ad
Deshabhimani

കാലം കൈയൊപ്പിടുന്ന രചനകൾ

divakaravn

പാലോട് ദിവാകരൻ

avatar
​ബിമൽ പേരയം 


Published on Feb 22, 2026, 11:15 AM | 3 min read

ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചശേഷമെഴുതിയ പുസ്തകങ്ങളിലൊന്ന് 'ഇ എം എസ് മുതൽ വി എസ് വരെ’. ഇ എം എസിന്റെ മകൾ
ഇ എം രാധയാണ് പുസ്തകം പ്രകാശിപ്പിച്ചത്. കുട്ടിക്കാലത്ത്‌ ഇ എം എസ്‌ ഒരാവേശമായിരുന്നു. രാഷ്‌ട്രീയവും നേതാക്കന്മാരും മനസ്സിലിടം നേടാൻ നിമിത്തമായതും അദ്ദേഹമാണെന്നാണ്‌ വിശ്വാസം


വർഷം 1968. ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ മുന്നിലൊരു കറുത്ത കാർ. ഇടത്തേ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി. പരിചിതമുള്ള മുഖം. ഒന്നുകൂടി നോക്കിയുറപ്പാക്കി ആളെ തിരിച്ചറിഞ്ഞ ആവേശത്തിൽ ഉറക്കെവിളിച്ചു, ‘ഇ എം എസ് സിന്ദാബാദ്.’ പല ദിക്കുകളിലായി നിന്ന പ്രവർത്തകർ പെട്ടെന്ന് ഓടിവന്നു. പാലോട് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇ എം എസ്. രണ്ടുമണിക്കൂർ നേരത്തെയെത്തുകയായിരുന്നു. ചെറുപ്പത്തിലെ ജ്വലിക്കുന്നൊരോർമ 78–-ാം വയസ്സിലും തിളക്കക്കുറവില്ലാതെ പാലോട് ദിവാകരനിൽ ഒളിമിന്നുന്നു. വർഷങ്ങൾ പിന്നിട്ട് ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചശേഷമെഴുതിയ പുസ്തകങ്ങളിലൊന്ന് 'ഇ എം എസ് മുതൽ വി എസ് വരെ". ഇ എം എസിന്റെ മകൾ ഇ എം രാധയാണ് പുസ്തകം പ്രകാശിപ്പിച്ചത്. കുട്ടിക്കാലത്ത്‌ ഇ എം എസ്‌ ഒരാവേശമായിരുന്നു. രാഷ്‌ട്രീയവും നേതാക്കന്മാരും മനസ്സിലിടം നേടാൻ നിമിത്തമായതും അദ്ദേഹമാണെന്നാണ്‌ വിശ്വാസം.


നേതാക്കളുടെ 
ചരിത്രം ചികഞ്ഞ്‌


രാഷ്ട്രീയനേതാക്കന്മാരെക്കുറിച്ച് പഠിക്കാനും പുതുതലമുറയ്ക്ക് അവരുടെ ജീവിതപാഠം പകർത്താനും ശ്രമിച്ച് ഗവേഷണ കുശാഗ്രതയോടെ എഴുത്തുജീവിതത്തിൽ സജീവമായ ദിവാകരൻ, നായനാരെക്കുറിച്ചുള്ള ഗ്രന്ഥരചനയിലാണ്. 60 ശതമാനവും പൂർത്തിയാക്കി. ഒടുങ്ങാത്ത എഴുത്താവേശത്തിൽ രചനയുടെ പൂർത്തീകരണത്തിനായി നായനാരുടെ കുടുംബവീടായ കണ്ണൂർ കല്യാശേരിയിലേക്കും അവിടുള്ള അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളെയും കാണാനുള്ള തയ്യാറെടുപ്പിലാണ്. ഇ എം എസ്, ഉമ്മൻചാണ്ടി, ആർ ശങ്കർ, വി എസ് അച്യുതാനന്ദൻ തുടങ്ങിയവരുടെ ജീവചരിത്രം എഴുതി. കുട്ടിക്കാലത്തെ വിഷണ്ണതകൾ നിറഞ്ഞ ജീവിതത്തിൽ പത്രവിതരണക്കാരൻമുതൽ റബർ ഡിപ്പോയിലെ കണക്കെഴുത്തുകാരന്റെ റോൾവരെയുണ്ടായിരുന്നു. എസ്എസ്എൽസിയും ടൈപ്പ്റൈറ്റിങ്ങും പൂർത്തിയാക്കി പാർട്‌ടൈം അറ്റൻഡറായി ഒരു സൊസൈറ്റിയിൽ 1969ൽ ജോലിയിൽ പ്രവേശിച്ചു.


