ad
Deshabhimani

കിൽഡോസർ രാജ്: ഗാസയെ ഓർമിപ്പിക്കുന്ന യെലഹങ്ക കൊഗിലു

Yelahanka boy.jpg

ബംഗളൂരു യെലഹങ്ക കൊഗിലുവിൽ കർണാടക ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ തകർത്ത വീടുകൾക്ക് മുന്നിൽ നിൽക്കുന്ന കുട്ടി| ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌

avatar
വിനോദ്‌ പായം

Published on Jan 04, 2026, 12:01 AM | 5 min read

നമ്മൾ വീട്ടിലുറങ്ങുന്നു. പുലർച്ചെ ആറിന്‌ മേൽക്കൂരയ്‌ക്കുമേൽ യന്ത്രക്കൈകൾ ഇടിച്ചു താഴുന്ന ശബ്ദം. അതിന്റെ ഭയപ്പെടുത്തുന്ന മുക്രയിടൽ. ഉറക്കം വിട്ടൊഴിയാത്ത നിലവിളിയുമായി കുട്ടികളെയും വാരിയെടുത്ത്‌ പുറത്തേക്കോടുന്നു. തൊട്ടയൽപക്കത്തുള്ളവരും നിലവിളിക്കുന്നുണ്ട്‌. ചുറ്റിലും ആർത്തിയോടെ നീണ്ടുവരുന്ന ബുൾഡോസർ കൈകൾ. നമ്മൾ ഇ‍ൗ ഭൂമിയിൽ കൈയേറ്റക്കാരായതിനാൽ, ഒഴിയേണ്ടവരാണെന്ന്‌ ആരോ വിളിച്ചുപറയുന്നു. ഇടിഞ്ഞുവീഴുന്നത്‌ വീടുമാത്രമല്ല, ജീവിതം കൂടിയാണെന്ന്‌ നിലവിളിക്കുമ്പോൾ ഓർക്കുക, നാം കിൽഡോസർ രാജിന്റെ കീഴിലാണ്‌. ഉഗ്രപ്രതാപത്തോടെ നമ്മുടെ സ്വപ്‌നങ്ങൾക്കുമേൽ യന്ത്രച്ചക്രം ഉരുണ്ടുകയറുമ്പോൾ ഭയപ്പാടോടെ മൗനമിരുന്നാൽ സുഹൃത്തേ, ചരിത്രം നമ്മെ കുറ്റക്കാരനെന്ന്‌ വിധിക്കും.



മൂത്തംബി


26 വർഷം മുന്പാണ്‌ ഹൈദരാബാദിൽനിന്ന്‌ ഭർത്താവിനൊപ്പം ബംഗളൂരുവിലേക്ക്‌ വന്നത്‌; ഒപ്പം കൈപിടിച്ചൊരു മകളും. ഭിക്ഷാടനമായിരുന്നു തൊഴിൽ. അന്ന്‌ പഴയ യെലഹങ്ക ഭാഗത്ത്‌ ബംഗളൂരു നഗരം വളർന്നിട്ടില്ല. കിടന്നുറങ്ങാൻ ചായ്‌പ്‌ തേടി ഭർത്താവിനൊപ്പം കൊഗിലു ക്രോസിലെ നാറുന്ന ക്വാറിക്കുഴിയിലെത്തി. കൊഗിലു ഉറുദു സ്‌കൂളിനുസമീപം രണ്ടുസെന്റ്‌ സ്ഥലം ഏജന്റ്‌ മുഖേന തരപ്പെടുത്തി. ഭിക്ഷതേടിക്കിട്ടിയ നാണയത്തുട്ടുകൾ ദിവസവും ‘ഇഎംഐ’യായി ഏജന്റിന്‌ തിരിച്ചടച്ചു. അയാൾ സ്ഥലരേഖയെന്ന പേരിൽ കടലാസുകൾ നൽകി. ഇതിനിടയിൽ പുറത്തെവിടെയോ ജോലിക്കുപോയ ഭർത്താവ്‌ സമദ്‌ തിരിച്ചുവരാതായി. മകൾ ആസിയക്കൊപ്പം ഭിക്ഷ യാചിച്ചും ചെറിയ ചെറിയ ജോലി ചെയ്‌തും കൊഗിലു ക്രോസിലെ ചായ്‌പിലേക്ക്‌ രാത്രികാലത്ത്‌ തിരിച്ചെത്തി. രണ്ടുസെന്റിൽ ചാക്കുവലിച്ചുകെട്ടിയുണ്ടാക്കിയ വീടുയരുന്പോഴേക്കും സ്ഥലത്തിന്‌ പേരു വന്നു, ‘ഫക്കീർ കോളനി’. പിന്നെ ബാവുൾ ഗാനം പാടി, ഭിക്ഷതെണ്ടുന്ന മുസ്ലിങ്ങളുടെ ചേരിയായി ഫക്കീർ കോളനി മാറി.


