print edition ക്യൂബൻ മേമി സപ്പോട്ട മുതൽ നൂറിനം ഓറഞ്ചുകൾ വരെ; രുചിപ്പെരുമയുമായി കിരണിന്റെയും സുവിജയുടെയും 'കീ ഫാം'

വി ജെ വർഗീസ്
Published on Sep 13, 2026, 01:30 AM | 2 min read
മേമി സപ്പോട്ട കഴിച്ചിട്ടുണ്ടോ... മക്‌ഡാമിയ? ജബോട്ടിക്കാബ, കെപ്പൽ... മട്ടോവ? വെറും ഫ്രീക്കൻ പേരുകളല്ല ഇവ. ലോകത്തിൽ രുചിപ്പെരുമയിലും ഗുണമേന്മയിലും മുന്നിൽ നിൽക്കുന്ന വിദേശപഴങ്ങളാണ്. എന്നുവച്ച് ഇവ കഴിക്കാൻ വിദേശത്ത് പോകാൻ പറ്റുമോ? വേണ്ട; ദാ അത് ഇവിടെയുണ്ട്. വയനാട്ടിലെ മുട്ടിൽ കൊളവയൽ നന്തുണിയിലെ ‘കീ ഫാമി’ൽ. വരൂ... വിദേശികളാൽ സന്പന്നമാണീ മണ്ണ്.
ആറേക്കർ തോട്ടത്തിനു നടുവിലൊരു വീട് അതാണ് കിരൺ–സുവിജ ദന്പതികളുടെ ‘കീ ഫാം’. ഇവിടെ വന്നാൽ അറന്നൂറിലധികം വിദേശപഴങ്ങൾ കാണാം അറിയാം... സ്വദേശികൾ വേറെയുമുണ്ട്. വിദേശഫലങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ തോട്ടങ്ങളിലൊന്ന്. കീ ടു ദ വേൾഡ് ഓഫ് ഫ്രൂട്ട്‌സ് എന്ന ടാഗ് ലൈൻപോലെ പഴങ്ങളുടെ അത്ഭുതലോകമാണ് ഇവർ നമുക്കായി തുറന്നുവയ്ക്കുന്നത്.
ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം, തയ്‌വാൻ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അമേരിക്ക, ക്യൂബ, സ്‌പെയ്‌ൻ, ഇസ്രയേൽ, മെക്‌സിക്കോ, ആഫ്രിക്ക... തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിലെ പഴങ്ങളുടെ രുചിയറിയാം. 365 ദിവസവും പഴംനിറയുന്നൊരു തോട്ടം. ഇവിടെ മധുരംതേടി എത്തുന്നവർ മനുഷ്യർമാത്രമല്ല, പക്ഷികളും അണ്ണാറക്കണ്ണനും കുരങ്ങൻപടയുമെല്ലാമുണ്ട്.
പഴവൈവിധ്യങ്ങളുടെ ഉദ്യാനം
ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാബ (മരമുന്തിരി), കംബോഡിയയുടെ റംഡൽ, ആമസോൺ കാടുകളിലെ ഉദാര, ലോകത്തിലെ ഏറ്റവും ചെറിയ വാഴയായ കാവൻഡിഷ്, ഐസ്ക്രീം കോക്കനട്ട്, ഇസ്രയേൽ ഓറഞ്ച്... എണ്ണം നീളും. സംസ്ഥാനത്ത് ആദ്യമായി മഞ്ഞനിറത്തിലുള്ള ജബോട്ടിക്കാബ വിളഞ്ഞത് ഇൗ മണ്ണിലാണ്. പല ഇനങ്ങളുണ്ടിതിന്. പാകിസ്ഥാൻ മൾബെറി, ഓസ്ട്രേലിയൻ സാന്തോൾ, ഒരു പഴം തിന്നാൽ മണിക്കൂറുകളോളം രുചിമുകുളങ്ങളെ സ്വാധീനിക്കുന്ന മിറാക്കിൾ ഫ്രൂട്ടും കുരുവില്ലാ പേരയ്ക്കയുമുണ്ട്.
പഴങ്ങൾ കാണാനും കൃഷി പഠിക്കാനുമായി കിരണും സുവിജയും ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. ഓരോന്നിന്റെയും രുചിയും ഗുണവും മനസ്സിലാക്കി. അപൂർവമായവയെ തോട്ടത്തിലേക്ക് ഏറ്റെടുത്തു. അവയ്ക്കായി മറ്റുള്ളവയേക്കാൾ കുറച്ചധികം ഇടമൊരുക്കി. പഴങ്ങളുടെ മണവും രുചിയും ഇരുവരുടെയും ജീവിതത്തിൽ നിറഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ടായി. വിദേശപഴങ്ങളൊന്നും വിൽക്കാറില്ല. വിത്തെടുത്ത് തൈകളാക്കി നൽകും. പലതിനും മോഹവിലയാണ്.
