സർഗാത്മക ധിക്കാരത്തിന് '100'

രാവുണ്ണി
Published on Nov 09, 2025, 02:29 AM | 6 min read
പി ജെ ആന്റണിയുടെ ജീവിതം ഒരാഹ്വാനമാണ് എന്നാണ് ഇ എം എസ് പറഞ്ഞത്. ഓർമകളുടെ തീപ്പന്തം ഏതിരുട്ടിലും ഉയർത്തിപ്പിടിക്കുവിൻ എന്ന് നിരന്തരം വിളിച്ചുപറഞ്ഞ നാടകപ്രതിഭയാണ് അദ്ദേഹം. വാക്കിന് ജീവന്റെ വിലയാണ് എന്നുറപ്പിച്ച കവി. നാടകം എഴുതുകയും അഭിനയിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തെരുവിലിറങ്ങി, ജാഥയിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുകയും വിപ്ലവഗാനം പാടിനടക്കുകയും ചെയ്ത ജീവിതമാണത്. സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയ നേവി ഉദ്യോഗസ്ഥൻ.
നാട്ടിൽ തീമഴ പെയ്തപ്പോൾ
1953 സെപ്തംബർ 13ന് മട്ടാഞ്ചേരിയിൽ തൊഴിലാളികൾക്കുനേരേ കോൺഗ്രസ് സർക്കാരിന്റെ പൊലീസ് വെടിവച്ചു. സേതു, സെയ്താലി എന്നീ തൊഴിലാളിസഖാക്കൾ കൊല്ലപ്പെട്ടു. മറ്റൊരു തൊഴിലാളിയായ ആന്റണി പൊലീസ് മർദനത്തിലും കൊല്ലപ്പെട്ടു. മട്ടാഞ്ചേരി ഇളകിമറിഞ്ഞു. വെടിവയ്‌പിൽ പ്രതിഷേധിച്ച് എറണാകുളത്ത് വമ്പിച്ച പ്രകടനം. അതിന്റെ മുൻനിരയിൽ തീജ്വാലപോലെ പി ജെ ആന്റണിയുടെ ശബ്ദം മുഴങ്ങി:
‘‘കാട്ടാളന്മാർ നാടുഭരിച്ചീ
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ്ക്കരുതിയ
മട്ടാഞ്ചേരി മറക്കാമോ?
ഇടിവണ്ടികളും കൊലയാളികളും
വെടിയുണ്ടകളും വന്നപ്പോൾ
വെടിയുണ്ടകളെ പുല്ലായ് കരുതും
ചുരുൾമുഷ്ടികളങ്ങുയരുകയായ്
അറബിക്കടലിന്നലറുകയാണിനി
അറുതിവരുത്തണമതിവേഗം
അറുകൊല തുള്ളും ദുർഭരണത്തി-
ന്നറുതി വരുത്തണമതിവേഗം...’’
ഭാഗവതർ ഒൗട്ട്
ആദ്യനാളുകളിൽ നാടകം തുടങ്ങുന്നത് ഒരുതരം സംഗീതമത്സരത്തോടെയാണ്. നായകനടനും സ്റ്റേജിൽ ഉടനീളം ഉറപ്പിച്ചിരിക്കുന്ന ഭാഗവതരും തമ്മിലാണ് മത്സരം. സ്വാഭാവികമായും നായകൻതന്നെ ജയിക്കും. സദസ്സിൽ കൈയടി ഉയരും. പാട്ടുമത്സരം കഴിഞ്ഞ് നടൻ തന്റെ കഥാപാത്രത്തിലേക്ക് കൂടുമാറും. എന്നാൽ, ഹാർമോണിസ്റ്റ് സ്ഥലംവിടുകയില്ല. തനിക്ക് ഒന്നും ചെയ്യാനില്ലെങ്കിലും അദ്ദേഹം നാടകാന്തംവരെ സ്റ്റേജിൽ കുത്തിയിരിക്കും. സർവസാക്ഷിയായി.