പല സ്ഥലങ്ങളിൽനിന്നുവന്ന മുസ്ലിങ്ങളും ദളിത്‌ വിഭാഗക്കാരും ഫക്കീർ കോളനിയിൽ നിറഞ്ഞു. സിമന്റ്‌ കട്ടകൾ അട്ടിയിട്ട്‌, ആസ്‌ബസ്‌റ്റോസ്‌ പാളികൾ നിരത്തി, അവരെല്ലാം വീടുണ്ടാക്കി. കോളനി വളർന്നു. നടുവിൽ ഉപേക്ഷിച്ചുപോയ ക്വാറിയുടെ ബാക്കിയായ കല്ലുകൂട്ടം. കല്ലുപൊളിച്ച ഭാഗത്തേക്കും കോളനി നീങ്ങി. വസീം എന്ന ഏജന്റ്‌ പണം വാങ്ങി കൂടുതൽ പേരെ അവിടെ പാർപ്പിച്ചു. വസീം സ്‌ട്രീപ്പ്‌ എന്ന പേരും ആ ഭാഗത്ത്‌ വന്നു.മൂത്തംബിയുടെ മകൾ ഒറ്റയായി വളർന്നു. കല്യാണമായി. മുത്തംബിയുടെ ജീവിതത്തിലേക്ക്‌ പേരക്കുട്ടികൾ വളർന്നു. ആറുകുട്ടികൾ രണ്ടുസെന്റ്‌ ചായ്‌പിൽ ഇ‍ൗ ഡിസംബർ 19ന്റെ രാത്രിവരെ അട്ടിയിട്ടപോലെ കിടന്നുറങ്ങി. മുത്തംബിയുടെ മകളുടെ ഭർത്താവ്‌ പലതരം ജോലിക്കായി ഉ‍ൗരുതെണ്ടലായി. ഉമ്മയും മകളും ആറു കൊച്ചുമക്കളും കിടന്നുറങ്ങിയ വീടിന്റെ മേൽക്കൂരയിൽ അന്ന്‌ പുലർച്ചെ...


Yelahanka women.jpgകർണാടക ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ ബംഗളൂരു യെലഹങ്ക കൊഗിലുവിലെ വീടുകൾ ബുൾഡോസറുകൾ കയറ്റി തകർത്തപ്പോൾ| ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


