ad
Deshabhimani

ഇന്ന്‌ ചിങ്ങം ഒന്ന്‌; ഒന്നിച്ചൊരു കവിതയായി

onam celebration
avatar
വി എസ്‌ ബിന്ദു

Published on Aug 16, 2025, 10:29 PM | 4 min read

ഉറുമ്പിനും കാക്കയ്ക്കും മരത്തിനും
മൺമറഞ്ഞോർക്കും ഇലയിട്ടൂട്ടി സ്നേഹം പകുക്കുന്ന കാഴ്ച
ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും നിറഞ്ഞു. നാം സ്വരുക്കൂട്ടുന്ന
സ്വപ്നങ്ങൾ ഒത്തിരി വലുതാണ്.
പൊൻവെയിലും പൂത്തുമ്പിയും
പാറുന്ന പുലരികളും കാക്കപ്പൂവും
തുമ്പപ്പൂവും തല നീട്ടുന്ന മണ്ണും വേല ചെയ്തുചെയ്ത് വിളകൊയ്യുന്ന മനുഷ്യരും ചേർന്ന ഒരു പുതിയ ഭൂമിശാസ്ത്രം
രൂപപ്പെടുന്ന കാലം. ചിങ്ങമാസം പുതിയ ഊർജം നിറയ്ക്കുന്നു

നുഷ്യർക്ക്‌ ഭൂമി വസന്തത്തെ തിരിച്ചേൽപ്പിക്കുന്ന ദിവസം എത്ര മനോഹരമാണ്‌. അതുവരെയുള്ള ഋതുപ്പകർച്ചകളിൽ തളർന്നും പുണർന്നും ജ്വലിച്ചും ഉറങ്ങിയ കാലം പൂക്കളാൽ വിടർന്നു പുലരുന്നു. ചിങ്ങം ചങ്ങാത്തം കൂടുന്നത് കേരളത്തിന്റെ എല്ലാ സംസ്കൃതിയിലുമാണ്. ഓരോ ദേശത്തും അതിന്റെ പ്രതിഫലനങ്ങൾ വ്യത്യസ്തമാണെന്നുമാത്രം. തിണകളിൽ അത്‌ ഓണമെന്നാകില്ല, വയർ നിറയെ ഭക്ഷണം കിട്ടാൻ, പട്ടിണി മറക്കാൻ കാരണമാകുന്ന ഒരവസരമാകാം. വിയർപ്പു വിളഞ്ഞ നിലങ്ങളിൽ കൊയ്‌ത്തുത്സവത്തിന്റെ ആഹ്ളാദം വിരുന്നായും വിനോദമായും സഹവർത്തിത്വമായും മാറുന്നുമുണ്ട്‌.


പത്തുപ്പാട്ടിലെ (സംഘം കൃതി) മധുരൈക്കാഞ്ചിയിൽ മാങ്കുടി മാരുതനാർ നടത്തിയിട്ടുള്ള ഓണത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഈ ആഘോഷത്തെക്കുറിച്ച് ലഭ്യമായ പഴക്കമുള്ള രേഖ. ഓണം ഇന്ന് ഗൃഹാതുരമായ ഒന്നല്ല. ലോകത്തെവിടെയും എല്ലാത്തിനെയും ഉൾക്കൊണ്ട് ചിങ്ങവും ഓണവും മനസ്സു തുറക്കുന്നു. പശ്ചിമേഷ്യയിലെ ഓക്സസ് നദിക്കു സമീപമുള്ള ബാക്ട്രിയ രാജ്യവുമായും അസീറിയൻ ചരിത്രവുമായും രണ്ടാം നൂറ്റാണ്ടുമുതൽ "കേരള സിംഹവളനാട്’ ഭരിച്ചിരുന്ന "മാവേലി വാണദി രായരു" മായും ബന്ധപ്പെട്ട്‌ അനേകം പിരിവുകൾ ഉള്ളതാണ് മഹാബലി ചരിതത്തിന്റെയും ഓണത്തിന്റെയും പഠനങ്ങൾ. പുത്തരിയൂണുത്സവം അധ്വാനിക്കുന്നവരുടെ അവകാശമായതിനു പിന്നിലും യുക്തിസഹമായ ഒട്ടേറെ വ്യാഖ്യാനങ്ങൾ ഉണ്ട്. നീതിയും ധർമവും സത്യവും പുലർന്നിരുന്ന വ്യവസ്ഥിതിയെ ഇല്ലായ്മചെയ്യാൻ വന്ന ബ്രാഹ്മണാധികാരത്തെ സത്യംകൊണ്ടുതന്നെ തടയുന്നതാണ് ഓണത്തിന്റെ അടിസ്ഥാന അറിവ്‌. ആദർശത്തിലും നീതിയിലും അധിഷ്ഠിതമായ ജീവിതരീതി നയിച്ച ആ ജനതയുടെ ഓർമകളെയും ചരിത്രത്തെയും വീണ്ടും ചവിട്ടിത്താഴ്ത്താനാണ്‌ ഇപ്പോൾ വാമന ജയന്തിക്കായി മുറവിളി ഉയരുന്നത്‌.

