കാളിദാരിക വധം


വസൂരിയെ ശാസ്ത്രം കീഴടക്കുംമുമ്പ് കാളിയെ പ്രീണിപ്പിച്ചാൽ ഈ മഹാമാരിയിൽനിന്ന് രക്ഷപ്പെടാമെന്നൊരു വിശ്വാസം ഉണ്ടായിരുന്നു. ഭദ്രകാളീപ്രീണനാർഥം ലിംഗപുരാണത്തിലെ ദാരികാസുരനിഗ്രഹകഥ പശ്ചാത്തലമാക്കി കലാരൂപങ്ങൾ ക്ഷേത്രാനുഷ്ഠാനത്തിന്റെ ഭാഗമായി. മധ്യകേരളത്തിലെ അനുഷ്ഠാന നാടകം കാളിദാരികൻ അതിലൊന്ന്. പുരാവൃത്തം പൂർണമായി അവതരിപ്പിക്കില്ല. കാളിയും ദാരികാസുരനുമായുള്ള പോർവിളിയും ദാരികനിഗ്രഹവുമാണ് അരങ്ങിൽ. തൃശൂർ, പാലക്കാട് ജില്ലകളിൽ വേലയോടും പൂരത്തോടുമനുബന്ധിച്ച് ഇത് അരങ്ങേറുന്നു. കുന്നംകുളത്തിനടുത്ത‌് കാട്ടകാമ്പാൽ പൂരത്തിനും ചേലക്കര അന്തിമഹാകാളൻ കാവിലെ വേലയ്ക്കും കാളിദാരികൻ അവതരിപ്പിക്കുന്നു. കാട്ടകാമ്പാലിൽ 'വായ്പ്പോര്' എന്നും അന്തിമഹാകാളൻകാവിൽ 'പെശക്കം' എന്നുമാണ് കാളി‐ദാരികസംവാദം അറിയപ്പെടുന്നത്. കാളി, ദാരികൻ, കോയമ്മ എന്നിവർ കഥാപാത്രങ്ങൾ.
കുംഭം ഒന്നുമുതൽ മീനത്തിലെ രണ്ടാംശനിവരെ നീളുന്ന അനുഷ്ഠാനക്രമങ്ങളുടെ തുടർച്ചയായിട്ടാണ് അന്തിമഹാകാളൻ കാവിൽ കാളിദാരികൻ അരങ്ങേറുക. കാളിദാരികനിൽ പന്തലിന് പ്രാധാന്യമുണ്ട്. കുംഭം ഒന്നിന് കാവിൽ 'വെടിപൊട്ട്' നടത്തുന്നതോടെ അനുഷ്ഠാനം ആരംഭിക്കും. തുടർന്നുവരുന്ന ബുധനാഴ‌്ചയോ ശനിയാഴ‌്ചയോ തിരുമുറ്റം കിളച്ച് പന്തലിന‌് കാൽനാട്ടുന്നു. ആശാരി മുറിക്കുകയും വെളുത്തേടൻ ചുമക്കുകയും ഇളയത‌് പൂജിക്കുകയും ചെയ്ത പാലക്കമ്പാണ് കാൽനാട്ടാൻ ഉപയോഗിക്കുന്നത്. പാലക്കമ്പ‌് ചുമന്നുകൊണ്ടുള്ള ഘോഷയാത്രയാണ‌് 'നടതല്ലി'വരവ്. പന്തലിനുള്ള മുളയും പുല്ലും ശേഖരിക്കുന്ന ചടങ്ങുകളായ പാറുവേലയും പുല്ലുവേലയും നടത്താനുള്ള അവകാശം വെള്ളോൻ, കണക്കന്മാർ, കൂടാന്മാർ തുടങ്ങിയ സമുദായങ്ങൾക്കാണ്. പാറച്ചാട്ടൻമലയിൽ അരിയും ശർക്കരയും നിവേദിച്ചതിനുശേഷമാണ് പുല്ലരിയുന്നതും മുളമുറിച്ചെടുക്കുന്നതും . തുടർന്ന് "അമ്മേയ് എന്റമ്മേയ്.....'' എന്നുറക്കെ വിളിച്ചുകൊണ്ട് ഊരുചുറ്റും. കാവിലെത്തി 'നെല്ലുഭോഗം' സ്വീകരിച്ച് ഇവർ കാളപ്പാട്ടുപാടി മടങ്ങുന്നു.
ഏലേ പോലുകലേലോ പോലേലേലോ
വരും ഞങ്ങള് വരും ഞങ്ങള് വരും കൊല്ലത്തിൽ എന്നുപാടി അവർ മടങ്ങുന്നതോടെ പുല്ലുപാറുവേല അവസാനിക്കുന്നു.
