ad
Deshabhimani

​ഗോൾഡൻ ജൂബിലി ആഘോഷത്തിലേയ്ക്ക്

print edition ഗോൾഡൻ പാൽ; കണ്ണൂരിന്റെ ജനതാപാൽ ​

Janatha Milk
avatar
വിനോദ്‌ പായം

Published on Apr 26, 2026, 12:01 AM | 4 min read

​ജനതാവിപ്ലവം


കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ പാൽവിതരണക്കടകളിൽ ചെന്ന്‌ പാലുണ്ടോ എന്നല്ല നാട്ടുകാർ ചോദിക്കുക, ജനതയുണ്ടോ എന്നാണ്‌. അത്രയ്‌ക്കും പാലിന്റെ പര്യായമായി മാറിയിട്ടുണ്ട്‌ ഉത്തരമലബാറിൽ ജനത. നാട്ടിലെ പശുവളർത്തുകാരിൽനിന്ന്‌ പാൽ വാങ്ങി, സൈക്കിളിൽ മണിമുഴക്കി വീടുകളിലെത്തിച്ചും പിന്നീട്‌ ചെറിയ പാക്കറ്റുകളിലാക്കിയും വിറ്റുതുടങ്ങിയ വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റിയുടെ ജനതാപാലിന്‌ സുവർണജൂബിലി വർഷമാണിത്‌. ഡെയറി ഫാം ടൂറിസം അടക്കമുള്ള വൈവിധ്യമാർന്ന മേഖലയിലേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ ഇ‍ൗ ജനകീയസ്ഥാപനം.


അമ്പതുവർഷംമുമ്പ് 50 ലിറ്റർ പാലളന്ന്‌ തുടങ്ങിയ പ്രസ്ഥാനമിന്ന്‌ 120 കോടി വിറ്റുവരവുള്ള സ്ഥാപനമായിമാറി. ദിവസം 60,000 ലിറ്റർ പാലാണ്‌ വിപണിയിൽ എത്തിക്കുന്നത്‌. നേരിട്ടും അല്ലാതെയും 10,000 കുടുംബങ്ങളുടെ ജീവിതത്തിൽ പാലൊളിവീശുകയാണ്‌ സ്ഥാപനമിന്ന്‌. ഏഴിമല നാവിക അക്കാദമിമുതൽ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വിദൂര ഗ്രാമങ്ങളിൽവരെ എല്ലാ സുപ്രഭാതത്തിലും ജനതയുടെ പാലൊളിവിശുന്നു. തൃശൂർവരെ 7000 ഏജൻസികൾ സ്ഥാപനത്തിനുണ്ട്‌. പാൽ കൂടാതെ പേട, ഐസ്‌ക്രീം, ലസ്സി, മോര്‌, നെയ്യ്‌ എന്നിവയും വിതരണത്തിനുണ്ട്‌. ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള നെയ്യ്‌ കയറ്റുമതിയിൽ മിൽമയോളംതന്നെ പ്രിയമാണ്‌ വെള്ളൂർ ജനതയ്‌ക്കും.


