ഇന്നും തുടിക്കുന്ന കുയിലി

കെ പി വേണു
Published on May 10, 2026, 12:01 AM | 3 min read
പരമ്പരാഗത രീതികൾ വിട്ട് ചരിത്ര സംഭവങ്ങളിലേക്ക് കുച്ചിപ്പുടിയെ കൊണ്ടുപോകുകയാണ് നർത്തകി രേഷ്മ യു രാജ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരാ ചരിത്രവിവരണങ്ങളിൽ അവഗണിക്കപ്പെട്ടുകിടന്ന കുയിലിയുടെ കഥയാണ് കുച്ചിപ്പുടി നൃത്തസങ്കേതത്തിന്റെ സാധ്യതകളിൽ പുതുതായി ആവിഷ്‌കരിക്കുന്നത്.
ആത്‌മാഭിമാനത്തിന്റെ ജീവത്യാഗം
18–-ാം നൂറ്റാണ്ടിന്റെ അവസാനം ഈസ്റ്റ്‌ഇന്ത്യ കമ്പനിക്കെതിരായ സായുധ പ്രതിരോധത്തിൽ തിളങ്ങുന്ന അധ്യായമാണ് ജീവത്യാഗത്തിലൂടെ കുയിലി വരച്ചിട്ടത്. തമിഴ്‌നാട്ടിലെ ശിവഗംഗയുടെ മഹാറാണി വേലുനച്ചിയാറിന്റെ സൈന്യാധിപയായിരുന്നു കുയിലി. ബ്രിട്ടീഷ് സേന ശിവഗംഗ കോട്ട കൈവശപ്പെടുത്തിയപ്പോൾ, വിജയദശമി നാളിൽ സ്ത്രീകൾക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്ന കോട്ടയ്ക്കുള്ളിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ തന്ത്രപരമായി പ്രവേശിച്ച കുയിലിയും കൂട്ടരും ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടുന്നു. ഒടുവിൽ ശരീരത്തിൽ എണ്ണയൊഴിച്ച് തീ കൊളുത്തിയ അവൾ ശത്രുക്കളുടെ ആയുധ ശേഖരത്തിലേക്ക് കുതിച്ചുകയറി; അത് പൂർണമായി നശിപ്പിച്ചു. കുയിലി സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ അഭിമാന സംരക്ഷണത്തിനുമായി നടത്തിയ ആത്മാഹുതി ലോകത്തിൽ ആദ്യത്തെ ചാവേറാക്രമണം ആണെന്ന് വിശ്വസിക്കുന്നു.
കുച്ചിപ്പുടിയുടെ അടിത്തറയിൽ
കുച്ചിപ്പുടിയുടെ അടിത്തറയിൽ നൃത്ത ചലച്ചിത്ര രൂപത്തിലാണ് രേഷ്മ യു രാജ് ‘കുയിലി' രൂപപ്പെടുത്തിയത്. വിസ്മൃതിയിലാഴ്‌ന്ന വീരാംഗനയുടെ കഥയെ സമകാലിക പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് രേഷ്മ ചെയ്യുന്നത്. കുച്ചിപ്പുടിയുടെ പരമ്പരാഗത വ്യാകരണത്തെ ആധുനിക സിനിമാറ്റിക് ദർശനവുമായി സംയോജിപ്പിച്ച് തലമുറകളെയും സംസ്കാരങ്ങളെയും ഒരുപോലെ സ്‌പർശിക്കുന്ന സൃഷ്ടി ഒരു വർഷത്തെ ശ്രമഫലമായാണ് പുറത്തുവന്നത്. ‘ജെൻ സി - ജനറേഷൻ ഓഫ് കൾച്ചർ' യുട്യൂബ് ചാനലിലൂടെയാണ് കുയിലി പുറത്തിറക്കിയത്. ഇതിനകം വലിയ പ്രോത്സാഹനമാണ് സമൂഹമാധ്യമങ്ങളിലൂടെ കുയിലിക്ക് ലഭിച്ചത്.
സിംഹ നന്ദിനി നർത്തകി
രേഷ്മ മൂന്ന് വയസ്സുമുതൽ നൃത്തപഠനം ആരംഭിച്ചു. നാലര വയസ്സിൽ ഭരതനാട്യവും ആറാം വയസ്സിൽ കുച്ചിപ്പുടിയും അരങ്ങേറി. രാഷ്ട്രപതിയിൽനിന്നും ബാലശ്രീ അവാർഡ്, സ്കൂൾ കലോത്സവങ്ങളിൽ കലാതിലകം, ടിവി പരിപാടികളിലെ അംഗീകാരങ്ങൾ, സൗത്ത് സോൺ യങ്ടാലന്റ് അവാർഡ് എന്നിവ രേഷ്മയെ തേടിയെത്തി. ടിവി ചാനലിൽ ആങ്കറായി. ടിസിഎസ് അമ്പതാം വാർഷിക വേളയിൽ ആഗോളതലത്തിൽ തെരഞ്ഞെടുത്ത മികച്ച അമ്പത് വനിതകളിലൊരാളായി. വിവിധ ഗുരുക്കന്മാരുടെ കീഴിൽ ശാസ്ത്രീയസംഗീതം, പുല്ലാങ്കുഴൽ, വയലിൻ, കഥകളി സംഗീതം, കഥാപ്രസംഗം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സിംഹനന്ദിനി നർത്തകിയുമാണ് രേഷ്മ. നർത്തകി തന്റെ പാദങ്ങൾകൊണ്ട് സിംഹത്തിന്റെ ചിത്രം വരയ്ക്കുന്ന ഒരു അപൂർവ കുച്ചിപ്പുടി നൃത്തരൂപമാണ് സിംഹ നന്ദിനി. ദുർഗാദേവിയുടെ വാഹനമായ സിംഹത്തെയാണ് ഇതിലൂടെ വരച്ചുകാട്ടുന്നത്. നീണ്ടകാലത്തെ പഠനവും പരിശീലനവും പിന്നിട്ടാണ് രേഷ്മ ഡാൻസ് ഫിലിം മേഖലയിൽ പരീക്ഷണങ്ങളിലേക്ക് കടക്കുന്നത്.
