ad
Deshabhimani

‘ദയവായി 
വി എസിനെ 
പ്രസംഗിക്കാൻ 
അനുവദിക്കണം’

V S Achuthanandan speech
avatar
സി കെ ദിനേശ്‌

Published on Jul 22, 2025, 02:20 AM | 3 min read


‘‘പശുവാണ്‌ മാതാവെങ്കിൽ, പശു..വാ..ണ്‌ മാതാവെങ്കിൽ ‘കാ.....ള’ നിങ്ങളുടെ അച്ഛനാണോ? ‘കാള’ അച്ഛനാണോ?’’ സംഘപരിവാറിന്റെ അബദ്ധജടിലങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹാസ്യാത്മകമായി വി എസ്‌ അച്യുതാനന്ദനെപ്പോലെ പ്രഹരിച്ച മറ്റൊരാളില്ല. അത്ര വൈറലായ ഈ പ്രസംഗം കേൾക്കാനെത്തിയവരിൽ ബിജെപിക്കാരുമുണ്ടായിരുന്നു. നീട്ടിയും കുറുക്കിയും ശബ്ദം ഉയർത്തിയും താഴ്‌ത്തിയുമുള്ള വി എസിന്റെ പ്രസംഗത്തോടെ പല ബിജെപിക്കാരും പശുവാദത്തിൽനിന്ന്‌ മെല്ലെ മാറിനടന്നു എന്നത്‌ വേറൊരു തമാശ. ആർഎസ്‌എസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ അതിശക്തമായി പ്രസംഗിച്ചും വെല്ലുവിളിച്ചുമായിരുന്നു വി എസിന്റെ രാഷ്‌ട്രീയമുന്നേറ്റം. അക്ഷരാർഥത്തിൽ ‘ക്രൗഡ്‌ പുള്ളർ’ വിശേഷണത്തിന്‌ ഒരുകാലത്ത്‌ അർഹൻ വി എസ്‌ മാത്രമായി
രുന്നു.


വാക്കുകൾ നീട്ടിയും കുറുക്കിയും തല പിന്നോട്ട്‌ വളച്ചശേഷം മുന്നോട്ട്‌ ആഞ്ഞുതള്ളിയും രണ്ടു കൈയും ആകാശത്തേക്ക്‌ ഉയർത്തിയും വച്ചടി കയറുന്ന പ്രസംഗങ്ങളിൽ ആംഗ്യഭാഷയും ഒരു ഉപകരണമായിരുന്നു. വായ മുറുക്കി അടച്ചതായി ഭാവിച്ച്‌ കൈകൾകൊണ്ടുള്ള ആംഗ്യങ്ങൾ ആവർത്തിക്കുന്ന ‘ക്ലൈമാക്സിൽ ’ സദസ്സിന്റെ നിയന്ത്രണംവിട്ട ആരവങ്ങളും കൈയടിയുമുയരും!


വിലക്കയറ്റം രൂക്ഷമായ യുഡിഎഫ്‌ ഭരണകാലത്ത്‌ വി എസ്‌ നാടുനീളെ നടത്തിയ പ്രസംഗങ്ങളിൽ ഒരു ഭാഗം ആവർത്തിക്കുമായിരുന്നു. അതിങ്ങനെ: ‘‘ അടുക്കളയെ ഇങ്ങനെ മോശപ്പെട്ട നിലയിൽ കാണാൻ കാര്യമെന്ത്‌ മിസ്റ്റർ ഉമ്മൻചാണ്ടീ... ? മക്കൾക്ക്‌ രണ്ടുദോശ കൊടുക്കണമെങ്കിൽ ഒരു കിലോ ഉഴുന്നുവേണ്ടേ. തന്തയ്‌ക്കും കൊടുക്കണം ദോശ. പിന്നേ... ഇതുണ്ടാക്കുന്നവർക്ക്‌, കിട്ടുമോ പെണ്ണുങ്ങൾക്ക്‌? കിട്ടുമോ പെണ്ണുങ്ങൾക്ക്‌? ....’’ തുടർന്ന്‌ ‘ഇല്ല’ എന്ന കൈ ഉയർത്തിയുള്ള ആക്‌ഷൻ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നതോടെ ജനം ആർത്തുചിരിക്കും. അപ്പോഴും യഥാർഥ ക്ലൈമാക്സ്‌ ആയിട്ടില്ല. ‘‘ഉഴുന്നില്ലാ...ത്ത ഉഴുന്നുവടയും പരിപ്പില്ലാ...ത്ത പരിപ്പുവടയുമാണ്‌ ഉമ്മൻചാണ്ടിയുടെ

