പുസ്‌തകമേ ദെെവമേ...

നവപുരം ക്ഷേത്രത്തിലെ പുസ്തക പ്രതിഷ്ഠ
പി വി ജീജോ
Published on May 03, 2026, 12:01 AM | 3 min read
വിഗ്രഹങ്ങളില്ലാത്ത, ദേവീദേവന്മാരുടെ ബിംബങ്ങളോ പൂജാരിയോ ശാന്തിയോ പുരോഹിതരോ ഇല്ലാത്ത ഒരു ക്ഷേത്രം സങ്കൽപ്പിക്കാനേയാകില്ലല്ലോ. എന്നാൽ ദൈവങ്ങളില്ലാത്ത പുസ്‌തകം പ്രതിഷ്‌ഠയായ ആരാധനാലയമുണ്ട്, നിവേദ്യവും പുസ്‌തകം തന്നെ. കണ്ണൂർ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയ്‌ക്കടുത്ത് പ്രാപ്പൊയിലിലെ കക്കോട് കിഴക്കേക്കരയിലാണ് അറിവിനെയും അക്ഷരസംസ്‌കൃതിയെയും ആരാധിക്കുന്ന ക്ഷേത്രവിസ്‌മയം
പുസ്‌തകങ്ങളിലെന്തൊക്കെയുണ്ട്?
പുസ്‌തകങ്ങളിൽ വിസ്‌മയമുണ്ട്,
പുസ്‌തകങ്ങളിലാനന്ദമുണ്ട്,
പുസ്‌തകങ്ങളിൽ വിജ്ഞാനമുണ്ട്.
(എൻ വി കൃഷ്‌ണവാരിയർ)
പുസ്‌തകങ്ങളിലെ വിസ്‌മയവും വിജ്ഞാനവും ആനന്ദവും ആഹ്ലാദവും സമ്മേളിക്കുന്ന ഒരിടം. അതൊരു ക്ഷേത്രമായാലോ. അസംഭവ്യമെന്നാകും മറുപടി. വിഗ്രഹങ്ങളില്ലാത്ത, ദേവീദേവന്മാരുടെ ബിംബങ്ങളോ പൂജാരിയോ ശാന്തിയോ പുരോഹിതരോ ഇല്ലാത്ത ഒരു ക്ഷേത്രം സങ്കൽപ്പിക്കാനേയാകില്ലല്ലോ. എന്നാൽ ദൈവങ്ങളില്ലാത്ത പുസ്‌തകം പ്രതിഷ്‌ഠയായ ആരാധനാലയമുണ്ട്, നിവേദ്യവും പുസ്‌തകംതന്നെ. കണ്ണൂർ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയ്‌ക്കടുത്ത് പ്രാപ്പൊയിലിലെ കക്കോട് കിഴക്കേക്കരയിലാണ് അറിവിനെയും അക്ഷരസംസ്‌കൃതിയെയും ആരാധിക്കുന്ന ക്ഷേത്രവിസ്‌മയം. ദൈവങ്ങളുടെയും ദേവാലയങ്ങളുടെയും പേരിൽ മനുഷ്യർ തെരുവിൽ മരിക്കുന്ന കാലത്താണ് അക്ഷരങ്ങളെ, വാക്കിനെ, പുസ്‌തകത്തെ ആരാധിക്കുന്ന നവപുരം മതാതീത ദേവാലയത്തിന്റെ മഹത്വം.