ഈ ഭാഗവതർക്ക് വേദിയിൽ എന്തുകാര്യമെന്ന ചോദ്യം പി ജെ ആന്റണി ചോദിച്ചു. ഒരു കാര്യവുമില്ല. എങ്കിൽ പുറത്താക്കുകതന്നെ. തന്റെ നാടകത്തിൽനിന്ന് അദ്ദേഹം ഹാർമോണിസ്റ്റിനെ പുറത്താക്കി. പാട്ടുമത്സരം കേട്ട് ഹരംപിടിക്കാൻ വന്ന സദസ്യർ പലയിടത്തും ബഹളം ഉണ്ടാക്കി. കൂക്കിവിളിച്ച് തടസ്സപ്പെടുത്തി. എങ്കിലും പി ജെ ആന്റണി നിലപാടിൽനിന്ന് പിന്മാറിയില്ല. ആന്റണിയുടെ പാതയിലൂടെയാണ് പിന്നീട് മലയാളനാടകം സഞ്ചരിച്ചത്. അങ്ങനെ നാടകാവതരണത്തിൽ ചരിത്രപരമായ ഒരു ഇടപെടൽ നടത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നാടകജീവിതം ആരംഭിക്കുന്നത്.
കൊടുങ്കാറ്റ് വിതച്ച കാളരാത്രി
നാവടക്കൂ പണിയെടുക്കൂ എന്ന ഉഗ്രശാസനവുമായി അമിതാധികാരവാഴ്ചയുടെ കാലത്ത് നടന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ വാർത്തകൾ കൊടുങ്കാറ്റുപോലെ പുറത്തേക്ക് വന്ന കാലം. അടിയന്തരാവസ്ഥയുടെ ഇരുമ്പുമറയ്ക്കുള്ളിൽ നടന്നത് എന്താണെന്ന് നടുക്കത്തോടെയാണ് ജനങ്ങൾ അറിഞ്ഞത്. ഈച്ചരവാര്യരെ പോയി കണ്ടും പത്രവാർത്തകളും അടിയന്തരാവസ്ഥാ റിപ്പോർട്ടുകളും തേടിപ്പിടിച്ചും ആ നാളുകളിൽ നടന്ന സംഭവങ്ങളെ ആധാരമാക്കി കാളരാത്രി എന്നൊരു നാടകം പി ജെ ആന്റണി എഴുതാൻ തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു സബ് ഇൻസ്പെക്ടർ വന്നു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു നാടകം എഴുതുന്നുണ്ടെന്ന് കേട്ട് അറസ്റ്റ് ചെയ്യാൻ വന്നിരിക്കുകയാണ് അദ്ദേഹം. നാടകം പകുതിയേ ആയിട്ടുള്ളൂ, എന്ന് തീരുമെന്നു പറയാൻ പറ്റില്ല എന്ന് ആന്റണി പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ആരാധകനായ എസ്ഐ പറഞ്ഞു:
"എനിക്കു കിട്ടിയ ഓർഡർ സ്ക്രിപ്റ്റ് പൊക്കാനാണ്. ഇവിടെയുണ്ടെങ്കിൽ അത് മാറ്റിയേക്കണം. ഞാനത് കണ്ടില്ലെന്ന് പറഞ്ഞാലും വേറെ ഓഫീസറുടെ കൂടെ ഞാൻതന്നെ വരികയും ഇവിടന്ന് കിട്ടുകയും ചെയ്താൽ നമ്മൾ തമ്മിൽ ഒത്തുകളിച്ചതാണെന്ന് വരും. അതുകൊണ്ട് മാറ്റിയിരിക്കണം. തൽക്കാലത്തേക്ക്.’
അങ്ങനെ അറസ്റ്റിൽനിന്ന് ഒഴിവായി. നാടകം പൊലീസിന്റെ കൈയിൽ പെടാതെയും രക്ഷപ്പെട്ടു.
