സത്യൻ അന്തിക്കാട്‌ വഴി ഹിച്ച്‌കോക്കിനൊരു ട്രിബ്യൂട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:25 PM | 0 min read


സത്യൻ അന്തിക്കാടും ‘മാസ്റ്റർ ഓഫ്‌ സസ്‌പെൻസ്‌’ എന്ന്‌ വിശേഷിപ്പിക്കുന്ന ആൽഫ്രഡ്‌ ഹിച്ച്‌കോക്കും തമ്മിൽ എന്താണ്‌ ബന്ധം. ഒറ്റ ചിന്തയിൽ ഒന്നുമില്ല. സിനിമ എന്നതിനപ്പുറം പരസ്‌പരം ബന്ധിപ്പിക്കാൻ ഒന്നുമില്ല. സിനിമയുടെ സ്വഭാവത്തിലൊക്കെ വ്യത്യസ്തർ. എന്നാൽ, ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന ഇരുവരുടെയും സിനിമാ രീതികളെ ഉൾച്ചേർക്കുകയാണ്‌ സംവിധായകൻ ജിതിൻ എം സി. നസ്‌റിയയും ബേസിലും പ്രധാന കഥാപാത്രമാകുന്ന ‘സൂക്ഷ്‌മ ദർശിനി’ ഇത്തരമൊന്നാണ്‌. സത്യൻ അന്തിക്കാട്‌ മൂഡിലൊരു ഹിച്ച്‌കോക്ക്‌ ചിത്രം. സംവിധായകൻ ജിതിൻ സംസാരിക്കുന്നു.

കളർ ഫുൾ ത്രില്ലർ
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വനിത നടത്തുന്ന കുറ്റാന്വേഷണമാണ്‌ സൂക്ഷ്‌മദർശിനി. നിഗൂഢത നിറഞ്ഞ ഡ്രാമ സ്വഭാവമാണ്‌ സിനിമയുടേത്‌. സ്ഥിരം കാണുന്ന രീതിയുമല്ല, ത്രില്ലറുകളുടെ പരിചരണവുമല്ല. സിനിമയുടെ കളർ പാലറ്റ്‌ മുതൽ മാറ്റമുണ്ട്‌. ഡാർക്ക്‌ മൂഡിലല്ല പടം, കളർഫുൾ ആണ്‌. മലയാളത്തിൽ പൊതുവെ കാണാത്ത ഒന്നാണിത്‌.

പ്രിയദർശിനിയാണ്‌ പുതുമ
ഈ സിനിമ കണ്ട്‌ കഴിയുമ്പോൾ നമ്മുടെ വീട്ടിൽ ഒരു ‘സൂക്ഷ്‌മദർശിനി’ ഉണ്ടെന്ന്‌ നമുക്ക്‌ തോന്നും. അമ്മ, പെങ്ങൾ, ഭാര്യയിലൊക്കെ ഒരു സൂക്ഷ്‌മദർശിനിയെ കാണാം. എല്ലാവർക്കും റിലേറ്റ്‌ ചെയ്യാൻ കഴിയും എന്നതാണ്‌ സിനിമയുടെ യുഎസ്‌പി (യുണീക്ക്‌ സെല്ലിങ്‌ പോയിന്റ്‌). സിനിമയിലെ പുതുമ എന്താണെന്ന്‌ ചോദിച്ചാൽ അത്‌ നസ്‌റിയയുടെ കഥാപാത്രം പ്രിയദർശിനിയാണ്‌.

അമ്മയിൽനിന്ന്‌ കിട്ടിയത്‌
ആദ്യ സിനിമയായ നോൺസെൻസിന്റെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ സമയത്താണ്‌ സിനിമയുടെ ആശയം കിട്ടുന്നത്‌. ഒരു ദിവസം രാത്രി അമ്മ കർട്ടൻ മാറ്റി നോക്കുകയാണ്‌. ഒരു ചുവന്ന വണ്ടി കുറേ നേരമായി വഴിയിൽ നിൽക്കുന്നു. അത്‌ ഇവിടെയുള്ള വണ്ടിയല്ലെന്ന്‌ അമ്മ പറഞ്ഞു. അതുപോലെ അമ്മ പാൽ തിളപ്പിക്കുന്നതിൽനിന്നാണ്‌ സിനിമ വികസിച്ചത്‌. ആ സംഭവം അതുപോലെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്‌.