ഫക്കീർ, വസീം കോളനി


യെലഹങ്ക വികസിക്കുംമുന്പേ പിറന്നതാണ്‌ കൊഗിലു ക്രോസിലെ ഫക്കീർ കോളനിയും വസീം സ്‌ട്രീറ്റും. 30 വർഷംവരെ അവിടെ താമസിക്കുന്നവരുണ്ട്‌. ഇരുന്നൂറോളം വീടാണ്‌ ഉള്ളതെന്ന്‌ താമസക്കാർ പറയുന്നു. സ്ഥലത്തേക്ക്‌ വൈദ്യുതി ലെയ്‌നും വാട്ടർ കണക്‌ഷനുമുണ്ട്‌. അതിനായി സമർപ്പിച്ച രേഖകൾ ആധാർ, തെരഞ്ഞെടുപ്പ്‌, പാൻ, ഡ്രൈവിങ്‌ ലൈസൻസ്‌ കാർഡുകളാണ്‌. തദ്ദേശീയരായതിനാലണല്ലോ ഇ‍ൗ രേഖകൾ കിട്ടിയത്‌ എന്ന്‌ അവർ പറയുന്നുമുണ്ട്‌. കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈര ഗ‍ൗഡ ജയിച്ച ബൈതരായണപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരാണിവർ. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൃഷ്‌ണ ബൈര ഗ‍ൗഡ ഇവിടെ വോട്ട്‌ ചോദിച്ചു. അവർ നൽകി. 2025 ഡിസംബർ 20 പുലർച്ചെ 4.30: യന്ത്രക്കൈകളുടെ മുരൾച്ച ഫക്കീർ കോളനിക്ക്‌ നടുക്കുള്ള കരിങ്കൽക്കൂട്ടങ്ങളിൽ പ്രതിധ്വനിച്ചു.


ആസ്‌ബസ്‌റ്റോസ്‌ ഷീറ്റുകൾ ഇയാംപാറ്റകളെപ്പോലെ നിലത്തേക്ക്‌ വീണു. ബംഗളൂരു വികസന അതോറിറ്റിയുടെ ഖര മാലിന്യ സംസ്‌കരണ പ്ലാന്റിനായി ഏറ്റെടുത്ത സ്ഥലമാണ്‌ ഇതെന്നും അതിനാൽ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുന്നു എന്നുമാണ്‌ അപ്പോൾ കേട്ട സർക്കാർ ഭാഷ്യം! കൊഗിലു ക്രോസ്‌ റോഡിൽ ടിപ്പു നഗറിൽനിന്നാണ്‌ ഉറുദു സ്‌കൂളിലേക്കും ഫക്കീർ കോളനിയിലേക്കുമുള്ള ഇടറോഡ്‌. ഇ‍ൗ റോഡ്‌ തുടങ്ങുന്ന കവലയിൽ കാമരാജിന്റെ പ്രതിമയും അതി ൽ ചാരി അംബേദ്‌കറുടെ വലിയ ഛായാചിത്രവുമുണ്ട്‌. അതെല്ലാം മറികടന്ന്‌ എത്തിയ നൂറ്റന്പതോളം പൊലീസുകാരും നാല്‌ ബുൾഡോസറും ഫക്കീർ കോളനിയിലെ ചിന്നമ്മയുടെ വീടാണ്‌ ആദ്യം തകർത്തത്‌. നിലവിളിച്ച്‌ പുറത്തേക്കോടിയ ചിന്നമ്മയോട്‌ ഗ്യാസ്‌ സിലിൻണ്ടറും സ്‌റ്റ‍ൗവും പുറത്തേക്ക്‌ എടുത്തിടാൻ പൊലീസുകാർ പറഞ്ഞു. പിന്നാലെ പൊലീസ്‌ സംഘം കോളനിയുടെ ഉൾഭാഗത്തേക്ക്‌ നീക്കി. ഗ്യാസ്‌ സിലിൻണ്ടറെല്ലാം പുറത്തേക്ക്‌ എടുപ്പിച്ചു. ഫക്കീർ കോളനിയും താഴെ വസീം സ്‌ട്രീറ്റും ‘കിൽഡോസർ രാജി’ന്റെ തേർവാഴ്‌ച കഴിഞ്ഞപ്പോൾ കൃത്യം 165 വീടുകൾ നിലത്തുവീണു. ബാക്കിയുള്ള മുപ്പതോളം വീടുകൾ തകർച്ചയുടെ വക്കിൽ കോളനിയുടെ അതിരിൽ ഇപ്പോഴും കഴിയുന്നുണ്ട്‌.


