കൃഷി... വിത്ത് മണ്ണറിഞ്ഞ്...
വി ജെ വർഗീസ്
Published on Nov 22, 2026, 01:30 AM | 4 min read
കടുവാകൈയൻ, കരടിക്കാലൻ എന്നൊക്കെ കേട്ടാൽ വയനാട്ടുകാർക്ക് ആവി പറക്കുന്ന കാച്ചിൽ ഓർമവരും. ഇവിടെ ‘ആറാട്ടുപുഴ കണ്ണനും’ ‘മക്കളെ പോറ്റി’യും ചേമ്പാണ്. പച്ചയ്ക്ക് തിന്നാവുന്ന വഴുതനയും ആറുമാസം കേടാകാത്ത തക്കാളിയും ആനച്ചേനയുമൊക്കെ വിളയുന്ന കൃഷിയിടം കണ്ടിട്ടുണ്ടോ. ചുരം കയറിയെത്തിയാൽ രാജ്യത്തെ ഏറ്റവും മികച്ച 10 വിത്ത് സംരക്ഷകരിൽ രണ്ടുപേരെ കാണാം. ഇത്തവണ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട യുവകർഷകൻ സൂരജ് പുരുഷോത്തമനും ഗോത്രകർഷകൻ എൻ കെ ബാബുവും. വിത്തിനങ്ങൾക്കായി കോർപറേറ്റ് കമ്പനികളെ ആശ്രയിക്കേണ്ടിവരുന്ന കാലത്ത് അന്യംനിന്നു പോകുന്നവ സംരക്ഷിച്ച് തലമുറയിലേക്ക് കൈമാറുന്ന ഭൂമിയുടെ നേരവകാശികളെ പരിചയപ്പെടാം
കടുവാ കൈയനും കരടിക്കാലനും എന്താണെന്നറിയാമോ... രണ്ടും കാച്ചിലാണ്... ‘ആറാട്ടുപുഴ കണ്ണ’നൊരു ചേന്പാണ്. പച്ചയ്ക്ക് തിന്നുന്ന വഴുതന കണ്ടിട്ടുണ്ടോ. ആറുമാസം കേടാകാത്ത തക്കാളി. ആനത്തലയോളം വലിയ ചേന... ഒക്കെയുണ്ട് പക്ഷേ, ചുരംകയറി വയനാട്ടിലെത്തണം. വിത്ത് സംരക്ഷകരായ യുവകർഷകൻ സൂരജ് പുരുഷോത്തമനും ഗോത്രകർഷകൻ എൻ കെ ബാബുവുമാണ് ഇൗ ‘രസക്കൂട്ടു’കളുടെ അവകാശികൾ. രാജ്യത്തെ ഏറ്റവും മികച്ച 10 വിത്ത് സംരക്ഷകരിൽ രണ്ടുപേരാണിവർ. കേരളത്തിൽനിന്ന് ഇത്തവണ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതും ഇവർതന്നെ. കിഴങ്ങുവർഗങ്ങളുടെ കാവൽക്കാരായ ഇവരുടെ അത്ഭുതങ്ങൾ അറിയാം.
സ്കൂൾവിട്ട് കൂട്ടുകാർ കളിക്കളങ്ങളിലേക്ക് ഓടുന്പോൾ സൂരജ് അമ്മയുടെ പച്ചക്കറി തോട്ടത്തിലേക്കാണ് ഓടിയിരുന്നത്. തൈകൾക്ക് വളമിട്ട് വെള്ളമൊഴിച്ചു.