മീനത്തിലെ ആദ്യശനിയാഴ്ചയാണ് കാവിൽ കൊടിയേറ്റം (കൂറയിടുക). കൂറയിടുന്നതുമുതൽ ഏഴുനാൾ പഞ്ചവർണപ്പൊടികൾകൊണ്ട് ഭഗവതിക്കളം എഴുതി ദാരികവധംപാട്ട‌്. ഇതിന്റെ തുടർച്ചയാണ് പെശക്കവും ദാരികവധവും. ആറാം കളംപാട്ടുദിവസമാണ് വെറ്റിലയും അടയ്ക്കയും ഇളനീരുംകൂട്ടി കൊങ്ങിലിടി (പൊങ്ങിലിടി). ഇതിന‌് പീഠവും ഉരലും ഉലക്കയും സജ്ജമാക്കുന്നു. തേവത്തുനായന്മാർക്കും പാറോലനായന്മാർക്കുമാണ് കൊങ്ങിലിടിക്ക‌് അവകാശം. കൊങ്ങിലിടിക്കിടെ ഉരലിൽനിന്ന‌് രക്തവർണമുള്ള നീര് ദേഹത്തേക്ക‌് തെറിച്ചുവീഴുന്നത് ഭാഗ്യമായി കരുതുന്നു. ഏഴാം കളംപാട്ടുദിവസം കുറുപ്പന്മാർ കാളിയുടെ മുടി സൂക്ഷിച്ചിരിക്കുന്ന പെട്ടിയുമായി കാവിലെത്തും. അന്നുരാത്രി പന്ത്രണ്ടിനുശേഷം നാല്പത്തൊന്നുതവണ ദാരികന്റെ കിരീടം ദാരികവേഷം കെട്ടുന്ന വ്യക്തിയുടെ ശിരസ്സിലേറ്റി ഇറക്കുന്നു. തലദാരികൻ കെട്ടിയഴിക്കുക എന്ന ഈ ചടങ്ങോടെ ദാരികൻ വർധിതവീര്യനാകുന്നുവെന്നാണ് വിശ്വാസം. ദാരികരക്തം ഭൂമിയിൽ വീണാൽ ആയിരം ദാരികന്മാർ ജന്മം കൊള്ളുമെന്ന പുരാവൃത്തത്തിന്റെ ആവിഷ്കാരമാണ് കെട്ടിയഴിക്കൽ. എട്ടാംദിവസം വേല. അന്നു പ്രഭാതത്തിൽ കാളിക്കണ്ടത്തിൽ ദാരികന്റെ പോർവിളിയാണ‌്. രാത്രി പതിനൊന്നോടെയാണ് വേല പുറപ്പെടുന്നത്. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ മല്ലിശ്ശേരി വനദുർഗാക്ഷേത്രത്തിൽനിന്നും കടുകുശ്ശേരി വിഷ്ണുക്ഷേത്രത്തിൽനിന്നും വേല പുറപ്പെടും. കാളി, ദാരികൻ, നമ്പിടി, കോയമ്മ എന്നിവർ ഭക്തജനങ്ങളോടൊപ്പം പാതിരാവാകുമ്പോഴേക്കും അന്തിമഹാകാളൻ കാവിലെത്തുന്നു. വെളിച്ചപ്പാട് ക്ഷണിക്കുമ്പോഴാണ് കാളിദാരികന്മാർ ക്ഷേത്രമുറ്റത്തെത്തുക. മുന്നു പ്രദക്ഷിണംവച്ച് ഭക്തർക്കനുഗ്രഹം നൽകി കാളി തറയിൽ വിശ്രമിക്കും. ഒമ്പതാംദിവസമാണ് ദാരികവധം. അനുബന്ധ അനുഷ്ഠാനങ്ങൾ കാവിൽത്തന്നെയാണെങ്കിലും കാളിദാരികൻ നാടകം അരങ്ങേറുന്നത് അല്പം അകലെ കാളിയുടെ തട്ടകത്തിലുള്ള വിശാലമായ വയലിലാണ‌്. കാളിക്കണ്ടത്തിലാണ് പെശക്കവും ദാരികനിഗ്രഹവും. കാളിക്ക് കരിവേഷം. കത്തിവേഷത്തോടുസമാനമായ വേഷം ദാരികനും. കഥകളിയിലെ ബ്രാഹ്മണവേഷത്തോടു സാമ്യമുള്ള കോയമ്മയും അരങ്ങിലെത്തുന്നു. തേർത്തട്ടിലാണ് പോർവിളി. പെശക്കത്തിനുശേഷം തേർത്തട്ടിൽനിന്ന‌് വയലിലിറങ്ങിയാണ‌് യുദ്ധം. ആക്രമണ‐പ്രത്യാക്രമണങ്ങൾക്കുശേഷം ഭയന്നോടുന്ന ദാരികനെ കാളി പിന്തുടർന്ന് ശിരസ്സറുക്കുന്നു.
