ഛായ മാറുംവിധം ഇവിടത്തെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ നിലവാരത്തിനൊത്തതാക്കുക എന്ന നിശ്ചയത്തിലും അതിദാരിദ്ര്യനിർമാർജനത്തിലും പ്രതിഫലിച്ചത്. കിഫ്ബിയുടെ ചരിത്രത്തിൽ അതുവരെയുണ്ടാകാത്ത അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിച്ചുചാട്ടത്തിന് വഴിവച്ചത്.
കേരളപ്പിറവിയുടെ 70–ാം വാർഷികം ആഘോഷമില്ലാതെ മങ്ങുമ്പോൾ, ഈ പ്രതീക്ഷകൾകൂടിയാണ് മങ്ങുന്നത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ആശ്വാസ നടപടികൾക്കോ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന നടപടികൾക്കോ ഉള്ള ഒരു രൂപരേഖയുമില്ലാതെ ഒരു സന്ധ്യയിലൂടെ കേരളം ഇരുളിലേക്ക് പോകുന്ന പ്രതീതി. എല്ലാം തകർക്കപ്പെടുന്നു; പകരം വയ്ക്കാൻ ഒന്നില്ലാതെ.
കേരളത്തെ എങ്ങനെ തിരിച്ചുപിടിക്കാം; വികസന പദ്ധതികളെ എങ്ങനെ വീണ്ടെടുക്കാം. നാടിനെ മത-വർഗീയ ജീർണതകളിലേക്ക് വഴുതിവീഴാതെ എങ്ങനെ രക്ഷിച്ചെടുക്കാം. ജനമനസ്സിന്റെ ഒരുമയെ ജാതീയ, വർഗീയ ചേരിതിരിവുകൾക്കതീതമായി എങ്ങനെ ശക്തിപ്പെടുത്താം. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഐക്യകേരളത്തിന്റെ ഈ ഘട്ടത്തിലെ ജനങ്ങളുടെ കടമ.
കേരളം ഏറെ മാറിയിരിക്കുന്നു. ഈ മാറ്റമാകട്ടെ, കേരളപ്പിറവിക്ക് മുന്പേ തുടങ്ങിയതും കേരളപ്പിറവിക്കുശേഷവും തുടർന്നുപോന്നതുമായ ഒരുപാട് സമരപരമ്പരകളുടെ ഫലമാണ്; ബോധപൂർവമായ സാമൂഹ്യ ഇടപെടലുകളുടെ ഫലവുമാണ്. അധഃകൃതരെന്ന് മുദ്രയടിക്കപ്പെട്ട് നീക്കിനിർത്തിയിരുന്ന സമുദായങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് കല്ലുമാലയണിഞ്ഞേ ഈ നാട്ടിൽ നടക്കാൻ കഴിയുമായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാൻ നടത്തിയ സമരങ്ങളുണ്ട്. മാറുമറയ്ക്കാൻ ആ സമുദായങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാൻ നടത്തിയ സമരങ്ങളുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം ചെയ്യാനോ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ഉദ്യോഗം ലഭിക്കാനോ അവസരമുണ്ടായിരുന്നില്ല.
ആ അവസരങ്ങൾ നേടിയെടുക്കാനായി നടത്തിയ നിവേദനസമരങ്ങളുണ്ട്. ക്ഷേത്രപരിസരങ്ങളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം നേടിയെടുക്കാനായി നടന്ന വൈക്കം സത്യഗ്രഹമുണ്ട്. ശുചീന്ദ്രം സത്യഗ്രഹം, തിരുവാർപ്പ് സത്യഗ്രഹം, പാലിയം സത്യഗ്രഹം തുടങ്ങിയവയുമുണ്ട്. ക്ഷേത്രത്തിൽ കയറി ആരാധന നടത്താനുള്ള അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാൻ പി കൃഷ്ണപിള്ളയടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യഗ്രഹമുണ്ട്.
അങ്ങനെയുള്ള സമരപരമ്പരകൾ. അയിത്തവും തീണ്ടലും തൊടീലുമടക്കമുള്ള സാമൂഹ്യ ദുഷ്ടുകൾകൊണ്ട് ജീർണമായിരുന്ന അവസ്ഥയെ നോക്കിയാണ് സ്വാമി വിവേകാനന്ദൻ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. ആ ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാൻ നടന്ന സമരങ്ങളാണവ. ശ്രീനാരായണഗുരു, അയ്യൻകാളി തുടങ്ങിയവരിൽനിന്ന് പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരിലൂടെയാണ് ആ പോരാട്ടത്തിന്റെ ദീപശിഖ തലമുറകൾക്ക് കൈമാറിക്കിട്ടിയത്. ആ വെളിച്ചത്തിലാണ് ഇന്നുകാണുന്ന കേരളം രൂപപ്പെട്ടത്.