ഇലയിട്ടൂട്ടിയ സ്നേഹം

ഇപ്പോൾ ഏറ്റവും വലിയ പ്രശ്നത്തിലൊന്ന്‌ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന കാലാവസ്ഥാ മാറ്റമാണ്. മഴയുടെ മൊഴിഭേദങ്ങളാണ് കുറേ നാളായി കേൾക്കുന്നത്. ചിലപ്പോഴത് ജീവിതത്തെയാകെ പിടിച്ചുലയ്ക്കുന്ന അലർച്ചകളാകുന്നു. ഇതാകട്ടെ ആഗോളവുമാണ്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് 2018-ലെ പ്രളയകാരണമെന്ന് പ്രതിപക്ഷം പ്രസ്താവന നടത്തി. എന്നാൽ അതല്ല, കേരളത്തിൽ പെയ്ത അത്യസാധാരണ മഴയാണ് പ്രളയകാരണമെന്ന്‌ കേന്ദ്ര ജല കമീഷൻ ഉൾപ്പെടെ വിദഗ്ധർ കണ്ടെത്തി. ഇന്ന് ഇന്ത്യയുടെ പല ഭാഗത്തും മിന്നൽ പ്രളയം വൻ നാശമുണ്ടാക്കുന്നു. ഈ കാലാവസ്ഥാ പ്രതിസന്ധി നാം മറികടക്കുന്നത്‌ കൃത്യമായ മുന്നൊരുക്കങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയുമാണ്. അങ്ങനെ കാലം തെറ്റിയെത്തുന്ന പെ യ്ത്തുകൾക്കിടയിലും ചിങ്ങത്തിന് പുഞ്ചിരിക്കാനുള്ള അവസരമുണ്ടാകുന്നു. ഉറുമ്പിനും കാക്കയ്ക്കും മരത്തിനും മൺമറഞ്ഞോർക്കും ഇലയിട്ടൂട്ടി സ്നേഹം പകുക്കുന്ന കാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിൽപ്പോലും നിറഞ്ഞു. നാം സ്വരുക്കൂട്ടുന്ന സ്വപ്നങ്ങൾ ഒത്തിരി വലുതാണ്. പൊൻവെയിലും പൂത്തുമ്പിയും പാറുന്ന പുലരികളും കാക്കപ്പൂവും തുമ്പപ്പൂവും തല നീട്ടുന്ന മണ്ണും വേല ചെയ്‌തുചെയ്ത്‌ വിളകൊയ്യുന്ന മനുഷ്യരും ചേർന്ന ഒരു പുതിയ ഭൂമിശാസ്ത്രം രൂപപ്പെടുന്ന കാലം. ചിങ്ങമാസം പുതിയ ഊർജം നിറയ്ക്കുന്നു.

