ad
Deshabhimani

കാലത്തിന്റെ ആർട്ട് ​ഗ്യാലറി

Bhimbetka caves
avatar
സുരേന്ദ്രൻ ചീക്കിലോട് 


Published on May 03, 2026, 12:01 AM | 4 min read

ഇന്ത്യയിലെ മനുഷ്യവാസത്തിന്റെ ഏറ്റവും പ്രാചീനമായ തെളിവുകൾ മറഞ്ഞിരിക്കുന്ന ചരിത്ര വിസ്മയം. വനനിബിഡതയ്ക്കുള്ളിൽ പ്രകൃതി ഒളിപ്പിച്ചുവച്ച അതിമനോഹരമായ ആർട്ട് ഗ്യാലറി. അതിനുള്ളിൽ മുപ്പതിനായിരം വർഷംമുതൽ ക്രിസ്തുവിനുശേഷം അഞ്ചുമുതൽ 10 നൂറ്റാണ്ടുകൾവരെ വരയ്ക്കപ്പെട്ടവയും കല്ലാൽ കോറിയിട്ടതുമായ ചിത്രങ്ങളുടെ വൈവിധ്യം. ബ്രഷുകളും പെയിന്റുകളും ഉപയോഗിച്ച് വരച്ചവയല്ല, വൃക്ഷക്കമ്പുകൾ ചതച്ചെടുത്തും കൂർത്ത കല്ലുകൾ രാകി മിനുക്കിയെടുത്ത് ഉളിമുനകളാക്കി മാറ്റിയും പച്ചിലകളുടെയും കായയുടെയും പഴങ്ങളുടെയും നീരുകളുംകൊണ്ട് വരച്ച ചിത്രങ്ങൾ. മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ, വിന്‌ധ്യാ പർവതങ്ങളുടെ തെക്കേ അടിവാരത്തിലുള്ള സത്പുര മലനിരകളിലാണിത്. ഭോപ്പാലിൽനിന്ന് 42 കിലോമീറ്റർ മാത്രം അകലെ കാലം കരുതിവച്ച നൈസർഗികമായ ആർട്ട് ഗ്യാലറി.


Bhimbetka caves


ശിലായുഗത്തിലെ കാട്ടുപന്നി


10 കിലോമീറ്റർ ചുറ്റളവിൽ ഏഴ്‌ കുന്നുകൾക്കിടയിലായി വ്യാപിച്ചുകിടക്കുന്ന ഇവിടെ 750 ഗുഹാഗൃഹങ്ങളാണ് കണ്ടെടുക്കപ്പെട്ടത്. പുരാതന ശിലായുഗംമുതൽ ആധുനിക കാലഘട്ടംവരെ തുടർച്ചയായി ജനവാസമുണ്ടായിരുന്ന സ്ഥലമാണിവിടം. ഈ ശിലാഗൃഹങ്ങളിൽ പലതിൽനിന്നും മുപ്പതിനായിരം വർഷം മുന്പുവരെ പഴക്കമുള്ള ജീവൻ തുടിക്കുന്ന നിരവധി ഗുഹാ ചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും പഴക്കംചെന്ന ഗുഹാ ചിത്രങ്ങളും ഗുഹാ ലിഖിതങ്ങളും ഇവിടെയാണുള്ളത്. പ്രകൃതിദത്തമായ ഗുഹകളും വനങ്ങളും സസ്യലതാദികളും വന്യജീവികളും നിറഞ്ഞ ഈ നിബിഡവനത്തിലെ ഗുഹാ ചിത്രങ്ങൾ ഓസ്ട്രേലിയയിലെ ലോകപ്രസിദ്ധമായ കകടു ദേശീയോദ്യാനം, ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ കാട്ടു മനുഷ്യരുടെ ഗുഹാ ചിത്രങ്ങൾ, ഫ്രാൻസിലെ അപ്പർ പാലിയോലിത്തിക് കാലത്തെ ഗുഹാ ചിത്രങ്ങൾ എന്നിവയോട് സാമ്യം പുലർത്തുന്നവയാണ്‌.


ഇവിടെ കാണപ്പെടുന്ന കാണ്ടാമൃഗങ്ങളുടെയും ഭീമൻ കരടികളുടെയും ചിത്രങ്ങൾതന്നെ ഇതിനുള്ള സാക്ഷ്യങ്ങളാണ്. ഗുഹകളിലൊന്നിൽ ബോർ റോക്ക് എന്നറിയപ്പെടുന്ന കൂണിന്റെ ആകൃതിയിലുള്ള വലിയ പാറയുടെ ഉൾഭാഗത്ത് ശിലായുഗത്തിൽ വരയ്ക്കപ്പെട്ടതെന്ന് കരുതുന്ന കാട്ടുപന്നിയുടെ ചിത്രമുണ്ട്. കടുത്ത ചുവപ്പ് നിറത്തിലുള്ള ഈ ചിത്രത്തിൽ കൊമ്പുകളുള്ള ഈ ഭീമൻ പന്നിയെ പേടിച്ചോടുന്ന ഒരു മനുഷ്യരൂപവും. ഈ ചിത്രത്തിന് ഇരുപത്തിഅയ്യായിരത്തിലേറെ വർഷം പഴക്കമുണ്ടെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.