അഞ്ചുമുനയിലെ രശ്മി എന്ന നാടകസംഘമാണ് കാളരാത്രി അവതരിപ്പിച്ചത്. കെ കരുണാകരനും പുലിക്കോടൻ നാരായണനും ജയറാം പടിക്കലും ഈച്ചരവാര്യരുമൊക്കെ കഥാപാത്രങ്ങളായി രംഗത്തുവരുന്ന നാടകമാണ് കാളരാത്രി. ഒന്നും മറച്ചുവയ്‌ക്കാനല്ല, എല്ലാം വെട്ടിത്തുറന്നുപറയാനാണ് പി ജെ ആന്റണി ആ നാടകം എഴുതിയത്. ഇരുകൈയും നീട്ടി കേരളജനത ‘കാളരാത്രി’യെ സ്വീകരിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന് രശ്മി നാടകം അവതരിപ്പിച്ചു. ദിവസം അഞ്ചും ആറും കളികൾവീതം ഉണ്ടായി. രാവിലെ ആറുമുതൽ രാത്രി 10 മണിവരെ നടന്ന നാടകാവതരണങ്ങൾ ചരിത്രസംഭവമായി. കൈയടികൾമാത്രമല്ല ‘കാളരാത്രി’ക്ക് കിട്ടിയത്. കൈയേറ്റവും കല്ലേറും ഗുണ്ടാസംഘങ്ങളുടെ ആക്രമണവും നിർലോഭമായി കിട്ടി. പുരോഗമനശക്തികൾ നാടകാവതരണത്തിന് വലയംതീർത്ത് നാടകസംഘത്തെ കാത്തു. ജീവൻ പണയം വച്ചുകൊണ്ട് നടത്തിയ നാടകാവതരണങ്ങളായിരുന്നു അവ.
എന്നും റിബൽ
പ്രതിലോമശക്തികളുടെ പ്രതിഷേധങ്ങളും മുറുമുറുപ്പുകളും കൈയേറ്റശ്രമങ്ങളും പി ജെ ആന്റണിക്ക് പുത്തരിയല്ലായിരുന്നു. ഉറച്ച നിലപാടുകൾ ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞു. ചെറുപ്പകാലംമുതൽ അദ്ദേഹത്തിന്റെ നിലപാട് ഇത്തരത്തിലായിരുന്നു. തെറ്റാണെന്ന് ബോധ്യമുള്ളതിനെതിരെ നിവർന്നുനിൽക്കാനും ശബ്ദിക്കാനും വിരൽചൂണ്ടാനും എപ്പോഴും അദ്ദേഹം നെഞ്ചൂക്ക് കാണിച്ചിട്ടുണ്ട്. ഭീരുത്വംകൊണ്ട് ഒരിടത്തും നിശ്ശബ്ദനായിട്ടില്ല, പിന്മാറിയിട്ടില്ല.
ഒരു തൊഴിൽ വേണമെന്നു കരുതി 18–ാംവയസ്സിൽ അദ്ദേഹം നേവിയിൽ ചേർന്നു. അവിടെയിരുന്നും നാടകമെഴുതി. കൂട്ടുകാരൊത്ത് അവതരിപ്പിച്ചു. 1946ൽ ഫെബ്രുവരി 18ന് റോയൽ ഇന്ത്യൻ നേവിയിൽ സായുധകലാപം തുടങ്ങി. ആന്റണിയും പങ്കെടുത്തു. അറസ്റ്റ് വരിച്ച് ജയിലിലായി.
ഒടുവിൽ ജോലി വിട്ട് നാട്ടിലെത്തി. അങ്ങനെ ഉദ്യോഗപർവത്തിന് വിരാമമായി.
