നിണബലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2018, 07:38 AM | 0 min read

കണ്ണൂർ ജില്ലയിലെ തലശേരി, കോഴിക്കോട‌് ജില്ലയിലെ നാദാപുരം ഭാഗങ്ങളിൽ  പ്രചാരത്തിലുള്ള  അനുഷ്ഠാനകലാരൂപമാണ്‌ നിണബലി. പിണിതീർത്തൊഴിക്കലുമായി ബന്ധമുള്ള നിണബലി ഉത്തരകേരളത്തിലെ മറ്റു പ്രദേശങ്ങളിലും ഉണ്ടായിരുന്നു. ബാധോച്ചാടനത്തിന്റെ ഭാഗമായി ദാരികാസുരവധം കഥയാണ്  അരങ്ങേറുന്നത്. കാളി‐ദാരിക പുരാവൃത്തമുള്ള മറ്റ് അനുഷ്ഠാനകലകൾ ക്ഷേത്രങ്ങളിലും കാവുകളിലും കാണപ്പെടുമ്പോൾ ബാധയൊഴിപ്പിക്കൽ കർമം നടക്കുന്ന വീടുകളിലാണ് നിണബലി അനുഷ്ഠിക്കപ്പെടുന്നത്.
 
മെഴുകി ശുദ്ധിവരുത്തിയ മുറ്റത്ത് പന്തലിട്ട് അലങ്കരിക്കുന്നു. പാലക്കൊമ്പും കാഞ്ഞിരക്കൊമ്പും കിഴക്കോട്ട് കുലയുമായി വാഴയും പന്തലിലെ തൂണുകളോടു ചേർത്തുകെട്ടിയിരിക്കും.  നാക്കിലയിൽ അവൽ, മലർ, ശർക്കര, ഇളനീർ, തേൻ, മദ്യം, തേങ്ങ തുടങ്ങിയ ഒരുക്കുകൾ വയ്ക്കുന്നു. വീടിന്റെ മുന്നിലായി പിണിയാളിനെ ഇരുത്തി തുകലുഴിച്ചിൽ എന്ന കർമത്തിന്റെ ചടങ്ങുകൾ  ആരംഭിക്കുന്നു. മലയസ്ത്രീകൾ ചെണ്ടയുടെയും അരിപ്പറയുടെയും ഇലത്താളത്തിന്റെയും പശ്ചാത്തലത്തിൽ പാടുന്ന പാട്ടാണ് ഇതിന്റെ പ്രത്യേകത. ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന തുകലുഴിച്ചിൽ ഉണ്ടാകും.
 
വൈകുന്നേരമാണ‌് നിണബലി ആരംഭിക്കുന്നത്. അണിയറയ്ക്കഭിമുഖമായിനിന്ന് വേഷക്കാരും ചെണ്ടക്കാരും പാട്ടുകാരും തൊഴുതു നമസ്കരിക്കുന്നു. ഗുരുപൂജയെന്നാണ് ഈ ചടങ്ങ‌് അറിയപ്പെടുന്നത്. തുടർന്ന് നിണബലി ഉണ്ടെന്ന‌് കൊട്ടിയറിയിക്കും. ചെണ്ടയും അരിപ്പറയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ഈ സമയത്ത് ദാരികന്റെ നിണം പുരട്ടിയ ശരീരത്തിൽ ചോളപ്പൊരി തേച്ചുപിടിപ്പിക്കാൻ തുടങ്ങുന്നു.
വീക്കൻചെണ്ടയുടെ പശ്ചാത്തലത്തിൽ അലർച്ചയോടെയാണ് ദാരികന്റെ രംഗപ്രവേശം. തിരശ്ശീല മുന്നിൽ പിടിച്ച്  ഇരുവശത്തും ആൾക്കാരുമായാണ് ദാരികന്റെ വരവ്. നിലവിളക്കിന്റെ ചെറിയ വെളിച്ചത്തിൽ ദാരികന്റെ ഭീകരരൂപം ഭയം ജനിപ്പിക്കും. ചെണ്ടയും ഇലത്താളവും നിലയ്ക്കുന്നതോടെ തിരശ്ശീലമാറ്റി ദാരികൻ നിണബലിക്കളത്തിലേക്കു പ്രത്യേക ചലനങ്ങളോടെ കടന്നുവരുന്നു. കൈയിലുള്ള പന്തം പീഠത്തിൽ വച്ച് എല്ലാദിക്കിലേക്കും ദൃഷ്ടിപായിച്ചതിനുശേഷം ദാരികൻ പൂജ ആരംഭിക്കുന്നു. ചെണ്ടയും അരിപ്പറയും ഇലത്താളവും ഉച്ചസ്ഥായിയിലെത്തുമ്പോൾ ദാരികൻ പിണിയാളുടെ ഭവനത്തിലേക്ക് മുൻവാതിലിലൂടെ ഓടിക്കയറുന്നു, ക്രോധഭാവത്തോടെ തിരികെ കളത്തിൽ വന്ന് ചില ചുവടുകളും മുദ്രകളും കാണിച്ചതിനുശേഷം വീണ്ടും പൂജ തുടങ്ങുന്നു. ഏകദേശം അഞ്ചുമിനിറ്റുനേരത്തെ പൂജയ്ക്കുശേഷം പൂർവാധികം ശക്തിയോടെ ഭവനത്തിലേക്ക്‌ തൊഴുത് എഴുന്നേൽക്കുന്നു.
 