​അതിജീവന വിപ്ലവം


ബീഡി, ഓട്‌, കൈത്തറി തുടങ്ങിയ പരന്പരാഗതവ്യവസായവും കൃഷിയും മാത്രം പരിചയമുള്ള കാലം. നാട്‌ അതിജീവനത്തിനായി പലതരം ആലോചനകൾ നടത്തുന്ന കാലം. എഴുപതുകളുടെ പകുതിയിൽ അടിയന്തരാവസ്ഥയിൽ നാട്‌ നിന്നുവേവുന്ന കാലം. നട്ടെല്ലുള്ള രാഷ്ട്രീയചിന്തകളെയാകെ പിടിച്ച്‌ ജയിലിൽ തള്ളുന്ന പൊള്ളുന്ന കാലം. അതിനിടയ്‌ക്കാണ്‌ ക്ഷീരമേഖലയിൽ കർഷകരെ ആകർഷിക്കാനായി ചെറുകിട കർഷക വികസന ഏജൻസിയുടെ സബ്‌സിഡി പദ്ധതി വരുന്നത്‌. കറവുമാടിന്റെ മൂന്നിലൊരു ഭാഗം ബാങ്ക്‌ സബ്‌സിഡി നൽകുന്നതാണ്‌ പദ്ധതി. ആർക്ക്‌ എങ്ങനെ കൊടുക്കുന്നു, എവിടെ കിട്ടുന്നു, ആരാണ്‌ അർഹർ എന്നൊക്കെയുള്ള ചർച്ചകൾക്കിടയിലാണ്‌ പയ്യന്നൂരിലെ ഒരുകൂട്ടം സഹകാരികൾ ഇടപെട്ട്‌, ഇന്നത്തെ വെള്ളൂർ സർവീസ്‌ സഹകരണ ബാങ്ക്‌ വഴി 20 പേർക്ക്‌ പശുവായ്‌പ ലഭ്യമാക്കുന്നത്‌. അന്ന്‌ പാൽ ശേഖരിക്കാൻ വിപുലമായ സ‍ൗകര്യമുള്ള സൊസൈറ്റിയില്ല. പാൽസംസ്‌കരണം എന്നത്‌ കേട്ടിട്ടേയില്ല. ചുരത്തുന്ന പാൽ പയ്യന്നൂരിൽ വിൽക്കാൻ കഴിയാത്ത രാഷ്ട്രീയകാലാവസ്ഥ മൂത്തുവന്ന കാലം. പയ്യന്നൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ പരിധിയിൽ മറ്റൊരു ക്ഷീരസംഘം തുടങ്ങാൻ പറ്റാത്ത സാങ്കേതികത്വം. കറന്ന പാൽ കർഷകർതന്നെ ശേഖരിച്ച്‌ മംഗളൂരുവിലേക്ക്‌ അയച്ച്‌ അൽപ്പകാലം പിടിച്ചുനിന്നു. അപ്പോഴേക്കും നാട്‌ അടിയന്തരാവസ്ഥയിലേക്ക്‌ കടന്നു. അവിടെയും തോറ്റുകൊടുക്കാൻ വെള്ളൂരുകാർ തയ്യാറായില്ല. കടക്കാരായ ക്ഷീരകർഷകരെ സഹായിക്കാൻ സിപിഐ എം ആലോചന നടത്തി. പി പി ഭാസ്‌കരൻ, കെ ചന്തൻകുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ, ഇ ഭാസ്‌കരൻ മാനേജിങ്‌ പാർട്‌ണറായി 1976ൽ ജനത അഗ്രികൾച്ചറൽ ആൻഡ്‌ ഡെയറി ഫാം രൂപീകരിച്ചു.


19 പേരിൽനിന്ന്‌ 100 രൂപവീതം ശേഖരിച്ച്‌ മൂലധനം സ്വരൂപിച്ചു. 50 ലിറ്റർ പാൽ ദിവസവും അളന്നു. സൈക്കിളിൽ നാട്ടിലെ ഹോട്ടലിലും വീടുകളിലും എത്തിച്ച്‌ വിപണി പിടിച്ചു. രണ്ടുവർഷം കഴിഞ്ഞ്‌ ജനത ഡെയറി ഫാം, ജനത ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്‌തു. വെള്ളൂരിൽ തുടങ്ങി പയ്യന്നൂരിലേക്ക്‌ വളർന്ന്‌ ഉത്തരകേരളമാകെ പടർന്ന, പാൽനേരുള്ള ജനതയുടെ വിജയക്കുതിപ്പ്‌ അവിടെ തുടങ്ങുന്നു.

ധവളവിപ്ലവം


1998ലെ ജനകീയാസൂത്രണ കാലം. പയ്യന്നൂർ നഗരസഭയിൽനിന്ന്‌ ലഭിച്ച എട്ടുലക്ഷം രൂപയുടെ സഹായത്തോടെ അരക്കോടി ചെലവിൽ വെള്ളൂരിൽ ദേശീയപാതയോരത്ത്‌ പാൽസംസ്കരണശാല തുടങ്ങിയത്‌ ജനതയുടെ വഴിത്തിരിവായി. നിലവിൽ 1500 കർഷകരിൽനിന്ന്‌ ഉൾപ്പെടെ, എല്ലാ ദിവസവും ഉദ്ദേശം 60,000 ലിറ്റർ പാൽ ശേഖരിച്ച് സംസ്കരിച്ച് കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മുഴുവൻ എത്തിക്കുന്ന സ്ഥാപനമാണിത്‌. തൃശൂർവരെ 7000 ഏജന്റുമാരും ജനതയ്‌ക്കുണ്ട്‌. ഓഫീസിൽ നേരിട്ട്‌ ജോലി ചെയ്യുന്ന 98 ജീവനക്കാരുടേത്‌ ഉൾപ്പെടെ പതിനായിരത്തോളം കുടുംബങ്ങളിലേക്കുകൂടി ജീവിതവെളിച്ചം വീശുകയാണ്‌ വെള്ളൂർ ജനത.