സഹകരണമേഖലയിൽ 37 വർഷത്തെ ഔദ്യോഗികജീവിതം അവസാനിപ്പിച്ചത് ജില്ലാ സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജരായി. ജോലിയിലിരിക്കെ തുടർന്നുപഠിച്ചു. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. മൂന്നുവീതം ചെറുകഥാസമാഹാരവും നോവലും നാടകഗ്രന്ഥവും പ്രസിദ്ധീകരിച്ചു. അമച്വർ നാടകങ്ങളെഴുതി സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. ആറ്റിങ്ങൽ രഞ്ജിനി തിയറ്റേഴ്സിന്റെ പ്രൊഫഷണൽ നാടകമായ ലാൽസലാമിൽ അഭിനയിച്ചു. വെള്ളിത്തിരയിൽ മുഖംകാട്ടി. രാജവെമ്പാല, പുഴയൊഴുകും വഴി, സ്വപ്നം കൊണ്ട് തുലാഭാരം, തന്മാത്ര, രാവണൻ തുടങ്ങി ഒട്ടേറെ സിനിമകൾ. 1980ൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത പ്രേംനസീർ ചിത്രമായ രക്തസാക്ഷിയിലൂടെയാണ് ആദ്യം വെള്ളിത്തിരയിലെത്തിയത്. സീരിയലിലും ടെലിഫിലിമുകളിലുമായി 89 കഥാപാത്രങ്ങൾക്ക് ജീവനേകി. പകിട പകിട പമ്പരം സീരിയലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2006ൽ ഒരു സീരിയലിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട തിക്താനുഭവം അഭിനയജീവിതത്തിന് തിരശ്ശീലയിടാൻ തീരുമാനിച്ചു. അന്ന്‌ പ്രതിഫലം വാങ്ങാൻ തയ്യാറാകാതെയായിരുന്നു മടക്കം.


എഴുത്തിന്റെ വഴികളിൽ


എഴുത്തിന്റെ വഴികളിൽ ഇന്നും സജീവം. പ്രായാധിക്യവും അതുമൂലമുള്ള രോഗാകുലതകളുമെല്ലാം മറന്ന് ജീവിതനിമിഷത്തിൽ അരനേരം പോലും പാഴാക്കാതെ ദിവാകരൻ നാളെയുടെ തലമുറയ്ക്ക് പഠിക്കാനായി നാടിനെ പടുത്തുയർത്തിയ പോരാളികളുടെ ജീവിതത്തിലേക്ക് ഗവേഷകനായി ഇറങ്ങിത്തിരിച്ചിരിക്കയാണ്. ഇതിനിടയിൽ മലയാളത്തിന്റെ മധുവും അനശ്വര കഥാപാത്രങ്ങളും പുസ്തകവും വായനക്കാരന് സംഭാവന ചെയ്തു. ആത്മകഥാംശമായ എന്റെ ഇന്നലെകൾ ജീവിതാനുഭവം എന്നതിലുപരി ജനിച്ചുവളർന്ന തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ ഗ്രാമപ്രദേശമായ പെരിങ്ങമ്മലയുടെ പതിറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രസൂചികയുമായി.


'വി എസ് ഒരു ജനവികാരം" എന്ന ജീവചരിത്രം ഇഷ്ടപ്പെട്ട നേതാവിനുള്ള അക്ഷരാർച്ചനകൂടിയാണ്. ഗ‍ൗരിയമ്മയെ എഴുതുന്പോൾ നേരിൽ കണ്ടു. ഒത്തിരിനേരം കാര്യങ്ങൾ പറഞ്ഞിരുന്നു. എല്ലാ വിവരങ്ങളും കിട്ടിയില്ലേ, സന്തോഷമായില്ലേയെന്ന് കൈകൾ ചേർത്തുപിടിച്ചു പറഞ്ഞപ്പോഴുണ്ടായ സന്തോഷം പങ്കുവയ്ക്കുമ്പോൾ ഇന്നും ദിവാകരന്റെ കണ്ണ്‌ ഈറനാകും. പെൺകരുത്ത് -കേരള നിയമസഭയിലെ വനിതാ സാമാജികർ, രാഷ്ട്രീയ ഗ്രന്ഥങ്ങളിലെ ഈടുറ്റ രചനയാണ്. കെ ആർ ഗ‍ൗരിയമ്മയിൽ തുടങ്ങി ഉമാ തോമസ്‌ വരെയുള്ള സമാജികരായ വനിതകളെ അവതരിപ്പിക്കുന്നു. പനമ്പിള്ളി ഗോവിന്ദമേനോൻ, സി അച്യുതമേനോൻ, ആർ ശങ്കർ, സി കേശവൻ തുടങ്ങിയവരുടെ ജീവചരിത്രം, തിരുവിതാംകൂർ ഇന്ന്‌ ഇന്നലെ, മലയാള സിനിമ അന്നും ഇന്നും തുടങ്ങിയ ചരിത്ര പുസ്‌തകം, ഒട്ടേറെ പഠനങ്ങൾ എന്നിവയെല്ലാം കാലത്തിന്‌ മുതൽക്കൂട്ടാണ്‌. രാഷ്‌ട്രീയ, ചരിത്ര വിദ്യാർഥികൾക്ക്‌ കരുതിവയ്ക്കാനുള്ള അമൂല്യരേഖയും.


നെടുമങ്ങാട്‌ പുലിപ്പാറയിലെ വസതിയായ ജരിതയിൽ നാടിന്റെ സംസ്‌കാരവും ചരിത്രവും രൂപപ്പെടുത്തുന്ന രചനയിലാണ്‌ ദിവാകരൻ. പ്രോത്സാഹനം നൽകി റിട്ട. അധ്യാപികയായ ഭാര്യ ആർ ശ്രീകലയും. മകൾ ഡി എസ്‌ ലക്ഷ്‌മി നായരും മരുമകൻ എം വി രാജേഷും അധ്യാപകരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home