പിന്നീടുള്ള ദാരികന്റെ ചലനങ്ങൾ കളരിമുറകളെയും ചുവടുകളെയും അനുസ്മരിപ്പിക്കും വിധമാണ്. ഓരോ ദിക്കിലേക്കും ചുവടുകൾ ചവുട്ടി മുദ്രകൾ കാണിച്ച് അട്ടഹസിച്ചുകൊണ്ട് മുദ്രകളിലൂടെ കാളിയെ പോരിനുവിളിക്കുന്നു. അട്ടഹസിക്കുമ്പോഴും പോരുവിളിക്കുമ്പോഴും ദാരികന്റെ ദംഷ്ട്രകൾ പുറത്തേക്കുവരുന്നു. ഒരു മണിക്കൂർ കൊണ്ട് ദാരികന്റെ രംഗപ്രവേശം അവസാനിക്കുന്നു. 
 
ദാരികൻ അരങ്ങുവിടുന്നതോടെ തിരശ്ശീലയ്ക്ക് പിന്നിൽ കാളി രംഗത്തുവരുന്നു. പതിഞ്ഞ ചലനത്തിലുള്ള തിരനോട്ടം ക്രമേണ രൗദ്രഭാവം കൈക്കൊള്ളുന്നു. വീക്കൻചെണ്ടമാത്രമാണ് ഈ സമയത്തുള്ള വാദ്യം. രംഗത്തുനിന്ന് തറവാടിനകത്തേക്ക് ഓടിക്കയറുന്ന കാളിയുടെ പിന്നാലെ പിണിയാളുടെ പരികർമിയും കയറുന്നു. തറവാടിനകത്ത് കുലദേവതയെ വന്ദിച്ച് കലാശങ്ങളും മുദ്രകളും കാണിച്ച് നിണബലിക്കളത്തിലേക്കു കാളി മടങ്ങിവരുന്നു.   ഈ സമയത്തെ രൗദ്രഭാവം കാണികളിൽ ഭയം ജനിപ്പിക്കത്തക്കതാണ്. കാളി പതുക്കെ കളം വിടുന്നതോടെ ദാരികൻ രംഗത്തുവരുന്നു.  മേളം ഉയരുന്നതിനനുസരിച്ച് ദാരികൻ മുദ്രകൾ കാണിച്ച‌് അലറിവിളിക്കും. അതോടെ കാണികളുടെ ഇടയിൽനിന്ന‌്  വാളേന്തി കാളി  ചാടിവീഴുന്നു. കാളിയെ കാണുന്നതോടെ അസുരൻ ശൗര്യത്തോടെ ചുവടുകൾ ചവിട്ടുന്നു. ഇലത്താളത്തിന്റെയും ചെണ്ടയുടെയും താളം മുറുകുന്നതിനനുസരിച്ച് കാളിയും ദാരികനും അഭിമുഖമായി യുദ്ധച്ചുവടുകൾ വയ്ക്കുന്നു. ഇടവിട്ട് മുദ്രകൾകാട്ടി പോരുവിളിയും നടത്തുന്നു. പെട്ടെന്നു ദാരികൻ വാഴപ്പോളകൊണ്ടുണ്ടാക്കിയ മാടത്തിൽ മറയുന്നു. നാലുദിക്കിലും അസുരനെ തെരയുന്ന കാളി ഒടുവിൽ ദാരികനെ കണ്ടുപിടിക്കുന്നു. വീണ്ടും യുദ്ധമാരംഭിക്കുന്നു. ഭയന്ന ദാരികൻ കളംവിട്ടു പുറത്തേക്ക് ഓടുന്നു. കാളി പിന്നാലെ ഓടുന്നു. 'പാഞ്ഞുപിടിത്തം' എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കാട്ടുവൃക്ഷക്കൊമ്പുകൾക്കിടയിൽ ഒളിച്ചിരുന്ന ദാരികനെ പിടികൂടി രംഗത്തേക്കുകൊണ്ടുവരുന്നു. കാളിയുടെ മുമ്പിൽ താണുവീണ് മാപ്പപേക്ഷിക്കുന്ന ദാരികനെ നിഷ‌്കരുണം ഭൂമിയിൽ വീഴ്ത്തുന്നു. ഭൂമിയിൽ വീണ ശത്രുവിന്റെ വയർ നഖംകൊണ്ടു പിളർന്ന് കാളി കുടൽമാലകൾ വാരി കഴുത്തിലണിയുന്നു. അട്ടഹസിച്ചുകൊണ്ട് ചുവടുകൾ വയ്ക്കുന്നു.  നിണബലിച്ചടങ്ങുകൾ ഇവിടം കൊണ്ടവസാനിക്കുകയാണ്. മുൻകാലങ്ങളിൽ മണ്ണിൽക്കിടക്കുന്ന ദാരികശരീരത്തിൽ കോടിപുതപ്പിക്കുന്ന ചടങ്ങും തുടർന്ന് ദാരികൻ പുനർജനിക്കുന്ന ചടങ്ങും നിലനിന്നിരുന്നു. 'കുഴിബലി' എന്നാണ് ഈ ചടങ്ങുകൾ അറിയപ്പെട്ടിരുന്നത്.
 