അവകാശബോധ്യങ്ങൾ

പണിയെടുക്കുന്നവർക്ക് കൂലിയും മനുഷ്യാന്തസ്സും ഇല്ലാതിരുന്ന കാലം. കൊയ്തെടുക്കുന്നതു മുഴുവൻ ജന്മിയുടെ മുന്നിൽ കുമിച്ചു കൂട്ടി പട്ടിണിമാത്രം പ്രതിഫലമായി തോർത്തിൽ കെട്ടി മടങ്ങേണ്ടി വന്ന മനുഷ്യർ. അവർക്ക് കേറിക്കിടക്കാൻ കൂരയും കഴിക്കാൻ കരിക്കാടിയും പറയാൻ അടിമ ഭാഷയുമായിരുന്നു. അതിന്‌ മാറ്റമുണ്ടാക്കിയത്‌ അത്യുജ്വല സമരങ്ങളിലൂടെ നേടിയെടുത്ത അവകാശബോധ്യങ്ങളാണ്. ആ ചരിത്രാനുഭവങ്ങളാണ് കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ തങ്ങൾക്കവകാശപ്പെട്ട ഭക്ഷ്യവിഭവങ്ങൾ വാങ്ങാൻ മനുഷ്യരെ എത്തിക്കുന്നത്. അതിദരിദ്രർ എന്നൊരു വിഭാഗം നമ്മുടെ നാട്ടിൽ ഒരിടത്തും ഇല്ലെന്നുറപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ലോകമാതൃകയാകുന്നതും ആ ചരിത്രവഴിയിലെ സഞ്ചാരത്തുടർച്ചതന്നെ. നീതിയുടെ ഭരണകാലം അട്ടിമറിക്കപ്പെടുകയും വെളിച്ചത്തെ ഇരുട്ടായി മാറ്റുകയും ചെയ്ത അധികാര രാഷ്ട്രീയവും അതിനെതിരെ വിമോചനത്തിന്റെ പ്രത്യയശാസ്ത്ര പ്രവർത്തനവും കൂടിക്കലർന്നതാണ് ഓണത്തിന്റെ രാഷ്ട്രീയം. സാമൂഹ്യനീതി പുലരണമെന്ന സന്ദേശമാണ് ഓണപ്പാട്ടുകളിൽ പുലരുന്നത്. മഹത്തായ ബലികളുടെ സ്മരണയിൽ ഓർമകൾ പുതുക്കപ്പെടുമ്പോൾ സാംസ്കാരികാനുഭവങ്ങളിലെ ജാതി, മത, വർണ, വർഗ, ലിംഗ, വംശങ്ങളിൽ നിലനിൽക്കുന്ന വിടവുകൾ നികത്തപ്പെടേണ്ടതുണ്ട്. രുചികളിലെ കലർപ്പുകൾ ആസ്വാദ്യകരമാകുന്നത്‌ ആഗോള പ്രത്യേകതയാണ്. അതുപോലെ ആഘോഷങ്ങളുടെ കലർപ്പും ഇന്ന് പരമാവധി സാധ്യത തിരയുന്നു. എന്നാൽ വർധിക്കുന്ന സ്ത്രീപീഡനങ്ങളും സ്ത്രീധന കൊലപാതകങ്ങളും ഏതാഘോഷത്തെയും മങ്ങലേൽപ്പിക്കാൻ പോന്നവയാണ്. ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പോരാട്ടം, വിദ്യാലയങ്ങളും മാധ്യമങ്ങളും പൊതുജനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ലഹരിയും സ്ത്രീവിരുദ്ധതയും ന്യൂനപക്ഷങ്ങൾക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളും മതനിരപേക്ഷതയ്‌ക്കുണ്ടാകുന്ന കളങ്കങ്ങളും തുടച്ചു നീക്കിയില്ലെങ്കിൽ നാളെ ആർക്കും നിലനിൽപ്പുണ്ടാകില്ല.

