print edition ചെറുകാടിന്റെ അടയാളവാക്യങ്ങൾ; ചെറുകാട് ഓർമ്മയായിട്ട് ഒക്ടോബർ 28ന് 50 വർഷം

ചെറുകാട്

എം എം നാരായണൻ
Published on Nov 01, 2026, 01:30 AM | 3 min read
ഒരു ‘കമ്യൂണിസ്റ്റ് സാഹിത്യകാരനാണ്' താനെന്നും അതിനേക്കാൾ കൂടിയതും കുറഞ്ഞതുമല്ല താനെന്നും ചെറുകാട് പലവട്ടം പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ, കമ്യൂണിസ്റ്റായ താൻ സാഹിത്യകാരനാണെന്നോ സാഹിത്യകാരനായ താൻ കമ്യൂണിസ്റ്റുകൂടിയാണെന്നോ, ഒന്നുമല്ല അദ്ദേഹം വിവക്ഷിച്ചത്. തന്റേത് ‘കമ്യൂണിസ്റ്റ് സാഹിത്യ'മല്ലാതെ മറ്റൊന്നല്ല എന്നുപറയാനാണ് ശ്രമിച്ചത്. കമ്യൂണിസ്റ്റ് സാഹിത്യം, പാർടി പ്രചാരണ സാഹിത്യം (Propaganda Literature) എന്ന ഗണത്തിൽപ്പെടുന്ന പ്രസ്താവനകൾ, പ്രമേയങ്ങൾ, ലഘുലേഖകൾ, പത്രങ്ങളിലുംമറ്റും എഴുതുന്ന കാലികപ്രശ്നങ്ങളെ ആധാരമാക്കിയ കുറിപ്പുകൾ- എന്നിവ മാത്രമാണെന്ന പൊതുധാരണയെ ചെറുകാട് ഇവിടെ തിരുത്തുന്നുണ്ട്.
തന്റെ കഥകളിലെയും നാടകങ്ങളിലെയും കഥാപാത്രങ്ങളും ഇതിവൃത്ത ഘടനയും ആഖ്യാനശൈലിയും എന്തിന് കൃതിയുടെ സാകല്യാനുഭവത്തിന്റെ സാഫല്യമായ ധ്വനിപാഠവുംകൂടി അന്യഭിന്നമായ കമ്യൂണിസ്റ്റ് ലോക വീക്ഷണത്തിന്റെ വെളിച്ചത്തിലാണ് വിടരുകയും പുലരുകയും ചെയ്യുന്നതെന്ന് ആ പ്രസ്താവന അർഥമാക്കുന്നുണ്ട്.
‘ആദ്യം മനുഷ്യൻ, പിന്നെ മാർക്സിസം' എന്നൊരുവാദം ചിലപ്പോൾ ചിലയിടത്ത് കൊടിനീട്ടുന്നത് കാണാം. എന്നാൽ മാർക്സിസത്തിന് മനുഷ്യവിരുദ്ധമോ മനുഷ്യാതീതമോ മനുഷ്യേതരമോ ആയ ഒരസ്തിത്വമില്ല. മനുഷ്യർ അവരവരുടെ ഭൗതിക പരിസരത്തിന്റെ ഉൽപ്പന്നങ്ങളും ഒപ്പം ഉൽപ്പാദകരുമാണെന്ന മൗലിക ദർശനമാണ് മാർക്സിസം മുന്നോട്ടുവച്ചത്. എഴുത്തുകാർ, അവരാരായാലും മനുഷ്യകഥാനുഗായികളാണ്.