Bhimbetka caves


അന്നത്തെ ആട്ടവും പാട്ടും


ലോകത്ത് ഇന്നേവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള നൃത്തരൂപങ്ങളുടെ ചിത്രങ്ങളിൽ ഏറ്റവും പ്രാചീനമായത് ഭീം ബെടുക്കയിലുള്ളതാണ്. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഏഴുപേർ സംഘം ചേർന്ന് നടത്തുന്ന നൃത്തവും നർത്തകർ ഉപയോഗിച്ച ആടയാഭരണങ്ങളുടെയും പ്രത്യേക മുഖംമൂടികളുടെയും സ്കെച്ചുകളും നൃത്തത്തിന്റെ ആദിരൂപങ്ങളായാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് വർഷംമുമ്പ് മനുഷ്യൻ തന്റെ ഒഴിവുസമയങ്ങളെ സർഗാത്മകമായി ഉപയോഗപ്പെടുത്തിയതിന്റെ നേർസാക്ഷ്യങ്ങളാണ് ഈ ചിത്രങ്ങൾ. മനുഷ്യന്റെ ആദിമ സ്മൃതികൾ പതിഞ്ഞിരിക്കുന്നുണ്ട് ഈ പാറകളിൽ.


പുരാതന കാലഘട്ടത്തിലെ ജീവിതരീതികൾ, കലാരൂപങ്ങൾ, ആയോധന വിദ്യകൾ എല്ലാം പാറകളുടെ ഭാഷകളിൽ നമുക്കിവിടെ വായിച്ചെടുക്കാം. പച്ചിലയുടെയും കായയുടെയും പഴങ്ങളുടെയും നീരുകൊണ്ടുണ്ടാക്കിയ ചായക്കൂട്ടുകൾകൊണ്ട് വരച്ച ചിത്രങ്ങൾ അൽപ്പംപോലും മായാതെ ഇന്നും നിലനിൽക്കുന്നത് വിസ്മയത്തോടുകൂടിയേ നമുക്ക് ദർശിക്കാനാകൂ. ആദിമ മനുഷ്യന്റെ സാംസ്കാരിക തനിമ വിളംബരം ചെയ്യുന്ന ആഘോഷങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ചിത്രങ്ങൾ നമുക്കിവിടെ കാണാം. കൃഷി ആരംഭിക്കുന്നതിനുമുന്പ്‌ ഭക്ഷണംതേടി അലയുന്നതിനിടയിൽ കണ്ടെത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും നായാട്ട് രംഗങ്ങളുടെ ചിത്രീകരണവും ദൈവാരാധനയോട് സാമ്യമുള്ള സാധനാക്രമങ്ങളുമൊക്കെ നമുക്ക് ഇവിടെ കണ്ടെത്താനാകും.


Bhimbetka caves


കാലത്തിന്റെ തരംതിരിവ്‌


​ഭീം ബെടുക്കയിലെ ഗുഹാ ചിത്രങ്ങളെ സാമാന്യമായി ചരിത്രാതീതകാലത്തുള്ളതും ചരിത്ര കാലഘട്ടത്തിലുള്ളതും എന്ന്‌ രണ്ടായി തരം തിരിക്കാനാകും. ഒന്നാമത്തെ വിഭാഗത്തിൽ ഭക്ഷണംതേടി പോകുന്നവരെയും നായാട്ടുകാരെയുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെങ്കിൽ അടുത്ത വിഭാഗത്തിൽ ആയുധമേന്തി ആനപ്പുറത്തും കുതിരപ്പുറത്തും കയറി യുദ്ധം ചെയ്യുന്നവരുടെ ചിത്രങ്ങളാണ്‌. ഗുഹാ ചിത്രങ്ങളുടെ കാലപ്പഴക്കം കണക്കാക്കി പുരാവസ്തു ഗവേഷകർ ഭീം ബെടുക്ക ഗുഹാ ചിത്രങ്ങളെ പുരാതനശിലായുഗംമുതൽ ആധുനിക ശിലായുഗംവരെയുള്ള ഏഴ് വ്യത്യസ്ത കാലഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്.


