print edition അസി. ലോക്കോ പൈലറ്റ് നിയമനം: ചവിട്ടിപ്പിടിച്ച് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്

സുനീഷ് ജോ
Published on Dec 05, 2025, 08:24 AM | 1 min read
തിരുവനന്തപുരം: അസി. ലോക്കോപൈലറ്റുമാരുടെ നിയമനം വൈകിപ്പിച്ച് റെയിൽവേ. 2024ൽ വിളിച്ച അപേക്ഷയിൽ രണ്ടുവർഷമാകാറായിട്ടും പകുതിയിലധികം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
18,799 തസ്‌തികയിലാണ് നിയമനം നടത്തേണ്ടത്. പാലക്കാട്, തിരുവനന്തപുരം, മധുര റെയിൽവേ ഡിവിഷനുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ദക്ഷിണറെയിൽവേ ആസ്ഥാനത്തേക്ക് 156 പേരുടെ പട്ടിക കൈമാറിയതായി വിവരമുണ്ട്. തമിഴ്‌നാട്ടിലെ നാല് ഡിവിഷനുകൾ ഉൾപ്പെടുന്ന ചെന്നൈ ആർആർബി 323 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, 726 പേരുടെ ഒഴിവുകൾ നിലനിൽക്കുന്പോൾ 476 പേർ മാത്രമാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. മെഡിക്കൽ ടെസ്റ്റിൽ വലിയതോതിൽ ഉദ്യോഗാർഥികൾ പുറത്തായിരുന്നു.
നിലവിൽ മറ്റ് സോൺപോലെ ദക്ഷിണറെയിൽവേയിലും ലോക്കോപൈലറ്റുമാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ലഭിച്ച റാങ്ക് പട്ടിക പരിശോധിച്ച് ചീഫ് പേഴ്‌സണൽ ഓഫീസർ, ഡിവിഷനുകളിലേക്ക് എത്രപേരെ നിയമിക്കണമെന്ന് നിർദേശിച്ച് കത്തയക്കും. അതുപ്രകാരമാകും നിയമനം. ഇതിനായി ചുരുങ്ങിയത് ഒരുമാസമെടുക്കുമെന്നാണ് സൂചന. ആറുമാസത്തെ പരിശീലനം പൂർത്തിയാകുന്പോഴേക്കും അടുത്ത വർഷം പകുതി പിന്നിടും. ഇൗ വർഷം 9970 പേരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ആർആർബികൾ പരീക്ഷ നടത്തിയിട്ടില്ല. തിരുവനന്തപുരം ആർആർബിയിൽ 148 പേരുടെയും ചെന്നൈ ആർആർബിയിൽ 362 പേരുടെയും ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിന്റെ നടപടി പൂർത്തിയാകാൻ 2027 കഴിയും. അപ്പോഴേക്കും കേരളത്തിൽമാത്രം 300ഓളം പേരുടെ ഒഴിവുകളുണ്ടാകും. ഫലത്തിൽ ആവശ്യമായതിലും വളരെ കുറഞ്ഞ ജോലിക്കാർ മാത്രമാകും ഉണ്ടാകുക. ഇത് ജോലി ഭാരത്തിനും സുരക്ഷാപ്രശ്‌നങ്ങൾക്കും കാരണമാകും.








0 comments