ad
Deshabhimani

തീർന്നു ദാഹം

kasargod story bavikkara.jpg
avatar
വിനോദ്‌ പായം

Published on Jan 25, 2026, 09:27 AM | 2 min read

കാസർകോട്‌ നഗരം രൂപപ്പെട്ട കാലംമുതലുള്ള കഥയാണ്‌. 15 കിലോമീറ്റർ അപ്പുറം ബാവിക്കരയിലെ പയസ്വിനി പുഴയിൽനിന്നാണ്‌ നഗരത്തിന്‌ വെള്ളം. ജനുവരിയോടെ, വെള്ളം സംഭരിക്കാൻ പുഴയിൽ മണൽച്ചാക്കിട്ട്‌ ബണ്ടുകെട്ടും. ബണ്ടുനിർമാണത്തിന്‌ എല്ലാവർഷവും കരാർ നൽകുകയാണ്‌ പതിവ്‌. അതിന്‌ വർഷംതോറും 10 ലക്ഷത്തോളം ചെലവിട്ടു. മഴക്കാലംവരെ നഗരത്തിനും സമീപ പഞ്ചായത്തിനുമുള്ള വെള്ളം ഇതിൽനിന്ന്‌ പന്പുചെയ്യും. വേനൽ കടുക്കുന്പോൾ ഫെബ്രുവരി കഴിയുന്നതോടെ, ജലനിരപ്പ്‌ താഴും. നീരൊഴുക്ക്‌ കുറഞ്ഞ്‌ ഉപ്പുവെള്ളം കയറും. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഉപ്പുവെള്ളമാകും നഗരത്തിൽ; കുടിക്കാനും കുളിക്കാനും. മെയ്‌ മാസമാകുന്പോഴേക്കും വെള്ളം തനി ഉപ്പുകട്ടയാകും. ഇതോടെ നഗരത്തിലെ താമസംതന്നെ ദുസ്സഹമാകും.


ചിലർ ബന്ധുവീടുകളിൽ അഭയംതേടും. ഉപ്പളവ്‌ കൂടുതലുള്ള വെള്ളം കുടിക്കുന്നതോടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ വേറെയും. മഴയെത്തിയാൽ താൽക്കാലിക ചാക്കുതടയണ കുത്തിയൊലിച്ചുപോകും. 10 ലക്ഷത്തിന്റെ മണൽച്ചാക്കുകൾ പുഴയുടെ ഒഴുക്ക്‌ തടഞ്ഞ്‌ ശ്വാസംമുട്ടിക്കും. എല്ലാ വർഷവും, അടുത്തവർഷം ശരിയാകുമെന്ന സർക്കാരിന്റെയും നഗരസഭയുടെയും പതിവുപല്ലവി. കാലം കടന്നു. നാലുപതിറ്റാണ്ടത്തെ നാടിന്റെ ചരിത്രം പതിയെ മാറുന്നു. ‘എല്ലാം ശരിയാകും; അതുറപ്പാണ്‌’ എന്ന്‌ വെറുതെ പറഞ്ഞതായിരുന്നില്ല. 2016ൽ കാസർകോടിന്റെ ഉപ്പുവെള്ളപ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം തേടി. കാസർകോട്‌ എംഎൽഎ എൻ എ നെല്ലിക്കുന്ന്‌, ഉദുമയിലെ അന്നത്തെ എംഎൽഎ കെ കുഞ്ഞിരാമൻ എന്നിവരുടെ നേതൃത്വത്തിൽ കിഫ്‌ബി സഹായം തേടി. 35 കോടി രൂപ ചെലവിട്ട്‌, നാടിന്റെ ദാഹം മാറ്റാൻ കിഫ്‌ബി പദ്ധതികൾ ആസൂത്രണം ചെയ്‌തു. ജില്ലയുടെ ചരിത്രത്തോളം പഴക്കമുള്ള കുടിവെള്ളപ്രശ്‌നം എന്നന്നേക്കുമായി ബാവിക്കര പദ്ധതിയിലൂടെ പരിഹാരമായി. പയസ്വനി പുഴയുടെയും കരിച്ചേരി പുഴയുടെയും സംഗമസ്ഥലത്ത് മനോഹരമായ റഗുലേറ്ററായിരുന്നു പദ്ധതി. 1992ലാണ് ബാവിക്കരയിൽ സ്ഥിരം തടയണ എന്ന ആവശ്യമുയരുന്നത്. തൊട്ടടുത്ത വര്‍ഷം 98 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കി. പലതുംപോലെ അതും ഇഴഞ്ഞു.


