അതിജീവിതയെ അ​ധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

rahul easwar
വെബ് ഡെസ്ക്

Published on Dec 05, 2025, 07:45 AM | 2 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെം​ഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ മറ്റൊരു ഹർജി നല്‍കിയത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം എസിജെഎം കോടതിയാണ് ബുധനാഴ്ച രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്.


അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു.


ബിഎൻഎസ് 72, 75, 79,351 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. അതിജീവിതയ്ക്ക് നേരെ കോൺഗ്രസ് സൈബർ ടീമിന്റെ ഭാഗത്ത് നിന്ന് ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപും പിടിച്ചെടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യറാണ് നാലാം പ്രതി. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.


ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷം സന്ദീപ് ചിത്രം നീക്കം ചെയ്തത് ആസൂത്രിതമാണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സൈബർ ടീമുകൾ സന്ദീപിന്റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി.


അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home