കേരളത്തിൽ!!! ’’ എന്നു പറഞ്ഞ്‌ അവസാനിപ്പിക്കുമ്പോഴേക്കും സദസ്സ്‌ ഇളകിമറിഞ്ഞിരിക്കും. എത്രയോ പ്രതിഷേധ യോഗങ്ങളിൽ തീപ്പന്തംപോലെ വി എസ്‌ കത്തിക്കയറി.


‘‘ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഒരു റോസാ... പുഷ്പമാണെങ്കിൽ... റോസാ... പുഷ്പമാണെങ്കിൽ... അപ്പുറത്ത്‌ യുഡിഎഫിന്റെ സ്ഥാനാർഥി വെറും... ’’ ... വി എസിന്‌ ഏറ്റവും മോശമായി തോന്നുന്ന ഏത്‌ വാക്കാണോ അപ്പോൾ വരുന്നത്‌ അതാകും പൂരിപ്പിക്കുക. അതെന്തായാലും നീണ്ടകരഘോഷങ്ങളാലും ഹർഷാരവങ്ങളാലും വരവേൽക്കുകയാണ്‌ ജനങ്ങളുടെ ശീലം. കേൾക്കാൻ നിൽക്കുന്ന എതിരാളികൾപോലും ഒരുവേള അത്‌ ആസ്വദിക്കും.


കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ എ കെ ആന്റണി രണ്ടു യോഗത്തിലും ഒരു പത്രസമ്മേളനത്തിലും വി എസിനെ ചൊറിഞ്ഞു. അതിന്റെ തിരിച്ചുള്ള അനുഭവം ആന്റണി ഇന്നും മറന്നിട്ടുണ്ടാകില്ല. ചൊറിയലിനു പിന്നാലെ നടന്ന പൊതുയോഗങ്ങളിലെല്ലാം ആന്റണിയെ ‘പൊളിച്ചടുക്കി’: ‘‘കേരളത്തിന്റെ പ്രശ്നങ്ങളിൽ തക്കസമയത്ത്‌ ഇടപെടാനോ സഹായിക്കാനോ കഴിയാത്ത രാജ്യരക്ഷാ മന്ത്രി കേരളത്തിൽവന്ന്‌ തെക്കുവടക്കു നടന്ന്‌... നമ്മളേ... ഉപദേശിക്കുന്നു... ഉ പ ദേ ശി ക്കു ന്നു ! ഈ സംസ്ഥാനത്തിന്‌ നയാപൈസയുടെ ഉപകാരമില്ലാത്ത നിങ്ങൾക്ക്‌ ലജ്ജയുണ്ടെങ്കിൽ രാജിവച്ച്‌ ഒഴിയണം, മിസ്റ്റർ എ കെ ആന്റണി...’’. ആന്റണി മാത്രമല്ല കെ കരുണാകരനും ഉമ്മൻചാണ്ടിയും കേരളത്തിലെ സ്റ്റാർ പ്രതിപക്ഷ നേതാവിന്റെ ‘തലോടലി’ന്‌ എത്രയോപ്രാവശ്യം പാത്രമായി.


ചേറിൽ പിറന്ന പ്രസംഗം

യോഗങ്ങളിൽനിന്ന്‌ യോഗങ്ങളിലേക്കുള്ള യാത്രകളിൽ എവിടെയും ജനം തിങ്ങിനിറഞ്ഞിരുന്നു. ‘‘വി എസിന്‌ വേദിയിലേക്ക്‌ കടന്നുവരാൻ സൗകര്യമൊരുക്കണം’’ എന്നും വേദിയിലെത്തിക്കഴിഞ്ഞാൽ ‘‘ദയവായി വി എസിനെ പ്രസംഗിക്കാൻ അനുവദിക്കണം’’ എന്നും സംഘാടകർക്ക്‌ അഭ്യർഥിക്കേണ്ടി വരാത്ത ഒരു യോഗംപോലും കേരളത്തിലുണ്ടായിട്ടില്ല.