കൂടുതൽ ചിത്രീകരണം
‘നോൺസെൻസ്' ഒരു ദിവസം നടക്കുന്ന കഥയായിരുന്നു. ഒരുപാട്‌ ലൊക്കേഷൻ മാറ്റങ്ങളും ഉണ്ടായിരുന്നു. വൈകിട്ട്‌ അഞ്ചിനുശേഷം ചിത്രീകരിക്കാൻ സീനുകൾ ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും അതുകൊണ്ട് കുറേ സമയം നഷ്ടമായി. അടുത്ത സിനിമ ചെയ്യുമ്പോൾ കുറച്ചുകൂടി സമയം ഷൂട്ട്‌ ചെയ്യാൻ കഴിയണമെന്ന്‌ ചിന്തിച്ചിരുന്നു. സംവിധായകൻ എന്നതിനപ്പുറം ഒരു പ്രൊജക്ട്‌ ഡിസൈനറുടെ ആംഗിളിലാണ് ആലോചിച്ചത്‌. അതിൽനിന്നാണ്‌ അടുത്തടുത്ത്‌ വീടുകളുള്ള ഒരു ഇടത്തുതന്നെ ചിത്രീകരിക്കാൻ കഴിയുന്ന, രാത്രിയെല്ലാം ചിത്രീകരിക്കാൻ പറ്റുന്ന കഥ എന്ന ചിന്ത വന്നത്‌.

ഹിന്ദിയിൽ ചെയ്യാനിരുന്നത്‌
നോൺസെൻസിന്റെ റീമേക്ക്‌ ചെയ്യാനായി ഹിന്ദിയിൽനിന്ന്‌ വിളിച്ചിരുന്നു. എന്നാൽ, നിർമാതാവുമായുള്ള പ്രശ്‌നങ്ങൾ കാരണം അതിന്‌ കഴിയുമായിരുന്നില്ല. തുടർന്ന്‌, സൂക്ഷ്‌മദർശിനിയുടെ ആശയം പറഞ്ഞു. അവിടെയുള്ള ലേഡി സൂപ്പർ സ്റ്റാറിനെ വച്ച്‌  പ്ലാൻ ചെയ്‌തു. പക്ഷേ, ഡ്രോപ്പായി. തുടർന്ന്‌ അവരാണ്‌ മലയാളത്തിൽ ചെയ്യാൻ നിർദേശിച്ചത്‌. പലരോടും കഥ പറഞ്ഞശേഷമാണ്‌ ഹാപ്പി അവേഴ്‌സിനോട്‌ പറയുന്നത്‌. കോവിഡ്‌ സമയത്ത്‌ ചെയ്യാൻ പറ്റുന്ന പടം എന്നതുകൂടിയാണ്‌ അവരെ ആകർഷിച്ചത്‌.

നസ്‌റിയ ബേസിൽ കൂട്ടുകെട്ട്
2021ൽ ഒരു സ്റ്റാറിനെ വച്ചാണ്‌ മലയാളത്തിൽ തീരുമാനിച്ചത്‌. എന്നാൽ, നടന്നില്ല, അപ്പോഴാണ്‌ സമീറിക്ക (സമീർ താഹിർ) നസ്‌റിയയെക്കുറിച്ച്‌ പറയുന്നത്‌. സിനിമയുടെ ആലോചന നടക്കുന്ന ഘട്ടത്തിൽ ബേസിൽ ഫ്ലാറ്റിൽ വരാറുണ്ട്‌. മിന്നൽ മുരളിയുടെ കാമറ സമീറിക്കയായിരുന്നു. അങ്ങനെ ബേസിലിന്‌ കഥ അറിയാം. ജയ ജയ ജയ ഹേ ഹിറ്റായ ശേഷമാണ്‌ ബേസിലിനെ വച്ച്‌ ചെയ്യാമെന്ന്‌ നോക്കിയത്‌. ബേസിലിന്‌ കഥ നേരത്തേതന്നെ ഇഷ്ടമായിരുന്നു. അങ്ങനെയാണ്‌ നസ്‌റിയ–- ബേസിൽ കൂട്ടുകെട്ട്‌ ഉണ്ടാകുന്നത്‌.