ചുവപ്പുനാടയിൽ എല്ലാ വർഷവും കരാറുകാർ ഇരുന്ന്‌ ഉ‍ൗഞ്ഞാലാടി. പിന്നീട് പണി തുടങ്ങിയത് 2005ലാണ്. എന്നിട്ടും കിഫ്‌ബി വരുവോളം ഒന്നും സംഭവിച്ചില്ല. 15 കൊല്ലത്തിനിടെ മൂന്നു കരാറുകാരാണ് ബാവിക്കര പദ്ധതിയുടെ നിര്‍മാണത്തില്‍ ഇടപെട്ടത്. നിര്‍മാണത്തിലെ പാകപ്പിഴകളും അനാസ്ഥയും കാരണം രണ്ടുതവണ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച പദ്ധതിയാണിത്‌. ഒടുവില്‍ കിഫ്‌ബി ഇടപെടലിൽ 2018 ഒക്‌ടോബറില്‍ തുടങ്ങിയ പദ്ധതിയാണ് നാടിന്റെ ദാഹം എന്നന്നേക്കുമായി തീർത്തത്‌. 2021ൽ പദ്ധതി നാടിന്‌ സമർപ്പിച്ചു. 120 മീറ്റര്‍ നീളവും നാലു മീറ്റര്‍ ഉയരവുമുള്ള റഗുലേറ്ററാണ്‌ പണിതത്‌. 250 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാം. കാസർകോട്‌ നഗരസഭ, ചെർക്കള, മധൂർ, മൊഗ്രാൽ പുത്തൂർ, ചെമ്മനാട്‌, മുളിയാർ പഞ്ചായത്ത്‌ ഉൾപ്പെടെയുള്ള പ്രദേശത്ത്‌ ലക്ഷം വീട്ടുകാരുടെ ദാഹമാണ്‌ കിഫ്‌ബി ഇടപെടലിൽ എന്നന്നേക്കുമായി പരിഹരിച്ചത്‌. മാത്രമോ ബേഡഡുക്ക, പള്ളിക്കര പഞ്ചായത്തുകൾക്ക്‌ ജലസമൃദ്ധിയേകിയാണ്‌ കരിച്ചേരി, പയസ്വിനി പുഴകൾ ഒഴുകുന്നത്‌. തടയണ വന്നതോടെ ജലസമൃദ്ധി കൂടി. തീരത്തെ അടയ്‌ക്കാത്തോട്ടത്തിൽ പഴുക്കടക്കകൾ വൈഡൂര്യംപോലെ തിളങ്ങി. നെൽക്കതിരുകൾ തലയാട്ടി താളമിട്ടു. ഫെബ്രുവരിയോടെ കുട്ടികൾ ക്രിക്കറ്റ്‌ കളിച്ച പുഴയിപ്പോൾ, മെയ്‌മാസത്തിലും മൂന്നു മീറ്ററോളം ഉയരത്തിൽ വെള്ളമുള്ള അസ്സൽ നീന്തൽക്കുളമാണ്‌.


വരൂ, കാണാൻ വരൂ - സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ


മനോഹരമായ കുന്നുകൾ അതിരിട്ട ബാവിക്കരയിലാണ്‌ റഗുലേറ്ററുള്ളത്‌. ഇവിടെ ടൂറിസം പദ്ധതിക്കും വലിയ സാധ്യതയുണ്ട്‌. 4.70 കോടി രൂപയ്ക്ക് തിരുവനന്തപുരത്തുള്ള ബാങ്കേഴ്‌സ് കണ്‍സ്ട്രക്‌ഷന്‍ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ടെൻഡർ ഏറ്റെടുത്തിട്ടുണ്ട്‌. സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി തുക അനുവദിച്ചിരുന്നു. മുളിയാര്‍ വില്ലേജിലെ ബാവിക്കരയിൽ 44.5 സെന്റ് പുഴ പുറമ്പോക്കുഭൂമി 2023ല്‍ വിനോദസഞ്ചാരവകുപ്പിന് കൈമാറിയതാണ്‌. ഇതിനുപുറമെ പദ്ധതിപ്രദേശത്തിനുസമീപം 50 സെന്റോളം ഭൂമി സ്വകാര്യവ്യക്തിയും സ‍ൗജന്യമായി നൽകി. ഇവിടെയാണ്‌ ടൂറിസം പദ്ധതി തയ്യാറാകുന്നത്‌. ​കുട്ടികള്‍ക്കുള്ള പാർക്ക്‌, ഇരിപ്പിടം, നടപ്പാത, ശുചിമുറികള്‍, പാര്‍ക്കിങ്‌ ഏരിയ, ബോട്ടിങ്‌ തുടങ്ങിയവയാണ് ആദ്യഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാംഘട്ടത്തില്‍ ബാവിക്കരയില്‍നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്നതരത്തില്‍ ഗ്ലാസ് പാലവും വിഭാവനം ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home