ad
Deshabhimani

നാം തുറക്കേണ്ട പോർമുഖം

leelavathyy
avatar
എൻ ഇ സുധീർ

Published on Sep 21, 2025, 09:41 AM | 4 min read

“ഭക്ഷണത്തിനായി പാത്രവും നീട്ടിനിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’’ എന്നുമാത്രമാണ് 98–ാം പിറന്നാളിന് ആശംസയർപ്പിക്കാൻ വന്ന സുഹൃത്തിനോട് ഡോ. എം ലീലാവതി പറഞ്ഞത്. അത് ആരെയെങ്കിലും അറിയിക്കണമെന്ന ഉദ്ദേശ്യംപോലും ടീച്ചർക്കില്ലായിരുന്നു. പിറന്നാൾദിനത്തിൽ വന്നൊരാളിന്റെ സംശയനിവൃത്തി എന്ന നിലയിൽ സുഹൃത്തിനോട് സ്വകാര്യമായി പറഞ്ഞ ഒരു വാചകം. അതിന്റെ ആഴവും സാംഗത്യവും മനസ്സിലാക്കിയ സുഹൃത്ത് അത് മാധ്യമങ്ങളെ അറിയിച്ചു എന്നുമാത്രം. ആ അഭിപ്രായം വാർത്തയായി പുറത്തുവന്നതോടെ സൈബറിടം അതേറ്റെടുത്തു, തുടർന്ന് വിവാദവും. അന്നുതൊട്ട് സൈബറിടങ്ങളിൽ ടീച്ചർക്കെതിരെ അതിഭീകരമായ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ ടീച്ചറെ പ്രതിരോധിച്ചെത്തിയവരുടെ പിന്നാലെയും സമാനസ്വഭാവമുള്ള ആക്രമണങ്ങൾ ഇതെഴുതുമ്പോഴും നടക്കുന്നുണ്ട്. സൈബർലോകം ടീച്ചർക്ക് അന്യമാണെങ്കിലും വിവാദങ്ങൾ അരങ്ങേറുന്ന വിവരമറിഞ്ഞപ്പോൾ ടീച്ചർ തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി


“കൊച്ചുകുട്ടികൾ എവിടെയാണെങ്കിലും വിശന്നിരിക്കുന്നത് വേദനിപ്പിക്കുന്നു. അതുമാത്രമാണ് പറഞ്ഞത്. അതിന്റെ പിന്നിൽ പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. ഏതു നാട്ടിലെ കുട്ടികളാണെങ്കിലും അവർ കുഞ്ഞുങ്ങൾമാത്രമാണ്. ഒരമ്മയുടെ കണ്ണുകൊണ്ടാണ് അവരെ നോക്കുന്നത്. മതത്തിന്റെയോ ജാതിയുടെയോ വർണത്തിന്റെയോ പശ്ചാത്തലം അതിലില്ല. എതിർക്കുന്നവർ എതിർക്കട്ടെ. അവരോട് ശത്രുതയുമില്ല. ഇത് ആദ്യത്തെ സംഭവമല്ല.”


ഈ രാഷ്ട്രീയം അറിഞ്ഞുകൂടാത്തതല്ല

കൃത്യമായിരുന്നു ടീച്ചറുടെ മറുപടി. ഇതിനുമുമ്പും സമാനകാരണങ്ങളാൽ പിറന്നാളിന് ഭക്ഷണം ഉപേക്ഷിച്ച അവസരങ്ങളുണ്ട്. അതൊന്നും വെറും വാക്കോ ആരെയെങ്കിലും അറിയിക്കാനായിമാത്രം പറയുന്നതോ ആയിരുന്നില്ല. ടീച്ചർ ആ ദിവസങ്ങളിലെല്ലാം ഭക്ഷണം ഉപേക്ഷിക്കുകതന്നെ ചെയ്യും. അതൊരു മാനസികമായ ഐക്യദാർഢ്യപ്പെടലാണ്. ടീച്ചറെ അറിയുന്നവർക്ക് ഇതിലൊന്നും അതിശയോക്തി തോന്നാറുമില്ല. എന്നാൽ, നമ്മളും നമ്മുടെ സമൂഹവും മാറിക്കഴിഞ്ഞു എന്നതിന്റെ ദുസ്സൂചനകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വർഗീയമനസ്സുകളുടെ പ്രത്യക്ഷമായ അരങ്ങേറ്റമായി വേണം ഇതിനെ മനസ്സിലാക്കാൻ. ഇത് മറ്റാരേക്കാളും ലീലാവതി ടീച്ചർക്ക് മനസ്സിലാകുന്നുണ്ട്. ഇതിന്റെ പിറകിലെ രാഷ്ട്രീയം എനിക്കറിയാമെന്നാണ് ഇന്നലെ കണ്ടപ്പോൾ ടീച്ചർ എന്നോട് പറഞ്ഞത്. മുസ്ലിംവിരുദ്ധതതന്നെയാണ് വിവാദത്തിന്റെ പിന്നിലെന്നും ടീച്ചർ കൂട്ടിച്ചേർത്തു. “ഈ രാഷ്ട്രീയം പറയാൻ എനിക്കറിഞ്ഞുകൂടാത്തതുകൊണ്ടല്ല; മരണം കാത്തുകിടക്കുന്ന ഞാൻ അതൊന്നും പറയുന്നില്ല എന്നുമാത്രം.”