കഥാഘടനയും കഥാപാത്രങ്ങളും കേവലം എഴുത്തുകാരുടെ ഭാവനാസൃഷ്ടികൾമാത്രമല്ല. കഥയിലെ സ്ത്രീപുരുഷന്മാരുടെ സ്വഭാവവും അവരുടെ അന്യോന്യബന്ധങ്ങളുടെ വർണഘടനയുമെല്ലാം അതാത് ജീവിതപരിതോവസ്ഥയിൽനിന്നാണ് രൂപമെടുക്കുന്നത്. എന്നാൽ ജീവിതത്തിന്റെ ആ ചുറ്റുപാടിനോട് കഥയിലെ നായികാ നായകന്മാരും മറ്റും പ്രകടമാക്കുന്ന പ്രതികരണം പ്രതിഭിന്നമാവുകയും ചെയ്യും. ആ പ്രതികരണങ്ങളുടെ വ്യത്യസ്തതകളെയും സവിശേഷതകളെയും വരച്ചുവയ്ക്കുമ്പോൾ സ്വപാത്രസ്വഭാവങ്ങളുടെ സൂക്ഷ്മഭേദങ്ങളെയാണ് എഴുത്തുകാർ പ്രകാശിപ്പിക്കുന്നത്.
ചെറുകാടിന്റെ ‘മണ്ണിന്റെ മാറി'ലും തകഴിയുടെ ‘രണ്ടിടങ്ങഴി'യും ഒരേകാലത്ത്, യഥാക്രമം 1947ലും '48ലും ആണ് പുറത്തുവരുന്നത്. കയ്യൂരിലേക്കും കരിവള്ളൂരിലേക്കും സഞ്ചരിച്ചെത്തിയ മലബാറിലെ കർഷക പ്രസ്ഥാനം നാമ്പെടുക്കുമിടത്തുനിന്നാണ് ചെറുകാട് കഥപറയുന്നതെങ്കിൽ, പുന്നപ്ര-വയലാറിലേക്ക് മാർച്ച് ചെയ്ത തിരുവിതാംകൂറിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രഭവസ്ഥാനത്തുവച്ചാണ് തകഴി 'രണ്ടിടങ്ങഴി' ആഖ്യാനം ചെയ്തത്.
പുരോഗമന സാഹിത്യത്തിന്റെ മഹാന്മാരായ ഈ പതാകവാഹകർ, ഒരേ കാലത്തെ കേരളീയ ജീവിതത്തെ വിഷയമാക്കി ഏക കാലത്ത് എഴുതിത്തീർത്ത ഈ ബൃഹദാഖ്യാനങ്ങളിൽ ഇതിവൃത്തത്തിലും പാത്രസ്വഭാവങ്ങളിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വ്യത്യാസങ്ങൾ തകഴിയും ചെറുകാടുമെന്ന രണ്ട് സാഹിത്യപ്രതിഭകളുടെ വ്യക്തിത്വങ്ങൾക്കുള്ള മൗലികമായ വ്യത്യാസങ്ങൾകൊണ്ടുമാത്രമല്ല സംഭവിച്ചത്. അവരിരുവരും പുരോഗമന സാഹിത്യകാരന്മാരും മേൽപ്പറഞ്ഞവിധം ഒരേ കാലത്തിന്റെ കേരളീയ ജീവിതത്തിന്റെ ചിത്രം വരച്ചവരുമാകുമ്പോൾത്തന്നെ, അവർ കഥാരചനയ്ക്ക് ആധാരമാക്കിയ തിരുവിതാംകൂറിന്റെയും (രണ്ടിടങ്ങഴി) മലബാറിന്റെയും (മണ്ണിന്റെ മാറിൽ) സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളിലുള്ള വ്യത്യാസങ്ങൾകൂടി അവഗണിക്കാനാകാത്ത സാന്നിധ്യങ്ങളായി അവിടെയുണ്ട്.
1865ലെ ‘പണ്ടാരപ്പാട്ടവിളംബര'വും 1867ലെ ‘ജന്മികുടിയാൻ വിളംബര'വും തിരുവിതാംകൂറിലെ കാർഷിക സമ്പദ്വ്യവസ്ഥയുടെ മുതലാളിത്തവൽക്കരണത്തിന് വഴിതുറക്കുകയുണ്ടായി. സമാന്തരമായി, വിദ്യാഭ്യാസത്തിന്റെ വ്യാപനവും കയറും കശുവണ്ടിയും കള്ള് ചെത്തുമെല്ലാം വ്യവസായങ്ങളായതും ആധുനിക സമ്പദ്ഘടനാസംവിധാനത്തിലേക്ക് ആ പ്രദേശത്തെ ചേർത്തുകെട്ടുകയും ചെയ്തു. ഈ മാറ്റമാണ് ഒരു പുതിയ വർഗത്തിന്, തൊഴിലാളിവർഗത്തിന് തിരുവിതാംകൂറിന്റെ രാഷ്ട്രീയഭാഗധേയം നിർണയിക്കുന്നതിൽ നായകപദവി നൽകിയത്. നാരായണഗുരുവും അയ്യൻകാളിയും നവോത്ഥാന ആശയവുമെല്ലാം ശക്തിപ്പെടുന്നതും അവിടെ ഈ പാശ്ചാത്തലത്തിലാണ്.
