പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി അസിം മുനീർ

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ആദ്യത്തെ സംയുക്ത പ്രതിരോധ സേനാ മേധാവിയായി കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ നിയമിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. പ്രസിഡന്റ് ആസിഫ് അലി സർദാരി നിയമനത്തിന് അംഗീകാരം നൽകി. പാകിസ്ഥാന്റെ ആദ്യത്തെ സിഡിഎഫായി ചീഫ് ഓഫ് ആർമി സ്റ്റാഫും (സിഒഎഎസ്) കരസേനാ മേധാവിയുമായ മുനീറിനെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമർപ്പിച്ച റിപ്പോർട്ട് പ്രസിഡന്റ് അംഗീകരിച്ചു.
അസിം മുനീറിന്റെ അധികാരം കൂടുതൽ ശക്തിപ്പെടുത്താനായി പാകിസ്ഥാൻ പാർലമെന്റിൽ കഴിഞ്ഞ മാസം ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് (സിഡിഎഫ്) പദവിയാണ് പുതുതായി കൊണ്ടുവന്നത്. ഇതിന് കീഴിൽ കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളെ ഏകോപിപ്പിക്കും.
അസിം മുനീറിന്റെ അധികാരം പാകിസ്ഥാൻ സൈന്യത്തിനപ്പുറം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ത്യയുമായി നടന്ന സംഘർഷത്തിന് പിന്നാലെ മുനീറിന് സ്ഥാനക്കയറ്റം നൽകിയിരുന്നു. നവംബർ മാസം 28നാണ് മുനീർ വിരമിക്കേണ്ടിയിരുന്നത്. എന്നാൽ ഇത് ഒഴിവാക്കാനാണ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് എന്ന പുതിയ സ്ഥാനം കൊണ്ടുവന്നത്.
വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിന്റെ കാലാവധി രണ്ട് വർഷം നീട്ടുന്നതിനും സർദാരി അംഗീകാരം നൽകി.








0 comments