അസാധാരണമായ ഉൾക്കാഴ്ചയോടെ തനിക്കു ചുറ്റുമുള്ള ലോകത്തെ, താൻ ജീവിക്കുന്ന സമൂഹത്തെ ഈ പ്രായത്തിലും നോക്കിക്കാണാനുള്ള കരുത്ത് എം ലീലാവതിക്കുണ്ട്. ചരിത്രപരമായി ഇതൊക്കെ മനസ്സിലാക്കിയിട്ടുമുണ്ട്. ഭാരതീയ പുരാണേതിഹാസങ്ങൾക്ക് വ്യാഖ്യാനമെഴുതുകയും നമ്മുടെ പൈതൃകത്തെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തയാളാണ് ടീച്ചറെന്ന് വർഗീയവിഷമനസ്സുകൾ മറന്നുപോയി. നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകളുടെ പേരിൽ അവരോട് കേരളസമൂഹം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് അക്കൂട്ടർ അറിയുന്നില്ല.

​യുദ്ധങ്ങൾ ഇല്ലാതാകുന്നില്ല

​സമാനമോ ഇതിലും തീവ്രമായതോ ആയ പ്രതികരണങ്ങൾ ടീച്ചർ മുമ്പും നടത്തിയിട്ടുണ്ടെന്ന കാര്യം അവർ മറന്നുകളഞ്ഞു. ലീലാവതി എന്നും മനുഷ്യപക്ഷത്തായിരുന്നു. കുട്ടികളുടെ കാര്യത്തിലാകട്ടെ, ടീച്ചറെന്നും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികളെയെങ്കിലും ദേശ- കാല- മത- വർണ- ലിംഗ വിവേചനങ്ങൾക്കതീതമായി കാണണമെന്ന് അവരാഗ്രഹിക്കുന്നു. ‘കുട്ടികളോടൊപ്പം’, ‘കരിയുന്ന കുട്ടികൾ -കരയുന്ന വലിയവർ’ എന്നിങ്ങനെ കുട്ടികളുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങളും അവർ രചിച്ചിട്ടുണ്ട്. അതിലവർ യുദ്ധത്തിന്റെ പ്രശ്നങ്ങളെപ്പറ്റി കുട്ടികളെ ഓർമിപ്പിക്കുന്നുമുണ്ട്. “… (മനുഷ്യർ) തമ്മിൽത്തല്ലി തല പൊളിക്കുന്നു. ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം ചെയ്‌ത്‌ സ്വന്തം വംശത്തെത്തന്നെ ഒടുക്കുന്നു. ആറ്റംബോംബുപോലും ഉപയോഗിച്ച്‌ കൂട്ടക്കൊല ചെയ്യുന്നു… സർവനാശം ഉണ്ടാക്കുന്നവയാണ് യുദ്ധങ്ങൾ എക്കാലത്തും. അന്നെന്നപോലെ (ഇതിഹാസകാലം) ഇന്നും. യുദ്ധങ്ങൾ ഇല്ലാതാകുന്നില്ല. മനുഷ്യമനസ്സിലെ അടക്കാനാകാത്ത വികാരങ്ങളാണ് യുദ്ധങ്ങളെ എന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ. ഇങ്ങനെയൊക്കെ ചെയ്യുന്നത് മനുഷ്യരെ മൃഗങ്ങളേക്കാൾ താഴ്ന്ന നിലയിലെത്തിക്കുന്നുമുണ്ട്.’’

