ad
Deshabhimani

സ്വന്തം കാര്യം നോക്കി 'സ്വൈര്യമായി' ഇരിക്കുമെന്ന് വീട്ടുകാർ കരുതി; വി എസ് നടന്നുകയറിയത് കമ്യൂണിസ്റ്റ് മാനവികതയിലേക്ക്

VS ACHUTHANANDAN WITH CROWD
വെബ് ഡെസ്ക്

Published on Jul 21, 2025, 07:14 PM | 5 min read

1940 മുതലുള്ള ഒരു പതിറ്റാണ്ടാണ് വി എസിലെ കമ്യൂണിസ്റ്റുകാരനെ പരുവപ്പെടുത്തിയത്. ആർത്തുല്ലസിച്ചു നടക്കേണ്ട കാലമാണല്ലോ യൗവനത്തിന്റെ നാളുകൾ. ദാരിദ്ര്യവും പട്ടിണിയുമൊക്കെ അനുഭവിക്കുന്നവരാണെങ്കിൽ അതെല്ലാം മറികടക്കാനുള്ള ശ്രമങ്ങൾ നടത്തും. ഏതെങ്കിലുമൊക്കെ ജോലിനേടി മറ്റിടങ്ങളിലേക്കു പോകാം. അന്ന് പലരും പട്ടാളത്തിൽ ചേരാൻ നാടുവിടുന്നത് സാധാരണമായിരുന്നു. എന്നാൽ ഇത്തരം നാട്ടുനടപ്പുകളിലേക്കൊന്നുമല്ല വി എസ് അച്യുതാനന്ദൻ നടന്നു നീങ്ങിയത്. പട്ടിണിയും ദാരിദ്ര്യവും സ്വന്തം ജീവിതാനുഭവം മാത്രമായിരുന്നില്ല അദ്ദേഹത്തിന്. നാട്ടിലെങ്ങും ഇതുതന്നെയായിരുന്നു അവസ്ഥ. അതുകൊണ്ട് താൻ നേരിടുന്ന ദുരിതങ്ങൾ കേവലമൊരു വ്യക്തിയുടെയോ അയാളുടെ കുടുംബത്തിന്റെയോ പ്രശ്നമായി ചുരുക്കി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ചുറ്റുപാടുമുള്ള സാധാരണ മനുഷ്യരാകെ ജീവിതദുരിതങ്ങളിൽപ്പെട്ടുഴലുന്നത് അവരുടെ കുഴപ്പം കൊണ്ടാകണമെന്നില്ലല്ലോ എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഈ ചിന്തയാണ് ദുരിതങ്ങളുടെ കാരണങ്ങൾ തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.


കൽക്കട്ട തീസിസിന്റെ സംഘർഷഭരിതമായ നാളുകളിലെ അറസ്റ്റിനും ജയിൽവാസത്തിനുംശേഷം 1940 കളുടെ അവസാനത്തോടെ ജയിൽ മോചിതനായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ജ്യേഷ്ഠൻ ഗംഗാധർ അടക്കമുള്ള സഹോദരങ്ങളും ബന്ധുക്കളും അല്പമൊന്ന് ആശ്വസിച്ചു. അവർക്ക് നേരിയ പ്രതീക്ഷയും ഉണ്ടായിരുന്നു. ഇനി അച്യുതാനന്ദൻ “കുഴപ്പങ്ങളിലൊന്നും പോയി തലയിടില്ല, മാനം മര്യാദയ്ക്ക് ജീവിച്ച്“ കുടുംബത്തിന് അത്താണിയായിമാറുമെന്ന് അവർ കരുതി.