ഷിബു വെട്ടം ശിൽപ്പനിർമാണത്തിൽ
ചെറുപുഴയിലും പെരിങ്ങോത്തും പരിസരങ്ങളിലുമുള്ളവർ ഇൗ അക്ഷരക്ഷേത്രത്തിൽനിന്ന് അറിവിന്റെ വെളിച്ചം ഏറ്റുവാങ്ങുന്നു. പുസ്‌തകത്തെയും വിജ്ഞാനത്തെയും ജീവിതത്തിലേറ്റവും മഹത്തായി കരുതുന്ന നിസ്വനായ മനുഷ്യൻ, നാരായണൻ പ്രാപ്പൊയിലും സാബു മാളിയേക്കലടക്കം കുറച്ച് കൂട്ടുകാരുമാണ് വിജ്ഞാനവും മാനവികതയും അടിസ്ഥാനമായുള്ള ഇൗ പുസ്‌തകദേവാലയത്തിന്റെ സംരംഭകരും പ്രചാരകരും. മൂവായിരത്തോളം പുസ്‌തകങ്ങൾ, ഗ്രന്ഥ പ്രതിഷ്‌ഠ, ശിൽപ്പരൂപങ്ങളിൽ ജ്ഞാനപ്രകാശം വർഷിച്ച് എഴുത്തച്ഛനും ബുദ്ധനും ചെറുശ്ശേരിയും ടാഗോറും. താമസിച്ച് എഴുതാനും വായിക്കാനും എഴുത്തുപുര. ഇരുളുനീക്കി ഭൂമിയാകെ തൂവെളിച്ചമേകാൻ പിറന്നതാണീ അക്ഷരമെന്ന് എല്ലാ അർഥവിതാനങ്ങളിലും തെളിയിക്കുംവിധം ശരിക്കും നവലോകനിർമിതിക്കുള്ള സാംസ്‌കാരികാന്തരീക്ഷം സമ്മാനിക്കുന്നുണ്ട് നവപുരം മതാതീത ദേവാലയം.

മുപ്പതാണ്ടിന്റെ ജ്ഞാനപ്രകാശം
വായന, പുസ്‌തക ചർച്ച, സിനിമാപ്രദർശനം, കക്കോട് കിഴക്കേക്കരയിൽ നവപുരത്തിന്റെ തുടക്കം മറ്റേത് കേരളീയഗ്രാമത്തിലെയും വായനശാലയുടേതിന് സമാനമായിരുന്നു. 30 വർഷം മുന്പ്. ചെറുപുഴയിൽ പീയെൻസ് എന്ന സമാന്തര കോളേജ് നടത്തിയ നാരായണൻ മാഷുടെ കാൽപ്പനിക ചിന്തകളാണ് ശരിക്കും കാട്ടുമൂലയായ കിഴക്കേക്കരയിലെ നവപുരത്തെ മതാതീത ദേവാലയമാക്കി കാലത്തിനും ദേശത്തിനും അപ്പുറത്തേക്ക് വളർത്തിയത്. 2021 ഒക്ടോബറിലായിരുന്നു സ്വപ്‌നപദ്ധതിയുടെ തുടക്കം. കുടുംബസ്വത്തായി ലഭിച്ച മലഞ്ചെരിവിലെ പ്രകൃതിരമണീയമായ രണ്ടേക്കറോളം സ്ഥലത്താണ് നവപുരം യാഥാർഥ്യമാക്കിയിട്ടുള്ളത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും തമിഴ്‌നാട്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുമടക്കം ഇൗ വേറിട്ട ക്ഷേത്രത്തിലെത്തി അക്ഷരോപാസന നിർവഹിച്ച് സംസ്‌കാര സായൂജ്യമടയുന്നുണ്ട്. കാടു നിറഞ്ഞ ചെങ്കുത്തായ കയറ്റവുമായി മരങ്ങളുടെ തണലേറ്റ് ചെറുശ്ശേരി ഗ്രാമത്തിൽ മലയാളത്തിന്റെ സാംസ്‌കാരിക ദേവാലയമായി വളരുകയാണ് നവപുരം മതാതീത ദേവാലയം. "അറിവാണ് ദൈവം, വിജ്ഞാനമാണ് ദൈവം. വിശാല ചിന്തയും വിചിന്തനബോധവുമാണ് മതം.