മണ്ണറിഞ്ഞായിരുന്നു പഠനം. സ്കൂൾകാലത്തുതന്നെ കർഷക പ്രതിഭയും ജൈവകൃഷിയിൽ സംസ്ഥാന സർക്കാരിന്റെ യങ് അംബാസഡറുമായി. ഇരുപത്തെട്ടാം വയസ്സിൽ 650 ഇനം വിത്തുകൾ സംരക്ഷിച്ചാണ് ഇൗ യുവകർഷകന്റെ അതിശയിപ്പിക്കുന്ന കൃഷിജീവിതം. ബത്തേരി നായ്ക്കട്ടി ചിറക്കന്പത്തെ വീടിനോടു ചേർന്നുള്ള അഞ്ചേക്കർ തോട്ടത്തിൽ വിളയാത്ത പച്ചക്കറികളില്ല. കുട്ടിക്കാലത്ത് അമ്മ നൽകിയ തക്കാളിവിത്ത് പാകി തുടങ്ങിയ യാത്രയിൽ പരമ്പരാഗത ഇനങ്ങൾക്കൊപ്പം പുതിയവ വികസിപ്പിച്ചും സംരക്ഷിക്കുന്നു. പഴവർഗങ്ങൾ, സുഗന്ധവിളകൾ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്.
150 ഇനം തക്കാളി, 70 വീതം വഴുതനയും മുളകും. 20 ഇനം മത്തൻ, തണ്ണിമത്തൻ 25, പാവൽ 10, വാഴ 32, നെല്ല് 15, കിഴങ്ങിനങ്ങൾ 17, ഔഷധസസ്യങ്ങൾ 55, വന്യ ഭക്ഷ്യ ഇലവർഗങ്ങൾ 58... ഇങ്ങനെ നീളുന്നു ആ വൈവിധ്യങ്ങൾ. ഡ്രാഗൺ ഫ്രൂട്ടിന്റെ ഇരുപതും നാരങ്ങയുടെ നാൽപ്പതും സൂര്യകാന്തി പൂക്കളുടെ വ്യത്യസ്തയിനങ്ങളുമുണ്ട്.
ചായക്കപ്പിന്റെ വലുപ്പത്തിലുള്ള ചട്ടിയിൽ കായ്ക്കുന്നതുമുതൽ 15 അടിവരെ നീളത്തിൽ വള്ളിയായി പടരുന്ന തക്കാളികൾ, പുളികൂടിയതും കുറഞ്ഞതും, മുന്തിരിക്കുലപോലെ കായ്ക്കുന്നത്, ഉണക്കാൻ പറ്റുന്നത്... തക്കാളിയുടെ വൈവിധ്യം വിസ്മയിപ്പിക്കും. ചുണ്ടങ്ങയേക്കാൾ വലുപ്പം കുറഞ്ഞ വഴുതന. പടരാൻ സ്ഥലം ആവശ്യമില്ലാതെ ചട്ടിയിൽ വിളയുന്ന മത്തൻ. പലവർണങ്ങളിൽ, രുചികളിൽ, ആകൃതിയിൽ 20 ഇനം. വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലായി തണ്ണിമത്തൻ. വർഷത്തിൽ മൂന്ന് തവണ പച്ചക്കറി കൃഷിയിറക്കും. തക്കാളിയാണ് കൂടുതൽ. രണ്ട്–മൂന്ന് ഏക്കർവരെ. വിത്തെടുത്താണ് വിൽപ്പന.
