ad
Deshabhimani

print edition ഈ ചിരിമായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അനഘ പ്രകാശ്‌

Published on Sep 20, 2026, 01:30 AM | 2 min read

മാളിയുടെ കണ്ണീര് മനസ്സിലിരുന്നാൽ മതി... ചിരിക്കണം... ചിരിപ്പിക്കണം... നെഞ്ചിൽ തീ പിടിച്ചാലും ചിരിക്കണം’’– ലോഹിതദാസ്‌ സിനിമ ‘ജോക്കറി’ൽ ബഹദൂർ പറയുന്ന വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ കുട്ടിജോക്കറുണ്ട്, ഗ്രേറ്റ് ബോംബെ സർക്കസിൽ. കണ്ണീർമഴയത്തും ചിരിയുടെ കുട ചൂടിയെത്തി, കൂടാരത്തിൽ കാണികളെ കുടുകുടെ ചിരിപ്പിച്ച കോമാളി.


രസകരമായ ചലനങ്ങളും മുഖഭാവങ്ങളും ഐഡന്റിറ്റിയാക്കി, സദസ്സിനെ ആർത്തുചിരിപ്പിച്ച്, റിങ്ങിലെ മൂന്നടിക്കാരൻ തുളസീദാസ് സർക്കസ്‌യാത്ര തുടരുകയാണ്. 68 വർഷത്തെ സർക്കസ്‌വഴക്കവുമായാണ് "സീനിയർ സിറ്റിസൺ ജോക്കറാ’യ എൺപതുകാരൻ സ്റ്റേജിൽ കുട്ടിക്കുറുമ്പനായി മാറുന്നത്.


കൂടാരത്തിൽ കയറിക്കൂടിയ പന്ത്രണ്ടുകാരൻ


ബിഹാറിലെ ചപ്ര ജില്ലയിലാണ് തുളസീദാസിന്റെ ജനനം. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് ചപ്രയിലെ രാജേന്ദ്ര സ്റ്റേഡിയത്തിൽ ഗ്രേറ്റ് ബോംബെ സർക്കസ് ടീം കളിക്കാനെത്തിയത്. വർണങ്ങളുടെയും കൗതുകക്കാഴ്ചകളുടെയും ലോകം കുഞ്ഞു തുളസിയുടെ മനസ്സിലെ സ്വപ്നമായി മാറിയത് പെട്ടെന്നാണ്. സ്കൂളിൽ പോകാതെ അവധിയെടുത്താണ് സർക്കസ് കണ്ടിരുന്നത്.


എങ്ങനെയെങ്കിലും കൂടാരത്തിനുള്ളിൽ കയറിക്കൂടാനായി സർക്കസ് മാനേജരെ പോയി കണ്ടു. പന്ത്രണ്ടുകാരന്റെ എടുത്തുചാട്ടമാകാമെന്നു കരുതിയ മാനേജർ, സർക്കസ് കലാകാരന്മാർക്കൊപ്പം തുളസീദാസിനെയും കൂട്ടിയെങ്കിലും ആഗ്രഹിക്കുന്ന നിമിഷം തിരിച്ചുപോകാമെന്ന ഇളവും നൽകി. വീട്ടിൽ പറയാതെ വന്നതിനാൽ ഇടയ്ക്ക് തിരിച്ചുപോയെങ്കിലും സർക്കസാണ് സന്തോഷമെന്ന് തിരിച്ചറിഞ്ഞ കുഞ്ഞു തുളസി തിരിച്ച് പ്രിയപ്പെട്ട ഇടത്തേക്കുതന്നെയെത്തി. ഇന്ന്, രാജ്യത്തെ പ്രായംകൂടിയ സർക്കസുകാരനായും മാറി.


​ചിരിക്കും ചിരിപ്പിക്കും

ഏതു പ്രതിസന്ധിയും നിഷ്കളങ്കമായി ചിരിച്ച് നേരിടുന്നതാണ് തുളസീദാസിന്റെ ശീലം. മറ്റുള്ളവരെ ചിരിപ്പിക്കാൻ അതിലേറെ ഇഷ്ടമാണ്. അതിനാൽ സർക്കസിലെ കോമാളിത്തരം വർഷങ്ങൾ കഴിഞ്ഞിട്ടും മടുത്തില്ല. മറ്റൊരു തൊഴിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതുമില്ല. കുള്ളനു പറ്റുന്ന ജോലി ഏതാണെന്ന് സഹപാഠികളായ കുട്ടികൾ കളിയാക്കുമായിരുന്നു.