വിനയമാർന്ന വിവേകമാണ് വഴി’’. നവപുരത്തിന്റെ സന്ദേശം ശ്രീകോവിലെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥപ്രതിഷ്‌ഠയ്‌ക്കു മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൽവിളക്കുള്ള മുറ്റം, ചെറുശ്ശേരിയുടെ പ്രതിമ. മൂവായിരത്തോളം പുസ്‌തകങ്ങളുള്ള പൂമുഖമാണ് ദേവാലയത്തിലേക്കുള്ള കവാടം. ഇവിടെനിന്ന് പുസ്‌തകനിവേദ്യമോ പുസ്‌തകാർച്ചനയോ നിർവഹിച്ചാൽ കാണാം മുപ്പതടിയോളം ഉയരമുള്ള കൂറ്റൻ പാറയുടെ മുകളിലെ പുസ്‌തകപ്രതിഷ്‌ഠ. ഇൗ പ്രതിഷ്‌ഠയ്‌ക്കു മുന്നിൽ പുസ്‌തകം സമർപ്പിച്ച് ആരാധകർക്ക് തൊഴാം, പ്രാർഥിക്കാം. ഇവിടെ നിന്ന് ദേവാലയത്തിൽ പ്രതീകാത്മകമായ രണ്ട് വഴിയുണ്ട്. ആസ്‌തികവും നാസ്‌തികവും (ദൈവത്തെ അംഗീകരിക്കുന്നവരും ദൈവനിഷേധികളും). ഇൗ വഴി താണ്ടിയാൽ ബുദ്ധപ്രതിമയുണ്ട്. ചാരത്തായി മഹാകവി ടാഗോറിന്റെ ജ്ഞാനസ്വരൂപം പൂർത്തിയായിവരുന്നു. മൂന്ന് എഴുത്തുപുരകളാണിപ്പോഴുള്ളത്. ഇതിൽ 20 പേർക്ക് താമസിക്കാം. ചെറിയ ഹാളും ഭക്ഷണാലയവുമുണ്ട്. ഭക്ഷണവും താമസവും സൗജന്യം. പരിപാടികൾക്കായി സംവാദവേദിയുമുണ്ട്. ഗവേഷണത്തിനടക്കമുള്ള സൗകര്യവുമായി എഴുത്തിനും സർഗാത്മക പ്രവർത്തനത്തിനുമുള്ള തീർഥാടനകേന്ദ്രമായി ഇത് വികസിപ്പിക്കണമെന്നതാണ് നാരായണൻ മാഷുടെ സ്വപ്‌നം.

തുഞ്ചനും ചെറുശ്ശേരിയും
നവപുരത്ത് അക്ഷരവിളക്കായി ഒരു കൽവിളക്കുണ്ട്. ഇത് സ്ഥാപിച്ചത് ഗോത്രവിഭാഗത്തിൽപ്പെട്ട ആളാണെന്നത് ഇൗ മതാതീത ദേവാലയം മുന്നോട്ടുവയ്‌ക്കുന്ന ആശയത്തിന്റെ പ്രകാശമാണ്. തിരൂർ തുഞ്ചൻപറമ്പിൽ സ്ഥാപിക്കാൻ തയ്യാറാക്കിയ ഭാഷാപിതാവിന്റെ ശിൽപ്പമാണ് നവപുരത്തെ അലങ്കരിക്കുന്നതിലൊന്ന്. തിരൂരിലെ ശിൽപ്പി ഷിബുവെട്ടത്തിന്റെ സർഗവൈഭവത്തിലാണ് എഴുത്തച്ഛന്റെ ശിൽപ്പം. മലയാളത്തിലെ 51 അക്ഷരങ്ങളെ മാനിച്ച് അമ്പത്തൊന്ന് ഇഞ്ച് വലിപ്പത്തിലാണിതിന്റെ സൃഷ്‌ടി. അക്ഷരങ്ങളാൽ മലയാളം എന്ന് കൊത്തിവച്ച രചനാവൈഭവം. താളിയോലകളും അക്ഷരങ്ങളുമായി കല്ലിൽ വിരിഞ്ഞ കാവ്യഭാവനയായ ഇൗ ശിൽപ്പം അക്ഷരപ്രണയികൾക്ക് സർഗവിരുന്നാണ്.
പുസ്‌തകത്തിനു മുകളിലായി ഭൂഗോളം, അതിനുംമേലൊരു മനുഷ്യൻ ഇരുന്ന് വായിക്കുന്നു. വായനയുടെ അനശ്വരതയും മനുഷ്യന്റെ അജയ്യതയും വിളിച്ചോതുന്ന ‘ജ്ഞാനമാനവം’ ശിൽപ്പം അക്ഷരദേവാലയത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്. രണ്ടാൾപ്പൊക്കമുണ്ടിതിന്. ഷിബു വെട്ടമാണിതിന്റെയും രൂപകൽപ്പന.