ചെറുപ്പത്തിൽ പഠനവും അമ്മയോടൊപ്പമുള്ള കൃഷിയും കഴിഞ്ഞാൽ പിന്നെ ഇഷ്ടം ടിവിയിലെ കാർഷിക പരിപാടികളായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് വിഎച്ച്എസ്സിക്ക് കൃഷി ഇഷ്ടവിഷയമായി പഠിച്ചു. പഠനത്തോടൊപ്പം പച്ചക്കറി കൃഷി സജീവമാക്കി. ദിവസവും ‘കൃഷിപാടം’ കഴിഞ്ഞായിരുന്നു സ്കൂൾ പാഠങ്ങൾ. വൈകിട്ടെത്തിയാൽ നേരെ കൃഷിയിടത്തേക്കും. രാവിലെ കണ്ട തക്കാളി കൂടുതൽ പഴുത്തോ, വെണ്ട മുത്തോ, മുളക് കായ്ച്ചോ എന്നെല്ലാം സൂക്ഷ്മമായി നോക്കും. നേരമിരുട്ടിയേ വീട്ടിലെത്തൂ. സംസ്ഥാന കൃഷിവകുപ്പിന്റെ സംസ്ഥാനത്തെ മികച്ച വിദ്യാർഥി കർഷകനായാണ് അതിനുള്ള അംഗീകാരമെത്തിയത്. തൊട്ടുപിന്നാലെ സർക്കാർ ജൈവകൃഷിയുടെ യങ് അംബാസഡറാക്കിയതോടെ തിരക്കേറി. കുട്ടിക്കർഷകൻ അധ്യാപകനായി. മന്ത്രിമാർക്കും എംഎൽഎമാർക്കുംവരെ ക്ലാസെടുത്തു. കർഷകരും കൃഷി അറിവുകൾക്കും വിത്തുകൾക്കുമായി സൂരജിനെ തേടിയെത്തി. വിഎച്ച്സിഇയ്ക്കു ശേഷം തൃശൂർ വെള്ളാനിക്കര കാർഷിക കോളേജിൽനിന്ന് അഗ്രികൾച്ചർ ബിരുദമെടുത്തു.
വെള്ളാനിക്കര കാർഷിക കോളേജിലെ പഠനകാലത്താണ് ജീവിതം കൃഷിയിലുറപ്പിച്ചത്. പുതിയ കൃഷിപാഠങ്ങളും അറിവുകളും വിത്ത് സംരക്ഷണം ഗൗരവമാക്കി. അവധി ദിനങ്ങളിലെല്ലാം വീട്ടിലെത്തി പച്ചക്കറിയിനങ്ങൾ തേടിപ്പിടിച്ചു. ലഭിച്ച വിത്തുകളെല്ലാം മുളപ്പിച്ചു. ബിരുദപഠനത്തിനുശേഷം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽനിന്ന് വിത്ത് സംരക്ഷണത്തിൽ പരിശീലനം നേടി.
സൂരജ് പുരുഷോത്തമൻ
ഇലവർഗ പച്ചക്കറികളുടെയും സുഗന്ധവിളകളുടെയും ജനിതക ശേഖരം സ്വഭാവനിർണയത്തിനും പോഷകമൂല്യപഠനത്തിനുമായി കാർഷിക സർവകലാശാലയ്ക്ക് നൽകി. മുളക്, തക്കാളി, വഴുതനയിനങ്ങൾ വെള്ളാനിക്കര കാർഷിക കോളേജിലെ ജനിതക- സസ്യപ്രജനന വിഭാഗത്തിന് ഗവേഷണത്തിനായും കൈമാറി.
ഒടുവിൽ വികസിപ്പിച്ചത് പുതിയ നാലിനം തക്കാളിയാണ്. ടൊമാറ്റോ പിങ്ക് ഓപൽ, ശ്രേഷ്ഠ, കണ്ണ, കൃഷ്ണ. എരിവ് കൂടിയ മുളക് ഇനമായ രാവൺചില്ലിയും വികസിപ്പിച്ചിട്ടുണ്ട്. കണ്ണനും കൃഷ്ണനും സൂരജിന്റെ പ്രിയപ്പെട്ട പശുക്കളായിരുന്നു. കാലശേഷവും രണ്ടിന്റെയും ഓർമ നിലനിർത്താനാണ് പുതിയ തക്കാളി ഇനങ്ങൾക്ക് ആ പേരുകളിട്ടത്.
