അഖണ്ഡ 2 റിലീസ് മാറ്റിയതായി നിർമാതാക്കൾ

ബംഗളൂരൂ : നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയുടെ പുതിയ ചിത്രം അഖണ്ഡ 2: താണ്ഡവത്തിന്റെ റിലീസ് മാറ്റിയതായി നിർമാതാക്കൾ. 'ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ' മൂലം വെള്ളിയാഴ്ചത്തെ റിലീസ് മാറ്റിവെക്കുന്നുവെന്നാണ് നിർമാതാക്കൾ അറിയിച്ചത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പ്രീമിയർ ഷോ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.
സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് നിർമാതാക്കൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്യാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഇറോസ് ഇന്റർനാഷണൽ മീഡിയ ലിമിറ്റഡ് സമർപ്പിച്ച അപ്പീലിനെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ പ്രീമിയർ നിർത്തിവച്ചതിനു പിന്നാലെയാണ് റിലീസും മാറ്റിയത്. ഇറോസ് ഇന്റർനാഷണലും നിർമാതാക്കളായ 14 റീൽസ് പ്ലസ് എന്റർടെയ്ൻമെന്റും തമ്മിലുള്ള കേസിലാണ് ഇറോസിന് അനുകൂലമായി ഉത്തരവിറങ്ങിയത്. കമ്പനിക്ക് ഏകദേശം 28 കോടി നഷ്ടപരിഹാരവും 14 ശതമാനം പലിശയും നൽകണമെന്നായിരുന്നു വിധി. ഇത് ലഭിക്കാഞ്ഞതിനെത്തുടർന്നാണ് ഇറോസ് വീണ്ടും കോടതിയെ സമീപിച്ചത്.
കുടിശ്ശിക തീർക്കുന്നതുവരെ അഖണ്ഡ 2 തിയേറ്ററുകളിലോ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ, സാറ്റലൈറ്റ് പ്രക്ഷേപണം വഴിയോ റിലീസ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. 14 റീൽസ് പ്ലസ് എൽഎൽപി അടിസ്ഥാനപരമായി 14 റീൽസ് എന്റർടൈൻമെന്റിന്റെ തുടർച്ചയാണെന്നും, കുടിശ്ശിക തുക തീർക്കാതെ റിലീസ് അനുവദിക്കുന്നത് പ്രമോട്ടർമാർക്ക് ലാഭം നേടാനും സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനും സഹായിക്കുമെന്നും ഇറോസ് വാദിച്ചു. ഇത് കോടതി ശരിവച്ചു.








0 comments