ഒൻപതാംനാളും നെട്ടോട്ടം; എംഎൽഎ എവിടെയെന്ന് അറിയാതെ പാലക്കാട്ടുകാർ

പാലക്കാട്: ലൈംഗിക പീഡനക്കേസുകളിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽപോയിട്ട് ഒൻപത് ദിവസം. നവംബർ 27ന് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് പരാതി കൈമാറിയ നിമിഷം മുതൽ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി മുങ്ങിയിരിക്കുകയാണ് മാങ്കൂട്ടത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒളിച്ചോട്ടം. ഇതോടെ തങ്ങളുടെ എംഎൽഎ എവിടെയന്ന് അറിയാത്ത പ്രതിസന്ധിയിലായി പാലക്കാട് മണ്ഡലത്തിലെ ജനങ്ങളും.
മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റ് ഭയന്ന് സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിൽ മുങ്ങിയതായാണ് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. യാത്രയ്ക്കിടെ വാഹനവും മൊബൈൽ ഫോണും പലതവണ മാറ്റുന്നുണ്ട്. കർണാടകയിലെ കോൺഗ്രസ് നേതാക്കൾ മാങ്കൂട്ടത്തിലിന് സഹായംചെയ്യുന്നതായും സംശയമുണ്ട്.
മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിനായി അതിർത്തികളിൽ ഉൾപ്പെടെ പൊലീസ് തെരച്ചിൽ ഊർജിതമാണ്. അതിനിടെ രാഹുൽ ഇന്ന് കേരളത്തിലെ കോടതികളിൽ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിക്കഴിഞ്ഞു. പാലക്കാട്ടെ എംഎൽഎ ഓഫീസിലെ ജീവനക്കാരായ ആൽവിൻ, ഡ്രൈവർ ഫസൽ എന്നിവരെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കുകയും ചെയ്‌ത കേസിൽ ഒളിവിൽ മാങ്കൂട്ടത്തിൽ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് മുൻകൂർജാമ്യ ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ വിലയിരുത്തൽ. ഗൗരവമേറിയ ആരോപണങ്ങളും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.








0 comments