2018ൽ ദേശീയപാതയോരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത ഹൈടെക് കെട്ടിടത്തിൽ, പാൽ പാക്കറ്റ്‌ ചെയ്യൽ, ഐസ്‌ക്രീം, പേട, മോര്‌ നിർമാണ ഫാക്ടറികളും ക്വാളിറ്റി പരിശോധനാ ലാബും പ്രവർത്തിക്കുന്നു. ജനതയ്‌ക്കായി പാലളക്കുന്ന കർഷകർക്കെല്ലാം ചികിത്സാപദ്ധതി ഏർപ്പാടാക്കിയ സൊസൈറ്റികൂടിയാണിത്‌. 60 കഴിഞ്ഞ കർഷകർക്ക്‌ മാസം 700 രൂപ പെൻഷനും നൽകുന്നു. നിലവിൽ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ 650 പേർക്കാണ്‌ മാസംതോറും പെൻഷൻ കിട്ടുന്നത്‌. ഇതോടൊപ്പം വിഷു, ഓണം നാളുകളിൽ ലിറ്ററിന്‌ രണ്ടു രൂപ ഇൻസെന്റീവും സമ്മാനിക്കും. 60,000 രൂപവരെ ഇൻസെന്റീവ്‌ വാങ്ങുന്ന ക്ഷീരകർഷകർ ജനതയ്‌ക്കായി അഭിമാനപൂർവം പ്രവർത്തിക്കുന്നു.

പാലളക്കുന്ന എല്ലാ ക്ഷീരകർഷകരെയും കുടുംബങ്ങളെയും ചേർത്ത്‌ വിപുലമായ ആരോഗ്യപദ്ധതിയുമുണ്ട്‌. ഹൃദയസംബന്ധമായ അസുഖം, അർബുദം, കരൾരോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയ്‌ക്ക്‌ കേരളത്തിലെ ഏത്‌ ആശുപത്രിയിൽ ചികിത്സ തേടിയാലും 25 ശതമാനം ചികിത്സാചെലവ്‌ അവർക്ക്‌ നേരിട്ട്‌ നൽകും.


പശുവിപ്ലവം


പുതിയ തലമുറയെ ക്ഷീരമേഖലയിലേക്ക്‌ കൈപിടിച്ചുയർത്താനും സവിശേഷ ശ്രദ്ധയുണ്ട്‌ ജനതയ്‌ക്ക്‌. പുതിയ കർഷകന്‌ തൊഴുത്തുണ്ടാക്കാൻ 15,000 രൂപ സൊസൈറ്റി നൽകും. കേരള ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിയ ക്ഷീരസമൃദ്ധി പദ്ധതിയിൽ, എടുത്ത വായ്‌പയുടെ പലിശ പൂർണമായും ജനത സൊസൈറ്റി നൽകും. വായ്‌പയുടെ 25 ശതമാനം നബാർഡ് വഴി സംഘടിപ്പിച്ച്‌ നൽകും. ഇത്തരത്തിൽ നൂറോളം കർഷകരുടെ പലിശ സൊസൈറ്റി ഇപ്പോഴും അടയ്‌ക്കുന്നുണ്ട്‌.


പശു ചത്താൽ കിട്ടുന്ന ഇൻഷുറൻസിനുപുറമെ 8000 രൂപ സൊസൈറ്റിയിൽനിന്ന്‌ നൽകും. തീറ്റപ്പുൽ കൃഷിക്കായി തൈ വിതരണംമുതൽ ക്ഷീരമേഖലയിലെ വിദഗ്‌ധരെ എത്തിച്ച്‌ ക്ലാസ്‌ നൽകൽവരെയുള്ള സമഗ്ര ഇടപെടൽ ഒരു കർഷകജനതയ്‌ക്കുമേൽ ജനത സൊസൈറ്റി നിരന്തരം നടത്തുന്നു. കഴിഞ്ഞ രണ്ടു പ്രളയകാലത്തും സ്വന്തം ക്ഷീരകർഷകരെ ചേർത്തുപിടിച്ച പാരന്പര്യവും ജനതയ്‌ക്ക്‌ സ്വന്തം. സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റിയ മാടുകൾക്ക്‌ സ‍ൗജന്യമായി കാലിത്തീറ്റ നൽകിയാണ്‌ സൊസൈറ്റി കർഷകരെ സംരക്ഷിച്ചത്‌.