ഗ്രന്ഥ പ്രതിഷ്‌ഠയുടെ അടുത്തായി മനോഹരമായ മറ്റൊരു ശിൽപ്പവുമുണ്ട്. ‘‘ജ്ഞാനമയി’’, അടുക്കിവച്ചിരിക്കുന്ന കുറേ പുസ്‌തകങ്ങൾ. അതിനു മുകളിലായി തുറന്നുവച്ച ഒരു പുസ്‌തകം. പുസ്‌തകത്തിന്റെ താളിൽനിന്ന് അമ്മ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്നു. ജീവിതസ്‌നേഹവും പുസ്‌തകത്തിന്റെയും അറിവിന്റെയും മഹത്വവുമാണീ ശിൽപ്പഭംഗി വിളിച്ചോതുന്നത്. ഗ്രന്ഥ പ്രതിഷ്‌ഠയും ചെറുശ്ശേരിയുടെയും ശിൽപ്പസൃഷ്‌ടി സന്തോഷ് മാനസത്തിന്റേതാണ്. ഗ്രന്ഥ പ്രതിഷ്‌ഠയ്‌ക്കടുത്തായി ബുദ്ധാലയമുണ്ട്. ഇവിടെയുള്ള ഇരിപ്പിടങ്ങളിലിരുന്ന് താൽപ്പര്യമുള്ളവർക്ക് ധ്യാനവുമാകാം. ‘വിദ്യ, ഭാഷ, സംസ്‌കാരം’ എന്ന ചുമർചിത്രത്തിൽ മനുഷ്യചരിത്രമാണ് ആലേഖനം ചെയ്‌തിരിക്കുന്നത്. ഗുരുകുല സമ്പ്രദായത്തിലുള്ള പാഠശാലയും മുകളിലായി ‘ജ്ഞാനപീഠ’വുമുണ്ട്, വിജ്ഞാനസമ്പാദനത്തിലൂടെ മാനവികതയുടെ ഉന്നതപീഠങ്ങളേറാമെന്നതിന്റെ സൂചനയായി.
നവപുരം ഉത്സവം
ഇവിടത്തെ ഉത്സവത്തിനുമുണ്ട് സവിശേഷതകൾ. ഏപ്രിൽ–മെയ് മാസം ഒമ്പതുനാളാണ് ആഘോഷം. ഏപ്രിൽ 23ന് ലോക പുസ്‌തകദിനത്തിൽ തുടക്കം. ക്ഷേത്രങ്ങളിലെ കലവറ നിറയ്‌ക്കലിന് ബദലായി ഗ്രന്ഥം നിറയാണിവിടെ. ആഘോഷമെന്നാൽ കല–സാഹിത്യ–സാംസ്‌കാരിക പരിപാടികളാണ്. റസീപ്റ്റ് ബുക്ക്, സംഭാവന പിരിവ്, കമ്മിറ്റി അങ്ങനെയുള്ള മാമൂലുകളൊന്നുമില്ല. നിലവിൽ നാരായണൻ മാഷാണ് സെക്രട്ടറി. സാബു മാളിയേക്കൽ പ്രസിഡന്റും. നിർമാണപ്രവർത്തനത്തിനായി ഇതുവരെ 45 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പുതിയ എഴുത്തുപുരയടക്കം പൂർണമാകാനുള്ള സ്വപ്‌നപദ്ധതികൾ ബാക്കിയുണ്ട്.
നാരായണൻ പ്രാപ്പൊയിൽ
അഞ്ച് വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള നാരായണൻ 34 വർഷമായി ചെറുപുഴയിൽ പീയെൻസ് സമാന്തര കോളേജ് നടത്തുകയാണ്. അതിൽനിന്നുള്ള വരുമാനമാണ് നവപുരത്തിനായി വിനിയോഗിച്ചിട്ടുള്ളത്. നവപുരത്തെപ്പറ്റി 27 പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടെണ്ണം ഇംഗ്ലീഷിലും ബാക്കി മലയാളത്തിലും. ചെറുശ്ശേരി പ്രസാധനാലയത്തിന്റെ പേരിലാണ് പുസ്‌തക പ്രസിദ്ധീകരണം. ദ്രാവിഡ ഭാഷാപുരസ്‌കാരമടക്കം പ്രതിഭകൾക്കായി നവപുരം അവാർഡും നൽകുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണീ പുരസ്‌കാരം. കൂടാതെ സംഗീതശ്രീ, നൃത്തശ്രീ പുരസ്‌കാരവും നൽകുന്നു.











0 comments