​ഇതൊക്കെ കുട്ടികളോടാണ് പറയേണ്ടത് എന്നും ലീലാവതി ടീച്ചർക്കറിയാം. വിശപ്പടക്കാനായി കുട്ടികൾ കഠിനാധ്വാനത്തിൽ ഏർപ്പെടേണ്ടിവരുന്നതിനെപ്പറ്റി ടീച്ചർ പലപ്പോഴും എഴുതിയിട്ടുണ്ട്. കുട്ടികൾ പൂക്കളെപ്പോലെയാണെന്നാണ് ടീച്ചർ വിശേഷിപ്പിക്കാറുള്ളത്. ആ കുട്ടികളെ ഓർത്തതിന്റെ പേരിൽ ഇന്നിപ്പോൾ ക്രൂശിക്കപ്പെടുന്നു എന്നതിൽ ടീച്ചർക്ക് അതിയായ ദുഃഖമുണ്ട്. ഇവരൊക്കെ ഇത്രയും താഴ്ചയിലേക്ക് പോയോ എന്നാശ്ചര്യപ്പെടുകയാണ് എം ലീലാവതി.

വിദ്വേഷം വളർത്തുന്ന മതരാഷ്‌ട്രീയം

ഇതൊരു വശം. ഇപ്പോഴത്തെ വിവാദത്തിന്റെ പിന്നിലെ യഥാർഥ പ്രശ്നം വർഗീയതതന്നെയാണ്. ഗാസയിലെ കുട്ടികൾ എന്നതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. വർഗീയമനസ്സ് എത്രമാത്രം നീചമായി കേരളത്തിൽ പ്രവർത്തിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. എം ലീലാവതിയെപ്പോലെ അറിവും മനുഷ്യത്വവും കൈമുതലായ ഒരു പ്രതിഭാശാലിയെപ്പോലും ആക്രമിക്കാൻ മടിക്കാത്ത രീതിയിൽ വിഷലിപ്തമാണ് അക്കൂട്ടരുടെ മനസ്സ്. സത്യത്തിൽ ഇതിൽ ടീച്ചർക്ക് വലിയ വിഷമമുണ്ട്. ആശങ്കയുണ്ട്. എങ്ങോട്ടാണ് സമൂഹം നീങ്ങുന്നത് എന്നത് അവരെ വല്ലാതെ അലട്ടുന്നുമുണ്ട്. മതങ്ങളുടെ അന്തസ്സാരത്തെ ബഹുമാനിക്കാത്തവരാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നാണ് ടീച്ചർ ഓർമിപ്പിക്കുന്നത്. ഭാരതീയ സംസ്കാരത്തിന്റെ അന്തസ്സാരത്തെയാണ് അത്തരക്കാർ മറന്നുപോകുന്നത്.

​അടുത്തിടെ ഒരഭിമുഖത്തിൽ അവർ തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു. “ഭാരതസംസ്കാരം ബഹുത്വത്തെ അംഗീകരിക്കുന്ന ഒന്നാണ്. ഹിന്ദു എന്ന പദംതന്നെ വളരെ അടുത്ത കാലത്ത് രൂപപ്പെട്ടതാണ്. രാമന്റെ ആരാധകർ, സാക്ഷാൽ ശ്രീരാമൻ എപ്പോഴെങ്കിലും സ്വയം ഹിന്ദുവെന്ന് വിശേഷിപ്പിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. അന്യമതവിദ്വേഷം വരുന്നത് മതപരതയിൽനിന്നല്ല, ഫണ്ടമെന്റലിസ്റ്റ് ചിന്താഗതിയിൽനിന്നാണ്. അതിനെ ഞാൻ പൂർണമായും എതിർക്കുന്നു. മതരാഷ്ട്രീയം ഭാരതത്തിൽനിന്ന് ഒഴിയുമ്പോഴേ യഥാർഥ ഭാരതീയസംസ്കാരം പുലരൂ എന്നാണെന്റെ പക്ഷം.”