പി ജെ ആന്റണി ജീവിതത്തിൽ ഉടനീളം റിബലായിരുന്നു. യേശു ക്രിസ്തുവിലും അദ്ദേഹം കണ്ടത് അതേ റിബൽ പ്രകൃതമാണ്. അതുകൊണ്ട് മറ്റുള്ളവർ നാടകത്തിൽ അവതരിപ്പിച്ച യേശു, ആന്റണിയിലൂടെ പുറത്തുവന്നപ്പോൾ വിപ്ലവകാരിയായ കഥാപാത്രമായി വേദിയിൽ ജ്വലിച്ചു. ഈ വ്യത്യാസം നിസ്സാരമല്ല. മിശിഹാചരിത്രം ആന്റണി എഴുതി രംഗത്ത് അവതരിപ്പിച്ചപ്പോൾ രംഗവേദിയുടെയും കഥാപാത്രങ്ങളുടെയും അലകും പിടിയും മാറി. ജറുസലേം ദേവാലയത്തിൽ ചാട്ടവാർ വീശി ക്രോധത്തോടെ കരിഞ്ചന്തക്കാർക്കും കള്ളക്കച്ചവടക്കാർക്കും എതിരെ ആഞ്ഞടിക്കുന്ന രംഗവും പുരോഹിതപ്രമാണികളെ നോക്കി യേശു ചെയ്ത പ്രസംഗവും വേദിയെയും സദസ്സിനെയും കിടിലംകൊള്ളിച്ചു.
യാഥാസ്ഥിതികമായ ഉള്ളടക്കമുള്ള സദസ്സിനെ പ്രകോപിപ്പിക്കാൻ ഇതൊക്കെ ധാരാളം മതിയായിരുന്നു. മിശിഹാചരിത്രം അവതരണത്തിനെതിരെ മുറുമുറുപ്പുകളുണ്ടായി. സദസ്സ് ഇളകി. രംഗവേദിയിൽ ബൈബിളിന്റെ പഴയ നിയമവും പുതിയ നിയമവും പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു നാടകാവതരണം. ബൈബിളിൽ പറയാത്ത ഒരു വാക്കുപോലും താൻ നാടകത്തിൽ പറഞ്ഞില്ലെന്ന് സ്ഥാപിക്കാനായിരുന്നു അത്. യഥാർഥ ബൈബിൾവായന തന്റേതായിരുന്നുവെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
ഇങ്കുലാബിന്റെ മക്കൾ
1959ലെ വിമോചനസമരവും അതിന്റെ സംഘാടകസമിതിയായി വന്ന വിരുദ്ധമുന്നണിയും അന്ന് യാദൃച്ഛികമായി പൊട്ടിമുളച്ചതല്ല. അതിനും എത്രയോ മുമ്പ് വിരുദ്ധമുന്നണി കേരളത്തിൽ അരങ്ങത്തുവന്നിരുന്നു. കേരളത്തിന്റെ മുന്നോട്ടുപോക്കിനെതിരെയുള്ള ഈ നീക്കത്തിനെതിരെ പി ജെ ആന്റണിയുടെ ‘ഇങ്കുലാബിന്റെ മക്കൾ' നാടകം അമ്പതുകളുടെ തുടക്കത്തിൽത്തന്നെ മുന്നറിയിപ്പ് തരുന്നുണ്ട്. 1953 ഒക്ടോബർ 10ന് എറണാകുളം ആസാദ് തിയറ്ററിലാണ് ‘ഇങ്കുലാബിന്റെ മക്കൾ' ആദ്യമായി അവതരിപ്പിക്കുന്നത്. ’54ൽ പുസ്തകമായി.