VS പ്രകാശ് കാരാട്ടിനൊപ്പം വി എസ് അച്യുതാനന്ദൻ


പ്രായം മുപ്പതുകളിലെത്തുന്നതിനു മുമ്പേതന്നെ അച്യുതാനന്ദൻ അനുഭവിച്ചു കഷ്ടപ്പാടുകൾ അവർക്കു നല്ല ബോധ്യമുള്ളതാണ്. പട്ടിണിയും ദാരി ദ്യവും സഹിച്ചുള്ള സംഘടനാ പ്രവർത്തനം, ജന്മിഗുണ്ടകളുടെയും പൊലീസിന്റെയും നോട്ടപ്പുള്ളി, അറസ്റ്റും മർദ്ദനവും, കേട്ടുകേൾവിയില്ലാത്ത വിധമുള്ള പൊലീസിന്റെ മൂന്നാംമുറ, മരണത്തിന്റെ വക്കോളമെത്തിയ ജീവിത സംത്രാസങ്ങൾ, ജയിലുകളിൽ നിന്ന് കോടതികളിലേക്കും നിറഞ്ഞ യാത്ര, ഉറ്റവരുടെ പലരുടെയും അകാലത്തിലുള്ള മരണവും ചിലരുടെയെല്ലാം രക്തസാക്ഷിത്വവും. അങ്ങനെ ഇരുപത്തിയേഴോ ഇരുപത്തിയെട്ടോ വയസിനുള്ളിൽ എല്ലാ തിക്താനുഭവങ്ങളിലൂടെയും നടന്നുനീങ്ങിയയാളായിരുന്നു വി എസ്. തൽക്കാലം കേസുകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് സ്വസ്ഥമായ ജീവിതത്തിലേക്കു തിരിച്ചു വന്നതുകൊണ്ട് ഇനി അച്യുതാനന്ദൻ തങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വീട്ടുകാർ പ്രതീക്ഷിച്ചു. അതിന് എസിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ജ്യേഷ്ഠന്റെ ഭാഗത്തുനിന്ന് ചില നീക്കങ്ങളും ഉണ്ടായി.


വീണ്ടും ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ തിരിച്ചുവരിക. അത്ര സ്വീകാര്യമല്ലെങ്കിൽ സ്വന്തമായി കട നടത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാം. പക്ഷേ, സ്വന്തം കാര്യവും വീട്ടുകാര്യവും നോക്കി അച്ചടക്കത്തോടെ ജീവിക്കണം, അതായിരുന്നു ഗംഗാധരൻ മുന്നോട്ടുവച്ച നിർദ്ദേശം. വ്യക്തിയും കുടുംബവുമൊക്കെയായി സ്വസ്ഥമായിരിക്കുക എന്ന പരിമിതമായ കാഴ്ചപ്പാടേ അവർക്കുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ സാധാരണക്കാരായ ആളുകൾക്കൊക്കെ അങ്ങനെ ചിന്തിക്കാനേ കഴിയുമായിരുന്നുമുള്ളൂ. പ്രത്യേകിച്ച് പൊലീസിന്റെ ഭീകരമർദ്ദനം ഏറ്റുവാങ്ങി, നിവർന്നു നടക്കാനോ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയിൽ വി എസിനെ ആശുപത്രിയിലും ജയിലിലും കണ്ടതിന്റെ കരൾ പിളരുന്ന ഓർമകളും അവരിലുണ്ടായിരുന്നു.


VS


എന്നാൽ, ഒരു പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനം വി എസിനെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ മാത്രമായി ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം മനസിലാക്കി. ഉള്ള പ്രശ്നങ്ങൾ തനിക്കു ചുറ്റുമുള്ള മുഴുവൻ സാധാരണക്കാരും പാവപ്പെട്ടവരും നേരിടുന്നവയാണു താനും. ഭക്ഷണം, തൊഴിൽ, കൂലി, പാർപ്പിടം, സാമൂഹ്യ അനാചാരങ്ങൾ എന്നിങ്ങനെ നീണ്ടുപോകും. തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയുമൊക്കെ സംഘടിപ്പിക്കുകയും, പി കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളുടെ ക്ലാസുകളിൽ പഠിതാവായി പോകുകയും ചെയ്തതിൽനിന്ന് വ്യക്തിക്കും കുടുംബത്തിനും അപ്പുറമുള്ള സമൂഹത്തെക്കുറിച്ചും വിശാലമായ ലോകത്തെക്കുറിച്ചുമൊക്കെ വി എസ് ധാരാളം മനസിലാക്കിയിരുന്നു. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾ വഴിയല്ലാതെ ജീവിതത്തിൽ സ്വസ്ഥത ഉണ്ടാകില്ലെന്ന് അദ്ദേഹം മനസിലാക്കി.


