ടി എസ് തിരുമുമ്പിനെ ഓർമിപ്പിച്ച വി എസ്

കോടിയേരി ബാലകൃഷ്ണൻ, എസ് ശർമ എന്നിവരോടൊപ്പം വി എസ്
കെ വി സുധാകരൻ
Published on Jul 21, 2025, 06:24 PM | 1 min read
ടി എസ് തിരുമുമ്പ് എന്ന താഴേക്കാട്ട് തിമിരി മനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ് ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ മലബാറിലെ കവിയായിരുന്നു. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത തിരുമുമ്പിനെ പുതിയ കാലത്തേക്കു കൂട്ടിക്കൊണ്ടുവന്നത് വി എസ് അച്യുതാനന്ദനായിരുന്നു.
'തല നരയ്ക്കുവതല്ലെൻ്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെൻ്റെ യൗവ്വനം
കൊടിയ ദുഷ്പ്രഭുത്വത്തിന്നു തിരുമുമ്പില്‍
തല കുനിക്കാത്തതാണെൻ്റെ യൗവ്വനം.'
അഭിനവ് ഭാരത യുവ സംഘത്തിൽ പ്രായക്കൂടുതലെന്നു പറഞ്ഞ് അംഗത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് തിരുമുമ്പ് ഈ കവിത എഴുതിയത്. ഈ വരികൾ അനീതികൾക്കെതിരായ പോരാട്ടങ്ങളിലെ പ്രായത്തിനതീതമായ വീറും വാശിയും പ്രകടമാക്കുന്നതാണ്. പ്രായമോ തലയിൽ വന്നു കേറുന്ന നരയുടെ നിറമോ അല്ല ഒരാളുടെ പോരാട്ടവീര്യത്തിന് തെളിവ്. മറിച്ച് അനീതികളോടു വിട്ടുവീഴ്ചയില്ലാതെ കലഹിക്കാനും പ്രക്ഷോഭ വഴികളിലൂടെ സഞ്ചരിക്കാനുമുള്ള ആർജവമാണെന്നാണ് കവി അർത്ഥമാക്കിയത്.
വി എസിനോടൊപ്പം വി ശിവൻകുട്ടി എം വിജയകുമാർ എന്നിവർ
എൺപതു പിന്നിട്ട വി എസ് എങ്ങനെ പോരാട്ടം നടത്തുമെന്ന എതിരാളികളുടെ പരിഹാസ വാക്കുകൾക്കു മറുപടിയായാണ് പോരാട്ടത്തിനുള്ള തൻ്റെ ബാല്യത്തിന് എൺപതിലും ഉശിരൊട്ടും കുറഞ്ഞിട്ടില്ല എന്നു ബോധ്യപ്പെടുത്താർ ഈ വരികൾ പൊതുവേദിയിൽ ചൊല്ലിയത്. തല കുനിക്കാത്തതാണെൻ്റ യൗവ്വനം എന്ന വരി മൂന്നുതവണ ആവർത്തിച്ചു ചൊല്ലിയാണ് വി എസ് തൻ്റെ പോരാട്ടവീര്യത്തിന് അടിവരയിട്ടത്.
ഏറെ ദുർഘടം പിടിച്ച മതികെട്ടാൻ ചോലവനം സന്ദർശിക്കാൻ മലമ്പാത താണ്ടുമ്പോൾ വി എസിനു പ്രായം എൺപതായിരുന്നു. മുല്ലപ്പെരിയാറും ഇടമ മലയാറും പീരുമേടും കയറിയിറങ്ങുമ്പോഴും എഴുപതു പിന്നിട്ടിരുന്നു.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്താൻ സന്നിധാനം വരെ ഓടിക്കയറുമ്പോൾ വയസ് 83കഴിഞ്ഞിരുന്നു. 83-ാം വയസ്സിൽ യോഗ ചെയ്തിരുന്ന വി എസും പലരുടേയും ഓർമകളിലുണ്ട്










0 comments