നുണ പറയുക. ആവർത്തിച്ചുപറയുക. സംഘം ചേർന്ന് പറയുക. അങ്ങനെ നുണയാണ് നേര് എന്ന പ്രതീതി ഉളവാക്കുക. അതിന്മേൽ വിരുദ്ധരാഷ്ട്രീയവും അന്തർധാരയും സൃഷ്ടിക്കുക എന്നത് ഇപ്പോഴത്തെ ഒരു കണ്ടുപിടിത്തവും തന്ത്രപരമായ കരുനീക്കവും ഒന്നുമല്ല. ഈ ഗീബൽസിയൻ തന്ത്രത്തിന്മേലാണ് വിമോചനസമരം കെട്ടിപ്പടുത്തതെന്ന് ‘ഇങ്കുലാബിന്റെ മക്കൾ' സാക്ഷ്യപ്പെടുത്തും.
ആറാം രംഗത്തിൽ പല സന്ദർഭങ്ങളിലായി ചാക്കോ, മത്തായി, വിരോണി, പോൾ തുടങ്ങിയവരുടെ സംഭാഷണം കേൾക്കുക:
മത്തായി: ...(സോവിയറ്റ് യൂണിയനിൽ) ഒണ്ടായിരുന്ന ക്രിസ്ത്യാനികളേക്കെ കപ്പലിക്കേറ്റി നടുക്കടലീ കൊണ്ടുപോയി മുക്കിക്കൊന്നുകളഞ്ഞില്ലേ!
വിരോണി: (ഭയത്തോടെ) ഓ, ഈ ചെകുത്താന്മാർക്ക് ഇതെക്ക ചെയ്യാൻ എങ്ങന തോന്നി മാതാവേ!
മത്തായി: ദൈവമില്ലാത്തവർക്ക് അതെക്ക തോന്നാനാ പ്രയാസം! ചേടത്തിക്കറിയാമാ, അവട കല്യാണം കഴിക്കണതെങ്ങണെന്ന്?
വിരോണി: എങ്ങനെ?
മത്തായി: എന്റെ ചേടത്തീ, അവട കല്യാണം കഴിക്കണത് സ്വന്ത അമ്മനേം പെങ്ങളേമെക്കാണ്!
വിരോണി: (തലയിൽ കൈവച്ചിട്ട്) എന്റ കർത്താവേ! എന്തക്കേണീ കേക്കണത്? അപ്പ അവരുടെ ഭരണം ഇവടവന്നാ ഇവടേം അങ്ങനേക്ക ഒണ്ടാകുകിലെ മത്തായി?
മത്തായി: ഇവട അങ്ങന വരാതിരിക്കാനല്ലേ ചേടത്തീ, വിരുദ്ധമുന്നണി? കമ്മൂണിസമെന്നു പറഞ്ഞാത്തന്നെ ദൈവവിരോധമാണ്.
‘ഇങ്കുലാബ് സിന്ദാബാദ്' എന്നൊള്ളതിന്റെ അർത്തം ചേടത്തിക്കറിയാമാ?
വിരോണി: എനിക്കറിയാമ്പാടില്ല മത്തായി.
മത്തായി: അതിന്റ അർത്തം അറിഞ്ഞിരിക്കണ്ടതാണ്. അതറിഞ്ഞാലേ കമ്മ്യൂണിസമെന്താണെന്നും മനസ്സിലാക്കാൻ സാധിക്കുകയൊള്ളു. ‘ഇങ്കുലാബ്' എന്നുവച്ചാ ‘ദൈവം' ‘സിന്ദാബാദ്' എന്നുവച്ചാ ‘നശിക്കട്ടെ.' ‘ഇങ്കുലാബ് സിന്ദാബാദ്' എന്നു പറഞ്ഞാ ‘ദൈവം നശിക്കട്ടെ' എന്നാണർത്തം.
വിരോണി: (പരിഭ്രമത്തോടുകൂടി) ഹോ! എന്റ മത്തായി ഇതിന് ഇങ്ങന ഒരർത്തമൊണ്ടെന്നും എനിക്കിപ്പഴാണു് മനസ്സിലായത്. ‘ഇങ്കുലാബ്' എന്നു പറഞ്ഞാ ദൈവമാണ്. അല്ലേ?