VS


കമ്യൂണിസ്റ്റ് മാനവികതയുടെ ആശയപരിസരങ്ങളിലേക്ക് അദ്ദേഹം നടന്നടുത്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു. ശ്രീനാരായണ​ഗുരുവിന്റെ ദർശനങ്ങൾ ഏറ്റുവാങ്ങിയ അച്ഛൻ ശങ്കരന്റെ സ്വാധീനവും വി എസിൽ പ്രകടമായിരുന്നു. പിൽക്കാലങ്ങളിലും ഗുരുവിന്റേയും കുമാരനാശാന്റെയും കൃതികൾ വായിക്കുന്നത് വി എസിന്റെ ശീലമായിരുന്നു. ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുര തങ്ങളിൽനിന്ന് ഒളിച്ചോടുന്നതിലല്ല തന്റെ ജീവിതം കുടികൊള്ളുന്നത് എന്ന ധാരണ ഇതുമൂലം രൂഢമൂലമായിരുന്നു. അതുകൊണ്ട്, ജ്യേഷ്ഠൻ ചൂണ്ടിക്കാട്ടുന്ന വഴിയിലൂടെ പോകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. വേദനകളുടെയും ദുരിതങ്ങളുടെയും കടലിരമ്പത്തിനു കാതോർക്കാൻ തന്നെ തീരുമാനിച്ചു. ജ്യേഷ്ഠന്റെയും വീട്ടുകാരുടെയും ആഗ്രഹങ്ങളോടും പ്രതീക്ഷകളോടും നീതിപുലർത്താൻ വി എസിനു കഴിഞ്ഞില്ല. പക്ഷേ, ആ ഘട്ടത്തിൽപ്പോലും അതിന്റെ കുറ്റബോധമൊന്നും തോന്നിയിരുന്നില്ല. പൊതു ജീവിതത്തിലും അതിലെ കയറ്റിറക്കങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരാൾക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നിനും തടസ്സമാകാറില്ല. മനുഷ്യവംശത്തെ മുഴുവൻ സ്നേഹിക്കുകയും അതിന്റെ മോചനത്തിനുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യുമ്പോൾ, വ്യക്തിപരമായ പ്രശ്നങ്ങളൊന്നും അയാളെ അലട്ടാറില്ല. മാനവികതയുടെ സത്ത ഉൾച്ചേർന്നിരിക്കുന്നത് സാമൂഹ്യബന്ധങ്ങളുടെ സമഷ്ടിയിലാണെന്ന വചനമായിരുന്നു വി എസിന്റെ മനസ്സിന് വെളിച്ചം പകർന്നത് (Human essence is the ensemble of social relations). ആ ഒരു മാനസികാവസ്ഥയിൽ അന്നു തന്നെ വി എസ് എത്തിയിരുന്നു. പോരാട്ടമല്ലാതെ മറ്റൊന്നും മുന്നിലില്ല എന്നും അദ്ദേഹം മനസിലാക്കി. പുന്നപ്ര-വയലാർ സമരത്തിനുശേഷം രാജ്യം സ്വതന്ത്രമാവുകയും ദിവാൻ രാമസ്വാമി അയ്യർ മൂക്കിനു വെട്ടേറ്റ് നാടുവിടുകയും ചെയ്തപ്പോൾ, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ പൊലീസ് ഭീകരത ഏറക്കുറെ അവസാനിച്ചുവെന്നുപറയാം.


ഇതിനിടയിൽ 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചിയായി. ഇതേ കാലഘട്ടത്തിൽ തന്നെ ചൈനീസ് വിപ്ലവം സാക്ഷാൽക്കരിക്കപ്പെട്ടു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയപ്രഖ്യാപനമുണ്ടായി. ഇതോടനുബന്ധിച്ച് വിപ്ലവമാർഗ്ഗത്തെപ്പറ്റിയുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് പാർടി പരിപാടിയും രൂപീകരിക്കപ്പെട്ടു.


