ശാസ്‌ത്രീയചിന്തകൾക്ക് ഊർജം പകർന്ന്


ജിബിന എ എസ്
Published on Feb 15, 2025, 10:43 PM | 2 min read
സമൂഹത്തിൽ ശാസ്ത്രചിന്തയുടെ വേരോട്ടത്തിന് കൂടുതൽ കരുത്ത് പകർന്നാണ് 37–--ാമത് കേരള ശാസ്ത്ര കോൺഗ്രസ് സമാപിച്ചത്. "ഹരിത ഭാവിക്കായുള്ള സാങ്കേതിക പരിവർത്തനം' എന്നതായിരുന്നു ഇക്കുറി ശാസ്‌ത്രകോൺഗ്രസ് പ്രമേയം. പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാൻ സുസ്ഥിര സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഓരോ ചർച്ചയും സംവാദവും. അതിർത്തികൾക്ക് അതീതമായി ഹരിത സാങ്കേതികവിദ്യ കൈമാറേണ്ടതിന്റെ ആവശ്യകതയും പാരിസ്ഥിതിക സൗഹൃദ ഊർജ സ്രോതസ്സുകളുടെ ജനകീയവൽക്കരണത്തിന്റെ പ്രാധാന്യവും ശാസ്ത്രകോൺഗ്രസ് ഉയർത്തിക്കാട്ടി. പുനരുപയോഗത്തിലും ചാക്രികതയിലും അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ നൂതന മാലിന്യസംസ്കരണ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
വൈവിധ്യമാർന്ന 13 വിഷയങ്ങളിൽ 800 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പുതുമയും പ്രായോഗികതയും ഇവയുടെ പ്രത്യേകതയായി. വിദേശികളടക്കം 1500ലധികം ഗവേഷകർ ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി. കേരളത്തിലെ വിവിധ സർവകലാശാലകൾ, ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ഗവേഷകരുടെയും ശാസ്‌ത്രജ്ഞരുടെയും വൻ പങ്കാളിത്തമാണ് ഉണ്ടായത്. പുതുതലമുറ ഗവേഷകരുടെ വലിയതോതിലുള്ള സാന്നിധ്യവും ശാസ്‌ത്രകോൺഗ്രസിനെ ശ്രദ്ധേയമാക്കി. പ്രബന്ധാവതരണങ്ങൾക്ക് പുറമേ, ദേശീയ ശാസ്ത്രപ്രദർശനം, ജിഐ എക്സ്പോ, കേരള സ്റ്റാർട്ടപ് കോൺക്ലേവ്, പ്രഭാഷണങ്ങൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ശാസ്ത്രസദസ്സ്, ശാസ്ത്രജ്ഞന്മാരുമായുള്ള കുട്ടികളുടെ സംവാദവം തുടങ്ങിയവയും ഉണ്ടായിരുന്നു.
ഫെബ്രുവരി 7 മുതൽ 10 വരെ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ നടന്ന സയൻസ് കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ധവിശ്വാസങ്ങളെ ശാസ്‌ത്രത്തിനു മുകളിൽ പ്രതിഷ്‌ഠിക്കാനുള്ള ശ്രമങ്ങളെ ശാസ്‌ത്രലോകവും സമൂഹവും ശക്തമായി ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്യൂഡോ സയൻസിന്റെ വക്താക്കളായി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള ചിലർ മാറുന്നത് അപകടകരമായ അവസ്ഥയാണ്. ശാസ്‌ത്ര സാങ്കേതികരംഗത്തെ നേട്ടങ്ങൾ സാധാരണക്കാരിൽ എത്തിക്കുന്നതിനും നാടിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതിനും കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ രാജനടക്കമുള്ളവർ സന്നിഹിതരായി.
ദേശീയ ശാസ്ത്ര പ്രദർശനം
ശാസ്ത്രവിസ്മയങ്ങൾ കണ്ടറിയാനും സംശയങ്ങൾ ദുരീകരിക്കാനുമുള്ള മികച്ച ഇടമായിരുന്നു ദേശീയ ശാസ്ത്രപ്രദർശനം. ഒരു കുടക്കീഴിൽ ദേശീയ, സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളടക്കം 160 സ്റ്റാളുകളാണ് അണിനിരന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു. വിദ്യാർഥികളടക്കം ആയിരങ്ങളാണ് പ്രദർശനം കാണാനെത്തിയത്. സംശയങ്ങൾ ദുരീകരിക്കാനും കൂടുതലറിയാനും സാധ്യതകളെന്തെന്ന് മനസ്സിലാക്കാനുമുള്ള അവസരമായിരുന്നു യുവാക്കൾക്ക്. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട മുതലുള്ള ശാസ്ത്ര നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്ന വിഎസ്‌എസ്‌സി സ്റ്റാളും ശ്രദ്ധിക്കപ്പെട്ടു.