പ്രസംഗത്തിന്റെ മൂർച്ഛ രസകരമായി ഓളംതല്ലി ഉലഞ്ഞ്‌ മുന്നേറിയിരുന്ന കാലത്തിനുമുമ്പ്‌ ഒരു വി എസ്‌ ഉണ്ടായിരുന്നു. ചേറിലും ചെളിയിലും കിടന്ന്‌ ജന്മികളുടെ തണ്ടിനും തല്ലിനും ഇടയിൽ ജീവിതം ഹോമിച്ച അതിദരിദ്രരുടെ മോചകനായി അവതരിച്ച വി എസ്‌. നാൽപ്പതുകളിൽ കുട്ടനാട്ടിൽ പകലന്തിയോ


ളം പണിയെടുത്താലും മാന്യമായ കൂലിയില്ലായിരുന്നു. നെല്ലായി നൽകുന്ന കൂലി കൂടുതൽ ചോദിച്ചാൽ ജന്മിമാരുടെ ഗുണ്ടകളുടെ കൊടിയ മർദനം, സ്‌ത്രീകളെ പിടിച്ചുകൊണ്ടുപോകും. ചിലപ്പോൾ കായലിൽ ശവങ്ങൾപൊങ്ങും. ആ വയലേലകളിൽ വി എസ്‌ നടത്തിയ പ്രസംഗങ്ങളിലൂടെ അവർ സംഘടിതരായി. അവരുടെയെല്ലാം ശ്രദ്ധയാകർഷിക്കാൻ നീട്ടിയും കുറുക്കിയും ഒച്ചവച്ചും ആംഗ്യങ്ങൾ കാണിച്ചും പ്രസംഗിക്കാൻ ശീലിച്ചു. കൂലി അളക്കുന്ന അളവ്‌ പാത്രത്തിൽപ്പോലും കള്ളത്തരമായിരുന്നു. ‘കൂലിയാൻ ’ അളവുപാത്രം മാറ്റി തൊഴിലാളികൾക്കുകൂടി ബോധ്യമായ നാഴികൾ കൊണ്ടുവരാൻ ജന്മികളുടെ ശിങ്കിടികൾ നിർബന്ധിതരായി.


അവിടുന്നങ്ങോ ട്ട്‌ നടത്തിയ മുന്നേറ്റങ്ങളിലെല്ലാം വി എസിന്റെ പ്രസംഗത്തിന്റെ മൂർച്ഛ രാകിമിനുക്കിപ്പോന്നു. രാഷ്‌ട്രീയ കേരളത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തെയും പ്രസംഗങ്ങളിലൂടെ അടയാളപ്പെടുത്തി. മാധ്യമങ്ങൾക്ക്‌ അസ്പൃശ്യനായിരുന്ന ദീർഘകാലത്തും കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചിരുന്നു. വിമോചന സമരവും അടിയന്തരാവസ്ഥയുമടക്കം കമ്യൂണിസ്റ്റ്‌ വേട്ടക്കാലത്തെല്ലാമുള്ള വി എസിന്റെ ധീരമായ പ്രസംഗങ്ങൾ അനവധി. അതെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ്‌–- ഇടതുചേരിയെ ബലപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്കും സ്ത്രീപീഡകർക്കെതിരെ വിട്ടുവീഴ്‌ച അരുതെന്നും അഴിമതിക്കാരെ അടുപ്പിക്കരുതെന്നും ഉറച്ച നിലപാടിലേക്ക്‌ കൂടുതൽ മലയാളികളെ ആ പ്രസംഗങ്ങളെത്തിച്ചു.


