print edition വ്യാജനിർമിതികളെ പൊളിക്കുന്ന ‘ബ്രേക്കിങ് ന്യൂസ്’

‘ബ്രേക്കിങ് ന്യൂസ് ’ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ
പ്രേംജിത് സുരേഷ്ബാബു
Published on Oct 25, 2026, 01:00 AM | 1 min read
പരമ്പരാഗത നാടകസങ്കേതങ്ങളെയോ അനുഷ്ഠാനങ്ങളെയോ തിരയാതെ നമുക്ക് ഒന്നിച്ച് ഒരു പ്രകടനത്തിലേക്ക് കടക്കാം’ എന്നാണ് ‘ബ്രേക്കിങ് ന്യൂസ് ’ എന്ന നാടകത്തിന്റെ സംവിധായകൻ ശ്യാംരജി കാണികളോട് ആദ്യംതന്നെ പറഞ്ഞത്. അതുകൊണ്ടുതന്നെ അൽപ്പസ്വൽപ്പം നിരൂപണബുദ്ധിയുള്ളവർ അനുവർത്തിച്ചുവന്ന ആസ്വാദനപദ്ധതികളുടെ ഭാരം ലവലേശമില്ലാതെയാണ് ശ്യാമും കൂട്ടുകാരും ക്രോ- എൻസെമ്പിൾസ് എന്ന സംഘപ്പേരിൽ അവതരിപ്പിച്ച ഇൗ നാടകം കണ്ടത്. ജൂലൈ നാലിന് ഉള്ളൂർ കാമിയോ ലൈറ്റ്സിലാണ് ‘ബ്രേക്കിങ് ന്യൂസ്’ അരങ്ങേറിയത്. അരങ്ങിൽ ആറുപേർ. മ്യൂസിക് അരുൺ പണ്ടാരിയും ടെക്നിക്കൽ സപ്പോർട്ട് റിച്ചിനും നിർവഹിച്ചു. വർത്തമാനകാലത്തെ വാർത്താമാധ്യമങ്ങളെ സംബന്ധിച്ചതായിരുന്നു വിഷയം. തുടങ്ങി അവസാനിക്കുന്നതിനിടയിൽ സമയത്തെക്കുറിച്ച് ബോധ്യപ്പെടാനുള്ള അവസരം അവർ തന്നില്ല.
ആനുകാലിക വാർത്താമാധ്യമങ്ങൾ സമൂഹത്തിൽ നടത്തുന്ന അപനിർമിത ഇടപെടലുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഈ ആറുപേരുടെ നാടക കൂട്ടായ്മ. കേരളം രാഷ്ട്രീയപ്രബുദ്ധമെന്നും ബൗദ്ധിക തലസ്ഥാനമെന്നുമൊക്കെ ആത്മരതികൊള്ളുന്ന നമ്മൾതന്നെ കൗശലബുദ്ധിയോടെ ഇടപെടുന്ന വാർത്താ കച്ചവടസംഘങ്ങളുടെ പിടിയിലകപ്പെട്ട് വ്യാജവിവരണങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട് രണ്ടു ദശാബ്ദങ്ങളാകുന്നു.
രാജ്യത്തെ ഫാസിസ്റ്റ് വാഴ്ചയിലേക്ക് ചവിട്ടിത്തള്ളാൻ വഴിവെട്ടുന്ന പെയ്ഡ് വാർത്താചാനലുകളാണ് നമുക്കു ചുറ്റും. നിലനിൽപ്പിന്റെ നാലാംതൂണുകാർ ചെയ്യുന്ന ഈ വിടുവേലകളെ മനോഹരമായും ഹാസ്യാത്മകമായും അനാവരണം ചെയ്യുന്നു ‘ബ്രേക്കിങ് ന്യൂസ്’. മാധ്യമങ്ങൾ തരുന്നതെന്തും തൊള്ള തൊടാതെ വിഴുങ്ങുന്ന കീഴ്വഴക്കം സൃഷ്ടിച്ചത് അജൻഡകളുടെ രഹസ്യനിർമിതിയാണ്. മനുഷ്യർ സ്വന്തം കാര്യങ്ങളിലേക്കുമാത്രം ചുരുങ്ങുന്ന മതാധിപത്യ രാഷ്ട്രീയ പരിസ്ഥിതിയിൽ അധികാരക്കച്ചവടത്തിന് വളമിടുന്ന പണിമാത്രമാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്. വിചിന്തനം നടത്താൻ ത്രാണിയില്ലാത്ത ഒരു വലിയ സമൂഹത്തെ ചേരികളായി തിരിച്ച് പോരടിപ്പിക്കുന്നു. ‘ബ്രേക്കിങ് ന്യൂസ്’ -എല്ലാ മാധ്യമതട്ടിപ്പുകളെയും വിചാരണ ചെയ്യുന്നു. ചേർന്നിരുന്ന് ആസ്വദിക്കാൻ സാധിക്കുന്ന വളരെ ചെറിയ, എന്നാൽ വലിയ ഉദ്ദേശ്യം പേറുന്ന പ്രകടനമാണ് ഈ കൊച്ചുനാടകത്തിന്റേത്. തലക്കെട്ടുകൾകൊണ്ട് സ്പർധ പടർത്തുന്ന കപട മാധ്യമസംസ്കാരത്തിലേക്ക് വിരൽചൂണ്ടി കൂടുതൽ ചോദ്യങ്ങളുയർത്തി വേദികളിൽ നിറയുകയാണ് ഇൗ നാടകം.









0 comments