ad
Deshabhimani

സ്വർണമായി ബാക്ടീരിയ

virus
avatar
ഡോ. അബേഷ്‌ രഘുവരൻ

Published on Aug 17, 2025, 12:08 AM | 1 min read

സൂക്ഷ്‌മജീവികളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള പഠനം അത്ഭുതങ്ങളുടെ ലോകമാണ്. ഏറെ ക‍ൗതുകങ്ങളും സാധ്യതകളും തുറക്കുന്നു ഇ‍ൗ മേഖല. സമീപകാലത്ത്‌ ഒരുതരം സൂക്ഷ്മജീവികളെപ്പറ്റിയുള്ള പഠനം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്‌. ഒരുകുഞ്ഞൻ റീസൈക്ലർ (Recycler) ആണ്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചെമ്പ്, കാഡ്മിയം തുടങ്ങിയ വിഷലോഹങ്ങളും അലിഞ്ഞുചേർന്ന സ്വർണവും ഭക്ഷിക്കുകയും സുന്ദരമായ 24-കാരറ്റ് സ്വർണത്തിന്റെ നാനോകണികകൾ വിസർജിക്കുകയും ചെയ്യുന്ന ‘കുപ്രിയവിഡസ്മെറ്റാലിഡ്യൂറൻസ്’ (Cupriavidusmetallidurans) എന്ന ബാക്ടീരിയയാണ്‌ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്‌. ‘മെറ്റാലോമിക്‌സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യുകയാണ്‌. വ്യവസായ മേഖലകളിലാണ്‌ ഇവയുടെ സാന്നിധ്യം കൂടുതലുള്ളത്‌. പ്രതികൂല സാഹചര്യങ്ങളിൽ വളരാൻകഴിയുന്ന ഈ ബാക്ടീരിയ ചെമ്പ്, കാഡ്മിയം തുടങ്ങിയ വിഷലോഹങ്ങൾ നിറഞ്ഞ ചുറ്റുപാടിലും സുഗമമായിവളരും. അവിടെവച്ചാണ് ചെറുതും ശുദ്ധവുമായ സ്വർണശകലങ്ങൾ അവ വിസർജിക്കുന്നത്! ജൈവധാതുവൽക്കരണം (Biomineralization) എന്ന പ്രക്രിയവഴിയാണ്‌ ഇവ സ്വർണം ഉൽപ്പാദിപ്പിക്കുന്നത്. ജീവജാലങ്ങൾ ധാതുക്കൾ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ ഇത്‌. ഇത് പലപ്പോഴും ധാതുവൽക്കരിക്കപ്പെട്ട കലകളെ കഠിനമാക്കുകയോ ദൃഢമാക്കുകയോ ചെയ്യുന്നു. ഇവിടെ ഈ ജീവികളുടെ സ്വാഭാവിക ഉപാപചയ പ്രക്രിയയിലൂടെ ലോഹങ്ങൾ വിഘടിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. അതേസമയം മറ്റൊരു ലോഹമായി പരിവർത്തനം സംഭവിക്കുകയും ചെയ്യുന്നു. ഖനനം ചെയ്യുമ്പോൾ സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അതീവ ബുദ്ധിമുട്ടേറിയതും ചെലവേറിയതുമാണ്. മെർക്കുറിപോലുള്ള വിഷരാസവസ്തുക്കളെ ആശ്രയിക്കുന്ന പരമ്പരാഗത വേർതിരിക്കൽ രീതികൾക്ക് ഇത്‌ സുസ്ഥിരവും പ്രകൃതിസൗഹൃദവുമായ ഒരുബദലായി മാറുമെന്നാണ്‌ പ്രതീക്ഷ. ഓസ്ട്രേലിയയിലെ ഖനികളിൽ കണ്ടെത്തിയിരിക്കുന്ന ഈ ബാക്ടീരിയയെ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾ ഖനനംചെയ്യാനും ശുദ്ധീകരിക്കാനുമുള്ള മേഖലയ്‌ക്ക്‌ വലിയ സാധ്യത തുറന്നു നൽകുന്നു. ഇവയുടെ ഉപയോഗം സ്വർണത്തിൽമാത്രം ഒതുങ്ങി നിൽക്കില്ല. ഇലക്ട്രോണിക്‌ മാലിന്യങ്ങൾ സംസ്കരിക്കാനും അവയിൽനിന്ന്‌ മറ്റ്‌ ലോഹങ്ങൾ വീണ്ടെടുക്കാനുമാകും. എന്തായാലും ഇ‍ൗ രംഗത്ത്‌ ഗവേഷണങ്ങൾ തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home