പുന്നപ്ര- വയലാർ സമരസൈനികരായ തൊഴിലാളിവർഗം, ചരിത്രരംഗത്ത് പ്രഥമ പ്രവേശംചെയ്ത സമുജ്വല സന്ദർഭമാണ്, തകഴി ‘രണ്ടിടങ്ങഴി'യിൽ അനുപമമായ തന്റെ ശൈലിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ചെറുകാടിന്റെ കൃതിയിൽ മലബാറിലെ കാർഷികബന്ധങ്ങളുടെ വ്യത്യസ്ത ഘടനയാണ് നാം കാണുന്നത്. അതുകൊണ്ടുകൂടിയാണ് വയ്യക്തിക പ്രതിഭകൾ തമ്മിലുള്ള സ്വാഭാവികവും അനിവാര്യവുമായ വ്യത്യാസത്തിനപ്പുറം തകഴിയുടെയും ചെറുകാടിന്റെയും നോവലുകൾ വ്യത്യസ്തമായതെന്ന് തിരിച്ചറിയാതെ ഈ പുസ്തകങ്ങളുടെ വായന പൂർണമാകുകയില്ല.
പാശ്ചാത്യ അധിനിവേശം, ആധുനികതയുടെ ഹംസദൗത്യമായിരുന്നുവെന്ന സാമാന്യബോധത്തിന്റെ തടവറയിൽനിന്ന് ഇന്നും ഇവിടെ പലരും മുക്തരായിട്ടില്ല. എന്നാൽ നേരിട്ട് ബ്രിട്ടീഷ് കോയ്മക്കുകീഴിലുള്ള മലബാർ, തിരു-കൊച്ചി പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്നു. ഇവിടെ ജന്മിമാരുടെ അടിയാന്മാരാണ് കുടിയാന്മാരെങ്കിൽ, ഭൂരഹിതരായ പണിയാളർ ഒരവകാശവുമില്ലാത്ത അടിമകൾ തന്നെയായിരുന്നു.
ഈ അടിയായ്മ സാമ്പത്തികബന്ധങ്ങളിൽ മാത്രമല്ല, സാമൂഹ്യവും സാംസ്കാരികവുമായ ഘടനകളിലും നിഴൽവീഴ്ത്തിയിരുന്നു. അടിമകളെ അപേക്ഷിച്ച് അടിയാളരുടെ നില മെച്ചമായതുകൊണ്ട് സ്വത്തുബന്ധങ്ങളെ, സാമൂഹ്യബന്ധങ്ങളെ, അധികാര ഘടനകളെ ഒക്കെ അഴിച്ചുപണിയാനുള്ള പടയേറ്റത്തിന് തുടക്കംകുറിച്ചത് അടിയാന്മാരായ കൃഷിക്കാരായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈഴവരായ വെറും പാട്ടകൃഷിക്കാരായ, ‘കാമ്പൻകൊണ്ടേര'നും ‘കൊച്ചുകൊണ്ടേര'നും ‘തിരുമാളുക്കുട്ടി'യും ‘മണ്ണിന്റെമാർ’ത്തട്ടിൽ തലയുയർത്തി നിന്നപ്പോൾ ദളിതരായ, വയൽവേലക്കാരായ കോരനും ചിരുതയും ചാത്തനും ‘രണ്ടിടങ്ങഴി'യുടെ മുന്നരങ്ങിലേക്ക് എത്തിയത്.
