ad
Deshabhimani

വാക്കുകൊണ്ടും കർമം കൊണ്ടും വേറിട്ടുനിൽക്കുന്ന വി എസ്

VS Achuthanandan.png

വി എസ് അച്യുതാനന്ദൻ

avatar
കെ വി സുധാകരൻ

Published on Jul 21, 2025, 06:05 PM | 2 min read

ദിവാൻ പട്ടാളത്തിൻ്റെയും പൊലീസിൻ്റെയും തോക്കുകൾക്കു മുന്നിൽ പതറിയ ചരിത്രമില്ല വി എസ് അച്യുതാനന്ദന്. പാലാ ലോക്കപ്പിലെ കുടുസ്സു മുറിക്കുള്ളിൽ പൊലീസുകാർ കാൽവെള്ളയിൽ ബയണറ്റ് കുത്തിയിറക്കിയപ്പോഴും ശരീരം വേദനിച്ച് രക്തം ചീറ്റിയതല്ലാതെ മനസ്സ് പിടഞ്ഞില്ല. പൊലീസിൻ്റെ മൂന്നാംമുറ ശരീരത്തിൻ്റെ ഓരോ കോശത്തെയും താഡനം ചെയ്തപ്പോഴും പൊലീസ് അന്വേഷിച്ച രഹസ്യങ്ങളുടെ ഒരു തുമ്പും ആ നാവിൽ നിന്നു ലഭിച്ചില്ല.കേവലം 23വയസ്സു മാത്രം പ്രായമുണ്ടായിരുന്ന വി എസ് മരിച്ചെന്നു കരുതി കാട്ടിൽ കൊണ്ടുപോയി കുഴിവെട്ടി മൂടാൻ ഒരുങ്ങിയതായിരുന്നു പൊലീസ്.പാലാ ലോക്കപ്പിൽ അന്നുണ്ടായിരുന്ന കള്ളൻ കോലപ്പനാണ് വി എസിൽ ജീവൻ തുടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയത്. അതുകൊണ്ട് പൊലീസ് വി എസിനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ചികിത്സയും കേസും ജയിൽ വാസവും കോടതിയുമായി ജീവിതം.


അക്ഷരാർത്ഥത്തിൽ അതൊരു പുനർജന്മമായിരുന്നു. ഒപ്പം സുദീർഘവും സമര ഭരിതവുമായ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കവുമായിരുന്നു. പാലാ ലോക്കപ്പിലെ 23കാരൻ്റെ ആർജവവും ധീരതയും പിന്നീട് വി എസ് ധരിക്കുന്ന ജുബ്ബയെപ്പോലെ ശരീരത്തിൽ ഒട്ടിനിന്നിരുന്നു.
vs


പിന്നീട് എത്രയെത്ര സമരങ്ങളും സംഘർഷഭരിതവുമായ ജീവിതത്തിലൂടെയായിരുന്നു വി എസ് മുന്നേറിയത്. ഐക്യകേരളത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ,ആലപ്പുഴ ജില്ല രൂപീകരിക്കുന്നതിനുള്ള സമരങ്ങൾ, മണ്ണു സംരക്ഷിക്കാൻ, കാടും മലയും പുഴകളുമൊക്കെ വീണ്ടെടുക്കാൻ, സ്ത്രീകൾക്ക് സുരക്ഷിത ജീവിതം സാധ്യമാക്കാൻ, തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ -എല്ലാ പ്രക്ഷോഭങ്ങളുടെയും സഞ്ചാരവഴികളിൽ വി എസ് എന്ന ഈ ചെറിയ വലിയ മനുഷ്യൻ്റെ നിഴലും വെളിച്ചവും ഉണ്ടായിരുന്നു.ആ സാന്നിധ്യത്തിൽ നിന്നാണ് അവകാശപ്പോരാട്ടങ്ങളിൽ ഇറങ്ങിത്തിരിച്ചവർ ഏറെ ഊർജവും ഇന്ധനവും സ്വന്തമാക്കിയത്.


നോക്കുക, 18വയസ്സു പോലും തികയുന്നതിനു മുമ്പാണ് വി എസ് കുട്ടനാടിൻ്റെ കുഴഞ്ഞുമറിഞ്ഞ പശിമയുള്ള മണ്ണിലേക്ക് നീന്തിയും തുടിച്ചും എത്തിയത്. ജന്മി ഗുണ്ടകളുടെയും അവർക്ക് ഒത്താശ ചെയ്യുന്ന പൊലീസിൻ്റെയും ഭീഷണികൾ നേരിട്ട് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു.അങ്ങനെ സ്ഥാപിതമായതാണ് തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ.ഇത് പിന്നീട് കെഎസ്കെടിയു ആയും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനായും വളർന്നു.കർഷകത്തൊഴിലാളിക്ക് വേല,കൂലി എന്നിവയിൽ കൃത്യമായ നിബന്ധനകൾ കൊണ്ടുവരുന്നതിന് ഇത് ഇടയാക്കി.


പിന്നീട് ചെത്തുതൊഴിലാളികൾ,കയർ ഫാക്ടറി തൊഴിലാളികൾ,മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിൻ്റെ താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തിലേക്ക് ആശ്വാസമെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്.
vs achuthanandan15-7-08.jpg


പാർലമെൻ്ററി പ്രവർത്തനത്തിൽ എംഎൽഎയായും പ്രതിപക്ഷ നേതാവായും,മുഖ്യമന്തിയായും ജനങ്ങൾക്കൊപ്പം നിന്നു.ശരിയെന്നു സ്വയം തോന്നിയ കാര്യങ്ങൾക്കു വേണ്ടി ഒരു തരത്തിലും വിട്ടുവീഴ്ചയില്ലാതെ നിലപാടുകളെടുത്തു.


എതിരാളികളെ സരസഭാഷണങ്ങൾ കൊണ്ടും മൂർച്ചയേറിയ പരിഹാസ വാക്കുകൾ കൊണ്ടും കീറിമുറിക്കുന്നതിൽ സവിശേഷ ചാതുരി കാട്ടി. പുരാണങ്ങളിലെയും ബൈബിളിലെയുമൊക്കെ വചനങ്ങൾ എയ്ത് രാഷ്ട്രീയ എതിരാളികളെ മലർത്തിയടിച്ചു.നീട്ടിയും കുറുക്കിയും താളത്തിൽ വഴിഞ്ഞൊഴുകിയ ആ വാഗ്ധോരണിയുടെ ചൂട് ഏൽക്കാത്ത രാഷ്ട്രീയ എതിരാളികൾ ചുരുക്കമായിരുന്നു. 2019ഒക്ടോബർ 24ന് രാത്രി പക്ഷാഘാതമുണ്ടായി ശാരിരിക അവശതകൾ നേരിടുന്ന ഘട്ടം വരെയും ആ വാഗ്വൈഭവം താരും തളിരും അണിഞ്ഞു തന്നെ നിൽക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home