എന്റെ ട്രിബ്യൂട്ട്‌
തലയണമന്ത്രം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് പോലുള്ള സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള സത്യൻ അന്തിക്കാട് മിഡിൽക്ലാസ് സെറ്റിങ്ങിലേക്ക് ഒരു മിസ്റ്ററി ത്രില്ലർ പറയാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. ഞാനൊരു ആൽഫ്രഡ്‌ ഹിച്ച്കോക്ക്‌ ആരാധകനാണ്‌. സത്യൻ അന്തിക്കാട്‌ സിനിമയുടെ രീതിയിലേക്ക്‌ ഹിച്ച്‌കോക്കിനെ കൊണ്ടുവന്നാൽ എങ്ങനെയെന്ന്‌ ചിന്തിച്ചു. അങ്ങനെ സത്യൻ അന്തിക്കാട്‌ സിനിമാ രീതിയിലേക്ക്‌ ഹിച്ച്‌കോക്ക്‌ പസിൽ കൊണ്ടുവരുകയായിരുന്നു. അതിലേക്ക്‌ ഒരു വനിത ഡിറ്റക്ടീവ്‌ കഥാപാത്രം. ഇങ്ങനെയുള്ള ആലോചനയിൽനിന്നാണ്‌ സൂക്ഷ്‌മദർശിനി സംഭവിക്കുന്നത്‌. ഈ അവതരണത്തിലൂടെ സ്ഥിരം ത്രില്ലർ സ്വഭാവത്തെ മറികടക്കാനും കഴിഞ്ഞു. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ ഹിച്ച്‌കോക്കിന്റെ റിയർ വിൻഡോയെക്കുറിച്ച്‌ ആളുകൾ ചർച്ച ചെയ്‌തിരുന്നു. അത്‌ സൂക്ഷ്‌മദർശിനിയിൽ ഉണ്ട്‌. എന്നാൽ, ഒന്നല്ല അദ്ദേഹത്തിന്റെ ഏഴ്‌ സിനിമകൾ ഉണ്ട്‌. ഹിച്ച്‌കോക്കിനുള്ള എന്റെ ട്രിബ്യൂട്ടാണ്‌ സൂക്ഷ്‌മ ദർശിനി.

ലൊക്കേഷൻ തേടി പരസ്യം
സിനിമയിൽ ചെയ്യാൻ വലിയ പ്രതിസന്ധി ലൊക്കേഷനായിരുന്നു. അടുത്തടുത്ത് വീടുകളുള്ള ഒരു സ്ഥലം വേണം. വീടുകൾക്ക്‌ ഇടയിലെ അകലമൊക്കെ പ്രധാനമാണ്‌. പൂർണമായും സെറ്റിടാൻ കഴിയില്ല. ഹിന്ദിയിൽ ആലോചിച്ചപ്പോഴും 2020ൽ സിനിമ തുടങ്ങാൻ പോയപ്പോൾ യഥാർഥത്തിൽ ലൊക്കേഷൻ കിട്ടിയിരുന്നില്ല. നസ്രിയയും ബേസിലും വന്നിട്ടും ലൊക്കേഷൻ കിട്ടിയിരുന്നില്ല. ഒടുവിൽ പത്രത്തിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്തപ്പോഴാണ്‌ കോലഞ്ചേരിയിൽ ലൊക്കേഷൻ കിട്ടിയത്. കുറച്ച്‌ സെറ്റും വിഎഫ്‌എക്‌സും ഒക്കെയായിട്ടാണ്‌ സിനിമ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home