ലഹരി കാൽപ്പന്തിലാണ്


എം സനോജ്
Published on Feb 01, 2026, 10:38 AM | 3 min read
ഗുഹയിലും കാട്ടിലും ജീവിതം നയിക്കുന്ന കൗമാരം. തേനും കാട്ടുകിഴങ്ങുകളും തേടിയുള്ള ദിനങ്ങള്‍. കാടും പുഴയും മലയും ഇറങ്ങിയുള്ള പഠനം. ഇതിനിടയില്‍ കളിയാരവങ്ങളില്ല. എന്നാല്‍, ഇന്ന് ഗോത്രമക്കളുടെ കൗമാരത്തിന് കാല്‍പ്പന്തുകളിയുടെ ലഹരിയാണ്. മെസിയും റൊണാള്‍ഡോയും നെയ്മറുമായി കാടിന്റെ മക്കള്‍ പന്തുതട്ടുന്നു. തിരസ്കരിക്കപ്പെട്ട ഗോത്രജനതയുടെ അതിജീവനത്തിനായി കായികമാമാങ്കത്തിലൂടെ പുതിയൊരു ദിശാബോധം പകർന്നുനൽകുകയാണ് സംസ്ഥാന സര്‍ക്കാര്‍. നഗറുകളിലെ യുവതലമുറ ലഹരിയിലേക്ക് വഴിതെറ്റാതിരിക്കാന്‍ എക്സൈസ് വകുപ്പും കുടുംബശ്രീയും തുടക്കംകുറിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രാക്തന ഗോത്രവര്‍ഗക്കാരായ ചോലനായ്ക്ക കുട്ടികള്‍വരെ ഇന്ന് കളിക്കളത്തില്‍ കാല്‍പ്പന്ത് തട്ടുന്നു. ‘ഊരുകൾ മധുരതരം ലഹരി വിമുക്തം’എന്ന ആപ്തവാക്യവുമായി 2018ല്‍ എടക്കര ജനമൈത്രി എക്സൈസും 2022ൽ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷനും നിലന്പൂരില്‍ തുടക്കംകുറിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ ഗോത്രമക്കളുടെ ലഹരിയായി മാറി. ഇന്ന് സിന്തറ്റിക് ലഹരികള്‍ കൗമാരത്തെ പിടിമുറുക്കുമ്പോള്‍ തങ്ങളുടെ ലഹരി കാല്‍പ്പന്തുകളിയാണെന്നു പറയുകയാണ് കാടിന്റെ മക്കള്‍. ട്രൈബല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംസ്ഥാനത്തിനാകെ മാതൃകയാണ്.
ഗോത്രനഗറുകൾ കളിക്കളങ്ങൾ
മദ്യവും മയക്കുമരുന്നും പിടിമുറുക്കിയിരുന്ന ഗോത്രനഗറുകളില്‍ ഇന്ന് കാല്‍പ്പന്തുകളിയാണ് ലഹരി. മദ്യത്തിനും പുകയില ഉൽപ്പന്നങ്ങള്‍ക്കും അടിമപ്പെട്ടിരുന്ന ഗോത്രനഗറുകളിലെ യുവതലമുറയാകെ കാല്‍പ്പന്തുലഹരിയിലേക്ക് മാറി സഞ്ചരിച്ച കഥയാണ് മലപ്പുറത്തിനും പ്രത്യേകിച്ച് മലപ്പുറത്തിന്റെ മലയോരമണ്ണായ നിലന്പൂരിനും പറയാനുള്ളത്. ലഹരിവിരുദ്ധ ബോധവൽക്കരണത്തിനും സാമൂഹികസേവനത്തിനുമായി 2017ലാണ് സംസ്ഥാന സര്‍ക്കാര്‍ നിലന്പൂര്‍ എടക്കര കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈസ് സംവിധാനം രൂപീകരിക്കുന്നത്. ഗോത്രനഗറുകളിലെ ലഹരിവിരുദ്ധ ബോധവൽക്കരണപ്രവര്‍ത്തനങ്ങളാണ് കൂടുതലായി ലക്ഷ്യംവച്ചത്. ജനമൈത്രി എക്സൈസ് സംഘം നിലന്പൂരിലെ വിവിധ ഗോത്രനഗറുകളില്‍ സഞ്ചരിച്ചപ്പോഴാണ് യുവതലമുറയില്‍പ്പെട്ടവര്‍വരെ ലഹരിയില്‍ വീഴുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അവരെ ലഹരിയില്‍നിന്ന് മോചിപ്പിക്കാന്‍ പലതവണ പദ്ധതികള്‍ ആവിഷ്കരിച്ചു. ലഹരിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കാന്‍ എക്സൈസ് പുതിയ വഴികള്‍ തേടി.