പിങ്ക് കളറിൽ അരക്കിലോ തൂക്കം വരുന്ന തക്കാളിയാണ് പിങ്ക് ഓപൽ. കുടംപുളിയുടെ ആകൃതിയാണ്. മഞ്ഞകളറിൽ കുലകുത്തി കായ്ക്കുന്ന ചെറിയ തക്കാളിയാണ് ശ്രേഷ്ഠ. ഒരു കുലയിൽ കുറഞ്ഞ് 50 കായവരെയുണ്ടാകും. കണ്ണയും കൃഷ്ണയും കറുത്ത വിത്തുകളുള്ള ചെറിയയിനം തക്കാളികളാണ്. എരുവ് കൂടിയ കറുത്തയിനം മുളകാണ് രാവൺ. സസ്യയിനങ്ങളുടെയും കർഷകാവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റിയായ ന്യൂഡൽഹിയിലെ പിപിവി ആൻഡ് എഫ്ആർഎയിലാണ് (പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി) പേറ്റന്റ് രജിസ്റ്റർ ചെയ്യുന്നത്. വിത്തുകളുടെ കൈമാറ്റത്തിന് ബത്തേരിയിൽ ‘ഫാം ഫോർമുല’ എന്നപേരിൽ സ്ഥാപനവും www.farmformulas.com വെബ്സൈറ്റുമുണ്ട്.
അന്പലവയൽ നെല്ലാറച്ചാലിലെ ‘നെല്ലാറ’ വീടൊരു ഗവേഷണകേന്ദ്രമാണ്. കിഴങ്ങുവിളകളുടെ സംരക്ഷണ കേന്ദ്രം. 65 പിന്നിട്ട ബാബുവെന്ന ഗോത്രകർഷകനാണ് ഗവേഷകനും കാവൽക്കാരനുമെല്ലാം. കുറുമ കൂട്ടുകുടുംബത്തിൽനിന്ന് അവകാശമായി ലഭിച്ചതും സ്വന്തമായി വിലകൊടുത്ത് വാങ്ങിയതുമായ നാലേക്കറാണ് ബാബുവിന്റെ പരീക്ഷണശാലയും കൃഷിയിടവും. 40 വർഷമായി കിഴങ്ങുവിളകൾ സംരക്ഷിക്കുകയാണ്. പൈതൃകമായി കിട്ടിയതും തേടിപ്പിടിച്ചതും വികസിപ്പിച്ചതുമെല്ലാമുണ്ട്.
കാച്ചിലാണ് പ്രധാനം. 18 ഇനം. കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണകേന്ദ്രം ബാബുവിന്റെ ശേഖരത്തിൽമാത്രം കണ്ട് അംഗീകാരം നൽകിയ വയനാടൻ–അന്പലവയൽ കാച്ചിലുകൾ ഉൾപ്പെടും. വൈവിധ്യങ്ങളായ ചേമ്പ്, ചേന, മഞ്ഞൾ, കൂർക്ക, കപ്പ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കൂവ എന്നിവയുമെല്ലാം സംരക്ഷിക്കുന്നു.
കടുവാ കൈയനും കരടിക്കാലനും
കരടിയുടെ കാലിലെ രോമങ്ങൾപോലെ കിഴങ്ങിൽ വേരുകൾ തൂങ്ങിയാടുന്ന കരടിക്കാലനും കടുവയുടെ കൈയ് പോലുള്ള കടുവാ കൈയൻ കാച്ചിലും ആകർഷകങ്ങളാണ്. ഇഞ്ചിക്കാച്ചിൽ, ഉരുളൻ കാച്ചിൽ, നീല കാച്ചിൽ, നാട്ട കാച്ചിൽ, വേവിച്ചാൽ ഗന്ധകശാലയുടെ മണം തൂകുന്ന ഗന്ധകശാല കാച്ചിൽവരെയുണ്ട്. ഇവയുടെ ജനിതകശേഖരം ഗവേഷണത്തിന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിനും കാർഷിക സർവകലാശാലയുടെ സീഡ് ജീൻ ബാങ്കിലേക്കും നൽകിയിട്ടുണ്ട്.