ദ വൾച്ചർ
ഡ്രമാറ്റിക് നൃത്തമായ കുച്ചിപ്പുടിയുടെ സാധ്യതകൾ ഉപയോഗിച്ച് രേഷ്മ ഇതിനകം അഞ്ച് നൃത്ത ചലച്ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. നർത്തകി മുഖ്യ കഥാപാത്രമായി വരികയും അനുബന്ധ സംഭവങ്ങൾ സിനിമയുടെ സാധ്യത ഉപയോഗിച്ച് പശ്ചാത്തലത്തിൽ തെളിയുകയും ചെയ്യുന്നതാണ് അവതരണ രീതി. കെവിൻ കാർട്ടറുടെ, പുലിറ്റ്സർ സമ്മാനം നേടിയ ‘ദ വൾച്ചർ ആൻഡ് ദ ലിറ്റിൽ ഗേൾ' എന്ന പ്രസിദ്ധമായ ചിത്രം പ്രമേയമാക്കിയാണ് ആദ്യത്തെ നൃത്ത സിനിമ ഒരുക്കിയത്. യുദ്ധാനന്തരം പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന സുഡാനിൽനിന്നുള്ള പലായനത്തിനിടെ തളർന്നു വീണ പെൺകുഞ്ഞിന്റെ ജീവൻ പോകാൻ കാത്തിരിക്കുന്ന കഴുകന്റെ ഫോട്ടോ ആയിരുന്നു അത്. ലോക മനഃസാക്ഷിയെ നടുക്കിയ ചിത്രത്തിന്റെ നൃത്ത ഭാഷ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. കഴുകന്റെ കാഴ്ചപ്പാടിലാണ് കഥാവിവരണം.
ജവാഹർലാൽ നെഹ്റുവിന്റെ ‘അച്ഛൻ മകൾക്കയച്ച കത്തുകളി'ലെ ബെർത്ത്ഡേ ലെറ്റർ ആണ് തുടർന്ന് അവതരിപ്പിച്ചത്. കേരള സിലബസിൽ അഞ്ചാം ക്ലാസിലെ പാഠഭാഗമാണ് ഇത്. തുടർന്ന് ടാറ്റ കമ്പനിയുടെ ചരിത്രം വിവരിക്കുന്ന ‘ഹമാര ടാറ്റ' ഡാൻസ് ഫിലിം ഒരുക്കി. അത് ടിഎസിഎസിന്റെ ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചു.
ആദ്യമായി തൂക്കിലേറ്റപ്പെട്ട യുഎസിലെ ഒരു സർക്കസ് കമ്പനിയിലെ മേരി എന്ന ആനയുടെ കഥയാണ് മറ്റൊരു സൃഷ്ടി. ആനയെ അനാവശ്യമായി ഉപദ്രവിച്ച പരിശീലകനെ ചവിട്ടിക്കൊന്ന ആനയെ, മദമിളകിയെന്ന് ആരോപിച്ച് പരസ്യവിചാരണ നടത്തി വധിക്കുന്നതാണ് സംഭവം. ആനയുടെ വീക്ഷണത്തിലാണ് കഥ പറയുന്നത്. തുടർന്നാണ് ‘കുയിലി' അവതരിപ്പിച്ചത്.
കൊച്ചിയിൽ ടിസിഎസിലെ ഉദ്യോഗസ്ഥയായ രേഷ്മ ജോലിയും കലാപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നത് വലിയ നേട്ടമായി വിലയിരുത്തുന്നു. സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് ഇത് സാധ്യമാക്കിയത്. ഒരേ സമയത്ത് രണ്ട് മേഖലകളിൽ പ്രവർത്തിക്കുന്നതുകൊണ്ട് കലാകാരിയെന്ന് അംഗീകരിക്കാൻ ചിലരെങ്കിലും മടിക്കുന്നതായാണ് അനുഭവം. പുതിയ തലമുറ ഒരേ സമയത്ത് പല മേഖലയിൽ ഇടപെടാൻ സന്നദ്ധരാണ് എന്നത് രേഷ്മയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. എൻജിഒ യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഭർത്താവാണ്. മകൻ: ഭവത്രാത് ആർ ദിപിൻ വിദ്യാർഥിയാണ്.










0 comments