Yelahanka man.jpgകർണാടക ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ ബംഗളൂരു യെലഹങ്ക കൊഗിലുവിലെ വീടുകൾ ബുൾഡോസറുകൾ കയറ്റി തകർത്തപ്പോൾ| ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


ബംഗളൂരു ഗാസ


​പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശക്കാഴ്‌ചകൾ നമുക്ക്‌ ദൂരെയെങ്ങോ നടക്കുന്ന കാര്യം മാത്രമാണ്‌. അവിടെ തകർന്ന ഗാസയുടെ ചിത്രങ്ങൾ പലർക്കും വിഷമം കലർന്ന അത്ഭുതം മാത്രമാണ്‌. കേരള അതിർത്തിയിൽനിന്ന്‌ 350 കിലോമീറ്റർ സഞ്ചരിച്ചാൽ ഗാസയെ ഓർമിപ്പിക്കുന്ന തകർന്ന കോൺക്രീറ്റ്‌ കട്ടകളുടെ ചിത്രങ്ങൾ നമുക്ക്‌ കാണാം. പൊടിയുയർന്ന്‌, നടക്കാൻ വഴി പോലുമില്ലാത്ത, നീല ടാർപോളിൻ ഷീറ്റുകൾ വലിച്ച്‌ കെട്ടിയ, പ്രഭാതത്തിൽ 14 ഡിഗ്രി തണുപ്പും നട്ടുച്ചയ്‌ക്ക്‌ 35 ഡിഗ്രിവരെ ചൂടുമുള്ള ‘ബംഗളൂരു ഗാസ’.


കർണാടക സർക്കാരിന്റെ ബുൾഡോസർ രാജ്‌ അരങ്ങേറിയശേഷം, സ്ഥലത്ത്‌ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന സന്നദ്ധ സംഘടനയാണ്‌ സംഗമ (ദുഡിയുവ ജനരെ വേദിഗെ) എന്ന എൻജിഒ. അവരെടുത്ത പ്രാഥമിക കണക്കിലാണ്‌ തകർത്തത്‌ 165 വീടുകൾ എന്നത്‌. നിർമാണത്തിലുള്ള 15 വീട്‌ കൂടാതെയാണിത്‌. ഫക്കീർ കോളനിയിൽ 45 മുസ്ലിം വീട്‌, മൂന്ന്‌ ഹിന്ദു ദളിത്‌ വീട്‌ , വസീം ലേ ഒ‍ൗട്ടിൽ 54 മുസ്ലിം വീട്‌, 27 ദളിത്‌ കുടുംബങ്ങളുടെ വീട്‌, ഒരു ക്രിസ്‌ത്യൻ കുടുംബത്തിന്റെ വീടുമാണ്‌ നിലം പതിച്ചത്‌. രണ്ട്‌ കോളനിക്കും ഇടയ്‌ക്കുള്ള ന്യൂ എച്ച്‌എച്ച്‌ എന്ന ലെയ്‌നിലെ 35 വീടും തകർത്തിട്ടുണ്ട്‌. ഇവിടെ രണ്ട്‌ ദളിത്‌ വിഭാഗത്തിലുള്ളവരുടെ വീട്ടിലും 33 മുസ്ലിം വീട്ടിലുമാണ്‌ ബുൾഡോസറുകൾ കയറിയിറങ്ങിയത്‌.


Yelahanka grls.jpgകർണാടക ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ ബംഗളൂരു യെലഹങ്ക കൊഗിലുവിലെ വീടുകൾ ബുൾഡോസറുകൾ കയറ്റി തകർത്തപ്പോൾ| ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