ദാരികവേഷത്തിന് അടിമുതൽ മുടിയോളം നിണം തേച്ചുപിടിപ്പിച്ചിരിക്കും. നിണം തേച്ചശരീരത്തിൽ ചോളപ്പൊരി വാരിവിതറുന്നു. മൂന്നുമീറ്റർ നീളമുള്ള പരുത്തിത്തുണി തലയ്ക്കു പിറകിലൂടെ മുൻഭാഗത്ത് കുടുമപോലെ കെട്ടിവയ്ക്കുന്നു. ഇതിലും നിണംതേച്ച് ചോളം പിടിപ്പിക്കുന്നു. ചോളപ്പൊരി വസൂരിബാധയെ സൂചിപ്പിക്കുന്നു. വായിൽ കൃത്രിമദംഷ്ട്രകൾ വച്ചാണ് ദാരികന്റെ വരവ്. കാളിയുടെ രൂപം കഥകളിയിലെ സ്ത്രീവേഷവുമായി സമാനത പുലർത്തുന്നു. കൊണ്ടകെട്ടി പട്ട് പിന്നിലേക്ക് താഴ്ത്തിയിട്ടിരിക്കും. മനയോലയിൽ ചായില്യം ചേർത്ത് മുഖത്ത് തേപ്പും കുറിയും നടത്തും. കരിമഷികൊണ്ട് പുരികവും കടക്കണ്ണുമെഴുതി നെറ്റിയിൽ രസമണികളും കാതിൽ പൊൻതകിടും അണിയുന്നു. പതക്കങ്ങളുള്ള കഴുത്താരത്തോടുകൂടിയ ചുവന്ന കുപ്പായം ധരിച്ച് അതിനുമേലെ 'മൊലമാർ' എന്നുവിളിക്കുന്ന മുലക്കുരളാരം ഇടുന്നു. അരയിൽ കാണികെട്ടി അതിനുമുകളിൽ ചുവന്ന പട്ടുടുക്കുന്നു. പട്ടിനു മുകളിലായി ഉറുക്കും പടിയും വശങ്ങളിൽ കച്ചയുമണിയുന്നു. മുൻഭാഗത്തു ധരിക്കുന്ന മുൻനാക്കിൽ സ്വർണവർണത്തിലുള്ള തൊങ്ങലുകൾ തുന്നിച്ചേർത്തിരിക്കും. ഇരുവശങ്ങളിലും തെയ്യത്തിൽ കാണുന്നതുപോലെയുള്ള വാലും ദൃശ്യമാണ്. കണങ്കാലിൽ കണിക്കയലും കാലിൽ കവിടികോർത്തുണ്ടാക്കുന്ന 'പറ്റും പാടവും' തോളിൽ തണ്ടവളകളും കൈയിൽ 'ചമ്പടത്തണ്ടയും' കെട്ടി വാളുമേന്തിയാണ് കാളി അരങ്ങിലെത്തുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home