print edition കണ്‍മണി തിരക്കിലാണ്

കൺമണി
ബി ആർ ശ്രീകുമാർ
Published on May 31, 2026, 12:01 AM | 2 min read
ഇരുകൈകളും ഇല്ലാത്ത കുട്ടി എങ്ങനെ വിദ്യ അഭ്യസിക്കുമെന്നത് വലിയ ഒരു ചോദ്യമായിരുന്നു. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് കൺമണിയുടെ ലോലമ്മ ടീച്ചറാണ്. കാലിൽ ആദ്യമായി പെൻസിൽ വച്ച് എഴുതാനും വരയ്‌ക്കാനും കഴിവുണ്ടെന്ന് മനസ്സിലാക്കിയതും ടീച്ചറാണ്.
വൈകല്യത്തെ ജീവിതവിജയമാക്കുകയാണ് കൺമണി. ഇരുകൈകളും ഇല്ലാതെയായിരുന്നു ജനനം. വൈകല്യമുള്ളതാണെങ്കിലും കൺമണിക്ക് കരുത്തായുള്ളത് കാലുകളാണ്. കൺമണി ഇന്ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംഗീത വിഭാഗം ഗവേഷക വിദ്യാർഥിയാണ്. കൺമണി കൈവയ്‌ക്കാത്ത മേഖല ചുരുക്കമാണ്. മികച്ച ഗായിക, യുടൂബർ, ചിത്രക്കാരി, നെറ്റിപ്പട്ടം, ആലവട്ടം, തിടമ്പ് എന്നിവയുടെ നിർമാണം, വായന, യാത്ര തുടങ്ങി എല്ലാ മേഖലയിലും കൈയൊപ്പ്. സംഗീതം ജീവവായുവാണ്. ഡോ. കെ ആർ ശ്യാമയുടെ മേൽനോട്ടത്തിലാണ് ഗവേഷണം. സംഗീതജ്ഞരായ ലാൽഗുഡി ജി ജയരാമൻ, ഡോ. എം ബാലമുരളീകൃഷ്ണ എന്നിവരുടെ തില്ലാന അവതരണത്തിന്റെ താരതമ്യ പഠനമാണ് ഗവേഷക വിഷയം.
മാവേലിക്കര അറുനുറ്റിമംഗലം അഷ്‌ടപദിയിൽ ശശികുമാർ– രേഖ ദമ്പതികളുടെ മകളായി 2000 ഡിസംബർ 8ന് ജനനം. കൊച്ചാലൂംമൂട്, താമരക്കുളം എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സംഗീത കോളേജിൽനിന്നും റാങ്കോടെ ബിഎ പാസായി. തുടർന്ന്, എംഎ മൂന്നാംറാങ്കോടെ നേടി. പരീക്ഷകൾ എല്ലാം സഹായി ഇല്ലാതെയാണ് എഴുതി ജയിച്ചത്. പത്താം ക്ലാസിൽ പരീക്ഷ കാലുപയോഗിച്ച് എഴുതി വിജയിച്ചത് വലിയ വാർത്തയായി.
കുട്ടിക്കാലത്ത് അമ്മയാണ് കൺമണിയിലെ സംഗീത അഭിരുചി മനസ്സിലാക്കിയത്. പ്രിയംവദയാണ് അദ്യ ഗുരു. ഒമ്പതാം വയസ്സിൽ പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. വീണാചന്ദ്രൻ, വർക്കല സി എസ് ജയറാം, ഡോ. ശ്രീദേവ് രാജഗോപാൽ എന്നിവരുടെ കീഴിലാണ് പിന്നീട് സംഗീതം അഭ്യസിച്ചത്. അഞ്ഞൂറിലധികം വേദികളിൽ കൺമണി ഇതിനകം സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. 2019ൽ രാഷ്‌ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ കാര്യാലയത്തിലും വിശിഷ്‌ടാതിഥിയായി കച്ചേരി അവതരിപ്പിച്ചു. മികച്ച സർഗാത്മക പ്രതിഭയ്‌ക്കുള്ള 2019ലെ ദേശീയ അവാർഡ്, 2015ലെ സംസ്ഥാന സർക്കാർ പുരസ്‌കാരം, ഹെലൻകെല്ലർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി. കൺമണിക്ക് അഭിനയവും സാധ്യമായി. 2016ൽ ചന്ദ്രൻ നരിക്കോട് സംവിധാനംചെയ്ത പാതി എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ് സിനിമയുടെ ചിത്രീകരണം നടക്കുന്നു.
കൺമണി കാലുപയോഗിച്ചാണ് കീ ബോർഡ് പ്രവർത്തിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായും അല്ലാതെയും ക്ലാസെടുക്കുന്നുണ്ട്. ചിത്രരചനയ്‌ക്കും സമയം കണ്ടെത്തുന്നു. ഓർഡർ അനുസരിച്ച് നെറ്റിപ്പട്ടം തയ്യാറാക്കുകയും ചെയ്യുന്നു. കൺമണിയുടെ യുടൂബ് ചാനലിലെ കണ്ടന്റ് പലപ്പോഴും അതിശയപ്പെടുത്തുന്നതും സാഹസികത നിറഞ്ഞതുമാണ്. കൺമണിയുടെ യാത്രാവിവരണങ്ങളും പാചക പരിപാടികളും നിമിഷങ്ങൾക്കുള്ളിൽ ലൈക്കും ഷെയറും കൊണ്ടുനിറയുന്നു.
വൈകല്യങ്ങൾ ഒരു തരത്തിലും ബാധിക്കുന്നില്ല, തലമുടി കെട്ടാനും ഡ്രസ് ചെയ്യുന്നതിനും മാത്രമാണ് സഹായം വേണ്ടത്. ഒറ്റയ്‌ക്കാണ് ഇപ്പോൾ യാത്ര. കൂട്ടുകാരും അധ്യാപകരും നൽകുന്ന സ്‌നേഹപരിചരണവും കരുതലും കരുത്താണെന്ന് കൺമണി പറഞ്ഞു. കൺമണിയുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുടുംബം ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. പിഎച്ച്‌ഡിയുടെ ഭാഗമായുള്ള കൺമണിയുടെ യാത്ര യൂബർ ഓട്ടോ ടാക്‌സിയിലാണ്. സിറ്റിയിലെ പലർക്കും സുപരിചിതയാണ് കൺമണി ഇപ്പോൾ. പിഎച്ച്‌ഡിക്കുശേഷം പിഎസ്‌സി പരീക്ഷ എഴുതി ജോലി കണ്ടെത്തണം. യുട്യൂബ് ചാനൽ മെച്ചപ്പെടുത്തണം. പരിമിതികൾക്കുള്ളിൽനിന്ന് ഡ്രൈവിങ് സ്വായത്തമാക്കണം. അങ്ങനെ അങ്ങനെ കൺമണി തിരക്കിലാണ്.











0 comments