print edition എടപ്പാൾ അങ്ങാടിയിലെ ഉണ്ണിയാർച്ച

അൻഷിഫ
മുംതാസ് കുറ്റിക്കാട്ടൂർ
Published on Apr 26, 2026, 12:00 AM | 1 min read
മിന്നൽപോലെ പറക്കുന്ന ഉറുമികൾ, വാൾപ്പയറ്റ്, കോൽത്താരി, വളയിട്ട ആ കൈകൾ ആരുടേതായിരുന്നു? സംസ്ഥാന സർക്കാർ തലശേരിയിൽ സംഘടിപ്പിച്ച കളരി ഉത്സവമായ "പൊന്ന്യത്തങ്ക’ത്തിലായിരുന്നു എടപ്പാൾ സ്വദേശിയായ അൻഷിഫയുടെ വരവ്. കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന ആ മിനിറ്റുകൾക്ക് അൻഷിഫയോട് നന്ദി. എത്ര അനായാസമായാണ് അവൾ കളരിയഭ്യാസങ്ങൾ കാട്ടിയത്. അതുമാത്രമല്ല, കളരിയുടെ രാഷ്ട്രീയമാണ് അവൾ പൊരുതിത്തെളിയിച്ചത്. കളരിക്ക് മതമോ ജാതിയോ പ്രായമോ ലിംഗമോ വ്യത്യാസമോയില്ലെന്ന രാഷ്ടീയം.
എടപ്പാളിലെ അറിയപ്പെടുന്ന കളരി ഗുരുക്കൾ ഹനീഫയുടെ മകളാണ് അൻഷിഫ, ഹംസത്തലിയുടെ കളരി പാരമ്പര്യം ചോർന്നു പോകാതെ കാത്തു സൂക്ഷിക്കുന്ന തറവാട്. തടവും മറുതടവും വാൾപ്പയറ്റിന്റെ ശബ്ദവും കേട്ടുതുടങ്ങിയ കുട്ടിക്കാലം. അഞ്ചു വയസ്സുമുതൽ ഉപ്പയുടെ കളരിത്തറയിൽ ഉമ്മ മൈമൂനയുടെ കൈപിടിച്ച് അൻഷിഫ ചെന്നു. സഹോദരി ആരിഫയും സഹോദരൻ ആസിഫും നേരത്തേ ഉപ്പയുടെ ശിഷ്യൻമാരായിരുന്നു. മറ്റു ശിഷ്യൻമാരോടൊപ്പം നിർത്തി മക്കൾക്ക് ആ പിതാവ് ഓരോ മുറയും പറഞ്ഞുകൊടുത്തു.
കളരിയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ അൻഷിഫ 2025 ൽ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ ഉറുമി വീശലിൽ സ്വർണം നേടി. കളരിപോലെതന്നെ ലഹരിയാണ് നൃത്തവും. നാട്ടുകാരിൽനിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയുമാണ് അൻഷിഫയുടെ ഊർജം. കളരിപ്പയറ്റിനെ വിദേശത്ത് പരിശീലിപ്പിക്കാൻ ചുവടുറപ്പിക്കണം എന്നതാണ് അൻഷിഫയുടെ ലക്ഷ്യം.









0 comments