എന്നാലിന്ന്, മതഭ്രാന്ത് വീണ്ടും കേരളത്തെ 19–ാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയായിരിക്കുന്നു. നവോത്ഥാനത്തിന്റെ സമസ്ത ദീപ്തികളെയും ജാതീയവും വർഗീയവുമായ അന്ധകാരത്തിന്റെ ശക്തികൾ അണച്ചുകളയുന്നോ എന്ന് ഉൽക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. എല്ലാ ജാതി-വർഗീയ ശക്തികളും കൂടിച്ചേർന്ന് പുരോഗമന നവോത്ഥാന -മതനിരപേക്ഷ ശക്തികളെ തകർക്കാനായി വീണ്ടും സംഘടിത ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. ഈ അവസ്ഥയെ മതനിരപേക്ഷ ജനകീയ ഒരുമകൊണ്ട് അതിജീവിച്ചാലല്ലാതെ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകില്ല. ഇവിടെയാണ്, ഇ എം എസും എ കെ ജിയുമൊക്കെ കേരളമെന്ന മലയാളികളുടെ മാതൃഭൂമിയെക്കുറിച്ച് കണ്ട സ്വപ്നങ്ങളുടെ പ്രസക്തി.
സാമൂഹിക അനാചാരങ്ങൾക്കും ജാതീയവും സമുദായികവുമായ അസമത്വങ്ങൾക്കും എതിരായി ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകർ തുടങ്ങിവച്ച പോരാട്ടങ്ങൾ മുമ്പോട്ടു കൊണ്ടുപോയതും ആ പോരാട്ടങ്ങളെ സാമ്പത്തിക അസമത്വങ്ങൾക്കെതിരായ സമരമെന്ന രാഷ്ട്രീയ ഉള്ളടക്കം നൽകി വികസിപ്പിച്ചെടുത്തതും കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടുതന്നെ ആ പുരോഗമന ശ്രമങ്ങളിൽ അസഹിഷ്ണുതയുള്ള എല്ലാ ശക്തികളും പഴയകാലത്തെ പുനരുജ്ജീവിപ്പിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു.
അതിനായി യത്നിക്കുന്നു. നാടിന്റെ പുരോഗതിയിലും ജനമനസ്സുകളുടെ ഒരുമയിലും താൽപ്പര്യമുള്ള എല്ലാ ആളുകളും ചേർന്ന് ഈ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ഈ കേരളപ്പിറവി ആഘോഷവേളയിൽ കേരളം ആവശ്യപ്പെടുന്നത്. കേരളപ്പിറവിക്കുവേണ്ടി പൊരുതിയ നേതാക്കളുടെ മനസ്സിലുണ്ടായിരുന്ന മറ്റൊരു സ്വപ്നം നാടിന്റെ സ്വാശ്രയത്വമാണ്. അതിനെ തകർക്കുന്ന മുതലാളിത്തത്തിന്റെ പുത്തൻ അധിനിവേശ ശ്രമങ്ങളെയും അതിനു മുന്നിൽ ചുവപ്പ് പരവതാനി വിരിക്കുന്ന രാഷ്ട്രീയശക്തികളെയും തിരിച്ചറിയേണ്ട സന്ദർഭംകൂടിയാണിത്.
ഐക്യകേരളപ്പിറവിയുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളിൽ വേരുകളുള്ളതാണ് പുരോഗമന സർക്കാരുകളുടെ നേതൃത്വത്തിൽ ഇവിടെ നടന്ന അധികാര വികേന്ദ്രീകരണ -ജനകീയാസൂത്രണ ശ്രമങ്ങൾ. സുഭദ്രമായ കേരളസൃഷ്ടിക്കായുള്ള ആത്മാർഥ പരിശ്രമങ്ങളായിരുന്നു അവ. അതൊക്കെ തകർക്കാനും തിരുത്താനുമുള്ള നീക്കങ്ങൾക്കെതിരായ ജാഗ്രതയും കേരളപ്പിറവി ജനങ്ങളിൽനിന്ന് ആവശ്യപ്പെടുന്നു.
ആസിയൻ കരാർമുതൽ മലേഷ്യാ വ്യാപാരകരാർവരെയുള്ളവ, കേരളത്തിന്റെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു.
കേരളീയ കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ നാടിനെ കൂടുതൽ ദരിദ്രമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം കരാറുകൾക്കും അതിനു പിന്നിലുള്ള ദേശദ്രോഹ താൽപ്പര്യങ്ങൾക്കുമെതിരെ ജനങ്ങളെ ഉണർത്തി സജ്ജരാക്കിയല്ലാതെ കേരളത്തിന് നിലനിൽക്കാനോ അതിജീവിക്കാനോ ആകില്ല. ഇങ്ങനെ പലവിധത്തിലുള്ള ശ്രമങ്ങളിലൂടെ, സമരങ്ങളിലൂടെ മാത്രമേ ഐക്യകേരള പിറവിക്കാലത്തെ നേതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാനാകൂ. അതിനായി ഈ ഐക്യകേരളപ്പിറവി ദിനത്തിൽ മലയാളി സ്വയം പുനരർപ്പണം ചെയ്യേണ്ടിയിരിക്കുന്നു.









0 comments