​കാലഘട്ടം നേരിടുന്ന മുഖ്യവെല്ലുവിളി

എം ലീലാവതിക്കെതിരെയുള്ള ഈ സൈബർ ആക്രമണം ഉണ്ടായത് മുഖമില്ലാത്ത സൈബർ പോരാളികളിൽനിന്നൊന്നുമല്ല എന്നത് പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നുണ്ട്. അറിയപ്പെടുന്ന ഹിന്ദുത്വവാദി നേതാക്കൾതന്നെയാണ് ഇതിന് തുടക്കംകുറിച്ചത്. തുടർന്ന് എന്തോ വലിയകാര്യം എന്ന നിലയിൽ ഹിന്ദുപക്ഷവാദികൾ ഏറ്റെടുക്കുകയും ചെയ്തു. വിവരവും വിദ്യാഭ്യാസവുമുള്ളവരായ ഹിന്ദുക്കളും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിന്റെ മാറിയ സാംസ്കാരികപരിസരത്തെക്കുറിച്ചുള്ള സൂചനകൾ ഇതിൽനിന്ന്‌ വായിച്ചെടുക്കേണ്ടതുണ്ട്. അതാണ് ഭയപ്പെടേണ്ടത്. അറിവിനോടുള്ള പുച്ഛം, മൂല്യബോധത്തിലെ വിള്ളൽ, മനുഷ്യത്വത്തിൽനിന്നുള്ള അകൽച്ച ഒക്കെ നമുക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. വെറുപ്പ്, വിദ്വേഷം, പക എന്നിവയൊക്കെ മനുഷ്യരെ ഭരിച്ചുതുടങ്ങിയിരിക്കുന്നു.

​മഹാസ്നേഹത്തിന്റെ ദീപ്തിയാണ് സാഹിത്യത്തിൽപ്പോലും ഈ വിമർശക അന്വേഷിച്ചത്. ഭൂമിയിലെ മനുഷ്യവംശത്തോടും ജീവിവംശത്തോടുമുള്ള അനുകമ്പ. ധിഷണയുടെ ചക്രവാളങ്ങളെ പിടിച്ചടക്കുമ്പോഴും കരുണാർദ്രമായ ആ മനസ്സ് വേദനിക്കുന്നവർക്കുവേണ്ടി, നിരാലംബരായ കുഞ്ഞുങ്ങൾക്കുവേണ്ടി ചിന്തിച്ചു, വാദിച്ചു. തന്നാൽ ചെയ്യാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. ഈ കരുണയാണ് താൻ പ്രതിനിധാനം ചെയ്യുന്ന ഭാരതീയ പൈതൃകത്തിന്റെ അന്തസ്സത്ത എന്നവർ വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനോടുള്ള അവഹേളനമാണ് ടീച്ചറുടെ നിലപാടിനെ വിമർശിക്കുന്നവർ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അതാണ് നമ്മുടെ കാലഘട്ടം നേരിടുന്ന മുഖ്യവെല്ലുവിളി

​നമുക്കിടയിൽ വളർന്നുവരുന്ന വെറുപ്പിന്റെ മനോഭാവം എം ലീലാവതിയെ തീർച്ചയായും ദുഃഖിതയാക്കുന്നുണ്ട്. കേരളസമൂഹത്തിൽ പടർന്നുപന്തലിക്കാൻ തക്കംപാർക്കുന്ന ഹിന്ദുത്വവർഗീയതയെ ചെറുത്തുതോൽപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന ഒന്നാണ് ഈ വിവാദം. അതിനെ ഏറ്റെടുക്കുക എന്നതാണ് എം ലീലാവതി മുന്നോട്ടുവയ്‌ക്കുന്ന മാനവികബോധത്തെ പിന്തുടരുന്നവർ ഇപ്പോൾ ചെയ്യേണ്ടത്. വർഗീയത എന്ന വിഷത്തെ എന്ത്‌ വിലകൊടുത്തും തുടച്ചുമാറ്റുകതന്നെ വേണം. ജീവിതാസ്തമയകാലത്തും ഒരു പോരാളിയുടെ വീര്യത്തോടെ മതനിരപേക്ഷമൂല്യങ്ങളുടെ സംരക്ഷണത്തിന് എം ലീലാവതി നമുക്കൊപ്പമുണ്ട്.

‘‘ഈ മന്നിടത്തിൽ കുഞ്ഞുമക്കളും പൂക്കളുമാണ് മനുഷ്യനെ നിമിഷന്തോറുമുള്ള മരണത്തെക്കുറിച്ചോർക്കാതെ ഉയിർകൊള്ളാൻ കരുത്തുള്ളവനാക്കുന്ന ചാരുതകൾ” എന്ന് മുമ്പ്‌ എഴുതിവച്ച ലീലാവതി ടീച്ചറെ അധിക്ഷേപിക്കുന്നവർ മനുഷ്യരാശിക്ക് അപമാനമാണെന്നുകൂടി പറഞ്ഞേ പറ്റൂ. അത്തരക്കാർക്കെതിരെ പോർമുഖത്തെത്താൻ നാമിനിയും വൈകിക്കൂടാ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home