​നാടിന്റെ മുന്നേറ്റത്തിൽ പുരോഗമനപ്രസ്ഥാനങ്ങൾക്കൊപ്പം കൈപിടിച്ചുനടക്കുകയാണിപ്പോൾ ജനത സൊസൈറ്റി. കൊടിയ വേനലിൽ നാട്‌ വെന്തുരുകുന്പോൾ 60 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിച്ച്‌ ശുദ്ധീകരിച്ച്‌ കിണറിൽ റീചാർജ്‌ ചെയ്യുന്ന സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇതോടൊപ്പം ഫാക്ടറിയിൽനിന്ന്‌ പുറന്തള്ളുന്ന മലിനജലം ശുചീകരിക്കാൻ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുമുണ്ട്‌. മലിനജലം, കുടിക്കാൻവരെ പാകത്തിലുള്ള ശുദ്ധജലമാക്കുകയാണിവിടെ.


കണ്ണൂർ ജില്ലയിലെ സാന്ത്വനപരിചരണ കേന്ദ്രമായ ഐആർപിസിസിയുടെ പയ്യന്നൂർ സോണൽ കമ്മിറ്റിക്ക്‌ 15 ലക്ഷം രൂപ വിലയുള്ള ആംബുലൻസ്‌ കൈമാറിയും ജനത, ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറ്റൊരു മാതൃക കാട്ടി. പാലുപോലെ വ്യാജമില്ലാത്ത പ്രവർത്തനം ഭക്ഷണത്തിൽമാത്രമല്ല; ജീവിതത്തിന്റെ കരുതലിലും കാട്ടിത്തരികയാണ്‌ ജനതയുടെ സംഘാടകർ.


വൈവിധ്യവിപ്ലവം


ജനകീയ കൂട്ടായ്‌മയിൽ സ്ഥാപിച്ചൊരു സംരംഭം, എല്ലാവരെയും കൂട്ടുപിടിച്ച്‌ ഇത്രമാത്രം വിജയകരമായി കേരളത്തിൽ മുന്നേറുന്ന സ്ഥാപനങ്ങൾ കുറവാണ്‌. ചെറുകിട വ്യവസായ മേഖലയിൽ അതും സാധ്യമാണ്‌ എന്നതാണ്‌ ഗോൾഡൻ ജൂബിലിക്കാലത്ത്‌ ജനത ചാരിറ്റബിൾ സൊസൈറ്റി കാട്ടിത്തരുന്നത്‌. 50–ാംവർഷത്തിലെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വിപുലമായ ഡെയറി ഫാമാണ്‌ ജനത ഇനി സ്ഥാപിക്കുന്നത്‌. അരവഞ്ചാലിൽ സൊസൈറ്റി വാങ്ങിയ പത്തേക്കർ ഭൂമിയിൽ, തുടക്കത്തിൽ 200 പശുക്കളുള്ള ഫാമാണ്‌ തയ്യാറാകുന്നത്‌. ഇവിടെ കർഷകർക്ക്‌ പരിശീലനം, പുതിയ തലമുറയിലെ കർഷകർക്ക്‌ ഗൈഡൻസ്‌ ക്ലാസ്‌, കുട്ടികൾക്കുള്ള പാർക്ക്‌ എന്നിവ തയ്യാറാക്കും.


ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഡിസംബർവരെ തുടരും. അതിനൊപ്പം കർഷകർക്കുള്ള കൂടുതൽ ക്ഷേമപ്രവർത്തനങ്ങളും ആലോചിക്കുമെന്ന്‌ സൊസൈറ്റി പ്രസിഡന്റ്‌ എ വി കുഞ്ഞിക്കണ്ണനും സെക്രട്ടറി ടി ശ്രീജിത്തും പറഞ്ഞു. പയ്യന്നൂരിലെ പുരോഗമനപ്രസ്ഥാനത്തിന്റെ നേതാക്കൾ ഉൾപ്പെടുന്ന 11 അംഗ ഡയറക്ടർബോർഡിനാണ്‌ സൊസൈറ്റിയുടെ ഭരണച്ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home