മേമി സപ്പോട്ട
ക്യൂബയുടെ ദേശീയഫലമായ മേമി സപ്പോട്ടയാണ് കീ ഫാമിലെ താരം. വിപ്ലവമണ്ണിന്റെ ഇഷ്ടഫലവും അഭിമാനവും. എവിടെയാണെങ്കിലും ക‍്യൂബക്കാർ ഇൗ പഴം തേടും. അത്ര ദൃഢമാണ് അവർക്ക് മേമി സപ്പോട്ടയുമായുള്ള ജൈവബന്ധം. ക്യൂബയുടെ ഹൃദയംപോലെ കടും ചുവപ്പിലുള്ള സപ്പോട്ടയാണ് കീ ഫാമിലും വിളയുന്നത്. ഫ്ലോറിഡയിൽനിന്ന് വന്ന സുഹൃത്താണ് മേമിയുടെ വിത്ത് സമ്മാനിച്ചത്.
മുളപ്പിച്ച് 10 വർഷത്തെ പരിചരണത്തിലാണ് പഴം നിറഞ്ഞത്. കീ ഫാമിന്റെ കവാടത്തിൽത്തന്നെ വലിയ മരമായി. തണ്ട് മരത്തിൽവച്ചുതന്നെ ഗ്രാഫ്‌റ്റ് ചെയ്‌ത് തൈകളാക്കുകയാണ്. ചുറ്റും ഇരുന്പുതൂണുകൾകൊണ്ട് സ്ഥാപിച്ച സ്റ്റാൻഡിനുമുകളിൽ കയറിയാണ് തെങ്ങോളം വലിപ്പമുള്ള മരത്തിലെ ഗ്രാഫ്‌റ്റിങ്. മെക്‌സിക്കോയിലും മധ്യഅമേരിക്കയിലും കരീബിയയിലുമെല്ലാം മധുരം പൊഴിക്കുന്ന മേമി സപ്പോട്ട കേരളത്തിന്റെ മണ്ണിലും വേരാഴ്‌ത്തുമെന്നും ഇവർ തെളിയിക്കുന്നു.
നൂറിനം ഓറഞ്ച്
ഓറഞ്ചിന്റെ നൂറിനമാണ് ഇപ്പോൾ കിരണിന്റെയും സുവിജയുടെയും സ്വപ്‌നം. എൺപതിലധികം കായ്‌ച്ചുതുടങ്ങി. ഇന്ത്യയിലെ എല്ലാ ഇനങ്ങളുമുണ്ട്. നൂറിലേക്ക് എത്താനുള്ള അന്വേഷണത്തിലും യാത്രയിലുമാണ്. സിയാം റൂബി, ബാങ്‌മോഡ്, വെരിഗേറ്റഡ് മുസംബി, കട്ടർവാൾ വാലൻസിയ, ഒലിന്റ വാലൻസിയ, തായ് സീറ്റ് ബുഷ് ഓറഞ്ചിന്റെ വൈവിധ്യങ്ങൾ അങ്ങനെപോകുന്നു. സംസ്ഥാനത്ത് ഒരിടത്തും നൂറിനം ഓറഞ്ചുകളുടെ ശേഖരമില്ലെന്നും കിരൺ പറയുന്നു.
മധുരമീജീവിതം
പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷകനായിരുന്ന അച്ഛൻ വി കെ ചന്ദ്രശേഖരന്റെ പാതയിലാണ് കിരണും കൃഷിയിലേക്ക് എത്തിയത്. 15–ാംവയസ്സിൽ കിരൺ കൃഷി തുടങ്ങി. നെല്ലും കാപ്പിയും കുരുമുളകുമെല്ലാമായിരുന്നു ആദ്യം. പഴങ്ങളോട് കൂട്ടായതോടെ മറ്റെല്ലാം ഉപേക്ഷിച്ചു.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ള സുവിജ അധ്യാപകജോലി ഉപേക്ഷിച്ചാണ് പഴങ്ങളുടെ ലോകത്തേക്കെത്തിയത്. മക്കളായ ഋതുനന്ദയും ഋഷികേശും കൂട്ടിനുണ്ട്. ഒഴിവുസമയങ്ങളിൽ ഇവരും അച്ഛനും അമ്മയ്ക്കുമൊപ്പം തോട്ടത്തിലാണ്. തങ്ങളെപ്പോലെ പഴം കഴിക്കാൻ ഭാഗ്യം ലഭിച്ചവരില്ലെന്ന് ഋതുനന്ദയും ഋഷികേശും പഴച്ചാറിന്റെ മധുരത്തിൽ പറയുന്പോൾ, കീ ഫാമിലെ പഴങ്ങൾ സന്തോഷംകൊണ്ട് പൊട്ടിച്ചിരിക്കുന്നു.










0 comments