ഒരിക്കല്‍ നിലമ്പൂര്‍ വനത്തിനുള്ളിലെ നഗറില്‍ പോയപ്പോള്‍ പേപ്പറുകൊണ്ടും പ്ലാസ്റ്റിക് കവറുകള്‍കൊണ്ടും കാല്‍പ്പന്ത് തട്ടുന്ന കുട്ടികളെ കണ്ടപ്പോള്‍ ജനമൈത്രി എക്സൈസ് അസി. ഇന്‍സ്പെക്ടറായ ആര്‍ പി സുരേഷ് ബാബുവിന് തോന്നിയ ആശയമാണ് കാടകമെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പിറവിക്ക് കാരണമായത്. ഗോത്രകുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ എന്താണ് മാര്‍ഗമെന്ന ചോദ്യത്തിനൊടുവിലാണ് കാല്‍പ്പന്തുകളിയെന്ന ആശയം രൂപപ്പെടുന്നത്. പിന്നീട് കായികലഹരി പകര്‍ന്നുനല്‍കാന്‍ ഓരോ നഗറിലുമായി സ്പോര്‍ട്സ് ക്ലബ്ബുകള്‍ രൂപീകരിച്ചു. ക്ലബ്ബുകള്‍ ആവശ്യമായ സ്പോര്‍ട്സ് കിറ്റുകള്‍ എക്സൈസ് വകുപ്പ് ശേഖരിച്ച് കൈമാറി. 18 മുതല്‍ പ്രായംവരുന്ന യുവതലമുറയില്‍പ്പെട്ടവര്‍ക്കായി 2018ല്‍ മൂത്തേടം ഉച്ചകുളത്ത് കാടകമെന്ന പേരില്‍ ആദ്യ ഫുട്ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറി. 16 ടീമുകള്‍ പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ആസിഫ് സഹീറാണ് ഉദ്ഘാടനം ചെയ്തത്. ഓരോ വര്‍ഷവും ടീമുകളുടെ എണ്ണം കൂടിവന്നു. ഇന്ത്യന്‍ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച താരം ഐ എം വിജയനായിരുന്നു അഞ്ചാമത് കാടകം ഉദ്ഘാടനം ചെയ്തത്. 2026 ഫെബ്രുവരിയില്‍ മത്സരം നടക്കാനിരിക്കെ ഉദ്ദേശം 46 ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വനിതകള്‍ക്കുമാത്രമായി ടൂര്‍ണമെന്റും സംഘടിപ്പിച്ചു.

കുടുംബശ്രീയും
എക്സൈസ് വകുപ്പ് വഴികാട്ടിയ ലഹരിവിരുദ്ധ കാല്‍പ്പന്തുകളിയാരവത്തിലേക്ക് കുടുംബശ്രീയും എത്തി. 2022ല്‍ നിലന്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ തുടക്കംകുറിച്ചു. കുടുംബശ്രീയോടൊപ്പം എക്സൈസ് വകുപ്പും വനംവകുപ്പും പട്ടികവര്‍ഗവകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും മഹിളാസമഖ്യയുമെല്ലാം കൈകോര്‍ത്തു. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോത്രനഗറുകളുള്ള നിലമ്പൂരില്‍നിന്നുതന്നെ ലഹരിവിരുദ്ധ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താമെന്ന് തീരുമാനിച്ചു. 2022 ജനുവരിയില്‍ ആദ്യമായി ഗോത്രമക്കള്‍ക്കായി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുടുംബശ്രീ പട്ടികവർഗ പ്രത്യേക പദ്ധതിയിലൂടെ ഒന്നാമത് നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2022 നിലമ്പൂരില്‍ അരങ്ങേറി. 2022ല്‍ 30 ടീമുകളായിരുന്നു ആദ്യത്തെ ടൂര്‍ണമെന്റില്‍ പങ്കാളികളായത്. മലപ്പുറം ജില്ലയിലെ പുഞ്ചക്കൊല്ലി, നെടുങ്കയം, വാണിയമ്പുഴ, കുമ്പളപ്പാറ തുടങ്ങിയ ഉള്‍വനങ്ങളിലെ ഗോത്രനഗറുകളിലെ കുട്ടികള്‍ സ്വന്തമായി ടീമുണ്ടാക്കി ആദ്യ ടൂര്‍ണമെന്റില്‍ മിന്നുംപ്രകടനമാണ് കാഴ്ചവച്ചത്.

