മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർ അറിയുന്നൊരു ഐശ്വര്യലക്ഷ്‌മിയുണ്ട്. ‘ആ ഞാൻ ശരിക്കുള്ള ഞാനേയല്ല' എന്ന് മായാനദിയിലെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചാൽ പ്രിയതാരത്തിന്റെ മറുപടി. അഭിനയം തുടരുന്നതിനെക്കുറിച്ചുള്ള ഒരായിരം സംശയങ്ങൾക്കുത്തരം ലഭിച്ചത് മായാനദിയിലൂടെയാണെന്നും ഐശ്വര്യ. രണ്ടുചിത്രങ്ങൾ കൂടി പൂർത്തിയാക്കി അഭിനയരംഗത്ത് സജീവമാകുകയാണ് താരം. അമൽ നീരദ് സംവിധാനംചെയ്‌ത് ഫഹദ് ഫാസിൽ നായകനായ പുതിയ ചിത്രം വരത്തനിലൂടെയാണ് ഐശ്വര്യ വീണ്ടും പ്രേക്ഷകർക്കുമുന്നിലെത്തിയത്. റിലീസിന്റെ ആദ്യദിനങ്ങളിൽത്തന്നെ മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുമ്പോൾ ഐശ്വര്യയുടെ പ്രകടനത്തിനും തിയറ്ററുകളിൽ പ്രത്യേകം കൈയടികിട്ടുന്നു.
മായാനദിയിലെ മായാത്ത നടി
മായാനദി വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സിനിമയാണ്. അതിൽ അഭിനയിക്കുമ്പോഴല്ല, സിനിമ കണ്ടുകഴിഞ്ഞുള്ള പരിചയക്കാരുടെയും പ്രേക്ഷകരുടെയും പ്രതികരണങ്ങളാണ് ഏറ്റവും സന്തോഷം തന്നത്. സിനിമയെക്കുറിച്ച് സാമൂഹ മാധ്യമങ്ങളിൽ വന്ന അഭിപ്രായങ്ങളും റിവ്യൂകളും വായിക്കുമ്പോൾ കരിയറിന്റെ തുടക്കത്തിൽത്തന്നെ ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനംതോന്നി. സുഹൃത്തുക്കളും പരിചയക്കാരും പറഞ്ഞത് ഐശ്വര്യയെയല്ല, അപർണയെമാത്രമാണ് സിനിമയിൽ കണ്ടതെന്നായിരുന്നു. ഇതെല്ലാം ആത്മവിശ്വാസം നൽകി. എടുത്തു പറയേണ്ടത് കൂട്ടുകാരി സ്റ്റെഫി സേവ്യറിന്റെ കാര്യമാണ്. അവളുടെ പ്രചോദനംകൊണ്ടാണ് മായാനദിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്. സിനിമ കണ്ടതും ഞങ്ങളൊന്നിച്ചാണ്. സിനിമ കഴിഞ്ഞപ്പോൾ അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനമായി ഞാൻ കാണുന്നത്.
ഡോ. ഐശ്വര്യ എംബിബിഎസ‌്
എംബിബിഎസുകാരിയാണ് ഞാൻ. പഠനത്തിനിടെയാണ് മോഡലിങ്ങിലേക്ക് കടക്കുന്നത്. കോളേജിലും പുറത്തുമുള്ള കൂട്ടുകാരുടെ സ്‌നേഹവും പിന്തുണയും വളരെ വലുതായിരുന്നു. പഠനത്തിനൊപ്പം മോഡലിങ്ങിനെ കൂടെകൂട്ടി.
ഹൗസ് സർജൻസി പൂർത്തിയാക്കുന്ന സമയത്ത് അവിചാരിതമായിത്തന്നെ സിനിമയിലേക്കും എത്തി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്തു. മോഡലിങ് ചിത്രങ്ങൾ കണ്ടശേഷം സംവിധായകൻ അൽത്താഫ് സലിം ഓഡിഷന് വിളിച്ചു. അങ്ങനെ നിവിൻ പോളിയുടെ നായികയായി ആദ്യ ചിത്രം.
ഭാവിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും ഉപരിപഠനത്തിനും താൽപ്പര്യമുള്ള എനിക്ക് പിജി എൻട്രൻസാണ് ആദ്യ കടമ്പ. പിജി പ്രവേശനം നേടാൻ ദീർഘനാൾ പരിശീലനം വേണ്ടി വരും. സമയം ലഭിക്കുമ്പോൾ പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കണമെന്നാണ് കരുതുന്നത്.