VS


തുടർന്നുള്ള വർഷങ്ങൾ കമ്യൂണിസ്റ്റ് പാർടിക്ക് പുതിയ ഊർജ്ജവും ഉന്മേഷവും നൽകുന്നതായിരുന്നു. ഒളിഞ്ഞിരുന്ന് ഭയാശങ്കകളോടുകൂടി നടത്തിയിരുന്ന പാർടി പ്രവർത്തനത്തിന് അവസാനം കുറിക്കുന്ന സ്ഥിതി സംജാതമായി. ഇതിന് അനുബന്ധമായി പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാനുള്ള തീരുമാനം കൂടി വന്നതോടെ, ദൈനംദിന പ്രവർത്തനത്തിന് കൂടുതൽ ഗതിവേഗം ഉണ്ടായി. പാർലമെന്റിനെ സമരായുധമായി ഉപയോഗിക്കണം എന്ന ലെനിന്റെ (ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത) വാക്കുകളുടെ ഊർജ്ജവും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകി.


ഈ ഘട്ടത്തിലാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണമെന്ന ആശയത്തിന് മൂർത്തമായ ചില സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 1953 ലായിരുന്നു അത്. തെലുങ്ക് ഭാഷ സംസാരിക്കു ന്നവർക്കായി സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പോട്ടി ശ്രീരാമലു നിരാഹാര സമരം നടത്തി. 54 ദിവസം നീണ്ടുനിന്ന നിരാഹാരത്തിനൊടുവിൽ ശ്രീരാമലു രക്തസാക്ഷിയായി. ഇതിനെ തുടർന്നായിരുന്നു 1953ൽ ആന്ധ്ര സംസ്ഥാനം രൂപീകരിച്ചത്.


പിന്നീട് ജസ്റ്റിസ് ഫസൽ അലി ചെയർമാനും ഹൃദയ നാഥ് കുൺ, മലയാളിയായ സർദാർ കെ എം പണിക്കർ എന്നിവർ അംഗങ്ങളുമായി സ്റ്റേറ്റ് റീ ഓർഗനൈസിങ് കമ്മിറ്റി (SRC) ഉണ്ടാക്കി. പണ്ഡിറ്റ് നെഹ്റു ആയിരുന്നു ഇതിനു മുൻകൈ എടുത്തത്. 1954 ൽ രൂപീകരിക്കപ്പെട്ട SRC 56 ൽ റിപ്പോർട്ട് സമർപ്പിച്ചു. ഇത് പാർലമെന്റ് പാസാക്കി. ഇതിനെ തുടർന്നാണ് 1956 നവംബർ ഒന്നിന് ഐക്യകേരളം പിറന്നത്. അന്ന് 14 സംസ്ഥാനങ്ങളേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ. ഇവിടങ്ങളിലെ 14 ഭാഷകളെ ഭരണഘടനയുടെ എട്ടാം പട്ടികയിൽപ്പെടുത്തുകയും ചെയ്തു.


vs achuthanandan pant.png


1950കളുടെ ആദ്യവർഷങ്ങളിൽത്തന്നെ ഐക്യകേരള രൂപീകരണ ത്തിനുള്ള മുന്നേറ്റങ്ങൾ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ തുടങ്ങിയിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു ഭൂഖണ്ഡങ്ങളെ കേവലമായി യോജിപ്പിച്ച് ഒറ്റ സംസ്ഥാനമാക്കുക എന്നതുമാത്രമായിരുന്നില്ല കമ്യൂണിസ്റ്റ് പാർടിയുടെ ലക്ഷ്യം, അങ്ങനെ രൂപീകരിക്കപ്പെടുന്ന കേരളം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയും കമ്യൂണിസ്റ്റ് പാർടിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ വിഭാവന ചെയ്യുന്ന രേഖ 1956 ജൂൺ 22 മുതൽ 24 വരെ തീയതികളിൽ തൃശൂരിൽ ചേർന്ന പാർടി സംസ്ഥാന സമ്മേളനം അംഗീകരിക്കുകയും ചെയ്തു.