കരിഞ്ചേമ്പ്
പൈതൃകമായി കിട്ടിയ കരിഞ്ചേന്പ് കൃഷ്ണമണിപോലെയാണ് സൂക്ഷിക്കുന്നത്. കുറുമ വിഭാഗക്കാർ സുലഭമായി കൃഷിചെയ്തിരുന്ന ഇനമാണ്. പിന്നീട് അന്യംനിന്നു. അപൂർവം കർഷകരുടെ കൈയിലാണിപ്പോൾ കരിഞ്ചേന്പുള്ളത്. കറിവയ്ക്കാൻ തടയാണ് ഉപയോഗിക്കുക. താളിൽ ഇരുന്പുസത്ത് കൂടുതലുള്ളതിനാൽ ഗോത്രവിഭാഗക്കാർ ഗർഭിണികൾക്ക് കറിവച്ച് നൽകും. ആറുമാസംവരെ കേടുകൂടാതെ ഇരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജനുവരിയിൽ വിളവെടുത്താൽ ജൂൺവരെ സൂക്ഷിക്കാം. ആദ്യകാലത്ത് ഇൗ മാസങ്ങളിൽ കുറുമ കുടുംബങ്ങളിൽ പ്രധാനമായും കറിവയ്ക്കുക കരിഞ്ചേന്പാണെന്ന് ബാബു പറയുന്നു. ജൂൺ ആകുന്പോഴേക്കും മറ്റു പച്ചക്കറികൾ വിളയിക്കും. അതുവരെ കറിക്കാശ്രയം കരിഞ്ചേന്പ് മാത്രമാണ്. വിളവെടുത്തശേഷം മണ്ണിൽ വച്ചാൽ നശിക്കുന്നതിനാൽ മുളകൊണ്ട് തട്ടുണ്ടാക്കി അതിന് മുകളിലാണ് സൂക്ഷിക്കുക.
എൻ കെ ബാബു
ചെറുചേന്പ്, മക്കളെ പോറ്റി, ആറാട്ടുപുഴ കണ്ണൻ, മാറാൻ ചേന്പ്, കുടവാഴ ചേന്പ്, പാൽ ചേന്പ്... തുടങ്ങിയവയുടെയും സംരക്ഷകനാണ്. ആനത്തലയോളം വലുപ്പമുള്ള ഗജേന്ദ്ര ചേന ചൊറിയില്ല. കൂടുതൽ തൂക്കവുമുണ്ട്. നാടൻ ചേനകൾക്കൊപ്പം സങ്കരയിനമായ ശ്രീപത്മയും വിളയിക്കുന്നു. വാഴയുടെ 30 ഇനങ്ങളുണ്ട്. വിവിധങ്ങളായ മധുരക്കിഴങ്ങും കൂർക്കയുമുണ്ട്.
വീടൊരു പാഠശാല
നെല്ലാറ വീട്ടിൽ എപ്പോഴും തിരക്കാണ്. സ്കൂൾ– കോളേജുകളിൽനിന്ന് കൃഷി അറിവുകൾ തേടി വിദ്യാർഥികളെത്തും. പ്രത്യേകിച്ച് കാർഷിക കോളേജുകളിൽനിന്ന്. കാർഷിക ശാസ്ത്രജ്ഞരുമെത്തും. എത്ര തിരക്കാണെങ്കിലും സമയമെടുത്ത് വിദ്യാർഥികൾക്ക് ഓരോന്നും വിവരിക്കും. ഗവേഷണത്തിനായും വരുന്നവരുണ്ട്. സർവകലാശാലകളിലും കോളേജുകളിലും ക്ലാസെടുക്കാനും ഇൗ ഗോത്രകർഷകനെ പതിവായി വിളിക്കും. ബാബു ഉൾപ്പെടെ 10 കർഷകർ ചേർന്നുള്ള നെല്ലാറ പട്ടികവർഗ കർഷകസംഘം മൂന്ന് ഏക്കറിൽ കിഴങ്ങുവിളകൾ കൃഷി ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച പൈതൃക കൃഷി/വിത്ത് സംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ 2023ലെ പുരസ്കാരവും ഇവർക്കായിരുന്നു.
ഫോട്ടോ: എം എ ശിവപ്രസാദ്









0 comments