മത്തായി: അതെനിക്ക് മനസ്സിലായത് ഈ വിരുദ്ധമുന്നണിച്ചേർന്നതിനുശേഷമാണ്.
വിരോണി: (ആലോചിച്ചിരുന്നുകൊണ്ട്) അപ്പ, നമ്മളെക്ക ‘ഇങ്കുലാബിന്റ മക്കള’ല്ലേ മത്തായീ?
മത്തായി: സംശയമൊണ്ടാ ചേടത്തീ
(കുറേ കഴിഞ്ഞ് മേൽപ്പോട്ടുനോക്കി കൈകൾ കൂപ്പിയിട്ട് ഭക്തിയോടും ദുഃഖത്തോടുംകൂടി) ഹോ! എന്റെ ഇങ്കലാബേ! നിന്ന ഈ ദുഷ്ടന്മാര് സിന്ദാബാദ് എന്നു പറേണല്ലാ!
വിരോണി: (ഓർത്തുകൊണ്ടിരുന്നിട്ട്) കർത്താവേ, ഇതുങ്ങളുടേക്ക ഭരണം വരണതിനുമുന്പും ജീവൻ പിരിഞ്ഞാമതി.
നാടകമേ ജീവിതം
സിനിമയുടെ പ്രശസ്തിയും പകിട്ടും ആന്റണിയെ പ്രലോഭിപ്പിച്ചില്ല. അതിൽനിന്ന് ആവുന്നത്ര കുതറിമാറാൻ ശ്രമിച്ചു. നാടകകാരനാണ് എന്നതിൽ എന്നും അഭിമാനിച്ചു. സിനിമയുടെ സമ്പത്തിനേക്കാൾ നാടകത്തിന്റെ കഷ്ടപ്പാടുകളാണ് തനിക്ക് ഇണങ്ങുകയെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. പലതവണ സിനിമ വേണ്ടെന്നുവച്ച് നാട്ടിലെത്തി. നാടകപ്രവർത്തകരുടെ ആത്മാഭിമാനം ഉയർത്തിപ്പിടാൻ ആരോടും എതിരിടാൻ പി ജെ ആന്റണി മടിച്ചിട്ടില്ല. ഒരു സാംസ്കാരികപരിപാടിക്ക് അതിഥിയായി ക്ഷണിച്ച പി ജെ ആന്റണിയെക്കുറിച്ച് ഭരത് അവാർഡ് നേടിയ പ്രശസ്ത സിനിമാതാരമെന്ന് സംഘാടകർ വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് ആ പരിപാടിക്ക് പോകുകയില്ലെന്ന് ശഠിച്ച ആളാണ് പി ജെ ആന്റണി.
എറണാകുളത്ത് സാഹിത്യ പരിഷത്തിന്റെ വേദിയിൽ പ്രതിഭ ആർട്സ് ക്ലബ് അംഗങ്ങൾ പി ജെ ആന്റണിയുടെ നേതൃത്വത്തിൽ നാടകം കളിക്കാനെത്തി. മേക്കപ്പ് കഴിഞ്ഞ് കളിക്കാൻ തയ്യാറായി നിന്നു. വേറൊരു ദിവസം കളിക്കാൻ തീരുമാനിച്ചിരുന്ന മറ്റൊരു നാടകം പ്രതിഭ ആർട്സ് ക്ലബ്ബിന്റെ നാടകത്തിനുമുമ്പായി കളിക്കണമെന്ന് പരിഷത്തിന്റെ ഭാരവാഹികൾ നിർദേശിച്ചു. ആദ്യം മേക്കപ്പിട്ട തങ്ങളുടെ നാടകം ആദ്യം കളിക്കണമെന്ന് പ്രതിഭ ആർട്സ് ക്ലബ്ബുകാർ തീരുമാനിച്ചു. തർക്കമായി. ബഹളമായി. സർവാദരണീയനായ മഹാകവി ജി ശങ്കരക്കുറുപ്പ് അണിയറയിലേക്ക് വന്ന് ആന്റണിയോട് പറഞ്ഞു: "തിരുവനന്തപുരത്തുനിന്ന് വന്നവർക്ക് നാടകം കഴിഞ്ഞ് വേഗം മടങ്ങിപ്പോകേണ്ടതുണ്ട്. അവർ വളരെ ദൂരെനിന്ന് വരുന്നവരാണ്. അതുകൊണ്ട് അവർക്കുവേണ്ടി സ്റ്റേജ് ഒഴിഞ്ഞുകൊടുക്കുന്നതാണ് മര്യാദ.’