സഭയിലെ യുക്തി

‘സ്വയം മറക്കുകയും മുന്നിലുള്ള ജനസഹസ്രങ്ങളെമാത്രം ഓർക്കുകയും ചെയ്യുന്നവരാണ്‌ യഥാർഥ വാഗ്മി ’ എന്ന്‌ ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്‌. പൊതുയോഗങ്ങളിൽ അപ്രകാരമുള്ള ആവേശഭരിതനായ വി എസിനെയാണ്‌ കാണാറുള്ളത്‌. എന്നാൽ, നിയമസഭയിൽ കാര്യമാത്ര പ്രസക്തവും നർമോക്തികൾ നിറഞ്ഞതുമായ പ്രസംഗങ്ങളായിരുന്നു വി എസിന്റേത്‌.


1967ൽ നിയമസഭയിലെ കന്നിപ്രസംഗത്തിലും പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവായിരുന്ന ഘട്ടങ്ങളിലൊക്കെ വി എസിന്റെ യുക്തിപൂർവമായ ചോദ്യങ്ങൾക്ക്‌ പതറിപ്പോയ ട്രഷറിബെഞ്ചുകളുടെ ചരിത്രം നിയമസഭാരേഖകളിൽ ഭദ്രം. അഴിമതിയാരോപണങ്ങൾകൊണ്ട്‌ നാണംകെട്ട 2011 –-16ലെ ഉമ്മൻചാണ്ടി സർക്കാരും ‘വൈറൽ’ ആയിരുന്നു. നിയമസഭാ സമ്മേളനം നടക്കവെ ഒരിക്കൽ അഴിമതിയും അനധികൃത നിയമനങ്ങളുംമൂലം അന്തരീക്ഷം കലുഷിതമായി.


തടിതപ്പാൻ വഴികാണാതെ ഉമ്മൻചാണ്ടി നട്ടംതിരിയുമ്പോഴാണ്‌ അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ ശ്രദ്ധയിൽ വന്നത്‌. അത്‌ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിർദേശം മുന്നോട്ടുവച്ചു. വി എസ്‌ എഴുന്നേറ്റുനിന്ന്‌ ചോദിച്ചു: ‘‘എന്തിനാ സഭ നിർത്തിവയ്ക്കുന്നത്‌? രാവിലെമുതൽ വൈകിട്ട്‌ നാലുവരെ അസംബ്ലി, അതുകഴിഞ്ഞ്‌ നമുക്കെല്ലാവർക്കും അരുവിക്കരയിലേക്ക്‌ പോകാമല്ലോ. അതുപോരെ?’’ പോരെന്നോ മതിയെന്നോ പറയാൻ പറ്റാതെ കുഴങ്ങുന്ന ഉമ്മൻചാണ്ടിയെ അന്ന്‌ സഭ കണ്ടു.

ഒടുവിൽ വി എസ്‌ സഭയിൽ 2019 വരെ നടത്തിയ പ്രസംഗങ്ങളിൽ വിട്ടുവീഴ്‌ചയുണ്ടായില്ല.


സ്‌ത്രീപീഡകരുടെ പട്ടിക തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പരിഹസിച്ചിരുന്നു. അത്‌ ഏറ്റുപിടിച്ച ചെന്നിത്തലയെ കണക്കിന് പരിഹസിച്ചുവിട്ടു: ‘‘സ്‌ത്രീപീഡകരുടെ പട്ടിക പുറത്തുവിടുമെന്ന്‌ ആദരണീയനായ മുഖ്യമന്ത്രി പറഞ്ഞതിനെ എങ്ങനെയാണ്‌ ചെന്നിത്തല മനസ്സിലാക്കിയത്‌? കുഞ്ചൻ നമ്പ്യാർ പാടിയതുപോലെ ‘നമ്പിയാരെന്ന്‌ ചോദിച്ചു, നമ്പ്യാരെന്ന്‌ ചൊല്ലിനേൻ, നമ്പി കേട്ടതാ കോപിച്ചു, തമ്പുരാനേ പൊറുക്കണേ... ’ എന്നതുപോലെയാണോ? പീഡകരുടെ പട്ടിക പുറത്തുവിടുന്നതിനെ ചെന്നിത്തല ഭയക്കുകയാണ്‌ ഭ യ ക്കു ക യാണ്‌, എന്നതാണ്‌ വാസ്തവം!! ’’




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home