പേരറിയാത്ത കുട്ടികൾ


ബുൾഡോസർ കയറിയിറങ്ങിയ രണ്ട്‌ കോളനിയിലുമായി 18 വയസ്സിന്‌ താഴെയുള്ള 411 കുട്ടികൾ ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ഇവർ സമീപത്തെ ഉറുദു ഗവ. യുപി സ്‌കൂളിലും മറ്റ്‌ നാലു സ്‌കൂളിലുമായി പഠിക്കുന്നുണ്ട്‌. ബുൾഡോസർ കയറിയ ഡിസം. 20ന്‌ ശേഷം ഇവർ സ്‌കൂളിൽ പോയിട്ടില്ല. ഇപ്പോൾ ക്രിസ്‌മസ്‌ അവധിയാണ്‌. തിങ്കളാഴ്‌ച സ്‌കൂൾ തുറന്നാൽ പുസ്‌തകവും ബാഗും എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലാണ്‌ ഫക്കീർ കോളനിയിലെ നാദിറയും വസീമും സ‍ൗദയും കൂട്ടുകാരും. ബുൾഡോസർ വലിച്ചിട്ട വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അവരുടെ പുസ്‌തകം മാത്രമല്ല, ആധാർ കാർഡടക്കമുള്ള രേഖകളുമുണ്ട്‌. ബുൾഡോസർ വിവാദത്തിനുശേഷം എസ്‌എഫ്‌ഐ അടക്കമുള്ള സംഘടനകൾ കുട്ടികൾക്ക്‌ ബാഗും പുസ്‌തകവും വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു. എന്നാൽ രേഖകളുടെ കാര്യമോ? സിമന്റ്‌ കട്ടകൾ വീണ്‌ തകർന്ന സ്‌കൂട്ടറടക്കമുള്ള ജംഗമ വസ്‌തുക്കളുടെ കാര്യമോ; ആർക്കറിയാം!


​യുദ്ധസമാനമാണ്‌ കൊഗിലുവിലെ കാഴ്‌ചകളിപ്പോഴും. സ്‌ത്രീകളും കുട്ടികളുമാണ്‌ ബുൾഡോസർ രാജിന്റെ ഇരകൾ. വെള്ളവും വെളിച്ചവുമില്ല. ശുചിമുറിയില്ല. ഉറുദു സ്‌കൂളിന്റെ ടോയ്‌ലറ്റ് എല്ലാവരും ഉപയോഗിക്കുന്നതിനാൽ പൂട്ടിയിട്ടു. പഴയ ക്വാറിയിൽ മുന്പെപ്പെഴോ നിറഞ്ഞ മഴവെള്ളം പച്ച നിറത്തിൽ കെട്ടിക്കിടപ്പുണ്ട്‌. കുട്ടികൾക്ക്‌ കുളി എന്നത്‌ ധാരാളിത്തമാണ്‌. പാചകത്തിനുള്ള വെള്ളം പ്ലാസ്‌റ്റിക്‌ കുടത്തിൽ അമ്മമാർ വരിവരിയായി ചുമന്ന്‌ കൊണ്ടുവരുന്നതുകണ്ടു. യുദ്ധത്തിലെന്നപോലെ ഭരണത്തിന്റെ തേർവാഴ്‌ചയുടെ അവസാന ഇര കുട്ടികളും അമ്മമാരും തന്നെ!


Yelahanka aa rahim.jpgസംഭവസ്ഥലം എ എ റഹിം എംപി സന്ദർശിക്കുന്നു| ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


ആർട്ടിക്കിൾ (21)


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സോടെ ജീവിക്കാനും വീടുകെട്ടി പാർക്കാനുമുള്ള അവകാശം മൗലികമാണ്‌. അതിന്റ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന നടപടിയാണ്‌ കോൺഗ്രസ്‌ സർക്കാർ കർണാടകത്തിൽ കാട്ടിയത്‌. ഭൂമിക്ക്‌ എല്ലാവർക്കും അവകാശമുണ്ട്‌. 30 വർഷംവരെ ഒരിടത്ത്‌ താമസിക്കുന്നവർ കൈയേറ്റക്കാർ എന്നുപറയുന്നതും ഭരണഘടനാ വിരുദ്ധമല്ലാതെ മറ്റൊന്നല്ല!

ഭരണഘടനയും മ‍ൗലിക അവകാശങ്ങളും ചതുർഥിയായ ബിജെപി സർക്കാരുകളാണ്‌ ബുൾഡോസറിനെ ഉപകരണമാക്കിയത്‌. അതേ പാതയിൽ, മതേതരമെന്ന്‌ പ്രചരിപ്പിക്കുന്ന കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാരും പോകുന്പോൾ ബുൾഡോസർ രാജിനെ കിൽഡോസർ രാജ്‌ എന്നുതന്നെ വിളിക്കേണ്ടിവരും.

