ഇൻഡിഗോ പ്രതിസന്ധി തുടരുന്നു: റദ്ദാക്കിയത് 550 വിമാനങ്ങൾ, ഇന്നും സർവീസുകൾ മുടങ്ങും; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി : വിവിധ കാരണങ്ങളുന്നയിച്ച് ഇൻഡിഗോ മൂന്നുദിവസത്തിനിടെ റദ്ദാക്കിയത് 550 വിമാനങ്ങൾ. പിന്നാലെ ഫ്ലൈറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങളിൽ താൽക്കാലിക ഇളവുകൾ ആവശ്യപ്പെട്ട് എയർലൈൻ ഡിജിസിഎയെ സമീപിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ക്ഷമാപണം നടത്തിയ എയർലൈൻ 2026 ഫെബ്രുവരിയിൽ പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണനിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. അധികൃതർ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നും മതിയായ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു. സർവാസുകൾ റദ്ദാക്കുന്നതിനുപിന്നാലെ നിരക്ക് കുത്തനെ ഉയർന്നതായും യാത്രക്കാർ വ്യക്തമാക്കി.
ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിലെ ആസൂത്രണത്തിലെ പോരായ്മകളാണ് വിമാന സർവീസുകൾ തടസപ്പെടുന്നതിന് കാരണമെന്ന് ഇൻഡിഗോ സമ്മതിച്ചു. ഡിസംബർ 8 വരെ കൂടുതൽ റദ്ദാക്കലുകൾ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു. പൈലറ്റുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണത്തിലുണ്ടായ പിഴവ് തുടങ്ങിയവയാലാണ് വിമാനങ്ങൾ കൂട്ടമായി റദ്ദാക്കിയത്. ഇതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാർ കുടുങ്ങി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാത്രം 200നടുത്ത് വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ആഭ്യന്തര സർവീസുകൾക്ക് പുറമെ അന്താരാഷ്‌ട്ര സർവീസുകളും റദ്ദാക്കി. അന്താരാഷ്‌ട്ര, ആഭ്യന്തര തലത്തിൽ ഏകദേശം 2,300 സർവീസുകളാണ് ഒരു ദിവസം ഇൻഡിഗോയ്‌ക്കുള്ളത്. ഇൻഡിഗോ സർവീസുകളുടെ വൈകലും റദ്ദാക്കലുകളും മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി രണ്ടാം ഘട്ടം നടപ്പിലാക്കിയതിനുശേഷം എയർലൈൻ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്.








0 comments