ഇത് പ്രതിഭയുടെ പ്രവർത്തകരെ പ്രകോപിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ. അവരിൽ ഒരാൾ വേദിയിൽ കയറി മൈക്കിലൂടെ വിളിച്ചുപറഞ്ഞു:
"സാഹിത്യ പരിഷത്ത് ഭാരവാഹികളുടെ അന്യായമായ പെരുമാറ്റംമൂലം ഞങ്ങൾ നാടകം അവതരിപ്പിക്കാതെ തിരിച്ചുപോകാൻ നിർബന്ധിതരായിരിക്കുന്നു’
സദസ്സിലുള്ളവർ രണ്ട് ചേരിയായി. തർക്കമായി. ബഹളമായി. ആരൊക്കെയോ കൂക്കിവിളിച്ചു.
എവിടെനിന്നോ വന്നെത്തിയ പി കേശവദേവ് പ്രതിഭയുടെ നാടകമാണ് ആദ്യം കളിക്കേണ്ടതെന്ന് പ്രഖ്യാപിച്ചു.
മഹാകവി ജി ശങ്കരക്കുറുപ്പ് ആന്റണിയെ ശപിച്ചു "ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും നാടകമാണ്. എന്റെ വാക്ക് അനുസരിക്കാത്ത താൻ എവിടെ ചെന്നാലും ഗുണംപിടിക്കില്ല. മനസ്സിൽ വച്ചോ’
"ഞാൻ മാഷിന്റെ ശിഷ്യൻ അല്ലല്ലോ. അതുകൊണ്ട് ഈ ശാപമൊന്നും എന്നെ ബാധിക്കില്ല’ എന്നതായിരുന്നു ഉരുളയ്ക്കുപ്പേരിപോലെ പി ജെ ആന്റണിയുടെ മറുപടി.
കൃതഹസ്തനായ ഗാനരചയിതാവുകൂടിയാണ് ആ സകലകലാവല്ലഭൻ. രാഷ്ട്രീയയോഗങ്ങൾക്കും പ്രതിഷേധജാഥകൾക്കുംമറ്റും അനേകം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. നാടകമെഴുതുന്നതോടൊപ്പം അതിലുള്ള ഗാനങ്ങൾകൂടി അദ്ദേഹം അതിൽ എഴുതിച്ചേർത്തിരുന്നു. മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ധാരാളം ചലച്ചിത്രഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
ആകാശത്തിലെ പറവകളെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്. വിതയ്‌ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ കൂട്ടിവയ്‌ക്കുകയോ ചെയ്തില്ല. കലയുടെ അഭിനിവേശവുമായി ഒഴിഞ്ഞ കൈകളുമായി അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നു. അവസാനമില്ലാത്ത നാടകാഭിനിവേശവുമായിട്ടാണ് ജീവിതാന്ത്യംവരെ കഴിഞ്ഞത്. 1979 മാർച്ച് 25ന് 54–ാംവയസ്സിൽ മദിരാശിയിൽ റെക്കോഡിങ്ങിനിടെ പി ജെ ആന്റണി വിടവാങ്ങി.








0 comments