കുറച്ചുദിവസങ്ങളുടെ പരിശീലനത്തിനൊടുവില്‍ പഠിച്ചെടുത്ത ഷോട്ടുകളും ഫ്രീകിക്കുകളും കാണികളെ അമ്പരപ്പിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും ടീമുകളുടെ എണ്ണം കൂടി. കൂടുതല്‍ യുവാക്കള്‍ കാല്‍പ്പുകളിയുടെ ലഹരിയിലേക്ക് കടന്നുവന്നു. 2026ല്‍ അഞ്ചാമത് പ്രീമിയര്‍ ലീഗായപ്പോള്‍ ആണ്‍കുട്ടികള്‍ക്കുപുറമെ പെണ്‍കുട്ടികളുടെ ടീമുകളും കാല്‍പ്പന്തുകളിയേറ്റെടുത്തു. 2026ല്‍ ജനുവരിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ 41 ടീമുകളും പെണ്‍കുട്ടികളുടെ എട്ടു ടീമുകളും പങ്കെടുത്തു. ഓരോ നഗറിലെയും ടീമുകള്‍ക്ക് അവര്‍തന്നെയാണ് പേരുകള്‍ നല്‍കിയത്. യുവധാരയും എഫ്‌സിയും റോക്ക് സ്റ്റാറും റിയല്‍ വാരിയേഴ്സുമെല്ലാം ടീമുകളായി മാറി. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ ഏറ്റെടുത്ത ടൂര്‍ണമെന്റ് വയനാട്, പാലക്കാട് ജില്ലാ കുടുംബശ്രീ ടൈബ്രല്‍ പ്രോജക്ടുകളും ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാന്പത്തികസഹായത്തോടെയാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്.
ഗോത്രമക്കളും പെരുമയിലേക്ക്
ആസിഫ് സഹീർ, യു ഷറഫലി, അനസ് എടത്തൊടിക, ജസിന്‍ നിലന്പൂര്‍ എന്നിവരെപ്പോലുള്ള കാല്‍പ്പന്ത് മഹാന്മാര്‍ പെരുമ ഉയര്‍ത്തിയ മണ്ണാണ് മലപ്പുറം. ആ പെരുമയിലേക്ക് കണ്ണികളായി ഗോത്രമക്കളെയും പ്രതീക്ഷിക്കാം. പലരും സാധാരണ പണിയെടുക്കുന്ന ദിവസവേതനക്കാരായ ചെറുപ്പക്കാരായതിനാല്‍ സാന്പത്തികപ്രയാസം ഇവര്‍ നേരിടുന്നുണ്ട്. മികച്ച പരിശീലനവും സൗകര്യങ്ങളും ലഭിച്ചാല്‍ തങ്ങള്‍ക്കും ഫുട്ബോളില്‍ തിളങ്ങാന്‍ കഴിയുമെന്ന് ട്രൈബല്‍ ടൂര്‍ണമെന്റ് താരങ്ങള്‍ പറയുന്നു

ലഹരിക്ക് അറുതി
പത്തുവര്‍ഷംമുമ്പുവരെ മദ്യപാനികളുടെ എണ്ണത്തിലുണ്ടായിരുന്ന വര്‍ധന ജില്ലയിലെ ഗോത്രനഗറുകളില്‍ ഇന്നില്ല. ക്രമാതീതമായി എണ്ണം കുറഞ്ഞു. പരസ്യമായ മദ്യപാനവും വാക്കുതര്‍ക്കങ്ങളുമെല്ലാം നഗറുകളില്‍ തീരെ ഇല്ലാതായി തുടങ്ങി. പുതിയ തലമുറയിലെ ഭൂരിപക്ഷംപേരും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കുട്ടികള്‍ വിദ്യാഭ്യാസം നേടിയെടുക്കാന്‍ തുടങ്ങി. എസ്എസ്എല്‍സി വിജയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍പേര്‍ കടന്നുവരാന്‍ തുടങ്ങി. നിരവധി ഗോത്രമക്കള്‍ സര്‍ക്കാർ ജോലി നേടിയെടുത്തു.











0 comments