​കേരളത്തിന്റെ പ്രതിരോധമൊന്നുമാത്രമാണ്‌ കൊഗിലുവിനെ, ഡൽഹി ജഹാംഗീർ പൂരിനെപ്പോലെ, ലഖ്‌ന‍ൗ അക്‌ബർ നഗർപോലെ ദേശീയ ശ്രദ്ധയിലേക്ക്‌ എത്തിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമൂഹ്യ മാധ്യമക്കുറിപ്പിന്‌ കർണാടകത്തിന്‌ മറുപടി പറയേണ്ടി വന്നു. കർണാടകത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട, കൈയേറ്റക്കാരെയാണ്‌ ഒഴിപ്പിച്ചത്‌ എന്ന ഡി കെ ശിവകുമാറിന്റെ പ്രതിരോധത്തിൽ വലിയ പ്രതിഷേധമുയർന്നു. ഇതേ തുടർന്നാണ്‌, ഒന്പതാം നാൾ പുനരധിവാസ പാക്കേജ്‌ കർണാടകത്തിന്‌ പ്രഖ്യാപിക്കേണ്ടി വന്നത്‌. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത മുസ്ലിം– ദളിത്‌ കുടുംബങ്ങളോട്‌ അഞ്ചുലക്ഷം തന്നാൽ വീട്‌ തരാം എന്നാണ്‌ കർണാടക കോൺഗ്രസ്‌ സർക്കാർ ഇപ്പോൾ പറയുന്നത്‌.


​ഒഴിപ്പിക്കുന്നത്‌, പുനരധിവാസം മുൻകൂട്ടി തയ്യാറാക്കിയാകണം എന്നത്‌ സുപ്രീം കോടതി നിർദേശമാണ്‌. എന്നാൽ കർണാടകത്തിൽ നടന്നത്‌ ‘ഒഴിപ്പിക്കലല്ലാ’ത്തതിനാൽ ഒരുപുനരധിവാസവും ആലോചിക്കാതെയാണ്‌ ബുൾഡോസറുകൾ ഉരുണ്ടത്‌. അതിനെയാണ്‌, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മൂലയിലുള്ള ഒരു സംസ്ഥാനം വെല്ലുവിളിച്ചത്‌. അവിടെനിന്നുയർന്ന ശബ്ദം ഒന്നുമാത്രമാണ്‌, ആയിരത്തോളം പാവങ്ങൾക്ക്‌ ആശ്വാസമായത്‌. ‘‘ഇവിടത്തെ മുനിസിപ്പാലിറ്റിയിലെ ഒരുദ്യോഗസ്ഥൻപോലും എട്ടുദിവസംവരെ ഞങ്ങളെ കാണാൻ കൂട്ടാക്കിയില്ല. കേരളത്തിന്റെ മുഖ്യമന്ത്രി സർ പറഞ്ഞ ശേഷമാണ്‌, ഞങ്ങളുടെ കണ്ണീർ ലോകം കണ്ടത്‌. കേരളത്തിൽ നിന്ന്‌ എംപിയും എംഎൽഎയും ഞങ്ങളെ കാണാൻ എത്തി. അതിനുശേഷമാണ്‌ കർണാടകത്തിന്റെ ഉപമുഖ്യമന്ത്രിക്ക്‌ വരെ ഇവിടെ വരേണ്ടി വന്നത്‌. നന്ദിയുണ്ട്‌ സർ, പ്രതീക്ഷയുണ്ട്‌!’’– സ്വകാര്യസ്ഥാപനത്തിൽ നിന്നും ഉയർന്ന പലിശയ്‌ക്ക്‌ വായ്‌പയെടുത്ത്‌ കെട്ടിയ വീട്‌ തകർന്ന വസീം ലേഒ‍ൗട്ടിലെ സ്ഥലത്തിരുന്ന്‌ സമദ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home