ഒന്നാം വിഭാഗത്തിൽ ചുവപ്പ്, പച്ച വർണങ്ങളിൽ മൃഗങ്ങളെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ ആയുധം ഉപയോഗിച്ച് നായാട്ട് നടത്തുന്ന മനുഷ്യരുടെ താരതമ്യേന ചെറിയ ചിത്രങ്ങളാണ് രണ്ടാം വിഭാഗത്തിൽ ഉള്ളത്. അമ്മയും കുഞ്ഞും ചത്ത മൃഗത്തെയും ചുമന്നു കൊണ്ടുപോകുന്ന പുരുഷനും നൃത്തവും സംഗീതവുമൊക്കെ ഈ വിഭാഗത്തിൽപ്പെടുന്നു. മൂന്നാം വിഭാഗത്തിൽ മുദ്രിതമായിരിക്കുന്നത് കാർഷിക സംസ്കാരം വെളിവാക്കുന്ന ചിത്രങ്ങളാണ്. നാലും അഞ്ചും വിഭാഗമായ ചരിത്ര കാലഘട്ടത്തിന്റെ തുടക്കത്തിലേക്ക് വരുമ്പോൾ വെള്ളയും ചുവപ്പും മഞ്ഞയുമൊക്കെ വർണങ്ങൾ ഉപയോഗിച്ച് വരച്ച ആഭരണങ്ങളും അലങ്കാര വസ്ത്രങ്ങളുമൊക്കെ സൂചിപ്പിക്കുന്നവയും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സൂചിപ്പിക്കുന്നതുമായ ചിത്രങ്ങളാണ്. അവസാന ഭാഗത്ത്‌ ചിത്രങ്ങൾക്ക് കൂടുതൽ അടുക്കും ചിട്ടയും കൈവരുന്നുണ്ട്.


Bhimbetka caves


നമ്മുടെ വാർപ്പുമാതൃക


ഭീം ബെടുക്കയിലെ ശിലാഗൃഹങ്ങളിലേക്ക് നടന്നടുക്കുമ്പോൾ അനുഭവപ്പെടുന്നത് നമ്മുടെതന്നെ വളരെ പഴകിയ ഒരു വാർപ്പു മാതൃകയിലേക്ക് നടക്കുന്പോലെയാണ്. ഓഡിറ്റോറിയം കേവ് എന്ന് പേരിട്ടു വിളിക്കുന്ന വിശാലമായ ഗുഹയിലൂടെയാണ് നാം സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത്. 39 മീറ്റർ നീളവും നാല് മീറ്റർ വീതിയും 17 മീറ്റർ ഉയരവും ഉള്ള ഈ ഗുഹ ഭീം ബെടുക്കയിലെ ഏറ്റവും വലുതാണ്. ഇവിടെ 17 ഇടങ്ങളിലായി ചരിത്രാതീത കാലത്തെ നിരവധി ചിത്രങ്ങളുണ്ട്. ഇത് കടന്ന് അൽപ്പം മുമ്പോട്ടുപോയാൽ ഒരു ലക്ഷം വർഷം പഴക്കമുള്ളതെന്ന് ഗവേഷകർ രേഖപ്പെടുത്തിയ പാറയുടെ ഉപരിതലത്തിലെ മനുഷ്യനിർമിതമായ ഒരു കുഴി നമ്മുടെ ശ്രദ്ധയിൽപ്പെടും. ഇന്ത്യ ഭൂഖണ്ഡത്തിലെ അതിപ്രാചീന കാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകളിലൊന്നായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്‌. കണ്ടെടുക്കപ്പെട്ട ഗുഹാഗൃഹങ്ങളിൽ 15 എണ്ണംമാത്രമാണ് സഞ്ചാരികൾക്കായി തുറന്നിട്ടുള്ളത്‌. കൃത്യമായി നമ്പരിട്ട് വേർതിരിച്ച ഈ ഗുഹാ ഗൃഹങ്ങൾക്കരികിലൂടെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഓരോ ഗുഹാ ഗൃഹത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് നമുക്ക് വിവരിച്ചു തരാനായി അവിടെവിടെയായി മാർബിൾ ഫലകങ്ങളിൽ ലഘുക്കുറിപ്പുകളുണ്ട്.


ആമയുടെ രൂപസാദൃശ്യമുള്ള ആമപ്പാറയ്ക്കടുത്തുള്ള പാറക്കെട്ടുകളുടെ മുകളിൽ കയറിനിന്നാൽ സത്പുര മലനിരകളുടെ വിഹഗവീക്ഷണം നടത്താം. മലനിരകളിൽ പലഭാഗങ്ങളിലായി ഒട്ടേറെ ശിലാഗൃഹങ്ങളുണ്ട്‌. ഇവിടങ്ങളിൽ 21 ഗ്രാമങ്ങളിലായി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ സാംസ്കാരിക തനിമയും സാംസ്കാരിക പാരമ്പര്യവുമായി വളരെയേറെ പൊരുത്തപ്പെടുന്നവയാണ് ഭീം ബെടുക്ക ഗുഹാ ഗൃഹങ്ങളിലെ ചിത്രങ്ങളിൽ തെളിഞ്ഞുവരുന്ന സൂചകങ്ങൾ.