കൈപിടിച്ചുയർത്താൻ ഒപ്പമുണ്ട്‌

കർക്കടകത്തിലെ ആടിവേടൻ തെയ്യങ്ങളും മാരിത്തെയ്യങ്ങളും ഓണത്തുള്ളലും മാവേലി വായനയുമൊക്കെ ഓണത്തിനു മുമ്പും ശേഷവുമുള്ള അനുഷ്ഠാനങ്ങളാണ്. ഓരോ ദേശത്തും വിഭവ ലഭ്യതയ്ക്കനുസരിച്ച് കൊണ്ടാടിയിരുന്ന കലാരൂപങ്ങൾ. എല്ലാത്തിന്റെയും അടിസ്ഥാനം ദാരിദ്ര്യത്തിന് അറുതി വരുത്തുക എന്നതായിരുന്നു. ആദിവാസിയിടങ്ങളിൽ ഓണഗദ്ദികയുമുണ്ടായി. ആരും വിശന്നിരിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുന്ന സാമൂഹ്യനീതി കൈവരിക്കുന്നതിൽ ഇടതുപക്ഷ സർക്കാർ പുലർത്തുന്ന ജാഗ്രത ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌. ഓണക്കോടിയും ഒരു മുറം പച്ചക്കറിയും ഓണക്കിറ്റും ഓണത്തിനു മുമ്പേ കൈകളിലെത്തുന്ന ബോണസും പെൻഷനുമൊക്കെയായി സർക്കാർ ഒപ്പമുണ്ട്‌.
ഒമ്പതു വർഷത്തിൽ എത്ര പ്രതിസന്ധികളെയാണ് കേരളം നേരിട്ടത്. കോവിഡും കൊടുങ്കാറ്റും നിപായും പ്രളയവും ചൂരൽമല– മുണ്ടക്കൈ ദുരന്തങ്ങളുമൊക്കെ. ഏറ്റവുമാവശ്യമുള്ള ഘട്ടത്തിൽ കേന്ദ്ര സഹായം ലഭിക്കാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുംബനമേറ്റ്‌ വടു കെട്ടിപ്പോയ കേരളം തളർന്നില്ല. മത്സ്യത്തൊഴിലാളികൾക്കും പ്രളയദുരിത ബാധിതർക്കും ജീവിതം ഉരുളെടുത്തവർക്കും തലചായ്ക്കാൻ സുരക്ഷിത ഇടങ്ങളൊരുക്കി. ജീവസന്ധാരണത്തിന് പല നിലകളിൽ കൈത്താങ്ങായി. ശ്വാസം നിലയ്ക്കുംവണ്ണം കഴുത്തു ഞെരിച്ചിട്ടും സമൃദ്ധിയുടെ ഒരു ചിങ്ങമാസക്കാലംകൂടി നമ്മെ തൊട്ടുപോകുന്നത് ആ ആത്മവിശ്വാസത്തിലും ആർജവത്തിലുമാണ്. ഓണം വാരാഘോഷവും ജലോത്സവങ്ങളും നാടിന്റെ എല്ലാ കോണുകളിലുമെത്തുമെന്ന് സർക്കാർ ഉറപ്പാക്കി കഴിഞ്ഞു. സമത്വവും സ്നേഹവും പങ്കിടലുമാണ് കേരളത്തിന് ചിങ്ങം നൽകുന്ന പൊൻതെളിച്ചം. നാടെങ്ങും നിറയുന്ന വിദ്യാഭ്യാസമികവും ശുചിത്വവും ആരോഗ്യസംരക്ഷണവുമാണ് അതിന്റെ ഹൃദയരേഖകൾ. ഓണം സാംസ്കാരികോത്സവമാണ്. മിത്തും ചരിത്രവും കലയും പ്രകൃതിയും സമ്മേളിക്കുന്ന ജീവിതാനുഭൂതി.
" ദേവനല്ല, ന്തണനല്ല, മഹർഷിയ:
ല്ലീ മണ്ണു പെറ്റ മനുഷ്യൻ മഹാബലി !
ഇപ്രപഞ്ചത്തിലേക്കാദ്യമായെത്തിയ
വിപ്രണാനെന്നെ ക്കളിപ്പിച്ച വാമനൻ !
പാതാള ഗർത്തത്തിലെന്നെ ക്കുഴിച്ചിട്ട
ഭൂദാന യജ്ഞ പ്രവർത്തകനാണയാൾ !
പിന്നെയീ നാടങ്ങു സൃഷ്ടിച്ചെടുത്താ-
ണെന്ന കടങ്കഥ യാഥാർഥ്യമാവുമോ ?"
(മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം–വയലാർ)

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂടെ നവകേരളം ജീവിത വിജയയാത്ര തുടരുമ്പോൾ ചിലർ വരും. മനുഷ്യപ്പറ്റില്ലാത്ത അവർക്ക് തൊടാനാകില്ല നവകേരളത്തെ. ഒന്നിച്ചൊരു കവിതയായി നിർഭയം മനുഷ്യാന്തസ്സുയർത്താൻ ലോകത്തെ നോക്കി പാടുകയാണല്ലോ അത്. ഇ‍ൗ ചിങ്ങവും മിഴിതുറക്കുന്നത്‌ ആ അന്തസ്സിലേക്കാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home