കേരളത്തിന്റെ വരുംനാളുകളിലെ ജീവിതത്തിന്റെ മാനിഫെസ്റ്റോ തന്നെയായിരുന്നു ആ രേഖ. അതിലെ കേന്ദ്ര ബിന്ദുവാകട്ടെ, സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരുമായിരുന്നു. ജന്മിത്തം ഇല്ലാതാക്കണം. അടിസ്ഥാന വ്യവസായങ്ങൾ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരണം, ജനകീയ പങ്കാളിത്തത്തോടെയാവണം വികസന പ്രവർത്തനങ്ങൾ സാക്ഷാൽക്കരിക്കേണ്ടത്, അടിസ്ഥാനമേഖലകൾ വിദ്യാഭ്യാസ രംഗം, ആരോഗ്യരംഗം, അധികാര വികേന്ദ്രീകരണം, കാർഷിക പരിഷ്കരണം, തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവയ്ക്ക് സവിശേഷമായ പ്രാധാന്യം നൽകണം, പിന്നോക്ക പ്രദേശമായ മലബാറിന്റെ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണം എന്നിവയായിരുന്നു ആ രേഖയിലെ പ്രധാനപ്പെട്ട നിർദേശങ്ങൾ. ഈ രേഖ നൽകിയ വെളിച്ചം ഉൾക്കൊണ്ടായിരുന്നു 1957ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർടി നയിച്ച ആദ്യ ഗവൺമെന്റ് കേരളീയ ജീവിതത്തിന്റെ അലകും പിടിയും മാറ്റാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.


VS ഹർകിഷൻസിങ് സുർജിത്, എം എ ബേബി, പിണറായി വിജയൻ തുടങ്ങിയ നേതാക്കൾക്കൊപ്പം വി എസ്


ഐക്യകേരള രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങൾ നാനാതലങ്ങളിൽ ശക്തിപ്പെട്ടുവരുന്ന ഘട്ടത്തിൽ വി എസ് ആലപ്പുഴയിലാകെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായി മാറിക്കഴിഞ്ഞിരുന്നു. ഇതിനു മുമ്പുതന്നെ അനുഭവിക്കേണ്ടി വന്ന ഒളിവുജീവിതവും ജയിൽ ജീവിതവും അദ്ദേഹത്തെ ആശയപരമായി കൂടുതൽ കരുത്തനാക്കുകയും ചെയ്തിരുന്നു. ഇക്കാലത്ത് തികഞ്ഞ കമ്യൂണിസ്റ്റുകാരന്റെ സഹജാവ ബോധത്തോടെ വായനയിലും പഠനത്തിലും മുഴുകാൻ കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർടിയുടെ താത്വികവും പ്രായോഗികവുമായ കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കാൻ അവസരം ലഭിച്ചത് ഈ ഘട്ടത്തിലായിരുന്നു. പി കൃഷ്ണപിള്ളയുടെയും ഇ എം എസിന്റെയുമൊക്കെ ലേഖനങ്ങളും കുറിപ്പുകളും ഇതിനു കൂടുതൽ തെളിച്ചം പകരുകയും ചെയ്തു. വായിച്ചും കേട്ടും മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ മനനം ചെയ്യാനുള്ള അവസരവും ഈ സന്ദർഭത്തിലുണ്ടായി. ഇതെല്ലാം അച്യുതാനന്ദനിലെ കമ്യൂണിസ്റ്റുകാരന് കൂടുതൽ കരുത്തു പകർന്നു നൽകി.


ഇത്തരമൊരു തെളിച്ചത്തോടെയാണ് അദ്ദേഹം ആലപ്പുഴയിലെ കമ്യൂണിസ്റ്റ് നേതാക്കളുടെയിടയിലേക്ക് നടന്നുകയറിയത്. പി ടി പുന്നൂസും ആർ സുഗതനും ടി വി തോമസും കെ ആർ ഗൗരിയമ്മയും സി ജി സദാശിവനുമൊക്കെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.


(കെ വി സുധാകരൻ രചിച്ച ഒരു സമര നൂറ്റാണ്ട് എന്ന പുസ്കത്തിൽനിന്ന്)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home