Bhimbetka caves


ബകവധം നടത്തിയ ഇടം


​മഹാഭാരത കഥയിൽ വനവാസകാലത്ത് ഒരു വണ്ടി ചോറും രണ്ട് കാളകളുമായി ഭീമൻ ബകനെ കാത്തിരുന്ന് മല്ലയുദ്ധത്തിൽ വധിച്ചത് ഈ പാറക്കൂട്ടങ്ങളിൽ വച്ചാണെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. അതിനാലാണ് ഈ പ്രദേശത്തിന് ഭീം ബെട്‌ക എന്നപേര്‌ ലഭിച്ചത്.1957 ൽ പുരാവസ്തു ഗവേഷകനായ ഡോക്ടർ വിഷ്ണു ശ്രീധർ വാക്കേങ്കർ യാദൃച്ഛികമായി ഈ പ്രദേശത്ത് എത്തുകയും ഇന്ത്യയിലെ മനുഷ്യവാസത്തിന്റെ ഏറ്റവും പ്രാചീനമായ തെളിവുകൾ കണ്ടെത്തുകയും ചെയ്തതോടെ ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കുമപ്പുറം ചരിത്രശേഷിപ്പുകളുടെ മഹാവിസ്മയമായി മാറുകയായിരുന്നു ഭീം ബെടുക്ക.


Bhimbetka caves


വാക്കേങ്കറുടെ വെളിപ്പെടുത്തലുകൾ


​ഭോപ്പാലിൽ നിന്ന് ഇറ്റാർസിക്കുള്ള യാത്രക്കിടയിലാണ് യാദൃച്ഛികമായി ഭീം ബെടുക്കയിലെ വനങ്ങൾക്കിടയിൽ സവിശേഷമായ ആകൃതിയിലും വലിപ്പത്തിലും ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ വാക്കേങ്കറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു പുരാവസ്തുഗവേഷകന്റെ ചരിത്രബോധവും അന്വേഷണ കൗതുകവും അദ്ദേഹത്തെ അവിടെ ഇറങ്ങാൻ പ്രേരിപ്പിച്ചു . കാടിനുള്ളിൽ അടുത്തടുത്തായി എണ്ണമറ്റ ഗുഹകൾ ദൃഷ്ടിയിൽപ്പെട്ടതോടെ അദ്ദേഹം അവയെപ്പറ്റി കൂടുതൽ പഠിക്കാൻ ആരംഭിച്ചു . ഓരോ അന്വേഷണവും വിസ്മയാവഹമായ അടുത്ത അന്വേഷണത്തിലേക്ക് നയിച്ചു. 1988ൽ 68 –-ാം വയസ്സിൽ അന്തരിക്കുംവരെ അദ്ദേഹം ഭീം ബെടുക്കയിലെ ശിലാഗൃഹങ്ങളെക്കുറിച്ചും ഗുഹാ ചിത്രങ്ങളെക്കുറിച്ചും പഠിച്ചുകൊണ്ടേയിരുന്നു. 1975ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.


Bhimbetka caves


ലോക പൈതൃകപ്പട്ടികയിൽ


​1970 കളിൽ മാത്രമാണ് ഭീം ബെടുക്കയിലെ ഗുഹാ ചിത്രങ്ങളെക്കുറിച്ചും ഗുഹാഗൃഹങ്ങളെക്കുറിച്ചും വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തിയ രീതിയിലുള്ള പഠന റിപ്പോർട്ടുകൾ തയ്യാറായി പുറത്തുവന്നത്. അതിനിടയിൽ 10 കിലോമീറ്റർ ചുറ്റളവിൽ ഏഴു കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന 750 ഗുഹാഗൃഹങ്ങൾ കണ്ടെത്തി. അതിൽ 243 എണ്ണം ഭീം ബെടുക്കയിലും 178 എണ്ണം സമീപപ്രദേശങ്ങളിലുമായിരുന്നു. ഭീം ബെടുക്കയിൽ നടത്തിയ ഖനനങ്ങളുടെയും മറ്റു ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ശിലായുഗംമുതൽ ബിസി രണ്ടാം നൂറ്റാണ്ടുവരെ തുടർച്ചയായി ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തി. 1892 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം 1990 ൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. 2003 ൽ യുനെസ്കോ ഭീം ബെടുക്ക ഗുഹാചിത്രങ്ങളെ ലോക പൈതൃക പട്ടികയിൽപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home