കേരളീയ നവോത്ഥാനത്തിന്റെ നായകരായ കൃഷ്ണപിള്ളയും, ഇ എം എസും എ കെ ജിയുമെല്ലാം ചേർന്നാണ് ഇന്നലെയിവിടെ ചെങ്കൊടിനാട്ടിയതെങ്കിലും അവർ നേതൃത്വംകൊടുത്ത പാർടിയുടെ പ്രവർത്തനം മുന്നേറുന്ന മുറയ്ക്ക് സാമ്പത്തിക ചൂഷണത്തിന്റെ പ്രശ്നത്തോടൊപ്പം തുല്യപ്രാധാന്യത്തോടെ ലിംഗസമത്വത്തിന്റെയും ജാതി നിർമാർജനത്തിന്റെയും ആശയാവലികൾ ഉയർത്തിപ്പിടിക്കുന്നതിൽ വേണ്ടവിധം ജാഗ്രത കാട്ടിയോ എന്ന ചോദ്യം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഉയർന്നുവരുന്നുണ്ട്. ഗുരുതരമായ ഈ പരിമിതിമൂലം, പൗരസമൂഹത്തിനകത്ത് ഇടപെടാനും വ്യാപരിക്കാനും സ്വയം ഒരധീശശക്തിയായി മാറാനും കമ്യൂണിസ്റ്റ് പാർടിക്ക് കഴിഞ്ഞില്ലെങ്കിൽ അതിൽ അസ്വാഭാവികത ഒട്ടും ഇല്ല.
കമ്യൂണിസ്റ്റ് പ്രയോഗത്തിൽ വന്നുപെട്ട ഈ വിടവ് നികത്താൻ അബോധപൂർവമാണെങ്കിലും ചെറുകാടിനെപ്പോലുള്ള എഴുത്തുകാർ പരിശ്രമിക്കുകയും അതിൽ വിസ്മയകരമായ വിജയം നേടുകയും ചെയ്തുവെന്ന വസ്തുത, ആളുകൾ സമർഹമായ രീതിയിൽ തിരിച്ചറിഞ്ഞതിനോ അംഗീകരിച്ചതിനോ തെളിവുകളില്ല. പരാമൃഷ്ടമായ ‘മണ്ണിന്റെ മാറിൽ'മാത്രമല്ല, ചെറുകാടിന്റെ ‘മുത്തശ്ശി'യും ‘ശനിദശ'യും അദ്ദേഹത്തിന്റെ നാടകത്രയം എന്നുവിളിക്കാവുന്ന ‘മനുഷ്യഹൃദയങ്ങൾ', ‘സ്നേഹബന്ധങ്ങൾ', ‘തറവാടിത്തം' -തുടങ്ങിയ രചനകളിലും, വർഗ ചൂഷണത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം കുടുംബത്തിലും സമൂഹത്തിലും സംജാതമാകേണ്ട നീതിയുടെയും സമത്വത്തിന്റെയും പ്രമേയങ്ങളും സന്തുലനം നഷ്ടപ്പെടാതെ സമന്വയിക്കുന്നുണ്ട്.
കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രയോഗത്തെ കേവലം അനുഗമിക്കുകയല്ല, അതിൽ സംഭവിച്ച കുറവുകളെയും ഉണ്ടായ വിടവുകളെയും നികത്തിയെടുക്കാൻ നേതൃത്വപരമായ പങ്കുവഹിക്കുകയാണ് കമ്യൂണിസ്റ്റ് സാഹിത്യപ്രയോഗവും സാംസ്കാരിക പ്രയോഗവും ചെയ്തത്. മലയാള ഭാഷയിലെ എക്കാലത്തെയും വലിയ എഴുത്താളരിൽ ഉൾപ്പെട്ട ചെറുകാടിനെപ്പോലുള്ളവരുടെ കമ്യൂണിസ്റ്റ്ഭാവന, നമ്മുടെ ചരിത്രത്തിലെ സങ്കീർണവും സംഘർഷഭരിതവുമായ ആ വഴിത്തിരിവിൽ പ്രകടിപ്പിച്ച സർഗാത്മക ജാഗ്രതയോട് ഒരുവാക്കിലെങ്കിലും നന്ദി ചൊല്ലാതെ നമ്മുടെ ഈ കാലവും കടന്നുപോകുകയില്ല.









0 comments