മൂന്ന്
എന്റെയും സംവിധായകൻ എന്ന നിലയിൽ അൽത്താഫ് സലിമിന്റെയും ആദ്യചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. ആദ്യ ചിത്രമായിരുന്നെങ്കിലും അൽത്താഫിന് തന്റെ സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. നായികാ കഥാപാത്രം ആയിരുന്നെങ്കിലും ചിത്രത്തിന്റെ മുഖ്യപ്രമേയം എന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടതായിരുന്നില്ല. രണ്ടാമത്തെ സിനിമയായ മായാനദിയിലേക്ക് വരുമ്പോൾ മുഴുനീള നായികാകഥാപാത്രമായിരുന്നു. ആ കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രം ഒരുപാട് പ്രശംസയും നേടിത്തന്നു. സംവിധായകൻ ആഷിഖ് അബുവിന്റെ സഹായവും പ്രകടനം മെച്ചപ്പെടാൻ കാരണമാണ്.
വരത്തനിലും അതുപോലെതന്നെ. പ്രാധാന്യമുള്ള നായികാ കഥാപാത്രം. അമൽ നീരദിനെപ്പോലെ അങ്ങേയറ്റം പ്രതിഭാശാലിയായ സംവിധായകൻ.
നായകന്മാരായ നിവിൻ പോളി, ടോവിനോ തോമസ്, ഫഹദ് ഫാസിൽ എന്നിവരും നല്ല സഹകരണവും പിന്തുണയുമാണ് നൽകിയത‌്. അവർ മൂന്നുപേരും മികച്ച നടന്മാർ. മൂന്ന് സിനിമയിലെയും കൂട്ടായ്മ വളരെ വലുതായിരുന്നു.
വരത്തന്റെ വിശേഷങ്ങൾ
ത്രില്ലർ സ്വഭാവമുള്ള ഒരു ചിത്രമാണ് വരത്തൻ. അമൽ നീരദിൽനിന്ന് പ്രതീക്ഷിക്കുന്നതുപോലെതന്നെ അതിമനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ചിത്രത്തിന്റേത്. ഇത് ചിത്രത്തിൽ അഭിനയിച്ചയാൾ പറയുന്നതല്ല, ചിത്രം കണ്ട പ്രേക്ഷക എന്ന നിലയിൽ പറയുന്നതാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടപ്പോഴും പാട്ടും ട്രെയിലറും കണ്ടപ്പോഴും ഷൂട്ടിങ് സമയത്ത് പ്ലേബാക്ക് ദൃശ്യങ്ങൾ കണ്ടപ്പോൾപ്പോലും ഗംഭീരമായിത്തോന്നി.
പ്രിയ പോൾ എന്ന കോട്ടയംകാരിയെയാണ് വരത്തനിൽ അവതരിപ്പിക്കുന്നത്. പ്രിയ എന്ന കഥാപാത്രം എത്തിച്ചേരുന്ന സാഹചര്യങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നമ്മുടെ സമൂഹത്തിൽ ഏതൊരു സ്‌ത്രീയും അനുഭവിക്കുന്ന ഭയവും അരക്ഷിതാവസ്ഥയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ വിജയിച്ചുവെന്നാണ് കരുതുന്നത‌്. ഫഹദ് ഫാസിൽ എന്ന നടനും താരവും ചിത്രത്തിൽ ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴും പ്രിയയെന്ന വ്യക്തിത്വമുള്ള കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടുന്നു.
വരാനിരിക്കുന്നത‌്
ജിസ് ജോയ് സംവിധാനംചെയ്ത് ആസിഫ് അലി നായകനായ ‘വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിലാണ് വരത്തനുശേഷം അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബറിൽ ഷൂട്ടിങ‌് തുടങ്ങും. കാളിദാസ് ആണ് ചിത്രത്തിലെ നായകൻ. മറ്റു ഭാഷകളിൽനിന്നും ഓഫറുകളുണ്ട്. സുന്ദർ സി സംവിധാനം ചെയ്ത് വിശാൽ നായകനാകുന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും.
വിജയ‌്, വിജയ് സേതുപതി, രാധിക ആപ്‌തെ എന്നിവരോടൊപ്പം അഭിനയിക്കണം എന്നതാണ് ഏറ്റവും വലിയ മോഹം. സംവിധായകരിൽ അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്‌വാനി എന്നിവരോടൊപ്പം സിനിമ ചെയ്യുക എന്നതും സ്വപ‌്നം തന്നെ. 'ആഗ്രഹങ്ങൾക്ക് പരിധിയില്ലല്ലോ' എന്നു പറഞ്ഞ് ഐശ്വര്യ പൊട്ടിച്ചിരിക്കുന്നു.
0 comments