കളിയാക്കലുകൾ കാര്യമാക്കിയിരുന്നില്ലെങ്കിലും ആ പൊക്കമില്ലായ്മയാണ് തുളസിക്ക് പിന്നീടുള്ള ജീവിതത്തിൽ അനുഗ്രഹമായതും. കൂടാരത്തിൽ സഹായിയായിട്ടായിരുന്നു തുടക്കം. ബിഹാറിലെതന്നെ കഖഡിയയിൽ അടുത്ത ക്യാമ്പ് നടന്നപ്പോൾ ജോക്കറിന്റെ വേഷത്തിൽ തകർത്തു. പിന്നീട് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും സഞ്ചരിച്ച്, സർക്കസ് കൂടാരം വീടാക്കി മാറ്റി.

റിങ്ങാണ് അതിജീവനവും

എൺപതുകാരൻ റിങ്ങിൽ ആടിയുലയുന്നത് അതിജീവനത്തിന്റെ കരുത്തിലാണ്. 2008ലാണ് അർബുദം തുളസീദാസിന്റെ ജീവിതത്തിലും വില്ലനായത്. വൃക്കയെയാണ് ബാധിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കസ് നടക്കുന്ന സമയമായിരുന്നു. ഇൻഡോറിലെതന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ഒരു വൃക്ക നീക്കം ചെയ്തു.


ഇതിനിടയിൽ വീണ്ടും ആഘാതമായി പ്രോസ്റ്റേറ്റ് ക്യാൻസറിന് തുടക്കമുണ്ടെന്ന വിവരമറിഞ്ഞു. രണ്ടാമതും ശസ്ത്രക്രിയ നടത്തി. ശാരീരികമായും മാനസികമായും തളർന്നെങ്കിലും ഉയിർത്തെഴുന്നേറ്റത് റിങ്ങിലെ സന്തോഷം ഓർത്താണ്. ചടഞ്ഞുകൂടിയുള്ള വിശ്രമജീവിതത്തേക്കാൾ ചുറുചുറുക്കോടെയുള്ള കോമാളിത്തരങ്ങളാണ് തനിക്ക് വേണ്ടതെന്ന് തുളസീദാസ് മനസ്സിലുറപ്പിച്ചു. കൂടാരത്തിലേക്ക് മടങ്ങിവരാനുള്ള തീവ്രമായ ആഗ്രഹംമൂലം അർബുദത്തെ വേഗത്തിൽ അതിജീവിച്ചു.

​​

കേരളം ബഹുത് സുന്ദർ ഹേ...

രാജ്യമാകെ സഞ്ചരിച്ചെങ്കിലും ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ കേരളത്തിലെത്തിയതിന്റെ ത്രില്ലിലാണ് തുളസീദാസ്. "ഇന്ത്യ മുഴുവൻ കേരളത്തെ ഇഷ്ടപ്പെടുന്നുണ്ട്. വൃത്തിയുള്ള പരിസരവും ഭംഗിയുള്ള സ്ഥലങ്ങളും ഇവിടത്തെ ആളുകളുടെ പെരുമാറ്റവുമെല്ലാം അത്ഭുതപ്പെടുത്തുന്നതാണ്. വീടുപോലെതന്നെയാണ് ഇവിടം. എങ്ങും സ്നേഹമുണ്ട്.


ഉത്തരേന്ത്യയിലേതുപോലെ മതപരമായ വിവേചനങ്ങളൊന്നും ഇവിടെയില്ല. പണ്ടത്തെ ഇന്ത്യയല്ല ഇന്നത്തേത്. നമ്മൾ എന്തു കഴിക്കണം, ധരിക്കണം, സംസാരിക്കണമെന്നുവരെ മറ്റുള്ളവർ തീരുമാനിക്കുന്ന നിലയിലെത്തി. കലയിലും രാഷ്ട്രീയം കടന്നുകൂടി. ഇതെല്ലാം മാറണം'– തുളസീദാസ് പറ‍ഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home