അനുഷ്ഠാനപ്രധാനമായ കാളിദാരികനിൽ സാഹിത്യസംഗീതവാദ്യാദികൾക്ക‌് വലിയ പ്രാധാന്യമില്ല. ദാരികവധംപാട്ടിൽ മാത്രമാണ് സംഗീതവാദ്യങ്ങളുള്ളത്.
കാട്ടകാമ്പാൽ ക്ഷേത്രത്തിൽ മേടത്തിലെ പൂരത്തോടനുബന്ധിച്ചാണ് കാളിദാരികൻ അരങ്ങേറുക. പൂരംനാൾ പുലർച്ചെ പൂരം എഴുന്നെള്ളിപ്പ് അവസാനിക്കുംമുമ്പ‌് കാളി പാലക്കൽകാവിലെത്തി ആ വർഷത്തെ അവസാന പറവയ‌്പ‌് നടത്തും. പിന്നാലെ ദാരികനും. അവിടെനിന്ന‌് പട്ട‌് തലയിൽമൂടി കാളി യുദ്ധഭൂമിയിലേക്കുതിരിക്കുന്നു. കാളിക്ക‌് അകമ്പടിയായി തിടമ്പേറ്റിയ ആനയും പുറകിലായി ദാരികനും യാത്രയാകും. മേളം അവസാനിക്കുന്നതോടെ അവർ യുദ്ധത്തെക്കുറിച്ച‌് ചില സംഭാഷണങ്ങൾ നടത്തും. യുദ്ധത്തിൽ പരാജിതനായ ദാരികൻ ഒളിച്ചോടിപ്പോകുന്നതോടെ ഒന്നാംഘട്ടം അവസാനിക്കും. രണ്ടാംഘട്ടത്തിൽ കാളി തേരിൽ യുദ്ധഭൂമിയിലെത്തുന്നു. ക്ഷേത്രമതിൽക്കകത്ത് അണിനിരന്ന ആനകളുടെ അകമ്പടിയിൽ യുദ്ധം ആരംഭിക്കും. കവുങ്ങുമുറിച്ച് 'മുളവാരി' വെച്ചുകെട്ടി ആളുകൾ ചുമലിലേറ്റിയ തട്ടുകളിൽനിന്നുകൊണ്ട് അവരിരുവരും വായ്പോരു നടത്തുന്നു. പോരുമുറുകുമ്പോൾ തേരിന്റെ അലകുകൾ പിടിച്ച് വലിച്ചൂരി എറിയും. യുദ്ധോത്സുകരായി ഭൂമിയിലിറങ്ങും. പേടിച്ചോടുന്ന ദാരികാസുരൻ ബലിക്കൽപ്പുരയുടെ തെക്കുഭാഗത്ത് വലിയമ്പലത്തിന്റെ പിന്നിൽ ഒളിച്ചിരിക്കും. പിറ്റേദിവസം പുലർച്ചയ്ക്ക് പൂരം എഴുന്നള്ളിച്ച് പാമ്പിൻകാവിലെത്തുമ്പോൾ വേഷംകെട്ടിയ കാളിയും ദാരികനും അവിടെ ഉണ്ടാകും. പൂരം പറമ്പിലെത്തിയാലുടൻ തലേന്നത്തെപ്പോലെ യുദ്ധപ്രഖ്യാപനം. ദാരികൻ പേടിച്ചോടുന്നു. പിന്തുടരുന്ന കാളി ദാരികനെ കണ്ടുപിടിച്ച് ക്രോധാവേശത്തോടുകൂടി കൊല്ലാൻ ശ്രമിക്കവേ 'എന്നെ കൊല്ലരുതേ' എന്നു ദാരികൻ കേണപേക്ഷിക്കും.
ദാരികന്റെ വിലാപം കേൾക്കാതെ കിരീടം എടുത്തുകൊണ്ട് കാളി ദാരികനിഗ്രഹം നടത്തുന്നു. അപ്പോഴേക്കും സമയം ഉത്രംനാൾ പ്രഭാതമായിരിക്കും. ഏകദേശം എട്ടുമണിയോടെ കാളി കിരീടം അഴിച്ചുവച്ച് തന്റെ വാളുമായി തിടമ്പേറ്റിയ ആനയുടെ മസ്തകത്തിൽ ഒരു വര വരച്ചുകൊണ്ട് തുമ്പിക്കൈയിലൂടെ 'ഊഴ്ന്നിറക്കൽ' ചടങ്ങുനടത്തി പൂരം അവസാനിപ്പിക്കുന്നു.
###[email protected]###









0 comments