സ്റ്റാർട്ടപ് കോൺക്ലേവ്
വലിയ തൊഴിൽ സാധ്യതകൾ തുറന്ന് സംസ്ഥാനത്ത് സ്‌റ്റാർട്ടപ്പുകൾ വളരുകയാണ്. സമീപകാലത്തെ ഈ മാറ്റം പുതുതലമുറയിൽ സൃഷ്ടിക്കുന്ന ചലനം ചെറുതല്ല. സംരംഭകത്വ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടപ് കോൺക്ലേവിൽ ‘കേരളത്തിലെ ഗവേഷണാധിഷ്ഠിത സംരംഭകാന്തരീക്ഷം' വിഷയത്തിൽ ഗൗരവമേറിയ പാനൽ ചർച്ച നടന്നു. ശാസ്‌ത്ര കോൺഗ്രസ് വേദിയിൽ ഇത്തരമൊരു സെഷൻ ആദ്യമാണ്. രാജ്യത്തുതന്നെ ആദ്യമായി സ്റ്റാർട്ടപ് നയം രൂപീകരിക്കാനും നവീന സംരംഭകത്വത്തിന് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതിയും വികസിപ്പിച്ചതിലൂടെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദ സംവിധാനമായി കേരളം മാറിയിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സ്റ്റാർട്ടപ് നയം രൂപീകരിച്ചതും നവീന സംരംഭകത്വത്തിന് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതിയും വികസിപ്പിച്ചതും കേരളത്തിന് ഗുണകരമായിട്ടുണ്ട്. കൃഷി, ബയോടെക്‌നോളജി, സുസ്ഥിര ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഗവേഷണാധിഷ്ഠിത സംരംഭങ്ങൾക്ക് കൂടുതൽ സാധ്യതകളുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. കേരള സ്റ്റാർട്ടപ് മിഷനും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റും തമ്മിലുള്ള സാങ്കേതിക സഹകരണ കരാർ കൈമാറ്റവും നടന്നു.
തലമുറകളുടെ സംവാദം
ശാസ്ത്രജ്ഞരും ബിരുദാനന്തര വിദ്യാർഥികളും ഗവേഷകരും പങ്കെടുത്ത ശാസ്‌ത്ര കോൺഗ്രസിലെ സംവാദ പരിപാടി മാറുന്ന തലമുറയുടെ ആഴത്തിലുള്ള ചിന്തകളുടെ വേദിയായിരുന്നു. കാലം മാറുന്നതനുസരിച്ച് വിദ്യാഭ്യാസമേഖല പരിഷ്‌കരിക്കണമെന്നും പുതുതലമുറ കോഴ്സുകളെ സ്വാഗതം ചെയ്യുന്ന നയം രൂപീകരിക്കണമെന്നുമുള്ള ആശയത്തിന് എല്ലാവരും പിന്തുണ നൽകി. ഈ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ അവർ സ്വാഗതം ചെയ്‌തു. തെരഞ്ഞെടുത്ത 35 സ്കൂൾ വിദ്യാർഥികൾക്ക് ശാസ്ത്രജ്ഞന്മാരുമായി സംവദിക്കുന്നതിനും അവസരം ഉണ്ടായി. പ്രഭാത സവാരിക്കൊപ്പമായിരുന്നു സംവാദം എന്നതും പ്രത്യേകത. ബഹിരാകാശ ശാസ്‌ത്രജ്ഞൻ എം സി ദത്തൻ, ഡോ. സത്യഭാമ ദാസ് ബിജു, ഡോ. സിന്ധു, ഡോ. അനിൽകുമാർ, ഡോ. എം ജി നായർ, ഡോ. സുരേഷ് ദാസ് തുടങ്ങിയവരാണ് കുട്ടികളുമായി സംവദിച്ചത്. സമൂഹത്തിൽ ശാസ്‌ത്രാവബോധം വളർത്തേണ്ടതിന്റെ അനിവാര്യതയാണ് ശാസ്‌ത്രജ്ഞർ ഉയർത്തിക്കാട്ടിയത്.
0 comments